Aksharathalukal

✍️✍️✍️ അമ്മ ✍️✍️✍️

ഈയൊരു ചെറുകൃതി വായിക്കുമ്പോൾ വീട്ടിലെ സ്വന്തമോ അല്ലെങ്കിൽ രക്തബന്ധത്തിലുള്ള ആരുടെയെങ്കിലും ഇതേ പ്രായമുള്ള ഒരു കുഞ്ഞിനെ മനസ്സിൽ കണ്ടുകൊണ്ട് മനസ്സിരുത്തി ഒന്ന് വായിക്കുക. തീർച്ചയായും കരളുറപ്പുള്ളവർക്ക് ഒരു തുള്ളി കണ്ണുനീർ പൊടിയാതിരിക്കില്ല. 2020 കണ്ണൂരിൽ പാറക്കല്ലിൽ അടിച്ചു കൊന്ന  കുരുന്നു പൈതലിന് വേണ്ടി സമർപ്പിക്കുന്നു. നിറകണ്ണുകളോടെ എഴുതിയ ഈ കൃതി നിങ്ങൾക്ക് സമർപ്പിക്കുന്നു.
➖➖➖➖➖➖➖➖➖➖➖➖➖
🌹🌹🌹 ❤️അമ്മ 🌹🌹🌹❤️
__________________________________
എന്നമ്മേ... ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു. ഈ മടിയിൽ ചാഞ്ഞുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു .
കണ്ടില്ലല്ലോ ... കേട്ടില്ലല്ലോ ... എൻ കരളുരുകുമൊരു താരാട്ട് ...!

  അമ്മേ ...! അമ്മ കേട്ടിട്ടില്ലേ ഈ പാട്ട് ..? ഇത് അമ്മയെക്കുറിച്ചായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു അമ്മേ ...! കാരണം അമ്മയുടെ താരാട്ട് കേൾക്കാൻ ഈ വാവ എത്ര കൊതിച്ചിരുന്നെന്നറിയാമോ ...? അതിന് അമ്മ എന്നെ സമ്മതിച്ചില്ലല്ലോ അമ്മേ ....! അമ്മയുടെ താരാട്ട് കേട്ട് കൊതി തീർന്നില്ലല്ലോ അമ്മേ ...! അതിനു മുൻപേ അമ്മ എന്നെ കൊന്നുകളഞ്ഞില്ലേ ... ശരിക്ക് നിങ്ങളെ ഞാൻ "അമ്മ"എന്ന് വിളിക്കാൻ പാടില്ലാത്തതാണ്. പക്ഷേ എനിക്ക് ജൻമം തന്നു പോയില്ലേ ...! പത്ത് മാസം എന്നെ വയറ്റിൽ ചുമന്നില്ലേ ...! അതിനെനിക്ക് വാടക തരാനേതായാലും കഴിയില്ല. അത് കൊണ്ട് തൽക്കാലം അമ്മ എന്ന വിളി ഗർഭപാത്രത്തിന്റെ വാടകയിനത്തിലേക്ക് വരവ് വെക്കണം നിങ്ങൾ . അല്ലാണ്ടെന്താ ചെയ്യുവാ ... ഞാൻ കുഞ്ഞുവാവയല്ലേ ....! എനിക്ക് ജോലിക്ക് പോയി വാടക തരാനൊന്നും കഴിയില്ലല്ലോ. എന്തിനാണമ്മേ നിങ്ങളെന്നെ കൊന്നത്....? എന്നെ വല്ലവന്റെയും വീട്ടുമുറ്റത്ത് വെച്ച് അമ്മയ്ക്ക് അമ്മയുടെ ഇഷ്ടമുള്ള ആളുടെ കൂടെ ഇഷ്ടമുള്ളേടത്തേക്ക് പോകാമായിരുന്നില്ലേ ...!

ഞാൻ ഒരിക്കലും അമ്മയെ ശല്യപ്പെടുത്താൻ വരില്ലായിരുന്നല്ലോ. ഞാനൊരിക്കലും അമ്മയ്ക്ക് ശല്യമാകുമായിരുന്നില്ലല്ലോ .....! എനിക്ക് ... എനിക്ക് ജീവിച്ച് കൊതി തീർന്നില്ല അമ്മേ ... എനിക്ക് ഇനിയും ജീവിക്കണം. അമ്മയ്ക്ക് എന്റെ ജീവൻ എനിക്ക് തിരിച്ച് തരാൻ പറ്റുമോ ..പറ്റുമെങ്കിൽ താ ... വാവ കുറച്ച് കാലം കൂടി ജീവിക്കട്ടെ ...! കഴിയില്ലല്ലേ ...പിന്നെ എന്തിനാണമ്മ എന്നെ കൊന്നു കളഞ്ഞത്...? ദൈവം നൽകിയ ജീവനല്ലായിരുന്നോ ഞാൻ. എന്നെപ്പോലെ ഒരു കുഞ്ഞുവാവയെ കിട്ടാൻ എത്രയാളുകൾ ലക്ഷങ്ങളും കോടികളും മുടക്കുന്നുണ്ടെന്നറിയാമോ അമ്മയ്ക്ക് . എത്ര ലക്ഷാർച്ചനകളും നേർച്ചകളും വഴിപാടുകളും പ്രാർത്ഥനകളും ഒക്കെയായി കഴിയുന്നുണ്ടെന്നറിയാമോ അമ്മയ്ക്ക്. എന്നെ കൊന്ന് കളഞ്ഞപ്പോൾ എത്രയാളുകൾ കരഞ്ഞെന്നറിയാമോ അമ്മയ്ക്ക്. അവരെല്ലാം നിങ്ങളെ ശപിച്ചില്ലേ...! ആ ശാപത്തിന് വേണ്ടിയാണോ എന്നെ കൊന്നത്.

എന്നെ കൊന്നപ്പോൾ എത്രയാളുകൾ ആഗ്രഹിച്ചിട്ടുണ്ടാകും എന്നെ അവർക്ക് കിട്ടാൻ വേണ്ടി. എന്നിട്ടും ... എന്നിട്ടും നിങ്ങളെന്നെ ... നിങ്ങളെന്നെ അതിക്രൂരമായി കൊന്നു കളഞ്ഞില്ലേ.... കരിങ്കല്ലിൽ തുണിയലക്കുന്ന പോലെയല്ലേ നിങ്ങളെന്നെ കൊന്നത്. ഞാൻ മരിക്കാതിരുന്നപ്പോൾ വീണ്ടും വീണ്ടും എന്നെ എടുത്തെറിഞ്ഞു കളഞ്ഞല്ലോ ....! എന്റെ മരണം ഉറപ്പാക്കിയിട്ടല്ലേ നിങ്ങളെന്നെ ഉപേക്ഷിച്ച് പോയത്. നിങ്ങൾക്ക് എങ്ങനെ സാധിച്ചു എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചെയ്യാൻ ...? എന്നെ കൊല്ലാൻ കൊണ്ടു പോകുവായിരുന്നെങ്കിൽ പിന്നെന്തിന് എനിക്ക് പാൽ തന്നു ....? എനിക്കറിയില്ലായിരുന്നല്ലോ അമ്മ എന്നെ കൊല്ലാനാണ് കൊണ്ട് പോകുന്നതെന്ന് . അറിയുമായിരുന്നെങ്കിൽ എനിക്ക് ഓടിയൊളിക്കാമായിരുന്നു. ഇപ്പോ ഇവിടെ ഞാൻ തനിച്ചല്ലേ ഉള്ളൂ അമ്മേ ...! എനിക്ക് പേടിയാവുന്നു. പിന്നെ അമ്മേ ... ദൈവം പറയുവാണ് " ഇവാൻ " മോന് പേടിക്കേണ്ടാ നിന്റെ അമ്മയെ ഞാൻ ഇപ്പോഴൊന്നും നിന്റടുത്തേക്ക് കൊണ്ട് വരില്ല  നീ ഇവിടെ എന്റെ പഞ്ചാര വാവയായിട്ട് ജീവിച്ചോ നിന്നെ ആരും ഒന്നും ചെയ്യില്ലാ എന്ന്. അപ്പോ എനിക്ക് സന്തോഷമായി. അമ്മ ഇപ്പോഴൊന്നും ഇങ്ങോട്ടു വരണ്ടാ ട്ടോ ...! പിന്നെ ദൈവം ഇതും പറഞ്ഞു. നിന്റെ അമ്മ വന്നാൽ വിറക് കത്തിക്കുന്ന പോലെ നിന്റെ അമ്മയെ ഞാൻ കത്തിക്കുമെന്ന് ..ഞാൻ പറഞ്ഞു വേണ്ടാ എന്ന് . എല്ലാവരും പറയുവാണ് അമ്മയ്ക്ക് വേറെ അച്ചന്റെ കൂടെ ജീവിക്കാൻ വേണ്ടിയാണ് എന്നെ കൊന്നത് എന്ന്. ശരിയാണോ അമ്മേ .... അപ്പോൾ എന്റെ അച്ചൻ എന്തു ചെയ്യും....? ഇനി എന്നെ കൊന്നത് പോലെ എന്റെ അച്ചനെയും കൊല്ലരുത് ട്ടോ ....! അച്ചൻ പാവമാണ്. എന്റെ മുത്തച്ചനും മുത്തശ്ശിയും ഒരുപാട് കരഞ്ഞിട്ടുണ്ടാവും ല്ലേ പാവം അവര്. നിങ്ങൾക്ക് എങ്ങനെ ഇത്രയ്ക്ക് ക്രൂരയാവാൻ കഴിഞ്ഞു....? എന്റെ മുഖം കണ്ടിട്ട് നിങ്ങൾക്ക് ഒരു അലിവും തോന്നിയില്ലേ..? നിങ്ങൾ മനുഷ്യ സ്ത്രീ തന്നെയാണോ ...? അതോ നരഭോജി എന്ന പറയുന്ന ജന്തുവാണോ ...എന്തായാലും ഇനി എനിക്ക് നിങ്ങളെ കാണുന്നത് തന്നെ പേടിയാണ്. എനിക്ക് നിങ്ങളെ വേണ്ടാ ... കാണുകയും വേണ്ടാ. നിങ്ങൾ ചീത്തയാണ്. നിങ്ങൾക്ക് കാരിരുമ്പിന്റെ മനസാണ്. ഞാനിവിടെ ദൈവത്തിന്റെ പഞ്ചാര വാവയായിട്ട് കഴിഞ്ഞോളാം. അമ്മയോട് മിണ്ടില്ല. ഞാൻ പോവ്വാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ പാറക്കൂട്ടങ്ങൾക്കിടയിൽ എറിഞ്ഞ് കൊന്ന "ഇവാൻ" എന്ന പിഞ്ചുകുഞ്ഞിനെ അവന്റെ അമ്മ എന്ന് പറയുന്ന വടയക്ഷി ശരണ്യ കേൾക്കാൻ വേണ്ടിയും  ഇവാൻ എന്ന പിഞ്ചുകുഞ്ഞിന്റെ പാവന സ്മരക്കു മുന്നിലും എന്റെ ഈ നാലു വരി സമർപ്പിക്കുന്നു.

         മുഹമ്മദ് അലി കൊള്ളി തൊടിക.