Aksharathalukal

നിഹാരിക -30

നിഹാരിക 30

രാത്രിയിൽ നിഹ മുറിയിലേക്ക് വന്നപ്പോൾ എന്തൊക്കെയോ ആലോചിച്ചു റാം കിടക്കുന്നുണ്ടായിരുന്നു... 

\"ശ്രീയേട്ടാ... \"

നിഹ വിളിച്ചപ്പോൾ റാം എഴുനേറ്റു കട്ടിലിന്റെ കാൽക്കൽ ചാരി ഇരുന്നു.. 

\"അല്ലു എവിടെ നിച്ചു.. \"

\"മോള് അച്ഛമ്മയുടെ കൂടെയാ കിടക്കുന്നതെന്ന് പറഞ്ഞു... \"

\"മം... \"

\" ശ്രീയേട്ടാ എന്താ പറ്റിയേ... എന്തെങ്കിലും പ്രശ്നമുണ്ടോ...? \"

റാമിന്റെ മുഖം മാറിയത് കണ്ട് നിഹ ചോദിച്ചു... 

\" ഹേയ് ഒന്നുമില്ല ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് അങ്ങനെയങ്ങ് കിടന്നതാ... അല്ല നിച്ചു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുക നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ\"

\"അങ്ങനെ ചോദിച്ചാൽ ഉണ്ട്... ശ്രീയേട്ടാ..\"

നിഹ റാമിന്റെ അടുത്ത് വന്നിരുന്നു.. 

\"എന്താടാ എന്ത്‌ പറ്റി... അല്ലുവിനെ ഓർത്താണോ ഈ സങ്കടം.. \"

\"അത് ഏട്ടാ.. ഇന്ന് അല്ലുവിനെ കാണാൻ 
മേഘ സ്കൂളിൽ പോയിരുന്നു \"

നിഹ പറയുന്നത് കേട്ട് റാം ഒന്ന് ഞെട്ടി... 

\"നിച്ചു സത്യമാണോ നീ പറയുന്നേ.. അവൾ വന്നത് നീയെങ്ങനെ അറിഞ്ഞു..\"

\"അല്ലുവിന്റെ ബാഗിൽ അന്ന് മേഘ കൊണ്ടുവന്നു  കൊടുത്തത് പോലെ ഒരു ബോക്സ് ചോക്ലേറ്റും ഒരു ടെഡിയും ഇരിക്കുന്നത് കണ്ടു...\"

\" നിച്ചു നീ എന്തെങ്കിലും അതിനെക്കുറിച്ച് അല്ലുവിനോട് ചോദിച്ചോ...\"

\"ഇല്ല ഏട്ടാ... എനിക്കെന്തോ വല്ലാത്ത ഭയം തോനുന്നു ഒന്നുമല്ലെങ്കിലും സ്വന്തം അമ്മയല്ലേ... അങ്ങോട്ടൊരു ചായ്‌വ് വന്നാൽ... \"

\"നിച്ചു നീ അതോർത്തു ടെൻഷൻ ആവല്ലേ..നിന്റെ ഉള്ളിലും ഒരു ജീവൻ ഉള്ളതാണ് അത് മറക്കരുത്.. \"

\" ശ്രീയേട്ടാ... എന്തൊക്കെ പറഞ്ഞാലും ശ്രദ്ധിച്ചില്ലെങ്കിലും അല്ല എന്റെ മോള് തന്നെയാണ് അത് കഴിഞ്ഞിട്ടേ ഉള്ളൂ ഈ കുഞ്ഞു പോലും...\"

\"നീ വിഷമിക്കേണ്ട അല്ലുവിനെ ആരും കൊണ്ടുപോകാതെ ഞാൻ നോക്കും... \"

നിഹയെ സമാധാനിപ്പിച്ചു കൊണ്ട് തന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി റാം... 

🌸🌸🌸🌸🌸🌸

അടുത്ത ദിവസം രാവിലെ അയ്യരുടെ ഓഫീസിൽ ... 

\"റാം.. നീയെന്താ രാവിലെ...\"

\" അങ്കിൾ... അങ്കിൾ പറഞ്ഞതൊക്കെ ഞാൻ ശരിക്കും ആലോചിച്ചു.. ഒരു രീതിയിലുള്ള കോംപ്രമൈസ് ചെയ്യാനും  ഞാൻ തയ്യാറല്ല... ഞാനറിയാതെ സ്കൂളിൽ പോയി എന്റെ കുഞ്ഞിനെ കണ്ട് അവളുടെ മനസ്സ് മാറ്റാൻ മേഘ ശ്രമിക്കുന്നുണ്ട്... അതുകൊണ്ടുതന്നെ എത്രയും വേഗം ഇതിന് ഒരു തീരുമാനം ഉണ്ടാകണം അത് കേസ് നടത്തിയാണെങ്കിൽ അങ്ങനെ...\"

\" റാം ഇതിന്റെ വരും വരായ്കകളെക്കുറിച്ച് ഞാൻ നിന്നോട് പറഞ്ഞു തന്നതാണ്..\"

\" നല്ലതുപോലെ അറിയാം അങ്കിൾ... എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല \"

\" ശരി നിന്റെ തീരുമാനം അതാണെങ്കിൽ ഞാൻ മേഘയോട് സംസാരിക്കാം... \"

\"ശരി അങ്കിൾ ഞാനിറങ്ങുന്നു.. \"

റാം പോകുന്നത് നോക്കി ഒരു നെടുവീർപ്പിട്ടു അയ്യർ... 

🌸🌸🌸🌸🌸🌸

അവസാനം മേഘ കോർട്ടിൽ കേസ് ഫയൽ ചെയ്തു.. 

നിഹയ്ക്ക് പ്രസവം അടുത്ത് ഇരിക്കുവായത് കൊണ്ട് റാം നിഹയെ കൂട്ടാതെ മോളെ മാത്രം കൊണ്ടാണ് കോടതിയിലേക്ക് പോയത്.. 

രണ്ടുപേർക്കും പറയാനുള്ളതൊക്കെ പരസ്പരം പഴിചാരിയിട്ടും ചെളി വാരിയെറിഞ്ഞപ്പോഴും ഒന്നും ആ കുഞ്ഞ് മനസ്സ് വേദനിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല....

ചെറിയ കുട്ടി ആണെങ്കിലും എന്താണ് അവിടെ നടക്കുന്നതെന്ന് അല്ലുവിന് മനസ്സിലായിരുന്നു... 

വക്കീൽ അങ്കിൾ പറഞ്ഞു കൊടുത്ത വാചകങ്ങൾ ആയിരുന്നു ആ കുഞ്ഞിന്റെ മനസ്സിൽ മുഴുവനും... 

\"എനിക്ക് അച്ഛന്റെ കൂടെ പോയാൽ മതി... \"

അവൾ അത് പിന്നെയും പിന്നെയും പറഞ്ഞു പഠിച്ചു കൊണ്ടിരുന്നു.. 

രണ്ടുപേരുടെയും ഭാഗം കേട്ടതിനു ശേഷം കേസ് അവധിക്ക് വെച്ചു അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം... 

റാം വീട്ടിലെത്തിയപ്പോൾ പൂജാമുറിയിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന നിഹയെ കണ്ടപ്പോൾ റാമിന്റെ ഹൃദയവും വേദനിച്ചു... 

\"നിച്ചുമ്മേ... \"

അല്ലു വിളിച്ചപ്പോൾ ആണ് നിഹ അവിടെ നിന്നും എഴുന്നേൽക്കുന്നത്... അവൾ ആ കുഞ്ഞിനെ വാരി പുണർന്നു... 

\"എന്തിനാ നിച്ചു കരയുന്നെ.. \"

\"ഒന്നുല്ല കണ്ണാ അമ്മക്ക് എന്റെ മോളെ കാണാതെ ഇരിക്കാൻ വയ്യാ അതാട്ടോ \"

\"നിച്ചുമ്മ വന്നേ അല്ലൂന് വിശക്കുന്നു.. \"

\"ആണോടാ പൊന്നെ ബാ അമ്മ മോൾക്ക് കഴിക്കാൻ തരാം.. \"

അല്ലുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് നടന്നു നീങ്ങിയ നിഹയെ കണ്ടതും റാമിന്റെ മനസ്സിലും എന്തോ ഒരു വേദന നിറഞ്ഞു.. 

🌼🌼🌼🌼🌼🌼🌼

ദിവസങ്ങൾ പൊഴിഞ്ഞു വീണു... കോടതിയിൽ വാദത്തിനായി പറഞ്ഞ ദിവസത്തിന്റെ തലേന്ന്... 

റാമും  അല്ലുവും പോയതിനുശേഷം ആ വീട്ടിൽ നിഹയെ കാണാൻ ഒരു അതിഥി വന്നു...

കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന നിഹ മുന്നിൽ നിന്ന ആളെ കണ്ടു ഒന്ന് ഞെട്ടി... 

\"മേഘ... മേഘയെന്താ ഇവിടെ... ശ്രീയേട്ടനും മോളും ഇവിടില്ല \"

\"അറിയാം നിഹ.. ഞാൻ തന്നെ കാണാനാടോ വന്നത്.. \"

\"എന്നെയൊ എന്തിന് \"

\"എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കണം... \"

\" സോറി മേഘ എനിക്ക് തന്നോട് ഒന്നും പറയാനില്ല..\"

\" എനിക്കറിയാം നിഹക്ക് എന്നോട് ഭയങ്കര ദേഷ്യം ആയിരിക്കുമെന്ന്... ഒത്തിരി സമയം ഒന്നും വേണ്ട ഒരു പത്തു മിനിറ്റ് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ കാണിക്കണം പ്ലീസ്...\"

അവസാനം നിവർത്തി ഇല്ലാതെ നിഹ അത് സമ്മതിച്ചു... 

മേ\"ഘ ഇരിക്ക്.. ഒരു മിനിറ്റേ... \"

\"കാർത്തുവെച്ചി... \"

\"എന്താ മോളെ.. \"

\"ഒരു ചായ എടുക്കണേ മേഘക്ക്... \"

\"ദാ ഇപ്പൊ കൊണ്ടുവരാം മോളെ.. \"

\"മം.. ഇനി പറ എന്താ പറയാനുള്ളത്.. \"

\"നിഹ.. എന്റെ കാര്യങ്ങളൊക്കെ തനിക്ക് അറിയാമല്ലോ... അറിവില്ലാത്ത പ്രായത്തിൽ... ശരിക്കും പറഞ്ഞാൽ വിവാഹ ജീവിതം എന്താണെന്ന് മനസ്സിലാക്കാനുള്ള പക്വത പോലും  ഉണ്ടായിരുന്നില്ല അന്ന് എനിക്ക്... എന്നെ സംബന്ധിച്ച് വിവാഹം എന്ന് പറയുന്നത് അടിച്ചുപൊളിച്ചു നടക്കാനുള്ള ഒരു ലൈസൻസ് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ...\"

\" ഒട്ടും പ്രതീക്ഷിക്കാതെ ആ ഒരു അവസ്ഥയിലേക്ക് ഒരു കുട്ടി കൂടി കടന്നു വന്നപ്പോൾ എനിക്കത് ഉൾക്കൊള്ളാൻ ആയില്ല....\" 

\"ഒരു ടൈപ്പ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ... ആ ഒരു അവസ്ഥയിലായിരുന്നു ഞാൻ... കുഞ്ഞിനെ ഒന്നു നോക്കാനോ എടുക്കാനോ പോലും ഉള്ള ഒരു മാനസികാവസ്ഥ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല\"

\" ഇവിടെനിന്ന് പോയിട്ടും എനിക്ക് അല്ലുവിനോട് യാതൊരുവിധ അറ്റാച്മെന്റും തോന്നിയിട്ടില്ല... \"

\" രണ്ടു കൊല്ലം മുമ്പ് ഞാൻ മറ്റൊരു വിവാഹം കഴിച്ചു...ഒരു വിദേശിയെ... പക്ഷേ ആ ബന്ധം അധികം നീണ്ടില്ല... \"

\" അപ്പോഴേക്കും ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം എന്റെ ഉള്ളിൽ വല്ലാതെ കൂടിയിരുന്നു... അതോടൊപ്പം അല്ലുവിനെ കുറിച്ചുള്ള ഓർമ്മകളും...\"

\"റാമിനെ വിഷമിപ്പിച്ച മോളെ പിടിച്ചു വാങ്ങിക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല അതാണ് ഇത്രയും നാൾ ഞാൻ കുഞ്ഞിനെ അന്വേഷിച്ച് ഇവിടേക്ക് വരാതിരുന്നത്\"

\"അങ്ങനെ ഞാൻ വീണ്ടും ഗർഭിണിയായി...  പക്ഷേ ഞാൻപോലുമറിയാതെ എന്റെ ഗർഭത്തോടൊപ്പം മറ്റൊരു അതിഥി കൂടി എന്റ വയറ്റിൽ വളർന്നു തുടങ്ങിയിരുന്നു... ക്യാൻസറിന്റെ രൂപത്തിൽ... \"

\"എന്നെ നോക്കിയ ഡോക്ടർ അവസാനമായി ഒരു വാക്ക് പറഞ്ഞു..\"

\" ഒന്നുങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയും പക്ഷേ എന്റെ ജീവൻ എടുക്കേണ്ടിവരും അല്ലെങ്കിൽ കുഞ്ഞിനെ കളഞ്ഞാൽ എനിക്ക് ജീവിക്കാം എന്ത് വേണം എന്ന് ആലോചിച്ച് തീരുമാനിക്കാൻ പറഞ്ഞു\"

\" എനിക്കുവേണ്ടി എന്റെ കുഞ്ഞിനെ കളയാൻ ഞാൻ തയ്യാറായിരുന്നില്ല പക്ഷേ ആ ഡോക്ടർ അച്ഛന്റെ സുഹൃത്തായിരുന്നു... ഇവിടെ അല്ലുവിനെ റാം സഹിക്കുന്നതിനും അപ്പുറമാണ് എന്റെ അച്ഛൻ എന്നെ സ്നേഹിക്കുന്നത്\"

\" അങ്ങനെ എന്റെ സമ്മതമില്ലാതെ അച്ഛന്റെ നിർദ്ദേശപ്രകാരം എല്ലാവരും കൂടെ ചേർന്ന്  എന്റെ കുഞ്ഞിനെ ഇല്ലാതാക്കി..അതോടൊപ്പം എനിക്ക് അമ്മയാവാനുള്ള അവകാശവും അവർ എടുത്തു.. എന്റെ ഗർഭപാത്രം അവർ എടുത്തു കളഞ്ഞു...\"

മേഘ പറയുന്നത് കേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു നിഹ... 

മേഘ എഴുന്നേറ്റ് നിഹയുടെ അടുത്ത് വന്ന് താഴെ മുട്ടുകുത്തിയിരുന്നു എന്നിട്ട് നിഹയുടെ കയ്യിൽ മുറുകെ പിടിച്ചിട്ട്...പറഞ്ഞു.. 

\"നിഹ... തന്റെ ഉള്ളിലും ഒരു കുഞ്ഞു വളരുന്നില്ലേ... ആ കുഞ്ഞിനെ നഷ്ടപ്പെട്ടാൽ അത് തനിക്ക് ചിന്തിക്കാൻ കഴിയുമോ... ഞാനും അതേ അവസ്ഥയിലായിരുന്നു രണ്ടുകൊല്ലം...\"

\" എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി....\"

\"റാമിനോടും എന്റെ മോളോടും ചെയ്ത തെറ്റിനെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷയാണ് എനിക്ക് ദൈവം തന്നത്... ഇനി ഒരിക്കലും അമ്മയാവാനുള്ള ഭാഗ്യം എനിക്കില്ല...\"

\" എന്റെ മോളെ പൂർണമായും എന്റെ കൂടെ വിടണം എന്ന് ഞാൻ പറയില്ല പക്ഷേ വല്ലപ്പോഴുമെങ്കിലും എനിക്ക് എന്റെ കുഞ്ഞിനെ കാണാനുള്ള അനുവാദം എങ്കിലും എനിക്ക് തന്നൂടെ ഞാൻ തന്റെ കാലുപിടിച്ചു യാചിക്കാം...\"

മേഘ പറയുന്ന ഓരോ വാക്കുകളും നിഹയുടെ ഹൃദയത്തിൽ ആണ് തറച്ചത്.. അവൾ ഇരുന്നിടത്തു നിന്നും അനങ്ങാനാവാതെ ഇരുന്നു അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി... 

മേഘ എഴുന്നേറ്റിട്ടും നിഹ അവിടെ ഇരുന്നു ഒരു ശിലപോലെ... 

പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടപ്പോൾ ആണ് ഇതൊക്കെ കേട്ട് മനസ്സ് തകർന്നു നിൽക്കുന്ന റാമിന്റെ അമ്മയെ അവർ കണ്ടത്... 

\"നിഹ... എനിക്കിനി ഒന്നും പറയാനില്ല... മോൾക്ക് വേണ്ടി യാചിക്കാനും ഞാനില്ല... പക്ഷേ എന്റെ മോള് എന്നും ഒരു തീരാവേദന ആയി എന്റെ ഉള്ളിൽ ഉണ്ടാവും... \"

അത്രയും പറഞ്ഞിട്ട് മേഘ അവിടെ നിനും പുറത്തേക്കിറങ്ങി... 

അമ്മയും നിഹയും പരസ്പരം സമാധാനിപ്പിക്കാവാതെ ഇരുന്നു.. 

🌸🌸🌸🌸🌸🌸🌸

അന്ന് രാത്രി... 

കയ്യിൽ ഒരു ജഗ് വെള്ളവുമായി നിഹ മുറിയിലേക്ക് വന്നപ്പോൾ റാം കിടന്നിരുന്നു..

\"ശ്രീയേട്ടാ... \"

\"എന്താ നിച്ചു... \"

\"ഞാൻ ഇന്ന് മോളോടൊപ്പം ആണ്.. \"

\"അതിനെന്താ മോളെ ഇവിടേക്ക് കൊണ്ടുവന്നു കിടത്തിയാൽ പോരെ.. \"

\" അത് പോരാ ഏട്ടാ... എനിക്കിന്ന് നോടൊപ്പം മോൾടെ മുറിയിൽ കിടക്കണം കുറെയധികം കഥകൾ  പറഞ്ഞുകൊടുക്കണം... \"

\"തന്റെ ആഗ്രഹം പോലെ.. \"

നിഹ അല്ലുവിനെയും കൂട്ടികൊണ്ട് മോളുടെ മുറിയിൽ കിടന്നു... എന്തൊക്കെയോ പറഞ്ഞു അവർ രണ്ടും ഉറക്കത്തിലേക്ക് വീണു... 

അടുത്ത ദിവസം... 

റാം കോടതിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നിഹ തന്നെ അല്ലുവിനെ കുളിപ്പിച്ചു മോൾക്കായി അവൾ വാങ്ങിയ പുത്തനുടുപ്പ് ഇടിച്ചു... 

അപ്പോഴൊക്കെ എന്തിനോ നിഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... 

\"അല്ലൂട്ടാ നിച്ചു പറഞ്ഞതൊക്കെ എന്റെ മോൾക്ക്‌ ഓർമ്മയുണ്ടല്ലോ.. \"

\"മ്മ്.. ഉണ്ടല്ലോ നിച്ചു.. \"

\"അമ്മേടെ പൊന്നെ പോയിട്ട് വാ.. \"

അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു.... 

റാം മോളെ കൊണ്ട് അകന്നകന്ന് പോകുന്നത് കണ്ടപ്പോൾ നിഹക്ക് അതുവരെ പിടിച്ചു നിന്ന കരച്ചിൽ ഒരു ചീളുകൾ ആയി പുറത്തേക്ക് വീണു... അവൾ തലയിണയിൽ മുഖമമർത്തി കരഞ്ഞു.. 

🌾🌾🌾🌾🌾🌾🌾

റാമിനും മേഘയ്ക്കും പരസ്പരം പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ജഡ്ജ് മോളെ നോക്കി.. എന്നിട്ട് ചോദിച്ചു.. 

\"മോളു.. അച്ഛനുമമ്മയും പറഞ്ഞത് മോളെ അവരുടെ കൂടെ വിടാനാണ്... മോൾക്ക് ആരുടെ കൂടെ പോകാനാ ഇഷ്ട്ടം... \"

അല്ലു ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ട് റാമിനെ നോക്കി... തിരിഞ്ഞു മേഘയെയും നോക്കി.. 

അത് കണ്ട് ജഡ്ജ് പറഞ്ഞു.. 

\"മോള് പേടിക്കേണ്ട ധൈര്യമായി പറഞ്ഞോ ആരെയാ മോൾക്ക് വേണ്ടത്... \"

\"അത്... പിന്നെ...\" 

അല്ലു മേഘയെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.... 

\"എനിക്ക് അമ്മയോടൊപ്പം പോയാൽ മതി... \"

അല്ലുവിന്റെ വാക്കുകൾ കേട്ട് റാം ആകെ തകർന്നു പോയി... ഒരു വിജയിയുടെ ഭാവം ആയിരുന്നു മേഘയ്ക്ക് അപ്പോൾ... 

\"പച്ചേ ആന്റി ഈ അമ്മയോടൊപ്പം അല്ല... \"

അല്ലു പറയുന്നത് കേട്ട് എല്ലാവരും സ്തബ്ധരായി... 

\"പിന്നെ... മോൾക്ക് ഏത് അമ്മയോടൊപ്പം ആണ് പോകേണ്ടത്.. \"

അല്ലു മേഘയുടെ പുറകിലുള്ള ജനലിലേക്ക് വിരൽ ചൂണ്ടി... 

ആ മുറിയുടെ പുറത്ത് അവിടെ തൂണിൽ ചാരി കണ്ണടച്ചു നിഹ നിൽക്കുന്നുണ്ടായിരുന്നു.. 

എല്ലാവരുടെ കണ്ണുകളും നിഹയിലേക്ക് വീണു... 

കേട്ടത് വിശ്വസിക്കാനാവാതെ നിഹ തറഞ്ഞു നിന്നു... എന്നിട്ട് മുന്നോട്ടു നടന്നു അവളുടെ കാലുകൾ ആരൊ പിന്നിലേക്ക് വലിക്കുന്നത് പോലെ.. 

ഗർഭിണി ആണെന്നത് പോലും ഓർക്കാതെ വയറും താങ്ങി പിടിച്ചു നിഹ അല്ലുവിന്റെ അടുത്തേക്ക് ഓടി..... 

അല്ലു ഓടിവന്നു നിഹയെ കെട്ടിപിടിച്ചു... 

നിഹ അല്ലുവിനെയും ചേർത്ത് പിടിച്ചു കോടതി ആണെന്ന് പോലും ഓർക്കാതെ പൊട്ടിക്കരഞ്ഞു... 

\"അമ്മ എന്തിനാ കരയുന്നെ അല്ലു വന്നില്ലേ... അമ്മേ.. \"

നിച്ചുമ്മയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റം അല്ലു തന്നെ പൂർണ്ണമായും ഉൾക്കൊണ്ടത് നിഹയ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു... 

അമ്മയുടേം മകളുടെയും സ്നേഹം കണ്ട് അവിടെ കൂടി നിന്നവരുടെയൊക്കെയും കണ്ണുകൾ ഈറനായി... 

\"ഇനിയിപ്പോ വിധി പറയേണ്ടല്ലോ... അലംകൃതയുടെ ഇഷ്ട്ടം പോലെ അമ്മയോടൊപ്പം തന്നെ പോകട്ടെ.. മേഘയ്ക്ക് കാണാൻ ആഗ്രഹമുള്ളപ്പോൾ അതിനുള്ള സൗകര്യം ശ്രീറാം ഒരുക്കണം..,\"

കോടതി വിധി പറഞ്ഞത് റാം സന്തോഷത്തോടെ സ്വീകരിച്ചു.. 

നിറകണ്ണുകളോടെ മേഘ പുറത്തേക്ക് ഇറങ്ങി നടന്നു...

\"മേഘ... \"

കോടതി വരാന്തയിൽ വെച്ച് പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് അവൾ അവിടെനിന്നും എന്നിട്ട് തിരിഞ്ഞു നോക്കി...

അത് നിഹ് ആയിരുന്നു...

\" ഞാൻ അല്ലുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് പക്ഷേ അവൾ കുഞ്ഞല്ലേ...\"

\" സാരമില്ല നിഹ... സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല എന്ന് ഇന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി.. \"

\" മേഘ വിഷമിക്കേണ്ട തനിക്ക് കുഞ്ഞിനെ കാണാൻ  തോന്നുമ്പോഴൊക്കെ ഇന്ദീവരത്തിലേക്ക് വരാം... എത്രദിവസം വേണമെങ്കിലും ഞങ്ങളോടൊപ്പം അവിടെ താമസിക്കുകയും ചെയ്യാം...\"

നിഹ പറയുന്നത് വിശ്വാസം വരാതെ മേഘ റാമിനെ നോക്കി....

റാം ചിരിച്ചു കൊണ്ട് നിൽക്കുവായിരുന്നു... 

\"മേഘ താനിന്നു മുതൽ എനിക്കൊരു കൂടപ്പിറപ്പാണ്... \"

നിഹ പറയുന്നത് കേട്ട് മേഘ അവളെ കെട്ടിപ്പിടിച്ചു...

ഞാനെങ്ങനാടോ തന്നോട് നന്ദി പറയുന്നേ.. 

നന്ദിയുടെ ആവശ്യമൊന്നുമില്ല... ആരെയും വെറുക്കാൻ എന്റെ യമുനാമ്മ പഠിപ്പിച്ചിട്ടില്ല മേഘാ.. നിഹാരിഹയ്ക്ക് ഇങ്ങനെയൊക്കെയേ കഴിയു.. 

മേഘയോട് യാത്ര പറഞ്ഞു അവർ ഇന്ദീവരത്തിലേക്ക് യാത്രയായി... 

🌹🌹🌹🌹🌹🌹

മാസങ്ങൾക്ക് ശേഷം... 

എന്റെ ശ്രീയേട്ടാ ആ ഞൊറിവ് ഒന്ന് നേരെ പിടിക്കുവോ സമയം ഇപ്പൊ തന്നെ വൈകി മുഹൂർത്തത്തിന് മുന്നേ എങ്കിലും അവിടെ എത്തണ്ടേ... 

അതിപ്പോ കല്യാണത്തിന് നമ്മൾ ചെല്ലണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ എന്റെ ഭാര്യേ.. 

അതും പറഞ്ഞു റാം നിഹയെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. 

ദേ ഏട്ടാ... ഇപ്പോഴാണോ തമാശ കളിക്കുന്നെ വേഗം വന്നേ... 
റാമിനെ തള്ളിമാറ്റി കപട ദേഷ്യത്തിൽ നിഹ പറഞ്ഞു.. 

അവർ രണ്ടുംകൂടി വേഗം റെഡിയായി അമ്പലത്തിലേക്ക് വന്നു...

കല്യാണപെണ്ണായി ചമഞ്ഞൊരുങ്ങി നിൽക്കുമ്പോൾ രോഹിണിക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു... 

\"നിച്ചു നീ ഇപ്പോഴാണോ പെണ്ണെ വരുന്നേ.. \"

രോഹിണി പിണക്കം ഭാവിച്ച നിന്നു... 

അതേ നിന്റെ ഏട്ടനോട് ചോദിക്ക് ഞാനല്ല താമസിച്ചത്... 

\"അല്ല നിച്ചു എവിടെ അല്ലുവും ആദിയും..\"

ദോ അവിടെ... 

നിഹ കൈ ചൂണ്ടിയ ഇടത്തേക്ക് അവർ നോക്കി..

അവിടെ ഒരു കയ്യിൽ ആറുമാസമുള്ള  ആദിയെയും എടുത്ത് മറ്റൊരു കയ്യിൽ അല്ലുവിനെയും പിടിച്ചു മേഘ ഇരിക്കുന്നുണ്ടായിരുന്നു... 

അപ്പോഴേക്കും ചെറുക്കൻ കൂട്ടർ വന്നു.. 

കസവു മുണ്ടിലും ഷർട്ടിലും രാഹുൽ തിളങ്ങി... 

രാഹുൽ രോഹിണിയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ റാമിന്റെ കൈകൾ നിഹയുടെ കയ്യിൽ മുറുകി.. 

എന്നെന്നും പെണ്ണെ നിന്നോടൊപ്പം ഞാനുണ്ടാകും എന്ന് പറയാതെ പറഞ്ഞുകൊണ്ട്... 

ഇനി അവർ ജീവിക്കട്ടെ... ഗൗതം ശിക്ഷ തീരുമ്പോൾ പുറത്തിറങ്ങട്ടെ... അപ്പോഴേക്കും മനസ്സ് മാറുമായിരിക്കും... നിഹയുടെ അമ്മ അത് ഒരു ചോദ്യചിഹ്നമായി അവസാനിക്കട്ടെ... എന്നെങ്കിലും മകളെ തിരിച്ചറിയാനാണ് ആർക്കുമില്ലാത്ത പേര് അവൾക്കിട്ടത്.. അവർ പരസ്പരം കാണട്ടെ.... 

അവസാനിച്ചു...

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും...തിരക്ക് കാരണം പലപ്പോഴും പലരുടെയും റിവ്യൂ നു റിപ്ലൈ ഇടാൻ കഴിഞ്ഞില്ല ക്ഷമിക്കണം സപ്പോർട്ട് ചെയ്ത എല്ലാവരോടും സ്നേഹം മാത്രം... 

അഞ്ജു...