Aksharathalukal

ജനസംഖ്യ വർദ്ധനവ്

നമ്മുടെ മിക്കവാറും സാമൂഹിക പ്രശ്നങ്ങളുടെ കാരണം ജനസംഖ്യാ വർദ്ധനവാണെന്ന ആക്ഷേപം പരക്കെയുണ്ട്. അത് ഒരു പരിധിവരെ സത്യവുമായിരിക്കാം!. 

ജനസംഖ്യ വർധിപ്പിക്കുകയെന്നത് പ്രകൃതിയുടെ ഒരു തന്ത്രമാണ്. ആ വർദ്ധനവ് എല്ലാറ്റിനേയും തീറ്റിപ്പോറ്റി നിലനിർത്താനല്ല. അവ തമ്മിൽ ആഹാരത്തിനും പാർപ്പിടത്തിനും ഇണകൾക്കും വേണ്ടിയുണ്ടാവുന്ന മത്സരങ്ങളിൽ നിന്ന്, കരുത്തനെ തിരഞ്ഞെടുത്ത് പരിപോഷിപ്പിക്കാനാണ്!
ഈ തന്ത്രം അധാർമികമെന്ന് നമുക്കു തോന്നിയേക്കാം. പക്ഷേ, പ്രകൃതിക്കുവേണ്ടത് കരുത്തും ആരോഗ്യവുമുള്ള ജീവിവർഗങ്ങളെയാണ്.
ജീവനെ കരുത്തുറ്റതായി നിലനിർത്തുന്നതാണ് പ്രകൃതിധർമം! ഓരോ തലമുറയിലും ജീവനെ കൂടുതൽ ഊർജസ്വലമാക്കുവാനും അനുകൂലനവിധേയമാക്കുവാനും പ്രകൃതി ശ്രമിക്കുന്നു.

നമ്മുടെ താത്പര്യങ്ങൾ ഇടുങ്ങിയതാണ്, വിശാലമല്ല. നമുക്ക് നമ്മുടെ കുടുംബവും ബന്ധുക്കളുമാണ് പ്രധാനം. ആഗോളാടിസ്ഥാനത്തിലുള്ള വംശമികവിനെപ്പറ്റി നമ്മൾ ചിന്തിക്കാറില്ല.
സാംസ്കാരിക പരിണാമം വിശാലതയിൽ നിന്ന് ഇടുങ്ങിയ അതിരുകളിലേക്കാണോ എന്നു ചിന്തിച്ചുപോകും. അപ്പോൾ പല സാംസ്കാരിക പുരോഗതികളും പ്രകൃതിവിരുദ്ധതയായി മാറുന്നു. വഴിതെറ്റുന്ന സാംസ്കാരിക വളർച്ച വംശവിനിശത്തിന് വഴിവെക്കുകയില്ലേ?

ഈ ഇടുങ്ങിയ ചട്ടക്കൂടിലേക്ക് നിയമ പരിഷ്കരങ്ങളും ചുരുങ്ങുകയല്ലേ?
ഏതു ശക്തിഹീനനെയും നിലനില്പിനു സഹായിക്കുന്ന നിയമ സംഹിതകളല്ലേ, മനുഷ്യാവകാശ രംഗത്തും പരിസ്ഥിതി നിയമങ്ങളിലും ഭരണഘടനകളിലും ആരോഗ്യ രംഗത്തും നിറഞ്ഞു നില്ക്കുന്നത്. അത് മനുഷ്യന് ഭൂമുഖത്ത് അമിതപ്രാധാന്യം കൊടുക്കുന്നതുകൊണ്ടാവാം അല്ലെങ്കിൽ മനുഷ്യജന്മത്തിന് കൂടുതൽ ശ്രേഷ്ഠത നല്കുന്ന സ്വാർഥതകൊണ്ടാവാം!

മനുഷ്യാവകാശപ്രസ്താവനയുടെ ആദ്യത്തെ അനുഛേദം പറയുന്നത് മനുഷ്യനായി ജനിച്ച ഓരോ കുഞ്ഞും തുല്യ പരിഗണനയ്ക്കും അവകാശങ്ങൾക്കും അവകാശിയാണെന്നാണ്. എങ്കിൽ പ്രകൃതി നിർധാരണം അസംബന്ധമാണ്. ഒരു ചെടിയുടെ വിത്തുകൾ അതിനുകീഴിൽ വീണു മുളച്ചാലും അവയെല്ലാം വളരുന്നില്ല എന്ന വാസ്തവം നമ്മൾ കണ്ടറിഞ്ഞതാണ്.
അങ്ങിനെയെങ്കിൽ പ്രകൃതി എല്ലാ മനുഷ്യക്കുഞ്ഞുങ്ങളും പൂർണവളർച്ച പ്രാപിക്കണമെന്ന് അംഗീകരിക്കുമോ?

ഏതു വർഗത്തിന്റെ ജനസംഖ്യയും ക്രമാതീതമായി പെരുകുമ്പോൾ അതിനെ കുറയ്ക്കാനുള്ള പ്രകൃതിമാർഗങ്ങൾ ( biological control) ഉണ്ട്. ആ മാർഗങ്ങളിലൂടെ പ്രകൃതി ജനസംഖ്യ കുറച്ചിരിക്കും! അതു മനുഷ്യനു ബാധകമല്ലെന്ന് ധരിക്കരുത്. കൃത്രിമ മാർഗങ്ങളിലൂടെയുള്ള മുന്നേറ്റം വലിയ ദുരന്തത്തിലേക്കായിരിക്കും മനുഷ്യനെ എത്തിക്കുക. എണ്ണം കൂട്ടി ഓട്ടുപിടിച്ച് അധികാരമുറപ്പിക്കാൻ ഒരു പ്രകൃതിശക്തിയും ശ്രമിക്കുന്നില്ല. പരസ്പരാശ്രിതത്വത്തിലൂടെ സന്തുലതമായി നിലനില്ക്കലാണ് അവയുടെ ലക്ഷ്യം!