Aksharathalukal

കോവിലകം : അവസാനഭാഗം

 
 
"അവളുടെ സ്നേഹം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ അവളൊരിക്കലും നിന്നെ തള്ളിപ്പറയില്ല... അത് അവളുടെ വീട്ടുകാരിൽനിന്ന് എത്ര പ്രഷറുണ്ടായാലും... നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതം ജീവിച്ചുതീർക്കാനുള്ളതുമാണ്... അതുകൊണ്ട് നീ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം... "
 
"അച്ഛാ അതിനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല... നിമിഷയെ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ എനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റുമോ... അത് ആ പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനല്ലേ... "
 
"എന്തുകൊണ്ട് പറ്റില്ല... കുറച്ചുകാലം എല്ലാം മനസ്സിൽ കുറ്റബോധമുണ്ടാകും പതിയെ എല്ലാം നീ മറക്കും...  എന്റെ കാര്യംമാത്രം നീ ആലോചിച്ചു മതി... ഈ ദേവന്റെ അമ്മയെ അത്രമാത്രം സ്നേഹിച്ചവനാണ് ഞാൻ... എന്നാൽ എന്റെ അച്ഛന്റെ ഭീഷണിക്കുമുന്നിൽ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല... അന്ന് നിങ്ങളുടെ അമ്മയെ വിവാഹം കഴിച്ചില്ലെങ്കിൽ സുമതിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി... ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ ജീവനൊരാപത്തുണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു... അങ്ങനെയാണ് നിങ്ങളുടെ അമ്മയെ ഞാൻ വിവാഹം കഴിച്ചത്... കുറച്ചുകാലം എനിക്കുമുണ്ടായിരുന്നു നീ പറഞ്ഞതുപോലെ നിങ്ങളുടെ അമ്മയെ ഞാൻ വഞ്ചിക്കുകയല്ലേ എന്ന്... അവസാനം എല്ലാം ഞാൻ അവളോട് പറഞ്ഞു... എന്നാൽ അവൾ പറഞ്ഞത് എന്താണെന്നറിയോ ഈ മനസ്സ് എന്റേതുമാത്രമാകുവാൻ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്ന്... അവസാനം അവൾ പറഞ്ഞതുപോലെ പതിയെപ്പതിയെ ഞാനവളുടേതായി മാറി... എന്റെ സ്വഭാവദൂഷ്യം കൊണ്ട് അവൾ മരിച്ചതാണെന്നാണ് എല്ലാവരും പറഞ്ഞു നടന്നത്... അത് മാറ്റുവാൻ ഞാനും തയ്യാറായില്ല... എന്നാൽ അവളുടെ മരണം ഞാൻമൂലമുണ്ടായതല്ല... നീലിമയെ പ്രസവിച്ച സമയത്താണ് ആ സത്യം ഞാനും അവളും അറിഞ്ഞത്... അവളുടെ ഹൃദയത്തിന് ചെറിയ ദ്വാരങ്ങൾ രൂപപ്പെട്ടിരുന്നു... അത്  എന്തു ചെയ്തിട്ടും സുഖപ്പെടുത്താൻ പറ്റില്ലെന്നും  പറഞ്ഞു... ഈ വിവരം ഒരിക്കലും തന്റെ മക്കൾ അറിയരുതെന്നും അവൾക്ക് നിർബന്ധമുണ്ടായിരുന്നു... ആ വാക്ക് ഇതുവരെ ഞാൻ നിറവേറ്റി... അതുകൊണ്ടാണ് പറയുന്നത് കുറച്ചു കാലം മനസ്സിനൊരു പ്രയാസമുണ്ടാകും... പിന്നെയത് മാറും... നിന്റെ എല്ലാ കാര്യവും അറിയുന്നവനാണ് പ്രസാദിന്റെ അനിയത്തി... എന്റെ സുബ്രഹ്മണ്യന്റെ മകൾ... അവൾക്ക് നിന്നെ ഇഷ്ടവുമാണ്... എല്ലാം അറിയുന്ന ഒരു പെൺകുട്ടിയാകുമ്പോൾ അവൾക്ക് അതിനനുസരിച്ച് ജീവിക്കാൻ കഴിയില്ലേ... "
 
"അച്ഛൻ പറയുന്നതിലും കാര്യമുണ്ട് ഹരീ... അവളെ ഞാനും കണ്ടതല്ലേ... നിനക്ക് എന്തുകൊണ്ടും യോജിച്ചവളാണവൾ... ഇപ്പോഴാണെങ്കിൽ നീലിമയുടെ ക്ലാസ് കഴിഞ്ഞുനിൽക്കുകയാണ്... അവളുടെ വിവാഹത്തിന്റെകൂടെ നിന്റെ വിവാഹവും നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം... എന്നാൽ ഞങ്ങൾ ഇതുമായി മുന്നോട്ട് പോകട്ടെ... "
രാജേന്ദ്രൻ പറഞ്ഞു...എന്നാൽ രഘുത്തമൻ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു... അവനിനിൽനിന്നും പ്രതികരണം കിട്ടാത്തതുമൂലം എല്ലാവരുടേയും മുഖത്ത് നിരാശ കാണുന്നുണ്ടായിരുന്നു... "
 
"അച്ഛനും ഏട്ടനും ഞങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചുതുടങ്ങിയിട്ടേയുള്ളൂ... തിരിച്ച് ഞങ്ങളും നിങ്ങളെ സ്നേഹിച്ചു തുടങ്ങി... ആ നിങ്ങളുടെ മുഖത്തു നോക്കി എനിക്ക് ഒരു കാര്യവും നിഷേധിക്കാൻ വയ്യ... നിങ്ങൾക്ക് എന്താണോ ഉചിതമെന്ന് തോന്നുന്നത് അതുപോലെ ചെയ്യാം... എന്നാൽ അതിനു മുന്നേ എനിക്ക് ദേവികയെ ഒന്നു കാണണം സംസാരിക്കണം... പിന്നീട് അതിനെച്ചൊല്ലി മറ്റൊരു പ്രശ്നം ഈ തറവാട്ടിൽ ഉണ്ടാകരുതെന്ന് എനിക്കാഗ്രഹമുണ്ട്... "
അതു കേട്ടപ്പോൾ നിരാശയെല്ലാം മാറി എല്ലാവരുടേയും മുഖത്തും ഹൃദയത്തിലും സന്തോഷം തെളിഞ്ഞു... അടുത്ത ദിവസം തന്നെ രഘുത്തമൻ  ദേവകയുമായി സംസാരിച്ചു... എല്ലാം കേട്ട്കഴിഞ്ഞപ്പോൾ അവൾക്ക് അത്ഭുതമാണ് തോന്നിയത്... തന്റെ ഇഷ്ടം ആരാണോ അംഗീകരിക്കേണ്ടത് അയാൾ തന്നെ, അംഗീകരിച്ചിരുക്കുന്നു... അതിനു പൂർണ്ണമായും നേടാൻ എത്ര കാലംവരെ കാത്തുനിൽക്കാനുമവൾ തയ്യാറായി... 
 
അതിൽപിന്നെ കാര്യങ്ങളെല്ലാം പെട്ടന്ന് പെട്ടന്ന് തീരുമാനത്തിലെത്തുകയായിരുന്നു... നാലുപേരുടെ വിവാഹവും ഒരു പന്തലിൽ പാലക്കൽ കോവിലകത്തുവച്ചുതന്നെ നടന്നു... അവരുടെ വിവാഹത്തിന് കോവിലകത്തെ കാവും നാഗത്താന്മാരും സാക്ഷിയായി.... വിവാഹത്തോടെ രഘുത്തമൻ രാജീവും നിഖിലും താനുംകൂടി നടത്തുന്ന ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ തുടങ്ങി... ഹരിയും വിഷ്ണുവും പ്രസാദുംകൂടി പുതിയൊരു ബിസിനസ്സ് തുടങ്ങി... വിഷ്ണുവും പ്രസാദും അവരുടെ ഭാര്യയുമൊന്നിച്ച് നാട്ടിലേക്ക് താമസം മാറ്റി...
നീലിമ അവിടെ പിജിക്ക് ചേർന്നപ്പോൾ നന്ദന ഇവിടേയും പിജിക്ക് ചേർന്നിരുന്നു... അങ്ങനെ ഇണക്കവും പിണക്കവുമായി വർഷങ്ങൾ മൂന്ന് കഴിഞ്ഞു.. 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"മുത്തശ്ശാ  ചിന്നുമോൾ എപ്പോഴാണ് എന്റെ കൂടെ കളിക്കാൻ വരുന്നത്... "
രാജേന്ദ്രനും പ്രമീളയും എടുത്തു വളർത്തിയ മൂന്നുവയസ്സുള്ള ആകാശ്മോൻ നീലകണ്ഠനോട് ചോദിച്ചു
 
"അവൾ വലുതായാൽ എന്റെ മോന്റെ കൂടെ കളിക്കാൻ വരില്ലേ... "
 
"ചിന്നുമോൾ എന്നാണ് വലുതാകുന്നത്... നാളെ വലുതാകുമോ... "
 
ഇല്ലല്ലോ അവൾ വലുതാവാൻ ഇനിയും ഒരുപാട് ദിവസമെടുക്കും... അതുവരെ മുത്തശ്ശൻ മോന്റെ കൂടെ കളിക്കാനില്ലേ... 
 
"എന്താണ് ആകാശ്മോനെ നീ മുത്തശ്ശനെ ശല്യം ചെയ്യുന്നുണ്ടോ... "
അവിടേക്ക് വന്ന പ്രമീള ചോദിച്ചു... 
 
"ഏയ് അവനെന്റെ ചക്കരയല്ലേ... അതു പോട്ടെ രാജേന്ദ്രൻ കമ്പിനിയിലേക്ക് പോയോ... "
 
"ഇറങ്ങാൻ തുടങ്ങുക യാണ്... രഘു  ആ വഴിയാണ് പോകുന്നതെന്ന് പറഞ്ഞു.. അന്നേരം അവർ ഒന്നിച്ച് ഇറങ്ങാമെന്ന് കരുതി... "
 
ആ... ഈ ഒത്തൊരുമ എന്നും ഇതുപോലെ ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന... കമ്പനിയിപ്പോൾ നല്ല ലാഭത്തിലാണ് പോകുന്നത്... എല്ലാം എന്റെ ആകാശ് മോന്റെ  ഭാഗ്യമാണ്... അപ്പോഴേക്കും ലഘുവും രാജേന്ദ്രനും പുറത്തേക്കുവന്നു... വഴിയെ ചിന്നുമോളേയുമെടുത്ത് ദേവികയും... അച്ഛനും വല്ല്യച്ഛനും റ്റാറ്റ കൊടുക്ക് മോളേ... ദേവിക ചിന്നുവിന്റെ കൈപിടിച്ച് ചലിപ്പിച്ചുകൊണ്ട് പറഞ്ഞു... രഘു തിരിഞ്ഞ് ചിന്നുവിന്റെ നെറ്റിയിൽ ഒരുമ്മകൊടുത്തു... 
 
"നിനക്കുള്ളതു രാത്രി തരാം"
ദേവിക കേൾക്കാൻ പാകത്തിൽ രഘുത്തമൻ പറഞ്ഞു.. അത് കേട്ട് ദേവിക അവനെ തറപ്പിച്ചൊന്ന് നോക്കി... 
 
രഘുത്തമൻ ബൈക്കിൽ കയറി... അവന്റെ പിന്നിലായി രാജേന്ദ്രനും കയറി... അവൻ പോകുന്നതും നോക്കി ദേവികയും പ്രമീളയും നീലകണ്ഠനും നിന്നു... 
 
"അച്ഛാ... നീലിമയെ കൂട്ടിക്കൊണ്ടുവരാൻ ദിവസം നോക്കേണ്ടേ... ഇനി അതികം ദിവസമില്ല... പ്രസവം അവിടെവച്ച് നടത്തുകയാണെങ്കിലും  നമ്മൾ ചടങ്ങ് ചടങ്ങുപോലെ നടത്തണമല്ലോ... "
പ്രമീള പറഞ്ഞു... 
 
"ഇന്നുതന്നെ ഞാൻ ദിവസം നോക്കിക്കാം... ആദ്യ പ്രസവം ഇവിടെവച്ചാണ് വേണ്ടിയിരുന്നത്... എന്നാൽ പ്രസാദിന്റെ ആഗ്രഹം അവിടെവച്ചാകണമെന്നാണെങ്കിൽ നമ്മൾ എതിരു നിൽക്കേണ്ടല്ലോ... മാത്രമല്ല ഈ കുഞ്ഞുങ്ങളേയും വച്ച് നിങ്ങൾ ബുദ്ധിമുട്ടുകയും വേണ്ടല്ലോ... "
 
"അതിന് കുഴപ്പമൊന്നുമില്ല... പിന്നെ അവളുടെ ആഗ്രഹവും അവിടെ മതിയെന്നാണ്... "
 
"ആ എല്ലാം നല്ലരീതിയിൽ നടക്കട്ടെ... "
 
"ഈ സമയം  തന്റെ മകളെ നെഞ്ചിൽ കിടത്തി താലോലിക്കുകയായിരുന്നു ഹരി... 
 
"ഹരിയേട്ടാ സമയം ഒരുപാടായി... ഓഫീസിൽ പോകുന്നില്ലേ... കുഞ്ഞിനേയും താലോലിച്ച് ഇങ്ങനെ നിന്നാൽ മതിയോ... "
മുറിയിലേക്ക് വന്ന നന്ദന ചോദിച്ചു
 
"എന്നാൽ നിന്നെ താലോലിക്കാം എന്താ... "
ഹരിയവളോട് പറഞ്ഞു... 
 
"അയ്യെടാ പൊന്നു മോന്റെ പൂതി കുറച്ചൊന്നുമല്ലല്ലോ... കുഞ്ഞിനെ ഇങ്ങു തന്നേ... എന്നിട്ട് എണീറ്റു പോയി കുളിച്ചേ... 
 
"എടീ ഇന്നു ഞാൻ പോണോ... അവിടെ വിഷ്ണുവും പ്രസാദുമില്ലേ... ഇന്ന് ഞാൻ ലീവെടുക്കാം... "
 
"എന്തിന്... ഇവിടെയിരുന്നാൽ എന്റെ പണിയൊന്നും നടക്കില്ല... നിങ്ങളതിന് സമ്മതിക്കുകയുമില്ലല്ലോ... "
 
"അതിന് ഞാനെന്താണ് നിന്നെ ചെയ്യുന്നത്... "
 
"ഏയ് ഒന്നും ചെയ്യില്ല... മനുഷ്യനെ  ഇരുത്തിപ്പൊറുപ്പിക്കില്ലെന്നുമാത്രം... കയ്യിലിരിപ്പ് അങ്ങനെയാണല്ലോ... അതുകൊണ്ട് എന്റെ പൊന്നു മോൻ പെട്ടന്ന് റഡിയായി പോകാൻ നോക്ക്... അതൊക്കെ വിഷ്ണുവേട്ടനെ കണ്ടു പടിക്ക്... ഇതേ പ്രായത്തിലുള്ള കുഞ്ഞും ആര്യയും അവിടെയുണ്ട്... എന്നിട്ടും ഞായറാഴ്ചയല്ലാതെ വിഷ്ണുവേട്ടൻ ലീവ് എടുക്കാറുണ്ടോ..."
 
"അതവന്റെ പോരായ്മ കൊണ്ടാണ്... "
 
"ദേ എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട... ഹരിയേട്ടാ എണീക്കുന്നുണ്ടോ അതോ ഞാൻ അച്ഛനെ വിളിക്കണോ... 
ഹരിയുടെ നെഞ്ചിൽ നിന്ന് ഉറങ്ങിയ കുഞ്ഞിനെ എടുത്ത് തൊട്ടിലിൽ കിടത്തിക്കൊണ്ട് നന്ദന ചോദിച്ചു... "
 
"ഞാൻ പോകണമെന്ന് എന്താണ് നിനക്കിത്ര വാശി... "
 
"അത് ഞാൻ തന്നെ പറയണോ... ഏതു നേരവും തോണ്ടലും പിടിക്കലും കെട്ടിപ്പിടുത്തവും... ലോകത്ത് വേറെയെവിടേയും ഭാര്യയും ഭർത്താവുമില്ലല്ലോ... "
 
"എടീ അത് നീ കാണാത്തതു കൊണ്ടാണ്... എല്ലാവരും ഇങ്ങനെയൊക്കെയാണ്... "
 
"എന്നാലേ എന്റെ മോൻ അങ്ങനെയാവണ്ടാ... മര്യാദക്ക് എണീറ്റുപോവാൻ നോക്ക്... "
നന്ദന ഹരിയുടെ കൈപിടിച്ച് വലിച്ചു... എന്നാൽ പെട്ടെന്നായിരുന്നു ഹരിയവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടത്... നന്ദന അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ഒരുപാടുനോക്കി എന്നാൽ അവനവളെ വരിഞ്ഞുമുറുക്കിയിരുന്നു... അവസാനം അവന്റെ ഇംഗിതത്തിനുമുന്നിൽ അവൾ ... അടിയറവുപറയേണ്ടിവന്നു.... 
 
 
💖💖💖💖💖💖💖💖💖💖💖
 
"നിർത്തുകയാണേ... ഇനി അവരായി അവരുടെ പാടായി നമ്മൾ ഇനി ആ ഭാഗത്തേക്കില്ലേ... "
 
അവസാനഭാഗങ്ങൾ എത്രത്തോളം നന്നായി എന്നറിയില്ല എന്നാലും ഇതുവരെ എനിക്കുതന്ന പ്രോത്സാഹനത്തിന്  വളരെയേറെ നന്ദിയുണ്ട്... 
 
അവസാനമായപ്പോൾ കുറച്ച് സാങ്കൽപ്പികമായ ചില കാര്യങ്ങൾ കഥയിൽ ഉൾപ്പെടുത്തേണ്ടിവന്നു... അത് കഥയെ എത്രമാത്രം ബാധിച്ചു എന്നറിയില്ല... എന്നാലും എല്ലാം സഹിച്ചും ക്ഷമിച്ചും കൂടെനിന്ന എല്ലാവർക്കും ആയിരം പൂച്ചെണ്ടുകൾ... 
 
ഇനിയും കാണാം... അതുവരെ  🙏🙏🙏🙏...
 
........Rajesh Raju.......
 
 
➖➖➖➖➖➖➖➖➖➖➖