Aksharathalukal

എന്റെ നാരായണിക്ക്........❤

പുതു പ്രതീക്ഷകളുടെ ഒരു വർഷാരംഭം... 
 
 
എല്ലാവർക്കും പൂർത്തിയാക്കാൻ ഒരുപാട് മോഹങ്ങൾ.. നേടിയെടുക്കാൻ ഒത്തിരി സ്വപ്നങ്ങൾ.... 
 
 
എനിക്കോ...?? 
 
 
നേടാനും കൊതിക്കാനും ഒന്നും ഇല്ലാത്തത് പോലെ.... 
 
മുന്നോട്ട് നോക്കുമ്പോൾ ഒരു ശൂന്യത... 
 
26 വയസ്സിനുള്ളിൽ ജീവിതം തീർന്നത് പോലെ.... 
 
 
 
2021 ഡിസംബർ 31...
 
 
പഴയ കലണ്ടറിലെ അവസാന ദിനം... 
 
 
ഓട്സ് കുറുക്കി, അല്പം പഞ്ചസാരയിട്ടിളക്കി അടുക്കളയുടെ സ്ലാബിലിരിക്കുമ്പോൾ ഒറ്റപ്പെടൽ വല്ലാതെ വരിഞ്ഞു മുറുക്കുന്നത് പോലെ.... 
 
 
സത്യം പറഞ്ഞാൽ എന്ന് മുതലാണ് താൻ ഈ ഒറ്റപ്പെടൽ ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചു തുടങ്ങിയത്...??? 
 
 
 
ഒത്തിരിയൊന്നും ആലോചിക്കേണ്ടി വന്നില്ല... കാരണം അതിനുള്ള ഉത്തരം ഓരോ നിമിഷവും തന്റെ തലച്ചോറിനെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുന്ന ഒരു മന്ത്രണം കൂടിയാണ്.....!!! 
 
 
 
ബഷീറിനെ കാണുന്നത് വരെ...!! 
 
 
എന്തു മണ്ടത്തരമാണ്...??? 
 
 
നീ അവനെ കണ്ടിട്ടുണ്ടോ..?? 
 
നീ അവനെ സ്പർശിച്ചിട്ടുണ്ടോ..?? 
 
 
പിന്നെ എങ്ങനെയാണ് അവനെ ഓർക്കുന്നത്...??? 
 
 
 
ചിന്തകൾക്ക് ഭ്രാന്ത് പിടിച്ച് തുടങ്ങിയിരിക്കുന്നു.... 
 
 
അവനെ കണ്ടിട്ടില്ലെങ്കിലും തൊട്ടിട്ടില്ലെങ്കിലും ഉള്ളിൽ അവൻ മാത്രമാണ്.... 
 
 
പേര് പോലും അറിയാത്ത എന്റെ മാത്രം ബഷീർ......!!! 
 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
 
പരസ്പരം പോരടിച്ചു ജീവിതം തീർക്കുന്ന അച്ഛനും അമ്മയും എന്റെ 22-ാമത്തെ വയസ്സിലാണ് തമ്മിൽ പിരിഞ്ഞു സ്വന്തം ജീവിതം തെരെഞ്ഞെടുത്തത്... 
 
 
സത്യത്തിൽ അവരെക്കാൾ സന്തോഷം എനിക്കായിരുന്നു... 
 
 
അസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തിൽ നിന്നും ഒരു മോചനം... 
 
 
 
ആവശ്യത്തിൽ കൂടുതൽ കാശ് ഉളളതിനാൽ സ്വന്തം ഇഷ്ട്ടങ്ങൾക്കനുസരിച്ച് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി... 
 
 
വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങി തുടങ്ങേണ്ടി വന്ന മെഡിസിൻ പഠനം ഉപേക്ഷിച്ച് ഒത്തിരി കൊതിച്ച ഫാഷൻ ഡിസെെനിങ് അത്രയെറെ ആഗ്രഹത്തോടെ പഠിച്ചെടുത്തു... 
 
 
 
മാതാപിതാക്കൾക്ക് പോലും ബാധ്യതയായിരുന്ന താൻ മറ്റുളളവർക്ക് ആരായിരിക്കുമെന്ന ചിന്തയിൽ എല്ലാ ബന്ധങ്ങളും ഒരു കെെ അകലത്തിൽ നിർത്തി... 
 
 
ഒറ്റയ്ക്ക് ആയിരുന്നതിനാൽ ആരെയും പേടിക്കാതെ ഒന്നിനും വഴങ്ങാതെ മുന്നോട്ട് പോയി ഇന്റസ്ട്രിയിൽ സ്വന്തമായൊരിടം നേടാൻ സാധിച്ചു... 
 
 
വാരി വലിച്ചു ചെയ്യാതെ വളരെ സമയമെടുത്ത്, തിടുക്കമൊന്നും കാട്ടാതെ  അത്രയെറെ ഇഷ്ട്ടത്തോടെ ഓരോ തുണിയും ഹൃദയം കൊണ്ട് നെയ്തെടുക്കുന്നതായിരുന്നു തന്റെ രീതി... 
 
 
അത്രയെറെ ആത്മസമർപ്പണവും കഠിനാധ്വാനവുമുളളതിനാലാകാം ഓരോന്നും മറ്റുളളവർക്ക് സ്വപ്നതുല്യമായിരുന്നു..... 
 
 
 
തിരിക്കുകൾക്കിടയിൽ എപ്പോഴോ ആണ് പഴയ അയൽക്കാരിയായ സൂസാമ്മാന്റിയുടെ ഒരു ഫോൺ കോൾ വരുന്നത്... 
 
 
കുട്ടിക്കാലത്ത് ഒരമ്മയുടെ സ്നേഹവും വാത്സല്യവും ആവോളം പകർന്നു തന്നു കെെപ്പിടിച്ചു നടത്തിയവരാണ്.... 
 
 
സ്വന്തം മക്കൾക്കൊപ്പം സ്നേഹം കലർന്ന ഒരു പിടി അന്നം എനിക്കായും കാത്തു വെച്ചവരാണ്... 
 
 
എന്റെ ജീവിതത്തിൽ ബാല്യം മാത്രം നിറപ്പകിട്ടാർന്നതാക്കിയവർ..... 
 
 
 
ഇപ്പോൾ ചെന്നെെയിൽ സ്ഥിരതാമസമാക്കിയ അവരുടെ കുടുംബത്തിലെ ഒരു ചടങ്ങിന് വേണ്ടി സ്നേഹത്തോടെ വിളിച്ചപ്പോൾ ജീവശ്വാസം കിട്ടിയവളെ പോലെ താൻ പായുകയായിരുന്നു.... 
 
 
അവർക്കൊപ്പം രണ്ട് ദിവസം താമസിച്ചപ്പോളായിരുന്നു ശരിക്കും ജീവിച്ചുവെന്ന് തന്നെ തോന്നിയത്... 
 
 
പക്ഷേ, ഞാൻ അവരോട് യാത്ര പറഞ്ഞിറങ്ങിയ രാത്രിയായിരുന്നു ഈ ലോകം തന്നെ മാറി മാറിഞ്ഞത്... 
 
 
ലോകമെമ്പാടും ഒരു വെെറസിനെ പേടിച്ച് വീട്ടിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ ഞാൻ തമിഴ്നാട് സർക്കാരിന്റെ ക്യാമ്പിലായിരുന്നു.... 
 
 
രണ്ട് ദിവസത്തിനകം തന്നെ അച്ഛന്റെ സ്വാധീനത്തിൽ കൊച്ചിയിലെ അച്ഛന്റെ ഒരു ഫ്ലാറ്റിലേക്ക് ക്വറെെന്റെയ്നായി ഞാൻ എത്തി... 
 
 
അവിടെ വെച്ചാണ് ഞാൻ എന്റെ ബഷീറിനെ കാണുന്നത്... അല്ല, അറിയുന്നത്...!!! 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്ത് തന്നെ മറ്റൊരാളും ക്വറെെന്റെയ്നിലാണെന്ന് ആദ്യമെ അറിഞ്ഞിരുന്നെങ്കിലും അപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.... 
 
 
 
പക്ഷേ, പിറ്റേന്ന് ഉണർന്നത് നല്ലൊരു കീർത്തനം കേട്ടായിരുന്നു... 
 
 
കേട്ടിട്ട് മലയാളമല്ലെന്നാണ് തോന്നിയെങ്കിലും മനോഹരമായ ആ ശബ്ദം ഒരു മലയാളിയുടെതാണെന്ന് തോന്നി പോയി... 
 
 
അതുക്കൊണ്ടാണ് കീർത്തനം നിന്നതും, 
 
 
"പാട്ട് നന്നായിട്ടുണ്ടെന്ന്...!! " വിളിച്ചു കൂവിയത്.... 
 
 
അപ്പുറത്തെ ഫ്ലാറ്റിൽ നിന്നും മറുപടി മൗനമായിരുന്നെങ്കിലും അന്നത്തെ ദിവസം എന്തെന്നില്ലാതെ ഒരു ഉന്മേഷം എന്നിൽ നിറഞ്ഞിരുന്നു.... 
 
 
അടുത്ത ദിവസവും അതിനടുത്ത ദിവസവും കീർത്തനം പാടുന്നതും എന്റെ ഉച്ചത്തിലുളള മറുപടിയും തുടർന്നു... 
 
 
മറുപടി ഒന്നും കിട്ടാത്തത് അപ്പോഴേക്കും എന്നിൽ ചെറിയൊരു അലോസരം ഉണ്ടാക്കുകയും ചെയ്തു.... 
 
 
 
പിറ്റേന്ന് രാത്രി ജോലിയിൽ മുഴുകിയിരിക്കുന്നതിന്റെ ഇടയിലാണ് അടുക്കളയിൽ നിന്നും കരിഞ്ഞ മണം എന്റെ മൂക്ക് തുളച്ചു എത്തിയത്.. 
 
 
ഉപ്പുമാവ് ഇളക്കി വെച്ചിട്ട് പുതുതായി കൊടുക്കേണ്ട വർക്കിനൊരു ഔട്ട്ലെെൻ ഒരുക്കാൻ പോയതായിരുന്നു,ജോലിക്കിടയിൽ ഞാൻ എല്ലാം മറക്കും, അതിൽ മുഴുകി പോകും...അങ്ങനെ ഉപ്പുമാവിനെയും മറന്നു... 
 
അതിന് സ്വയം ശാസിച്ച്,ഉപ്പുമാവ് കരിഞ്ഞ് പോയതോർത്ത് ദുഃഖിച്ചിരിക്കുമ്പോഴാണ് ആദ്യമായി എന്റെ ബഷീറിന്റെ ശബ്ദം ഞാൻ കേൾക്കുന്നത്... 
 
 
 
"അവിടെ എന്തോ കരിഞ്ഞ് പോയല്ലോ...??? "
 
 
 
ആദ്യമായി അവൻ എന്നോട് സംസാരിച്ചതിന്റെ ഒരു ആകാംക്ഷ എന്നിൽ നിറഞ്ഞു നിന്നതിനാൽ കുറച്ചു നിമിഷങ്ങൾ മറുപടി ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല... 
 
 
അതിനാലാകാണം... 
 
അവൻ ഒന്നും കൂടി, ഒരു ചുവരിനപ്പുറം നിന്നും എന്നെ വീണ്ടും വിളിച്ചു, 
 
 
 
"ഹലോ...?? "
 
 
 
ഒരു കുസൃതിക്കിപ്പുറം ഒന്നു മൂളിയതല്ലാതെ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.... 
 
 
 
പിന്നെ അന്ന് മുഴുവനും അതിന്റെ കാരണം തപ്പി നടക്കലായിരുന്നു എന്റെ മനസ്സ്... 
 
 
ആരുടെ മുന്നിലും പതറാത്ത, ഉറച്ച തീരുമാനങ്ങൾ ഉളള, തന്റേടിയായ എനിക്ക് അപരിചിതനായ ഒരാളോട് മിണ്ടാൻ നാണമോ എന്ന ചിന്ത എന്നെ മഥിച്ചു... 
 
 
ആ ചിന്ത എന്റെ തലച്ചോറിനെ കാർന്നു തിന്നുന്നതിനിടയിലായിരുന്നു വീണ്ടും ഒരു പാട്ട്.... 
 
 
പൊതുവെ പാട്ടുകളോടോ സിനിമകളോടോ എന്തിന് പുസ്തകങ്ങളോട് പോലും താൽപര്യമില്ലാതിരുന്ന ആളായിരുന്നു ഞാൻ... 
 
 
എന്നിട്ടും എന്തോ ആ സ്വരത്തോട് ഒരു മമത... 
 
 
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു അടുപ്പം... 
 
 
പാട്ടു നിന്നതും ഞാൻ വിളിച്ചു ചോദിച്ചു.... 
 
 
 
"ഹേയ്... തന്റെ പേര് എന്താ....?? "
 
 
 
"അറിഞ്ഞിട്ട് എന്തിനാ...?? "
 
 
സംസാരം തുടരാൻ താൽപര്യം ഇല്ലാത്ത ആ മറുപടി എന്നെ ചെറുതായി വേദനിപ്പിച്ചെങ്കിലും വീണ്ടും നാവ് ചതിച്ചു... 
 
 
 
"വെറുതെ....!! "
 
 
"വെറുതെ എന്തിനാ...?? "
 
 
വീണ്ടും ചോദ്യം..... 
 
 
 
പക്ഷേ ഇത്തവണ ഒന്നും പറയാനാകാത്ത വീധം മൗനം എന്നെ പൊതിഞ്ഞു.... 
 
 
പക്ഷേ, ഒട്ടു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൻ എന്നെ വീണ്ടും വിളിച്ചു... 
 
 
 
"ഹേയ് നാരായണി....!!! "
 
 
 
'നാരായണിയോ..?? 
 
അവന്റെ വിളിയിലെ കുസൃതി അറിയാതെ ഞാൻ ഉറക്കെ ചോദിച്ചു പോയി... 
 
 
"ആരാ ഈ നാരായണി...?? "
 
 
 
"നിങ്ങൾ തന്നെ...!! 
 
ഒരു ചുവരിനപ്പുറം ഇപ്പുറം നിന്ന് തമ്മിൽ കാണാതെ മിണ്ടുന്ന രണ്ട് പേർക്ക് ഈ ലോകത്ത് ഏറ്റവും ചേരുന്ന പേരുകൾ... 
 
 
അത്... നാരായണിയും ബഷീറും എന്നുമാണ്...!!! "
 
 
 
 
കണ്ടില്ലെങ്കിലും ഒരു ചിരിയോടെ അവൻ അത് പറഞ്ഞപ്പോഴും ആരാണ് അവർ എന്ന ചിന്തയിലായിരുന്നു എന്റെ മനസ്സ്....!!! 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
അന്ന് രാത്രിയിൽ ഒരു നോവോടെ "മതിലുകൾ" എന്ന കാവ്യം അറിയുമ്പോൾ ആ നോവിനപ്പുറം ഹൃദയത്തിൽ "ബഷീർ" എന്ന നാമം ഞാൻ കോറിയിട്ടിരുന്നു..... 
 
 
 
പിന്നീടുളള നാളുകൾ എനിക്ക് നല്ലൊരു കേൾവിക്കാരാനാകുയായിരുന്നു ബഷീർ... 
 
 
എന്റെ ദുഃഖങ്ങൾ... 
 
 
നഷ്ട്ടപ്പെട്ട കൗമാരം... 
 
നേടിയെടുത്ത വിജയങ്ങൾ... 
 
 
എല്ലാമെല്ലാം നിർത്താതെ സംസാരിക്കുമ്പോൾ ഒരിക്കലും ഒരു ചുമർ കൊണ്ട് ഞങ്ങൾ ബന്ധിച്ചിരുന്നുവെന്ന് തോന്നിയിട്ടില്ല, പകരം... ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ.... 
 
 
 
 
എന്നെ പറ്റി ഏകദേശം എല്ലാം തന്നെ ഞാൻ ബഷീറിനോട് പറഞ്ഞെങ്കിലും ബഷീറിനെ പറ്റി എനിക്ക് അറിയാവുന്നത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമായിരുന്നു... 
 
 
നന്നായി പാടുന്ന, പടം വരയ്ക്കാൻ അറിയാവുന്ന,വായന ഇഷ്ട്ടപ്പെടുന്ന, ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധയുളള, പെൺക്കുട്ടികളോട് മിണ്ടാൻ പേടിയുളള ഒരു പാവം....!! 
 
 
 
 
എന്റെ ബഷീർ...... 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
പരസ്പരം രസമുളള ഒരു ഒളിച്ചു കളി നടക്കുന്നുണ്ടെങ്കിലും എന്റെ ഉള്ളിൽ ബഷീറിനെ കാണണമെന്ന ആഗ്രഹം അതിന്റെ മൂർത്തന്യത്തിലെത്തിയിരുന്നു.... 
 
 
 
ഒരിക്കൽ ബഷീർ ഫോൺ നമ്പർ ചോദിച്ചിരുന്നെങ്കിലും പാവത്തിനെ ഞാൻ നന്നായി വട്ടാക്കി വിട്ടിരുന്നു... 
 
 
തമ്മിൽ അറിയുന്നതിനേക്കാൾ, തമ്മിൽ ഒന്നു കാണാൻ, വെറുതെ ഒരു നോക്ക്  കാണാൻ ഉളള് പിടയുന്നതൊക്കെ എനിക്ക് അപരിചിതമായിരുന്നു.... 
 
 
പതിന്നാലു ദിവസങ്ങൾക്കിപ്പുറം പരസ്പരം കാണാമെന്ന അലിഖിത കരാറിൻ പുറത്ത് മാത്രമായിരിക്കണം എന്റെ നീലകണ്ണാടി എപ്പോഴും രഹസ്യമായി  പറഞ്ഞുക്കൊണ്ടിരുന്നു, 
 
 
കറുത്ത പുരുകക്കാടുകൾ കൂട്ടി മുട്ടുന്നിടത്ത് ഒരു പൊട്ട് തൊട്ടാൽ കൂടുതൽ സുന്ദരിയാകുമെന്ന്....!! 
 
 
വിടർന്ന മിഴികളിൽ മഷി പുരട്ടിയാൽ കാണാൻ ചേലുണ്ടെന്ന്....!!! 
 
 
 
ഈ പൊട്ടത്തരങ്ങളെല്ലാം മനസ്സിലേക്ക് വരുമ്പോൾ സ്വയം ശാസിക്കുമെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ടുളള എന്റെ മാറ്റങ്ങൾ ഞാൻ ആരും അറിയാതെ എന്റെ ഉള്ളിന്റെ ഉളളിൽ ആസ്വദിക്കുന്നുണ്ടായിരുന്നു... 
 
 
താലോലിക്കുന്നുണ്ടായിരുന്നു.... 
 
 
 
ഇതാണോ ഈ പ്രണയം...??? 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
പിറ്റേന്ന് കാലത്ത് ബഷീറിന് കോറോണ ടെസ്റ്റ് ഉണ്ടായിരുന്നു... 
 
 
ആൾക്ക് ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും ഞാൻ ഉഷറാക്കി അവനെ പറഞ്ഞയച്ചു.... 
 
 
 
പക്ഷേ, 
 
 
 
ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞ ആളെ രാത്രിയായിട്ടും കണ്ടില്ല.... 
 
 
 
എന്തു പറ്റി കാണുമെന്നോർത്ത് വെറുതെ കരച്ചിലോക്കെ വരാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും... 
 
 
 
ആരോട് എന്ത് ചോദിക്കുമെന്ന് പോലും അറിയില്ല... 
 
 
ആ രാത്രി എങ്ങനൊക്കെയോ കഴിച്ചു കൂട്ടി.... 
 
 
 
ഒരു നനഞ്ഞ ഓർമ്മ... 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
പിറ്റേന്നും മറുപടികളില്ലാത്ത വിളികൾ മാത്രം ബാക്കി.... 
 
 
ഫ്ലാറ്റിലേക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു തരുന്ന ചേട്ടനോട് ചോദിച്ചപ്പോഴാണ് അറിയുന്നത്.... 
 
 
ആൾ കോറോണ പോസിറ്റീവ് ആണ്.... 
 
 
കൂടാതെ ആൾക്ക് ശ്വാസകോശത്തിന് എന്തോ പ്രശ്നവും ഉണ്ട്.... 
 
 
 
എന്റെ ബഷീറിന്.... 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
സത്യത്തിൽ അന്ന് വരെ പ്രാർത്ഥിക്കാൻ ഒരു ദെെവത്തെ പോലും എനിക്കറിയില്ലായിരുന്നു... 
 
 
എന്നിട്ടും ഞാൻ പ്രാർത്ഥിച്ചു.... 
 
 
വിശ്വസിച്ചു... 
 
 
ബഷീറിന്റെ തിരിച്ചു വരവിനായി... 
 
 
"എന്റെ നാരായണി" എന്ന വിളിക്കായ്.... 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
ഓരോ ദിവസത്തെയും വർദ്ധിച്ചു വരുന്ന കോവിഡ് മരണങ്ങൾ എന്റെ നെഞ്ചിടിപ്പേറ്റി.... 
 
 
ബഷീറിനെ പറ്റി അന്വേഷിക്കാൻ ഒരു പേര് പോലും അറിയാത്ത എന്റെ അവസ്ഥയെ ഞാൻ ശപിച്ചു..... 
 
 
 
ഇതിനിടയിൽ എന്റെ ക്വറെെന്റെയ്ൻ അവസാനിക്കുകയും കോറോണ ടെസ്റ്റ് റിസൽട്ട് വരുകയും ചെയ്തിരുന്നു... 
 
 
 
 
'ടെസ്റ്റ് റിസൽട്ട് നെഗറ്റീവ്... '
 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
ഫ്ലാറ്റിലെ പലരോടും ഉളള അന്വേഷണത്തിന്റെ ഫലമായി ബഷീറിന് കോറോണ ഭേഭപ്പെട്ടെങ്കിലും ന്യൂമോണിയ ബാധിച്ച് അല്പം സീരിയസാണെന്നും,ആളുടെ നാട്ടിലേക്ക് തന്നെ കൊണ്ട് പോയെന്നും ഞാൻ അറിഞ്ഞു.... 
 
 
ഇവിടെ ഒരു കൂട്ടുകാരന്റെ റെന്റ് ഫ്ലാറ്റിൽ ക്വറെെന്റെയ്ൻ ചെയ്യാൻ വന്നതിനാൽ മാത്രം പല നിയമ തടസ്സങ്ങളുടെയും പേരിൽ ബഷീറിന്റെ യഥാർത്ഥ പേര് പോലും എനിക്ക് അറിയാൻ സാധിച്ചില്ല... 
 
 
 
തേടി പിടിച്ചു ബഷീറിന്റെ സുഹൃത്തിനെ കണ്ടു പിടിച്ചെങ്കിലും മര്യാദയ്ക്ക് ഒന്നു മിണ്ടുവാൻ പോലും അയാൾ ശ്രമിച്ചില്ല... 
 
 
സത്യത്തിൽ അയാളുടെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് മറുപടി പറയുവാൻ സാധിച്ചില്ല എന്നതാണ് സത്യം...
 
 
ഒടുവിൽ തലക്കുനിച്ചു ഇറങ്ങി പോരേണ്ടി വന്നു... 
 
 
എന്നിട്ടും ബഷീറിനെ പറ്റി എന്തെങ്കിലും അറിയുമെന്ന പ്രതീക്ഷയിൽ ഏകദേശം മൂന്നു മാസത്തോളം ഞാൻ ആ ഫ്ലാറ്റിൽ തന്നെ തുടർന്നു... 
 
 
പക്ഷേ, ഫലമുണ്ടായില്ല.... 
 
പ്രത്യാശ നിരാശയിലേക്ക് വഴി മാറി, കരിയർ തന്നെ നശിച്ചു പോകുമെന്ന ഒരു അവസ്ഥയിലാണ് ആ ഫ്ലാറ്റിൽ നിന്നും സ്വന്തം ഫ്ലാറ്റിലേക്ക് ഒരു മടക്കം ഉണ്ടായത്... 
 
 
അവിടെ നിന്നിറങ്ങുമ്പോൾ നെഞ്ച് പൊടിയുന്ന ഒരു അനുഭവമായിരുന്നു, ഉളളും കണ്ണും നീറി പുകഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വരാത്ത അവസ്ഥ... 
 
 
ഇവിടെ വന്നു കയറിയത് കഴിഞ്ഞ വർഷം ഇതെ ദിവസമായിരുന്നു... 
 
 
2020 ഡിസംബർ 31...
 
 
 
ഒരു വർഷം അവനെ പറ്റി ഒന്നും അറിയാതെ കടന്നു പോയി... 
 
 
അച്ഛന്റെ കയ്യിൽ നിന്നും ആ ഫ്ലാറ്റ് കാശ് കൊടുത്തു വാങ്ങിയതല്ലാതെ ജീവിത്തിൽ ഒരു മാറ്റം ഉണ്ടായില്ല.... 
 
 
ഒരു വർഷത്തിനിടയ്ക്ക് രണ്ട് സെലിബ്രിറ്റികളുടെ ബ്രെെഡൽ സാരി മാത്രം ചെയ്തു കൊടുത്തു... 
 
ആരുടെയോ ഭാഗ്യം കൊണ്ട് രണ്ടും മനോഹരമായിരുന്നു.... 
 
 
പല മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും അത് വാർത്ത ആയതും എന്റെ പേര് ചർച്ചയായതും ശ്രദ്ധിച്ചു... 
 
 
 
അഭിനന്ദനങ്ങളുടെ പ്രവാഹം ഉണ്ടായിട്ടും അപ്പോഴും വിഷമമാണ് തോന്നിയത്... 
 
 വേണമെങ്കിൽ ഇത്രയൊക്കെ വെച്ച് ബഷീറിന് എന്നെ കണ്ടെത്താമായിരുന്നു... 
 
 
പേരും നാടും ഒന്നും വെളിപ്പെടുത്തിയില്ലെങ്കിലും എന്റെ പാറ്റേണും കരിയർ സ്റ്റെെലുമൊക്കെ പറഞ്ഞതല്ലേ...?? 
 
 
 
വേണമെങ്കിൽ ബഷീറിന് എന്നെ കണ്ടു പിടിക്കമായിരുന്നു... 
 
 
 
മനസ്സ് ബഷീറിനെ കുറ്റപ്പെടുത്തുമെങ്കിലും അപ്പോഴും ഹൃദയം ബഷീറിന് വേണ്ടി വാദിക്കും, 
 
 
'എങ്ങനെ കണ്ടു പിടിക്കും..? 
 
 
കൂൺ മുളയ്ക്കുന്ന പോലെ ഫാഷൻ ഡിസെെനന്മാരുളള ഇവിടെ നിന്നും ഒരു നാരായണിയെ എങ്ങനെ കണ്ടുപിടിക്കാനാണ്....?? "
 
 
പക്ഷേ, എന്നെങ്കിലും ബഷീർ തന്നെ തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു തന്റെ ഓരോ രാത്രികളെന്നും എനിക്കറിയാം.... 
 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
പക്ഷേ, എല്ലാ പ്രതീക്ഷകളുടെയും അസ്തമയം പോലെയാണ്, ഇന്ന് ആ ഷോർട്ട് ഫിലിം എന്റെ കണ്ണിൽപ്പെട്ടത്.... 
 
 
 
ഒരിക്കലും ഞാൻ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി പോയ പക്ഷേ, ഒരുപാട് മനോഹരമായ ഒരു ചലച്ചിത്രം...!!! 
 
 
 
"എന്റെ നാരായണിക്ക്....!!! "
 
 
 
ഏകദേശം ഞങ്ങളെ പോലെ തന്നെ ക്വറെെന്റെയ്നിൽ പരിചയപ്പെട്ട്, അതേ പോലെ തന്നെ സംസാരിച്ചു, അതേ പേരുകൾ വിളിച്ചു പ്രിയപ്പെട്ടവരായവർ.... 
 
 
 
പക്ഷേ, അതിലെ നാരായണിയുടെ അവസ്ഥ എന്നിലും കഷ്ട്ടമാണ്.... 
 
 
തന്റെ ബഷീർ 'മരിച്ചു പോയി' എന്നവൾ അറിഞ്ഞിരിക്കുന്നു... 
 
 
എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്... 
 
 
ഒരു നാൾ എന്റെ ബഷീർ എന്നെ തേടി വരുമെന്ന്....!!! 
 
 
പക്ഷേ, എന്നിട്ടും ആ ഷോർട്ട് ഫിലിം കണ്ടു ഞാൻ ഒരുപാട് കരഞ്ഞു.... 
 
 
ആ ഷോർട്ട് ഫിലിം സമ്മാനിച്ച ട്രോമയിൽ നിന്നും ഇതുവരെ എനിക്ക് പുറത്തു വരാൻ പോലും കഴിഞ്ഞിട്ടില്ല.... 
 
 
ചിലപ്പോൾ എവിടെയെങ്കിലും എന്റെ ബഷീർ അവന്റെ പ്രിയപ്പെട്ടവരോടൊപ്പം പുതിയ വർഷത്തെ സന്തോഷത്തോടെ കാത്തിരിക്കുകയാകും, ഞാൻ എന്ന നാരായണിയെ അവൻ ഓർക്കുന്നു കൂടിയുണ്ടാകില്ല... 
 
 
 
എങ്ങനെ ഓർക്കാനാണ്...?? 
 
 
അവൻ എന്നെ കണ്ടിട്ടില്ലല്ലോ...?? 
 
എന്നെ തൊട്ടിട്ടില്ലല്ലോ..?? 
 
 
പിന്നെ എങ്ങനെ ഓർക്കാനാണ്....!!! 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
01/01/2022
 
 
 
എല്ലാവരും പുതുവർഷം കൊണ്ടാടുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഞാൻ ഇരുന്നു... 
 
 
വെറുതെ അലയാൻ വിടുന്ന മനസ്സിനേക്കാൾ വലിയ ശത്രു വെറേ ഇല്ലെന്ന് അറിയാവുന്നതിനാൽ വെറുതെ ഒരു കുസൃതിയ്ക്ക് 'നാരായണി'യാകാൻ തോന്നി..
 
 
അത്രയും നേരം എന്നെ പൊതിഞ്ഞു നിന്ന മടി എങ്ങോ ഓടി മറഞ്ഞു, നിമിഷങ്ങൾക്കുള്ളിൽ എന്നിൽ ഒരു ഉന്മേഷവും സന്തോഷവും പൊതിഞ്ഞു... 
 
 
മനോഹരമെന്നു തോന്നിയ ഒരു പീച്ച് ചുരിദാറിട്ട്, പുരികങ്ങൾക്കിടയിൽ കറുത്ത പൊട്ട് തൊട്ടു, കണ്ണിൽ മഷിയെഴുതി ഞാൻ കാറിന്റെ താക്കോലുമെടുത്ത് എന്റെ ബഷീറിന്റെ ഫ്ലാറ്റിനരികിലേക്ക് പോകാൻ ധൃതി കൂട്ടി.... 
 
 
 
അവനോട് കൊതി തീരാതെ സംസാരിച്ചു കൊണ്ടിരുന്ന ബാൽക്കണിയിലിരുന്ന്, ഒരിക്കൽ അവന് പ്രിയപ്പെട്ടതെന്ന് പറഞ്ഞ, ഇന്ന് എനിക്കും പ്രിയപ്പെട്ടതായ ഇഞ്ചി ചായ കുടിച്ചു കൊണ്ട് വെെകുന്നത് വരെ ദൂരേയ്ക്ക് നോക്കി അവനൊപ്പം ഉണ്ടെന്നോർത്തിരിക്കണം.... 
 
 
 
ഉള്ളൂ കൊണ്ട് അവനോട് ചേർന്നിരിക്കണം.... 
 
 
ഓർക്കുമ്പോൾ തന്നെ എന്നിൽ ഒരു ചിരി മൊട്ടിട്ടു.... 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
ഫ്ലാറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ തന്നെ ഏതോ ഒരു മണം മൂക്കിലേക്ക് ഇരച്ചു കയറി... 
 
 
ഈ ഫ്ലാറ്റിൽ ഒരിക്കൽ പോലും അവൻ വന്നിട്ടില്ല... 
 
 
എന്നിട്ടും ഇവിടം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് അവന്റെ മണമാണെന്ന് തോന്നുന്നത് ഭ്രാന്ത് അല്ലാതെ മറ്റെന്താണ്....??? 
 
 
 
വീണ്ടും എനിക്ക് ചിരി പൊട്ടി... 
 
 
അവനോട് സംസാരിച്ചിരുന്ന ബാൽക്കണിയുടെ കോണിൽ പോയി എത്തി നോക്കി.... 
 
 
എന്നും നനച്ചില്ലെങ്കിൽ കൂടി ചെടികൾ ഒന്നും വാടിയിട്ടില്ല..... 
 
 
കണ്ടിട്ടില്ലെങ്കിലും മങ്ങാത്ത എന്റെ പ്രണയത്തെ പോലെ.... 
 
 
 
അവനോട് മിണ്ടിയ ഓരോ വാക്കുകളും ഓർത്തെടുത്ത് ഒത്തിരി നേരം അവിടെ വെറുതെയിരുന്നു..... 
 
 
 
ഏഴോ എട്ടോ ദിവസത്തെ പരിചയം മാത്രം വെച്ചു ഒരാൾക്ക് ഒരാളെ ഇത്രത്തോളം ജീവനായി സ്നേഹിക്കാൻ പറ്റുമോ...?? 
 
 
അതും തമ്മിലൊന്നു കാണുക പോലും ചെയ്യാതെ....?? 
 
 
എനിക്കാ ഭ്രാന്താണോ..?? 
 
 
ഈ ബഷീർ പോലും എന്റെ സങ്കൽപ്പമാണോ...?? 
 
 
 
ആണെങ്കിൽ ആ ഭ്രാന്തിനെ പോലും ഞാൻ സ്നേഹിക്കുന്നു...!!! 
 
 
 
പക്ഷേ, എന്തുകൊണ്ടോ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നുന്നു, ചുണ്ടുകൾ വരണ്ടു, കണ്ണുകൾ പുകഞ്ഞു, ആർത്തലച്ചു കരയാൻ തോന്നുന്നു... 
 
 
വരേണ്ടിയിരുന്നില്ല... 
 
നാരായണിയുടെ ലോകത്ത് നിന്നും അകന്നു മാറാൻ ശ്രമിക്കുമ്പോഴോക്കെ തന്റെ മനസ്സ് വല്ലാതെ നോവുന്നു... 
 
 
ആരുമില്ലാതിരുന്ന ലോകത്തേക്ക് ഇടിച്ചു കയറി വന്നിട്ട്, ഒന്നും പറയാതെ ഇറങ്ങി പോയത് ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാനായിരുന്നോ ബഷീർ...?? 
 
 
 
ഞാൻ നിന്നെ ഓർത്ത് സ്വയം ഇല്ലാതെയാകുകയാണ് ബഷീർ.... 
 
 
നീ അത് അറിയുന്നുണ്ടോ..?? 
 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
 
 
കരഞ്ഞു തളർന്നു മയങ്ങി പോയത് എപ്പോഴാണെന്ന് അറിയില്ല... 
 
കണ്ണു തുറന്നപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു... 
 
 
തലയാകെ പൊട്ടുന്ന വേദന.... 
 
 
മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു, എല്ലാം റെഡിയാണ്... 
 
 
അറ്റ്ലീസ്റ്റ് അച്ഛൻ ഈ കാര്യങ്ങൾ എങ്കിലും ശ്രദ്ധിക്കുന്നുണ്ടല്ലോ..?? 
 
 
ഭാഗ്യം... 
 
 
കൂടുതൽ ഒന്നും ഓർക്കാതെ ചായ തിളപ്പിക്കാൻ വെച്ചു, അപ്പുറത്തെ ഫ്ലാറ്റിൽ നിന്നും എന്തൊക്കെയോ ബഹളങ്ങൾ കേൾക്കാം... 
 
 
ഇപ്പോൾ അവിടെ ഒരു പഞ്ചാബി കുടുംബമാണ് താമസിക്കുന്നത്... 
 
 
ഒരിക്കൽ പ്രതീക്ഷയോടെ വാതിലിൽ മുട്ടിയ എന്നെ അവർ കളിയാക്കിയാണ് മടക്കി അയച്ചത്... 
 
 
അതുകൊണ്ട് തന്നെ ഇന്ന് വന്നപ്പോൾ മനപൂർവ്വം അങ്ങോട്ടേക്ക് ശ്രദ്ധിച്ചില്ല... 
 
 
ഒരിക്കൽ ഞാനും ബഷീറും ഈ ചുമരുകൾക്കിപ്പുറം പരസ്പരം സംസാരിച്ചു കൊണ്ട് ഒരേ വിഭവം ഉണ്ടാക്കി നോക്കിയിട്ടുണ്ട്.. 
 
തമ്മിൽ കാണാതെ പങ്കു വെച്ചു കഴിച്ചിട്ടുണ്ട്... 
 
 
ഓർമ്മകൾ വീണ്ടും കണ്ണു പുകയ്ക്കാൻ തുടങ്ങിയപ്പോൾ വേഗം തന്നെ എന്റെ സ്പെഷ്യൽ ഐറ്റമായ മീറ്റ് ഉപ്പുമാവ് ഉണ്ടാക്കാൻ തുടങ്ങി... 
 
 
ഒരിക്കൽ ഇതിന്റെ മണം കേട്ട്, ഇത് കഴിക്കാൻ കൊതിയാകുന്നുവെന്ന് ബഷീർ പറഞ്ഞതും ക്വറെെന്റ്യ്ൻ കഴിഞ്ഞ അടുത്ത ദിവസം തന്നെ ഉണ്ടാക്കി തരാമെന്ന് വാക്കു കൊടുത്തതും ഓർമ്മ വന്നപ്പോൾ കത്തിക്കാളി നിന്ന വിശപ്പ് താനെ കെട്ടടങ്ങുന്നതായി തോന്നി... 
 
 
എന്നിട്ടും വെറുതെ അങ്ങനെ നിന്നു.... 
 
 
കണ്ണുകൾ വീണ്ടും പുകയുന്ന പോലെ.... 
 
 
 
 
 
"എടോ നാരായണി....??? "
 
 
പെട്ടെന്നാണ് അങ്ങനൊരു വിളി കാതിൽ പതിച്ചത്... 
 
വെറും തോന്നാലാണോ എന്ന ഞെട്ടലിൽ നിൽക്കും മുൻപ് തന്നെ അടുത്ത ചോദ്യം വന്നിരുന്നു... 
 
 
"എന്നെ ഓർമ്മയുണ്ടോ തനിക്ക്...?? "
 
 
 
ആ ശബ്ദം തിരിച്ചറിഞ്ഞതും ഞാൻ വലിയ വായിൽ ബഹളം വെച്ചു കരഞ്ഞിരുന്നു... 
 
 
കരച്ചിലിനിടയിൽ വെപ്രാളത്തോടെയുളള എന്റെ ബഷീറിന്റെ പരിദേവനങ്ങൾ കേട്ടെങ്കിലും മറുപടി കൊടുക്കാൻ പോലും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ... 
 
എന്നിൽ സങ്കടമാണോ സന്തോഷമാണോ മുഴച്ചു നിൽക്കുന്നതെന്നറിയാതെ വീണ്ടും വീണ്ടും ഞാൻ കരഞ്ഞുക്കൊണ്ടിരുന്നൂ... 
 
 
 
ഒടുവിൽ ദീർഘനേരത്തെ കരച്ചിലിനൊടുവിൽ ഇടതടവില്ലാതെ കേൾക്കുന്ന കോണിങ് ബെല്ലും വാതിലിൽ തട്ടി ഉറക്കെ വിളിക്കുന്ന ശബ്ദവും എന്റെ ഹൃദയത്തിൽ പതിച്ചു... 
 
 
ആ നിമിഷം ഹൃദയത്തിൽ നിന്നും ബാധിച്ച വിറയൽ ശരീരമാകെ പടർന്നു... 
 
 
ഉയർന്ന നെഞ്ചിടിപ്പും വിറയ്ക്കുന്ന കാലടികളുമായി ഞാൻ എങ്ങനോക്കെയോ ഡോറിനടുത്തേക്ക് എത്തി.... 
 
 
"എവിടെ ആയിരുന്നു ബഷീർ...?? 
 
 
എന്താ എന്നെ കാണാൻ വരാഞ്ഞെ..?? "
 
 
കരച്ചിലാണോ സംസാരമാണോ എന്ന് സംശയിക്കും വിധമുളള എന്റെ പറച്ചിൽ കേട്ടതും മറുപുറം നിശ്ശബ്ദമായി... 
 
 
പക്ഷേ, വളരെ പെട്ടെന്നു തന്നെ വീണ്ടും വിളി എത്തി... 
 
 
"നാരായണി....!!! "
 
 
 
"മം......"
 
 
 
"എന്നെ കാത്തിരിക്കുകയായിരുന്നോ...?? "
 
 
 
"മ് മം.....!! "
 
 
 
"ഞാൻ എന്റെ നാരായണിയെ മറന്നു പോയെന്ന് ഓർത്തോ...?? "
 
 
"മം...!! "
 
 
 
"കരയണ്ട കേട്ടോ... മറന്നതല്ല... 
 
വയ്യാരുന്നെടോ... കുട്ടിക്കാലം മുതലേ അസുഖങ്ങൾ കൂട്ടിനുണ്ട്.... 
 
 
എപ്പോഴും മരണത്തെ പ്രതീക്ഷിച്ച ജീവിച്ചോണ്ടിരുന്നത്.... 
 
 
പക്ഷേ, നിന്നെ കണ്ടപ്പോൾ മുതലാ ജീവിക്കണോന്നൊക്കെ തോന്നി തുടങ്ങിയത്....!!! "
 
 
ഇടറിയ ഒച്ചയിൽ എന്റെ ബഷീർ അത് പറയുമ്പോൾ എനിക്ക് വീണ്ടും കരച്ചിൽ പൊട്ടിയിരുന്നു.... 
 
 
"പക്ഷേ എന്നെ കണ്ടിട്ടില്ലല്ലോ..?? 
 
തൊട്ടിട്ടില്ലല്ലോ.. പിന്നെ എങ്ങനാ..?? "
 
 
 
"കണ്ടിട്ടില്ലെങ്കിലും തൊട്ടിട്ടില്ലെങ്കിലും ഉള്ളിൽ നിറയെ നീയാ പെണ്ണേ...!! "
 
 
 
ആ മറുപടി ആദ്യമായി എന്നിൽ നാണത്തിന്റെ അലകളുയർത്തി... 
 
 
"എന്നെ കാണണ്ടേ..?? "
 
 
"മം....! "
 
 
 
"എന്നാ വാതിൽ തുറക്ക്... നിനക്ക് വേണ്ടി ഞാൻ ഒരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട്..?? "
 
 
 
"എന്ത്...?? "
 
 
 
"നിന്നെ കാണാതെ നിനക്ക് വേണ്ടി ഞാൻ വരച്ച നിന്റെ ചിത്രം...!!! "
 
 
 
ആ മറുപടി കേട്ടതും വാതിൽക്കൽ നിന്നും ഞാൻ പിടഞ്ഞെഴുന്നേറ്റൂ..... 
 
 
ഉയർന്ന ഹൃദയമിടിപ്പും ആകാംക്ഷയും സന്തോഷവും മൂലം തളർന്നു വീഴുമെന്ന് തോന്നിയിട്ടും ഞാൻ വാതിൽ തുറന്നു...!!! 
 
 
 
 
 
മുന്നിൽ കണ്ണീർപ്പാടയാൽ മാത്രം മറഞ്ഞ് എന്റെ ബഷീർ... 
 
 
ആ മുഖം കാണാൻ കഴിയാത്ത വിധം കണ്ണീർ വന്നു മൂടി... 
 
വാശിയോടെ കണ്ണുനീർ തുടച്ചു നീക്കിയതും, മുന്നിൽ ഒരു ചിത്രം.. 
 
 
 
 
 
എന്നെ പോലെ ഒരു പെണ്ണ്.....!!!!! 
 
 
 
പക്ഷേ, അവളുടെ മുഖം മങ്ങിയിരുന്നു... 
 
 
എന്നാൽ അതിൽ മങ്ങാതെ മിഴിവോടെ രണ്ട് വാക്കുകൾ ഉണ്ടായിരുന്നു..... 
 
 
 
"എന്റെ നാരായണിക്ക്..............❤"
 
 
 
 
ശുഭം. 
 
 
 
 
 
 
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... ❤
 
 
"എന്റെ നാരായണിക്ക്" എന്ന ഷോർട്ട് ഫിലിം കണ്ട് വിഷമം വന്നിട്ട് എഴുതിയതാണ്...പറ്റുമെങ്കിൽ എല്ലാവരും കാണുക..
 
 
ഒരുപാട് പ്രശ്നങ്ങൾ വന്നത് കൊണ്ടാണ് എഴുത്ത് മുടങ്ങിയത്... ഇനി മുതൽ ഞാൻ പഴയത് പോലെ വീണ്ടും ഇവിടെ കാണും... 
 
അപ്പോൾ ഇഷ്ട്ടമായെങ്കിൽ രണ്ട് വരി....