Aksharathalukal

ഒരു ചായ, ഒരു വട

\"ചേട്ടാ... ഒരു ചായ, ഒരു വട.\"

ഒരു പകലിന്റെ മുക്കാൽ ഭാഗവും പിന്നിട്ടു പകലൊടുവിൽ യാത്രപറയാൻ നേരമാണ് അനിൽ തന്റെ പഴയ സ്പ്ലെണ്ടർ ബൈക്ക് ഒരു വഴിയോരകടയുടെ അടുത്തായി നിർത്തിയിറങ്ങി, നിറഞ്ഞിരുന്ന ബാഗ് ഒന്ന് ഒതുക്കി തോളത്തിട്ടതിന് ശേഷം കടക്കാരനോടായി പറഞ്ഞത്.

ബാഗ് തോളിൽ നിന്നും ഊരി പൊട്ടിയൊരു നീല കസേരയിലായി വെച്ച് നടുവൊന്ന് നിവർത്തി. തോളിൽ നല്ല വേദന. ഭാവങ്ങൾ അനുനിമിഷം മാറുന്നതിലൂടെ അനിലിന്റെ വേദനയും ബുദ്ധിമുട്ടും ആർക്കും ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമായി മനസിലാകും.

\"ചേട്ടാ... ചായ അല്പം കടുപ്പം കൂട്ടി എടുത്തോ.\"

കടക്കാരൻ ചായ ഡെസ്കിന്റെ പുറത്തായി വെച്ചു; നാല് തുള്ളി ചായ ഡെസ്കിൽ പരന്നു. ഡെസ്കിന്റ മേലെ കടയുടെ മെനു തന്നെയുണ്ടായിരുന്നു. ചായക്കറ, പലതരം വടകളുടെയും മറ്റും പൊടിയും ചമ്മന്തിയും!
അനിൽ ചായക്കൊപ്പം വടയും കഴിച്ചു. താൻ ഈ നേരത്തിനിടയിൽ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല അനിലിന്. സന്ധ്യയാവൻ അധികനേരമില്ല. ഇരുൾ വരവറിയിച്ചു തുടങ്ങുമുൻപ് ഇനിയും കയറാൻ ഏറെ സ്ഥലം ബാക്കിയാണ്. പൊതിഞ്ഞെടുത്ത ചോറും കറിയും ഒരിടം നോക്കി കളയണം. പകലൊന്ന് പുഞ്ചിരിച്ചു തുടങ്ങുമ്പോൾ ബാഗും തൂക്കിയിറങ്ങും. ഇരുളിൽ തട്ടിവീഴാതെ പകലറിയാതെ അമ്മയുണ്ടാക്കി പൊതിഞ്ഞു തന്ന അന്നമിങ്ങനെ കഴിക്കാതെ കളയുമ്പോൾ പലപ്പോഴും അനിലിന്റെ നെഞ്ചിൽ പിടച്ചിലിന്റെ ഒരു തരം ശബ്ദം കേൾക്കാം. പക്ഷെ കഴിക്കാൻ നേരമില്ല.
സെയിൽസിൽ ജോലി ചെയ്യുന്ന ആരേലും ഉച്ചനേരത്തു ആഹാരം കഴിച്ചതായി അറിവുണ്ടോ?!!
വൈകുന്നേരം ആയാൽപ്പോലും പലരും കഴിക്കാറില്ല.
വിശപ്പില്ലാഞ്ഞിട്ടല്ല; സമയം...

ഓരോ ദിവസത്തെയും ടാർഗറ്റ് എങ്ങനെ പൂർത്തിയാക്കും എന്ന ചിന്തയിൽ ഉരുകിത്തീരാനായി ഒരുകൂട്ടം ജന്മങ്ങൾ!
മറ്റെന്ത് ജോലി കിട്ടും ഈ കാലത്ത്???

അനിൽ ചായ കുടിച്ച് കഴിഞ്ഞു. ഒരു വട കൂടി എടുക്കാൻ ആഗ്രഹിച്ചെങ്കിലും അതിന് മുതിർന്നില്ല. കണക്കില്ലാത്ത പണമൊന്നും കയ്യിൽ ഇല്ല. പക്ഷെ ഒരു ചായയും വടയും ഒരു പകലിന്റെ തളർച്ചയാണ് അകറ്റിയത്. വിശന്നു തളർന്ന വയറിനൊരു ചെറുണർവ്, അത് മതി; അത്രേ വേണ്ടൂ! വയറിനു പാരതിയില്ല. അനിലിന്റെ നൊമ്പരകടലിൽ അലയടിക്കുന്ന തിരമാലകൾ വയറെന്നും കാണുന്നതല്ലേ; കേൾക്കുന്നതല്ലേ?
പരാതിയും പരിഭവവും ഒരു ചായയിലും വടയിലും ഒതുക്കിത്തീർക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
\'പതിനെട്ട് രൂപ\' കൃത്യമായി എണ്ണി നൽകി അനിൽ തന്റെ ബൈക്കിൽ കയറി. ടാർഗറ്റ് ഇനിയും പൂർത്തിയായിട്ടില്ല.

ഇരുൾ അനിലിന് തൊട്ട് പിന്നിലായി സഞ്ചരിച്ചു...!!!


- നിഥിൻ പത്തനാപുരം