ആ വീടിന്റെ പടികൾ ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ ചിതയിലെ കനൽ അണഞ്ഞിരുന്നില്ല.. എന്റെ മനസിലെയും....
അമ്മ ഉണ്ടായിരുന്നിടത്തോളം കാലം സ്നേഹത്തോടെ ചുറ്റും നിന്നവർ.. മോളെന്നല്ലാതെ നാവു വഴങ്ങാത്തവർ ഒരു നിമിഷം കൊണ്ട് അവരുടെയെല്ലാം സ്നേഹം ആവി ആയിപോയിരുന്നു... പണത്തിന്റെ പിറകിൽ മാത്രം നിൽക്കുന്ന സ്നേഹo...
മൂന്നാം വയസിൽ അമ്മ എന്നെ കൂട്ടുമ്പോൾ അനാഥത്വത്തിൽ നിന്നും സനാഥത്തിലേക്ക് കടന്നവൾ... ഇരുപതാമത്തെ വയസ്സിൽ വീണ്ടും അനാഥയായി തെരുവിലേക്കു....
ജാതക ദോഷത്തിന്റെ പേരിൽ ചുറ്റും ഒന്നും അന്വഷിക്കാതെ അച്ഛനെ വിവാഹം ചെയ്യാൻ അമ്മ നിർബന്ധിത ആവുകയായിരുന്നു... ജീവിതം തുടങ്ങി കഴിഞ്ഞപ്പോളാണ് അച്ഛന് ഒരു ഭാര്യയും മകളും ഉള്ള വിവരം അമ്മ അറിയുന്നത്... അതും അച്ഛന്റെ മുന്നിൽ വന്നു സ്വയം ആ സ്ത്രീ ജീവിതം അവസാനിപ്പിച്ചപ്പോളായിരുന്നു....
മറ്റൊരു സ്ത്രീയുടെ ജീവിതo നശിപ്പിച്ചു എന്ന തെറ്റിന് അമ്മ പരിഹാരം കണ്ടത് അവർക്കു നഷ്ടപ്പെടുത്തിയ ജീവിതം തനിക്കും വേണ്ട എന്നു പറഞ്ഞു അച്ഛനെ ഉപേക്ഷിച്ചു,മരിച്ചുപോയ സ്ത്രീയുടെ മകളെ മകളായി കൂടെ കൂട്ടികൊണ്ടായിരുന്നു...
അതെ മകളു തന്നെയായിരുന്നു.... എന്റെ അമ്മ തന്നെയായിരുന്നു... എന്നെ പ്രസവിച്ച അമ്മ എന്നെ പോലും കാണാതെ ജീവിതം അവസാനിപ്പിച്ചപ്പോൾ.. എനിക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചു അമ്മ വേഷം കെട്ടിയവർ.. അമ്മ.... എന്റെ ജീവിതത്തിലെ വെളിച്ചമായിരുന്നവർ....
ചുറ്റുമുള്ള കഴുകൻ കണ്ണുകളിൽ നിന്നും, കുത്തിമുറിവേൽപ്പിക്കുന്ന വിഷം പുരട്ടിയ വാക്കുകളിൽ നിന്നും എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു...
അമ്മയുടെ മരണം പെട്ടന്നായിരുന്നു... അറ്റാക്കിന്റെ രൂപത്തിൽ അമ്മയെ എന്നിൽ നിന്നും വിധി ആകറ്റിയപ്പോൾ.. അതുവരെയും സ്‌നേഹത്തോടെ നോക്കിയവർ അവിടെ നിന്നും ആട്ടിയിറക്കിയപ്പോൾ സങ്കടം ഒന്നും തോന്നിയില്ല.. ഏറ്റവും വല്യ സ്വത്തു നഷ്ടപെട്ടവൾക്കു ഇനി എന്തിനാ സ്വത്തു...
തിരിഞ്ഞു നോക്കാതെ പടികൾ ഇറങ്ങുമ്പോൾ മനസിൽ അമ്മ തന്ന സ്നേഹം വിങ്ങുന്നുണ്ടായിരുന്നു... ഒറ്റയ്ക്കാകുമ്പോൾ ജീവിക്കാൻ പഠിപ്പിച്ചു തന്ന പാഠം ഹൃദയത്തിൽ അലയടിക്കുന്നുണ്ടായിരുന്നു.... എന്നിലെ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുടെ നിഴലുകൾ കൂടെ ഉണ്ടായിരുന്നു.... ഒരിക്കലും തനിച്ചാക്കില്ല എന്ന വാശി പോലെ...