Aksharathalukal

ആദ്യതുള്ളി

നഭസ്സിൽ നിന്നുമുതിർന്നു വീണീ- ഭൂമിയെ ചുംബിച്ചുണർത്തുവാനായി
അവളെ പുൽകിയ ആദ്യതുള്ളിയേ.....
കോരിച്ചൊരിയുന്നൊരു മഴക്കാലത്തിൻ ഓർമ്മകൾ പേറി നീറുന്നയവളെ വിരഹത്തിലാഴ്ത്താ- നെത്തിയതാണോ നീ
അതോ വിണ്ണിലെ മഴയിൻദൂതുമായി വന്നെത്തിയതോ...?
മഴതൻ വരവറിയിക്കാൻ ദൂതുമായി വന്നതാണ് നീയെങ്കിൽ ഭൂമിയിൻമടിത്തട്ടിൽ പൊട്ടിക്കുരുക്കുവാനായി കാത്തുനിൽക്കും ജീവനാമ്പുകളിൽ
പ്രതീക്ഷയിൻ ഉയിർത്തെഴുന്നേൽപ്പാണ് നീ .
വേഴാമ്പലെപ്പോൽ വർഷപാതവുമായി സംഗമം കൊതിക്കുന്നവളിൽ             ഈ വസുന്ധരയിൽ അഭിലാഷത്തിൻകനലായാണ് നീ പതിച്ചതെന്നറിഞ്ഞാലും.....
അരുതേ...കടന്നുകളയരുതേ കുന്നോളം മോഹങ്ങളേകി ദൂതായി നീവന്നപോൽ നിൻ പാതയിലെത്തും തുള്ളികളെ തന്റെയാഴങ്ങളിലേ- ക്കാവാഹിക്കാനൊരുങ്ങുമീ ക്ഷിതിയെ
നിരാശയാക്കരുതേ....
നിന്നെ പിൻപറ്റിയെത്തുംതുള്ളികൾ ചെറു മഴയായി പേമാരിയായവളെ പുൽകുമ്പോൾ തളരിതയായവൾ പുതുജീവന് കരുത്തേകുവാ-
നൊരുങ്ങുന്നു....
വർഷഭൂമീ സംഗമത്താൽ അങ്കുരങ്ങളുണരുന്നത് കണ്ടാലുമെൻ ആദ്യതുള്ളിയെ....
അതിൻഹേതു നീയെന്നറിഞ്ഞാ- നന്ദിച്ചാലും നിൻ ജന്മസാഫല്യo ഇതെന്നറിഞ്ഞാലും.....

                                         - മീനു രാജ്