Aksharathalukal

The Kite Runner - Book Review

വായന തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയെങ്കിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കുറെയേറെ പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചില പുസ്തകങ്ങൾ കാണുമ്പോൾ എന്തുകൊണ്ട് ഇതൊക്കെ നേരത്തെ വായിക്കാൻ പറ്റിയില്ലെന്നോർത്ത് കുണ്ഠിതപ്പെടാറുണ്ട്. ഈയിടെ ഖാലിദ് ഹുസൈനിയുടെ 'പട്ടം പറത്തുന്നവൻ' (the kite runner) വായിച്ചപ്പോഴും ഇതേ തോന്നൽ തന്നെയാണ് ഉണ്ടായത്.
 
പുതിയൊരു വായനാനുഭവം നല്കുന്ന ഇതുവരെയും അറിയാത്ത അഫ്ഗാനിസ്താന്റെയും പാക്കിസ്ഥാന്റെയും രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും സുന്നി-ഷിയകൾ തമ്മിലുള്ള ജാതിപോരിന്റെയും അഭയാർഥികൾ നേരിടുന്ന പ്രശ്നങ്ങളും  കുട്ടികളും മറ്റും നേരിടുന്ന ലൈംഗിക അതിക്രമങ്ങളുമോക്കെ പ്രമേയമായി വരുന്നുണ്ടെങ്കിലും ഇത് ഹൃദയബന്ധങ്ങളുടെ കഥപറയുന്ന സൗഹൃദത്തിന്റെ  വില എടുത്തു കാട്ടുന്ന  ഒരു അമൂല്യമായ കൃതി തന്നേയാണ്.
 
യുദ്ധങ്ങൾ നിലം പരിശാക്കിയ അഫ്ഗാന്റെ പശ്ചാത്തലത്തിൽ ഖാലിദ് ഹുസൈനി രചിച്ച വിഖ്യാത കൃതിയാണ് kite runner(പട്ടം പറത്തുന്നവൻ). അഫ്ഗാനിസ്ഥാൻ, അശാന്തിയുടെ താഴ്വാരമാണത്, കഴിഞ്ഞ അരനൂറ്റാണ്ടു കാലമായെങ്കിലും. സുൽത്താൻ ഭരണത്തിൽ നിന്ന് റിപ്പബ്ലിക്കിലേയ്ക്കും, സോവിയറ്റ് അധിനിവേശത്തിലേയ്ക്കും, പിന്നെ വീണ്ടും അഭ്യന്തര കലാപങ്ങളിലേയ്ക്കും, തുടർന്ന് താലിബാനിസത്തിലേയ്ക്കും, വീണ്ടും അമേരിക്കയുടെ അധിനിവേശത്തിലുമേയ്ക്കുമമർന്ന ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങൾ പേറിയ ഒരു ജനതയുടെ വിലാപങ്ങളുടെ താഴ്വര. 
 
പഴയ മനോഹരമായ കാബൂളിൽ നിന്ന്, സുൽത്താൻ ഭരണത്തിലെ അഫ്ഘാനിൽ നിന്ന് തുടങ്ങി, അറപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന മനുഷ്യത്വമില്ലാത്ത ക്രൂരതകളിലേയ്ക്ക് വളർന്ന താലിബാൻ ഭരണം വരെ. അവിടെ വേരുകളുള്ള ഒരു എഴുത്തുകാരനു, ആ കഥ പറയാതിരിക്കാനാവില്ല.   
 
അമീർജാനെന്ന കേന്ദ്ര കഥാ പാത്രത്തിന്റെ വിവരണ രൂപത്തിലാണ് അവതരണം.അമീറും ബാബയും അവരുടെ വേലക്കാരായ ഹസ്സാര വംശജരായ അലിയോടും മകൻ ഹസ്സനോടും പുലർത്തുന്ന ആത്മ ബന്ധവും അതിന്റെ ഉള്ളറകളുമാണ് പ്രതിപാദ്യ വിഷയം.അഭയാർത്ഥി കുടിയേറ്റ ന്യൂന പക്ഷങ്ങൾക്ക് ഏതൊരു നാട്ടിലും അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് അലിയും ഹസ്സനും അഫ്ഗാനിൽ അനുഭവിച്ചത് 
 
രാജഭരണത്തിനു അന്ത്യം കുറിച്ച് കടന്നു വന്ന റഷ്യൻ കമ്യൂണിസ്റ്റ് സഖാക്കളും സമാനതകളില്ലാത്ത നര നായാട്ടാണ് അഫ്ഗാനിൽ നടത്തിയത്.ഇന്നും ആ വെറുപ്പിന്റെ അനുരണനങ്ങൾ അഫ്ഗാനികളിൽ റഷ്യക്കാരോടുണ്ട്. അമേരിക്കയിലേക്ക് അഭയാർഥിയായി ചേക്കേറിയ ശേഷവും റഷ്യൻ ഡോക്ടറുടെ പരിശോധനയ്ക്ക് പോലും വിസമ്മതിച്ചു ക്രുദ്ധനായ ബാബാ ജാൻ ആ വിരോധത്തിനു അടിവരയിടുന്നുണ്ട്. സ്വദേശികളായ പുരുഷന്മാരെ മുഴുവനും കൊന്നു കളഞ്ഞു സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയാണ് കള്ളിനും കഞ്ചാവിനും അടിമപ്പെട്ട റഷ്യൻ സൈനികർ ചെയ്തിരുന്നത്.
 
 അഭയാർത്ഥികളായി അതിർത്തി കടത്തി വിടുന്നതിന്റെ വിലയായി വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ പ്രാപിക്കാനാഞ്ഞ റഷ്യൻ സൈനികൻ വായനക്കാരന്റെ മൂക്ക് ചുവപ്പിക്കും.ഈ ഒരേയൊരു അനുഭവത്തിലൂടെ റഷ്യൻ വിരോധത്തിന്റെ മൂല കാരണങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ എഴുത്തുകാരനാവുന്നുണ്ട്.
 
സുഹൃത്ത് എന്ന വാക്കിനെ എത്രമാത്രം ഗാഢമായി വിശദീകരിക്കാനാവുമോ അതിന്റെ ഏറ്റവും അഗാധമായ തലങ്ങളിൽ നിന്ന് കൊണ്ടാണ് അമീർ ജാനും ഹസ്സനും തമ്മിലുള്ള ബന്ധം.പിന്നീട് വേർപിരിയുകയും അനന്തമായി അകലുകയും ചെയ്യുന്നുവെങ്കിലും കാബൂളിന്റെ പ്രാന്ത പ്രദേശത്തു കെട്ടറ്റു വീഴുന്ന പട്ടങ്ങൾക്ക് പുറകെ കുതിച്ചോടുന്ന അമീറും ഹസ്സനും കാലങ്ങളോളം മനസ്സിൽ തങ്ങി നിൽക്കുമെന്നത് തീർച്ചയാണ് .1989 നു ശേഷം അമീർ ജാൻ അഫ്ഗാൻ സന്ദർശിക്കുന്ന മനോഹര വിവരണങ്ങൾ കണ്ണുകളെ ഈറനണയിക്കും.
 
അസീഫിന്റെ ബലിഷ്ടമായ കരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന ഹസ്സനെ സഹായിക്കാനാവാതെ ഓടി മറഞ്ഞതിലുള്ള കുറ്റ ബോധം കൊണ്ട് കനലെരിയുന്ന മനസ്സിന്റെ കുളിർമയ്ക്കു വേണ്ടിയാണ് അമീർ ജാൻ ഒരിക്കൽ കൂടെ കാബൂളിലെത്തുന്നത്.ബാബയുടെയും തന്റെയും വലിയ തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഹസ്സന്റെ മകൻ സോറാബിനെയും കൊണ്ട് അമേരിക്കയിലേക്ക് തിരിക്കാനൊരുങ്ങുന്ന അമീർജാന് മുന്നിൽ അതിർത്തികൾ തീർക്കുന്ന വേലിക്കെട്ടുകളിലേക്കും ഖാലിദ് ഹുസ്സൈനി തൂലിക ചലിപ്പിക്കുന്നുണ്ട്.
 
 രാജ്യാതിർത്തികൾ മനുഷ്യർക്കിടയിൽ തീർത്ത വലിയ കിടങ്ങുകളുണ്ട്.തന്റെ രാജ്യത്തിന്റെ പരമ്പര്യത്തിലും പ്രൗഢിയിലും അഭിമാനിച്ചും അഭിരമിച്ചും ജീവിക്കുന്നതിനു പകരം ലോകമേ തറവാട് എന്ന വിശാല കാഴ്ചപ്പാടുകളിലേക്ക് നമുക്ക് വളരാനാകണം എന്ന സന്ദേശമാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്.
 
റഷ്യൻ കടന്നുകയറ്റവും കിരാതമായ താലിബാൻ ഭരണവും അഫ്ഗാനിലെ കുഞ്ഞുങ്ങളിലുണ്ടാക്കിയ മാനസികാഘാതത്തിന്റെ ബാക്കിപത്രങ്ങളാണ് ഹസ്സന്റെ മകൻ സോറാബിന്റെ സ്വാഭാവ വിശദീകരണങ്ങളിൽ നമുക്ക് വായിക്കാനാവുന്നത്.അനാഥാലയങ്ങളിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന നിരാശ്രയരും നിദ്രാവിഹിനീനരുമായ ബാല്യത്തിന്റെ പകപ്പുകൾ പലയിടങ്ങളിലും പരാമർശ വിധേയമാകുന്നുണ്ട്. അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇവനെ ദത്തെടുക്കാനാവൂ എന്ന അമേരിക്കൻ എംബസി ഉദ്യോഗസ്ഥന്റെ വാദത്തിന്,”നമ്മൾ സംസാരിക്കുന്നത് അഫ്ഗാനെ കുറിച്ചാണ് അവിടെ പലർക്കും ജനന സർട്ടിഫിക്കറ്റ് തന്നെ ഇല്ല”എന്ന മറുപടിയിൽ അന്നത്തെ അഫ്ഗാൻ പൗരന്റെ ജീവിതം മുഴുവൻ അടങ്ങിയിട്ടുണ്ട്.
 
റഹിം ഖാനും അലിയും ജമീലയും ഫരീദും അങ്ങനെ നിരവധി കഥാപാത്രങ്ങൾ ഹൃദയം കീഴടക്കുന്നുണ്ടെങ്കിലും മനസ്സിനെയേറെ സ്വാധീനിച്ചത് അമീർജാന്റെ ജീവിത സഖിയായ സ്വരയ്യയായാണ്. പങ്കാളിയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന ഇണ ഏതൊരാളിന്റെയും സ്വപ്നമാണ്. ജീവിത പ്രയാണത്തിനിടയ്ക്ക് വീണ് പോവുമ്പോൾ കൈവിടാതെ കൂടെ നിൽക്കുന്ന, ഇടനെഞ്ചിലേക്ക് ചേർത്ത് പിടിച്ചു സമാശ്വാസത്തിന്റെ വാക്ക് പറയുന്ന ഭാര്യ വലിയ അനുഗ്രഹമാണ്.മരണത്തിന്റ മാലാഖമാർ മാടി വിളിക്കുവോളം ചേർന്ന് നിൽക്കാനുള്ള ആ തിരഞ്ഞെടുപ്പ് കുറ്റമറ്റതാവുന്നത് വലിയ ആശ്വാസമാണ്.
 
അമേരിക്കയിൽ എത്തി കുറേക്കാലം കഴിഞ്ഞിട്ടും വിട്ടു പിരിയാതിരുന്ന സെറാബിന്റെ വിഷാദഭാവം, പട്ടം പറത്തലിന്റെ സമയത്തു പതുക്കെ മാറി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുമ്പോൾ കഥ അവസാനിക്കുന്നു.
 
അതി ഹൃദ്യമായ ഒരു വായനാനുഭവം നൽകുന്ന ഈ കൃതിക്ക് 'ഒരു കുറ്റബോധത്തിന്റെ കഥയെന്ന പേര് നന്നായി യോജികുമെന്നു കരുതുന്നു.  പൊട്ടിവീണ പട്ടം, തനിക് വേണ്ടി  എടുക്കാൻ പോയ  ഹസ്സനെ കൂട്ടുകാർ ചേർന്ന് പീഡിപ്പിക്കുന്നത് കണ്ടിട്ടും ഭീരുത്വം കൊണ്ടോ, താഴ്ന്ന ജാതിയിൽ പെട്ട വെറുമൊരു ഹസാരയായ അവനോട് തന്റെ ബാബ കാണിക്കുന്ന അമിതമായ സ്നേഹം കണ്ട് അസൂയമൂത്ത് ഉണ്ടായ ഇഷ്ടകേടിൽ നിന്നോ  അറിയില്ല അമീർ അവനെ രക്ഷിക്കാൻ ശ്രമിചില്ല. 
 
പിന്നീട് ഒരിക്കലും ഹസ്സനെ അഭിമുഖീകരിക്കാൻ ആവാതെ അവൻ ഓടിയൊളിക്കാൻ ശ്രമിക്കുന്നു. ആ കുറ്റബോധവും പേറിയാണ് പിന്നീടുള്ള കാലമത്രയും അവൻ ജീവിക്കുക. ഒരു ഏറ്റുപറച്ചിലിൽ തീരവുന്ന കാര്യമാണ് വർഷങ്ങളോളം ഉള്ളിൽ ഇട്ട് നീറിപ്പുകയാൻ ഇടയാക്കിയത്. അതേ കുറ്റബോധമാണ് ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടും കൂടി ഹസന്റെ മകനെ അന്വേഷിച്ചു താലിബാൻ കേന്ദ്രത്തിലെത്താൻ അമീറിനെ പ്രേരിപ്പിച്ചതും. തന്നിൽ കുറ്റബോധം വളർത്തുന്നതിന് കാരണമായ ആളിൽ നിന്നു തന്നെ അതികഠിനവും മരണകാരണവുമായ പീഡനം ഏൽക്കേണ്ടി വന്നത് ഒരു പ്രായശ്ചിത്തം എന്ന രീതിയിൽ ആണ് അമീർ ഏറ്റുവാങ്ങുന്നത്.ആവിടെ അവന്റെ കുറ്റബോധവും നശിക്കുന്നു.
 
ഹൃദയത്തിന് നൈർമല്യമുള്ള,ബന്ധത്തിന് വില കല്പിക്കുന്ന അർദ്രദതയും സഹാനുഭൂതിയുമുള്ളവരുടെ ഓർമകളിലെന്നും ഈ വായന തങ്ങി നിൽക്കും എന്നതിൽ സംശയം ഒന്നുമില്ല.
ഒരാളുടെ ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ തീർച്ചയായും ഈ കൃതിയും ഉണ്ടാകണം..... എന്നു നിസ്സംശയം നമുക്കു പറയാനാകും.
 
 
🖋️ചങ്ങാതീ❣️