ഭാഗം 5
മണ്ഡപത്തിലേക്കു നടക്കുമ്പോഴാണ് അപ്പുറത്ത് നിന്നു ആരൊക്കെയോ അവിടെയുള്ള ഒരു മരത്തിന്റെ പിറകിൽ നിന്നു സംസാരിക്കുന്നതു കേട്ടത്.അത് കാര്യമാക്കാതെ മുന്നോട്ടു പോകുമ്പോഴാണ് അതിൽ ഒരാൾ അനന്തന്റെ പേര് വിളിക്കുന്നത് അവൾ കേട്ടത്. അവന്റെ പേര് കേട്ടതും അറിയാതെ അവൾ അവിടെ നിന്നു അയാൾ പറയുന്നത് ശ്രദ്ധിച്ചു പോയി.
\" അനന്താ.. നീ എന്തൊക്കെ പറഞ്ഞാലും ഈ നടക്കുന്നതിനോടൊന്നും എനിക്ക് യോജിക്കാൻ കഴിയില്ല.. ഇതൊക്കെ വലിയ റിസ്ക് ആണ്.ഇത് കാരണം ഇനി ഒന്നും നമ്മൾ വിചാരിച്ച പോലെ നടക്കില്ല \"
അനന്തനെ വിളിച്ചാണ് അയാൾ സംസാരിക്കുന്നതു. അതിനർത്ഥം ഈ മരത്തിനു പിന്നിൽ നിൽക്കുന്ന ഒരാൾ അനന്തൻ ആണ് എന്നല്ലേ? നന്ദു മനസ്സിൽ ചോദിച്ചു. അപ്പോഴേക്കും പതിഞ്ഞ ശബ്ദത്തിൽ അപ്പുറത്ത് നിന്നു മറുപടി വന്നു.. അനന്തന്റെ ശബ്ദം അങ്ങനെ ആദ്യമായി നന്ദു കേട്ടു
\" ഇങ്ങനെ വരുമെന്ന് ഞാനും കരുതിയതല്ല.. ഒഴിവാക്കി വിടാൻ ശ്രമിച്ചതാണു. പക്ഷെ പറ്റാതെ വന്നത് കൊണ്ടാണ്. ഇത് കൊണ്ട് വേറെ ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കൊള്ളാം \"
\" എങ്ങനെ? ഇതിപ്പോ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആയില്ലേ? ഇനിയിപ്പോ നമ്മൾ ഉദ്ദേശിച്ച കാര്യം മാത്രമല്ല നമുക്ക് ശ്രദ്ധിക്കാൻ വേറെ കാര്യങ്ങളും ആയി.. നിനക്കറിയില്ലേ? ഒരു ചെറിയ പിഴവ്.. വളരെ ചെറിയ ഒരു പിഴവ്.. അത് മാത്രം മതി.. പിന്നെ ഇത്ര നാളത്തെ അധ്വാനം, കഷ്ടപ്പാട് എല്ലാം വെറുതെ ആവും \"
ഇവർ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്. എന്താണ് ഇവർ നടത്താൻ ഉദ്ദേശിക്കുന്നത്.
\" എനിക്കറിയാം.. എനിക്കറിയാം.. പക്ഷെ മുത്തശ്ശൻ ഇങ്ങനെ ഒരു കണ്ടിഷൻ വയ്ക്കുമെന്ന് ആര് അറിഞ്ഞു? ഇതിനു ഞാൻ സമ്മതിച്ചില്ലെങ്കിലും അവർ വേറെന്തെങ്കിലും വഴി കണ്ടെത്തിയേനെ. നമ്മൾ ഒരുപാട് വാശി പിടിച്ചാൽ അത് സംശയത്തിന് വഴി ഒരുക്കും..അതിലും ഭേദം ഇതാണെന്ന് എനിക്ക് തോന്നി.ഞാൻ ഇത് വേണ്ടത് പോലെ കൈകാര്യം ചെയ്തോളാം \"
അനന്തൻ പറഞ്ഞു. മുത്തശ്ശനോ? ഏതു മുത്തശ്ശൻ? അനന്തന്റെ മുത്തശ്ശൻ ഒക്കെ മരിച്ചു പോയില്ലേ?
\" നിനക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അങ്ങനെ.. പക്ഷെ എനിക്ക് ഇതിനോട് താല്പര്യം ഇല്ല. പക്ഷെ എന്തായാലും നടന്നത് നടന്നു . ഇനി വളരെ അധികം സൂക്ഷിച്ചു വേണം എന്തും ചെയ്യാൻ \"
\" ഞാൻ സൂക്ഷിച്ചോളാം.. ഞാൻ ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞാണ് അവിടുന്ന് പോന്നത്. ഒത്തിരി നേരം എന്നെ കണ്ടില്ലെങ്കിൽ അവിടുന്ന് കിരൺ തിരക്കി വരും.\"
അനന്തൻ ഇപ്പോൾ തന്നെ സംസാരം മതിയാക്കി ഇങ്ങോട്ട് വരുമെന്ന് നന്ദുവിന് മനസിലായി. അവൾ ശബ്ദം ഉണ്ടാകാതെ മണ്ഡപത്തിനടുത്തേക്ക് നടന്നു.നടക്കുന്ന വഴി ഒക്കെ താൻ കേട്ട സംഭാഷണത്തിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ. ആരോടായിരിക്കും അനന്തൻ സംസാരിച്ചത്? സ്വന്തം വീട്ടിൽ ചെറിയച്ഛനോടോ ചെറിയമ്മയോടോ അനിയനോടോ പോലും സംസാരിക്കാത്ത ആൾ പുറത്തു രഹസ്യമായി ആരോടാണ് ഇത്ര സംസാരിച്ചത്? അവർ എന്തിനെ പറ്റിയാണ് സംസാരിച്ചത്? അവർ തമ്മിൽ കുറെ നാളായി പരിചയം ഉള്ളത് പോലെയായിരുന്നു സംസാരം. എന്താണ് അവർക്കു ചെയ്തു തീർക്കാനുള്ളത്? അതിനു പുതിയതായി വന്ന തടസ്സം എന്താണ്? അത് താൻ ആയിരിക്കുമോ? അത് കൈകാര്യം ചെയ്തോളാം എന്ന് അനന്തൻ പറയുന്നുണ്ട്.. ഇനി എങ്ങനെയാവും കൈകാര്യം ചെയ്യുക..
\" മോളെ.. ഇത് എന്ത് ആലോചിച്ചു നടക്കുവാ? \"
അംബിക വന്നു തോളിൽ പിടിച്ചപ്പോഴാണ് താൻ ആലോചിച്ചു ആലോചിച്ചു മണ്ഡപത്തിന്റെ അടുത്ത് എത്തിയെന്നും എല്ലാവരും തന്നെയും കാത്തു ഇരിക്കുകയായിരുന്നു എന്നും മനസിലാകുന്നത്.
\" വീടും വീട്ടുകാരെയും ഒക്കെ വിട്ടു പോകുന്നതിന്റെ വിഷമമായിരിക്കും കുട്ടിക്ക്.. \"
ഇന്ദിര പറഞ്ഞപ്പോഴാണ് അവൾ ഇന്ന് മുതൽ താൻ അനന്തന്റെ വീട്ടിലേക്കു പോവുകയാണ് എന്ന കാര്യം വീണ്ടും ഓർമ വന്നത്. അവൾ വേഗം അച്ഛന്റെയും കണ്ണന്റെയും ഒക്കെ അടുത്തേക്ക് ചെന്നു.
\" അനന്തൻ ഇത് വരെ ബാത്‌റൂമിൽ പോയി വന്നില്ലേ? ഇറങ്ങാൻ സമയം ആയല്ലോ? \"
മഹാദേവൻ ചോദിച്ചു.. അനന്തൻ അവിടെ മരത്തിന്റെ പിന്നിൽ നിന്നു ആരോടോ സംസാരിച്ച കാര്യം മഹാദേവനോട് പറഞ്ഞാലോ എന്ന് നന്ദു ആലോചിച്ചു കൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് കിരണിന്റെ ശബ്ദം കേട്ടു
\" ഏട്ടൻ വരുന്നുണ്ട് അച്ഛാ..\"
കിരൺ ചൂടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ അനന്തൻ നടന്നു വരുന്നത് അവൾ കണ്ടു. മുഖത്ത് പഴയ ഗൗരവം തന്നെ. കൂടെ ആരും ഇല്ല താനും. അപ്പോൾ കൂടെ ഉണ്ടായിരുന്ന ആളെ ഇവർ ആരും കാണരുത് എന്ന് നിർബന്ധം ഉണ്ട് . അങ്ങനെ ഒരാൾ അതാരാണാവോ?
\" നീ ബാത്‌റൂമിലേക്ക് എന്ന് പറഞ്ഞു പോയിട്ട് എത്ര നേരമായി അനന്താ.. ഇറങ്ങണ്ടേ? വീട്ടിൽ കയറാൻ സമയം ഉണ്ട്.. \"
മഹാദേവൻ പറഞ്ഞു. അനന്തൻ പ്രത്യേകിച്ചൊന്നും തിരിച്ചു പറഞ്ഞില്ല.
\" അതേയ്.. ഇനി വൈകിക്കണ്ട.. ഇറങ്ങാം.. ഇല്ലെങ്കിൽ നല്ല നേരം കഴിഞ്ഞു പോകും.. \"
ഇന്ദിര പറഞ്ഞു. നന്ദുവിന് വല്ലാത്തൊരു പരവേശം തോന്നി. അങ്ങനെ ആ സമയം വന്നെത്തി കഴിഞ്ഞു. അവൾ അച്ഛനെ നോക്കി.. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
\" പോയിട്ട് വരാം അച്ഛാ.. \"
\" പോയി വാ മോളെ.. അച്ഛൻ രാവിലെ പറഞ്ഞത് എപ്പോഴും മനസ്സിൽ ഉണ്ടാവണം\"
അവൾ മെല്ലെ തലയാട്ടി.. പിന്നെ കണ്ണന്റെ നേരെ നോക്കി.
\" പോട്ടെടാ.. നന്നായി പഠിക്കണം കേട്ടോ.. \"
അവൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചു. അവനും അവളെ പോലെ തന്നെ കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ട് എന്നവൾക്ക് അറിയാമായിരുന്നു .
\" സൂക്ഷിക്കണേ വല്യേച്ചി.. \"
അവൻ അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ അവളുടെ ചെവിയിൽ പറഞ്ഞു.
\" ഇറങ്ങാം മോളെ.. മോളു വിഷമിക്കേണ്ട.. മോൾക്ക് അച്ഛനെയും അനിയനെയും ഒക്കെ കാണാൻ തോന്നുമ്പോൾ എപ്പോൾ വേണമെങ്കിലും പോയി കണ്ടോളു.. വീട്ടിൽ ഡ്രൈവറും വണ്ടിയും എല്ലാം ഉണ്ട്. അത് പോലെ നിങ്ങൾക്കും ദേവനന്ദയെ കാണണമെന്ന് തോന്നുമ്പോൾ എപ്പോൾ വേണമെങ്കിലും മടി കൂടാതെ ഞങ്ങളുടെ വീട്ടിലേക്കു വരാം. ഞങ്ങൾക്ക് അതിലൊന്നും ഒരു വിരോധവും ഇല്ല \"
ഇന്ദിര എല്ലാവരോടുമായി പറഞ്ഞു. അത് കേട്ടപ്പോൾ ശങ്കരനും കണ്ണനും ഒക്കെ സന്തോഷമായി. പോകാൻ നേരം അവൾ ചെറിയമ്മയെയും ആരുവിനെയും നോക്കി പോവുകയാണെന്നു പറഞ്ഞു. ചെറിയമ്മ ചെറുതായി ഒന്ന് തലയാട്ടി എങ്കിലും ആരുവിന്റെ കണ്ണ് മുഴുവനും കിരണിൽ ആയിരുന്നു. അവൾ വന്നപ്പോൾ മുതൽ അവനെ നോക്കുന്നതും അവനെ കാണിക്കാനായി അവന്റെ മുന്നിലൂടെ പല പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും എല്ലാം നന്ദു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
\" അനന്തന്റെ ഭ്രാന്തും പണ്ട് നാട്ടിൽ എനിക്കുണ്ടായ ചീത്തപേരും കാരണം എനിക്ക് ഇങ്ങനെ ഒരു ബന്ധം കിട്ടി എന്നും പറഞ്ഞു നിന്റെ മനസ്സിലെ ആഗ്രഹം നടക്കാൻ സാധ്യത വളരെ കുറവാണ് മോളെ.. \"
കാറിനടുത്തേക്ക് നടക്കുമ്പോൾ നന്ദു മനസ്സിൽ വിചാരിച്ചു.
*************************************************
ചെമ്പകമഠത്തിന്റെ മുന്നിലായി അനന്തന്റെ പിന്നാലെ കാറിൽ നിന്നിറങ്ങിയ നന്ദുവിന്റെ കണ്ണുകൾ ഒരു മാത്ര ഒന്ന് വികസിച്ചു. ഈ നാലുകെട്ടിനെ പറ്റി ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഗംഭീരം ആണെന്ന് കരുതിയിട്ടുണ്ടായിരുന്നില്ല.. എന്താ വലിപ്പം.. എന്താ ഭംഗി.. കല്യാണം പ്രമാണിച്ചു അത് ഒന്ന് കൂടി പെയിന്റ് എല്ലാം ചെയ്തു മോടി പിടിപ്പിച്ചിട്ടുണ്ടെന്നും അവൾക്കു തോന്നി. ഇന്ദിര വിളക്കെടുത്തു കൊണ്ട് വരുന്നത് വരെ അവർ രണ്ടാളും മുറ്റത്തു തന്നെ നിന്നു.
\" ഏട്ടാ.. ഏട്ടത്തി.. കയറി വായോ.. \"
കിരൺ വിളിച്ചു പറഞ്ഞപ്പോൾ അവർ രണ്ടാളും കൂടി വാതില്കലേക്കു ചെന്നു. ഇന്ദിര അവരെ രണ്ടു പേരെയും ആരതി ഉഴിഞ്ഞതിനു ശേഷം അവളുടെ കയ്യിലേക്ക് വിളക്ക് വച്ചു കൊടുത്തു
\" വലതു കാൽ എടുത്തു വച്ചു അകത്തേക്ക് കയറിക്കോ മോളെ.. \"
അവൾ വലതു കാൽ അകത്തേക്ക് വച്ചതും എവിടുന്നോ ഒരു ഇളം കാറ്റ് അവളെ തഴുകി പോയി.. കാറ്റിൽ വിളക്ക് കെട്ടാലോ എന്ന ഭയം തോന്നി എങ്കിലും തീ നാളം ഒന്ന് ഉലഞ്ഞത് പോലുമില്ല. ആ കാറ്റിൽ അവൾക്കു ചെമ്പകപൂക്കളുടെ സുഗന്ധം അനുഭവപ്പെട്ടു. അറിയാതെ അവൾ ഒന്ന് നിന്നു പോയി..
\" എന്താ മോളെ? \"
അവൾ പെട്ടെന്നു നിന്നത് കണ്ടു ഇന്ദിര ചോദിച്ചു..
\" അത്.. ഒന്നുല്ല.. കാറ്റു വന്നപ്പോൾ... എവിടുന്നാ ഈ ചെമ്പകപ്പൂക്കളുടെ മണം \"
അത്രയും നേരം ഒന്നും ശ്രദ്ധിക്കാതെ അവളോടൊപ്പം നടന്നിരുന്ന അനന്തൻ പെട്ടെന്ന് അവളെ ഞെട്ടിതിരിഞ്ഞു നോക്കി. അവന്റെ മുഖത്ത് അപ്പോൾ വല്ലാത്ത ഒരു ഭാവം ആയിരുന്നു.
\" മോൾക്ക് ചെമ്പകപ്പൂവിന്റെ മണം കിട്ടിയോ? ഇവിടെയുണ്ട് ചെമ്പകം.. അത് പൂത്തിട്ടും ഉണ്ട്.. അതിന്റെയാവും.. \"
ഇന്ദിര പറഞ്ഞു.
\" എന്നാലും ഏട്ടത്തിയുടെ മൂക്ക് ഡബിൾ ഓക്കേ ആണ് കേട്ടോ.. ചെമ്പകം നമ്മുടെ വീട്ടിന്റെ അങ്ങ് പിറകിലായിട്ടാണ്. അവിടുത്തെ പൂവിന്റെ മണം ഇവിടം വരെ കിട്ടണെങ്കിൽ \"
കിരൺ അവളോട് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല. താൻ ചെമ്പകപ്പൂക്കളുടെ മണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അനന്തന്റെ മുഖത്തുണ്ടായ ഭാവമാറ്റം ആയിരുന്നു അവളുടെ മനസ്സിൽ. ഈ അനന്തൻ ആരോടും ഒന്നും മിണ്ടാതെ ഒതുങ്ങി കൂടി ഇരിക്കുന്ന ഒരു പാവം ആണെന്ന് വിശ്വസിക്കാൻ അവളുടെ മനസ്സ് തയ്യാറാവുന്നുണ്ടായിരുന്നില്ല. ഇയാളെ ചുറ്റിപറ്റി എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു. വിളക്ക് പൂജമുറിയിൽ കൊണ്ട് വച്ചു പ്രാർത്ഥിച്ചു അവർ രണ്ടാളും പുറത്തിറങ്ങി. അത് കഴിഞ്ഞതും അനന്തൻ സ്റ്റെപ് കയറി മുകളിലേക്കു പോകുന്നത് കണ്ടു .
\" മോളെ.. ഇതാണ് രുദ്രേട്ടൻ.. അനന്തന്റെ അച്ഛൻ.. ഇവിടെ കൂടി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങിക്കൊള്ളൂ.. \"
ഹാളിൽ ഫ്രെയിം ചെയ്തു മാല ഇട്ടു വച്ചിരിക്കുന്ന വലിയ ഫോട്ടോ കാണിച്ചു കൊണ്ട് ഇന്ദിര അവളോട് പറഞ്ഞു. അവൾ ആ ഫോട്ടോയിലേക്ക് നോക്കി.. മഹാദേവൻ ചെറിയച്ഛനെ പോലെ തന്നെ ഇരിക്കുന്നു.. ചെറിയ വ്യത്യാസങ്ങളെ ചേട്ടനും അനിയനും തമ്മിൽ ഉള്ളു..അനന്തനു അച്ഛന്റെ കുറച്ചു ഛായയെ ഉള്ളു.. ചിലപ്പോൾ അമ്മയെ പോലെ ആവും . അവൾ ആ ഫോട്ടോയുടെ അപ്പുറവും ഇപ്പുറവും നോക്കി.. ഇല്ല.. ഒന്നുമില്ല.. ഒരു ഫോട്ടോ മാത്രമേ ഉള്ളു.. അപ്പോൾ അനന്തന്റെ അമ്മയുടെ ഫോട്ടോ എവിടെ? അതെന്താ അവർ ഇവിടെ അച്ഛന്റെ ഫോട്ടോയോടൊപ്പം അമ്മയുടെ ഫോട്ടോ കൂടി വയ്ക്കാഞ്ഞത്?
\" എന്താ മോളെ.. എന്ത് പറ്റി? \"
അവൾ അനന്തന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ ആലോചിച്ചു നിൽക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇന്ദിര ചോദിച്ചു
\" അത്.. ഇവിടെ.. \"
എന്ത് പറയണമെന്ന് നന്ദുവിന് മനസിലായില്ല. അവർ ഫോട്ടോ അവിടെ വച്ചിട്ടില്ലെങ്കിൽ അതിനു തക്കതായ എന്തെങ്കിലും കാരണം കാണും. തന്റെ അമ്മയുടെ ഫോട്ടോ വയ്ക്കാത്തതിന് അനന്തനു എന്തെങ്കിലും പ്രശനം ഉള്ളതായി തോന്നുന്നില്ല. അല്ലെങ്കിൽ ഇത്രയും നാൾക്കിടയിൽ അത് പറയേണ്ടതല്ലേ? അപ്പോൾ പിന്നെ തനിക്കായിട്ട് എന്തിനാ?
\" ഒന്നുല്ല.. \"
അവൾ പെട്ടെന്ന് പറഞ്ഞു. പിന്നെ അനന്തന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ കൈകൂപ്പി നിന്നു പ്രാർത്ഥിച്ചു.
\" എന്നാൽ പിന്നെ മോൾ ഇനി മുകളിലെ മുറിയിൽ പോയി ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ.. അവിടെ അലമാരിയിൽ കുറച്ചു ചുരിദാറും ടോപ്പും ഒക്കെ ഉണ്ട്. ഏതാ ഇഷ്ടപെട്ടത് എന്ന് വച്ചാൽ എടുത്തു ഇട്ടോളൂ. അംബിക മുറി കാണിച്ചു തരും \"
അവൾ അംബികയോടൊപ്പം മുകളിലേക്കു പോയി..
\" മുകളിലാണ് അനന്തൻ കുഞ്ഞിന്റെ മുറി. അങ്ങോട്ട് അധികം ആരും കയറുന്നതു കുഞ്ഞിന് ഇഷ്ടമല്ല.. അത് കൊണ്ട് വൃത്തിയാക്കാൻ അല്ലാതെ ഞങ്ങൾ ആരും അങ്ങ് കയറാറില്ല. അത് പോലെ മുകളിൽ അനന്തൻ കുഞ്ഞിന്റെ മുറി മാത്രമേ ഉള്ളു.. മഹാദേവൻ സാറിന്റെയും കിരൺ മോന്റെയും ഒക്കെ മുറി താഴെയാണ്.. \"
സ്റ്റെപ് കയറി കൊണ്ടിരിക്കുമ്പോൾ അംബിക അവൾക്കു പറഞ്ഞു കൊടുത്തു.
\" അപ്പോൾ അമ്പികേച്ചിയോ? ചേച്ചി എവിടെയാ താമസിക്കുന്നത്? \"
\" ഇവിടെ തന്നെ.. അടുക്കളയുടെ അപ്പുറത്തായി ഒരു മുറി ഉണ്ട്.. അത് എന്റെ മുറി ആണ്\"
\" ഇത്രയും പേര് മാത്രേ ഇവിടെ താമസം ഉള്ളോ? \"
\" അല്ല.. ഞങ്ങളെ ഒക്കെ കൂടാതെ ഇവിടുത്തെ കാര്യസ്ഥൻ പിള്ള ചേട്ടനും ഇവിടെ തന്നെയാണ് താമസം. പക്ഷെ ഈ വീട്ടിൽ അല്ല.. ഈ വീടിനോട് ചേർന്ന് ചെറിയൊരു ഔട്ട് ഹൌസ് ഉണ്ട്.. അവിടെയാണ് പിള്ള ചേട്ടൻ താമസിക്കുന്നത്.. ബാക്കി ഉള്ള ജോലിക്കാരൊക്കെ അന്നന്നു വന്നു അവരുടെ പണി ചെയ്തു പോകുന്നവർ ആണ് \"
\" അമ്പികേച്ചിയുടെ വീടോ? \"
\" അവരൊക്കെ അങ്ങ് ഹൈ റേഞ്ചിലാ മോളെ.. കെട്ടിയോൻ പണ്ടേ മരിച്ചതാ.. ഒരു മോളുണ്ട്.. പിന്നെ പ്രായമായ അമ്മയും ഉണ്ട്..പറഞ്ഞു തീർന്നില്ല.. ദേ.. എന്റെ മോളാ.. \"
ഏകദേശം അവളുടെ പ്രായമുള്ള പെൺകുട്ടിയുടെ മുഖം തെളിഞ്ഞ ഫോൺ സ്ക്രീൻ നന്ദുവിന് നേരെ കാണിച്ചു കൊണ്ട് അംബിക പറഞ്ഞു.. പിന്നെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി. നന്ദു അവിടെ തന്നെ അവരെ വെയിറ്റ് ചെയ്തു. അംബികക്ക് നല്ല ശമ്പളം ഒക്കെ ഉണ്ടാവുമെന്ന് അവൾക്കു തോന്നി.. കാരണം അത്യാവശ്യം നല്ല വിലയുള്ള സ്മാർട്ട് ഫോൺ ആയിരുന്നു അംബികയുടെ കയ്യിൽ ഉണ്ടായിരുന്നത് . അംബിക അധികം വൈകാതെ തന്നെ ഫോൺ വിളി അവസാനിപ്പിച്ചു.
\" മോൾ അങ്ങ് ലണ്ടനിൽ ആണ്.. അവിടെ ഡോക്ടറിനു പഠിക്കുവാ.. നന്നായിട്ടു പഠിക്കും.. പഠിപ്പിച്ചതൊക്കെ ഇവിടുത്തു കാരാണ് ..കുടുംബത്തു പട്ടിണിയായപ്പോ ഇവിടുത്തെ മഹാദേവൻ സാറിന്റെ മാനേജർ തമ്പി സാറാണ് എന്നെ ഇവിടെ ജോലിക്ക് കൊണ്ടാക്കിയത്. ഇവിടുള്ളോരുടെ കനിവ് കൊണ്ടാ എന്റെ കുടുംബം പച്ച പിടിച്ചതും എന്റെ മോൾ ഒരു നിലയിൽ എത്തിയതും.. നല്ല മനുഷ്യരാണ്.. അത് മഹാദേവൻ സാർ ആണെലും, ഇന്ദിര മാഡം ആണെങ്കിലും കിരൺ മോൻ ആണെങ്കിലും ഒക്കെ.. പിന്നെ അനന്തൻ കുഞ്ഞു മാത്രമേ ഉള്ളു ഇച്ചിരി വല്ലാതെ.. അതിപ്പോ ആ കുഞ്ഞിന്റെ സ്ഥാനത്തു ആരായാലും പെട്ടെന്നൊരു ദിവസം അങ്ങനെയൊക്കെ സംഭവിച്ചാൽ മനസ്സ് കൈവിട്ടു പോയില്ലെങ്കിൽ അല്ലെ ഉള്ളു? \"
എങ്ങനെയൊക്കെ സംഭവിച്ചാൽ? അനന്തന്റെ അച്ഛനും അമ്മയും മരിച്ചതിനെ പറ്റി ആവുമോ ഇവർ ഉദ്ദേശിക്കുന്നത്? ആയിരിക്കും.. മറ്റെന്തു ആവാനാണ്? അനന്തന്റെ അമ്മയുടെ ഫോട്ടോ ഇവിടെ ഇല്ലാത്തതിനെ പറ്റി അംബികയോട് ചോദിച്ചാലോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു. പിന്നെ വേണ്ടാന്ന് വച്ചു. വന്ന ദിവസം തന്നെ ചുഴിഞ്ഞു നോക്കൽ തുടങ്ങി എന്ന് കരുതിയാലോ ?
\" ദേ.. ആ കാണുന്നതാ അനന്തൻ കുഞ്ഞിന്റെ മുറി.. മോൾ പോയി വേഷം ഒക്കെ മാറി താഴേക്കു പോരെ \"
അവർ ഒരു മുറി ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. അംബിക താഴേക്കു പോയപ്പോൾ അവൾ ആ മുറിയിലേക്ക് കയറി. നല്ല വലിപ്പമുള്ള ഒരു മുറി ആയിരുന്നു അത്. അനന്തനെ അവിടെയെങ്ങും കണ്ടില്ല. മുകളിലേക്കു പോകുന്നത് കണ്ടതാണ്. മുറിയിൽ എസി, ഫാൻ, മേശ, കസേര, രണ്ടു വലിയ അലമാര എല്ലാം ഉണ്ട്. ഒരറ്റത്തായി വലിയൊരു കട്ടിൽ.. മറ്റൊരറ്റതായി ഒരു ബുക്ക് ഷെൽഫ്.. അതിൽ നിറയെ പല വിധത്തിൽ പെട്ട പുസ്തകങ്ങൾ.. എല്ലാം മലയാളം ആണ്. അനന്തന്റെ ആവും. ആളുടെ വായനാശീലത്തെ പറ്റി ആരോ പറഞ്ഞിരുന്നു. അറ്റാച്ഡ് ബാത്രൂം.. ഡ്രസ്സ് മാറാനും ഒരുങ്ങാനുമായി ഡ്രസിങ് ഏരിയ വേറെ..പിന്നെ മുറിയോട് ചേർന്ന് ചെറിയൊരു ബാൽക്കണിയും.. അവിടെ ഇരുന്നു ആടാനും മറ്റും പറ്റുന്ന പോലത്തെ ഒരു ചൂരൽ കസേര തൂക്കിയിട്ടിട്ടുണ്ട്.. പോരാത്തതിന് ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഇരിക്കാൻ പാകത്തിന് ഒരു അര പ്ലേസും..\"
ഈ മുറി എങ്ങാനും ആരു കണ്ടാൽ അവളുടെ മുഖഭാവം എങ്ങനെ ഉണ്ടാവും എന്നാലോചിച്ചപ്പോൾ നന്ദുവിന് ചിരി വന്നു. വീട്ടിൽ അവളുടെ മുറി നന്ദുവിന്റെ മുറിയെക്കാളും ചെറുതാണ്. അത് കൊണ്ട് നന്ദുവിന്റെ മുറി അവൾക്കു വേണം എന്ന് പറഞ്ഞു വഴക്കുണ്ടാക്കുന്നവൾ ആണ്..ബാത്‌റൂമിലും അനന്തൻ ഇല്ല എന്നുറപ്പാക്കി അവൾ മുറി കുറ്റിയിട്ടു. സാരിയും ആഭരണങ്ങളും എല്ലാം അഴിച്ചു വച്ചു.. രണ്ടു അലമാര ഉണ്ട്. ആദ്യത്തെ അലമാര തുറക്കാൻ നോക്കുമ്പോൾ അത് പൂട്ടിയിരിക്കുകയാണ് . അതൊരു പക്ഷെ അനന്തന്റെ ആയിരിക്കും. അവൾ മറ്റേ അലമാര തുറക്കാൻ നോക്കിയപ്പോൾ അത് തുറന്നു . അതിൽ ഇന്ദിര പറഞ്ഞത് പോലെ അവളുടെ ഡ്രസ്സ് ഒക്കെ ഉണ്ടായിരുന്നു. അപ്പോൾ ഇതാണ് തന്റെ അലമാര. അവൾ മനസ്സിൽ ഓർത്തു. അതിൽ നിന്നു ഒരു ചുരിദാർ എടുത്തു അവൾ ബാത്‌റൂമിലേക്ക് കയറി. തന്റെ വീട്ടിലെ മുറിയെക്കാളും വലുതാണ് ഇവിടുത്തെ ബാത്രൂം. ഷാംപൂ, ബോഡി വാഷ്, ക്രീം തുടങ്ങിയതെല്ലാം ഷെൽഫിൽ ഉണ്ട്. അവൾ ശവറിന് കീഴിലായി വന്നു നിന്നു. തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ വലിയ സമാധാനം. കുളി കഴിഞ്ഞു അവൾ അവർ തന്ന തന്റെ ആഭരണങ്ങൾ എല്ലാം പാക്ക് ചെയ്തു ഒരു കവറിൽ ആക്കി. അതുമായി താഴേക്കു ചെന്നു. ഹാളിൽ ആരെയും കണ്ടില്ല. ഇന്ദിരയുടെ മുറി ഏതാണെന്നു അറിയാനും പാടില്ല. ഹാളിന്റെ ഒരറ്റതായി ഒരു മുറി കാണുന്നുണ്ട്.. അവൾ അങ്ങോട്ട് നടക്കാൻ തുടങ്ങിയതും ഡയിനിങ് ഹാളിൽ നിന്നും അംബിക ഇറങ്ങി വന്നു. അംബികയുടെ കയ്യിൽ ഒരു ചെറിയ കുപ്പി ഉണ്ടായിരുന്നു. അവളെ കണ്ടതും അവർ അത് പെട്ടെന്ന് സാരിയുടെ മറവിലേക്കു മാറ്റി.
തുടരും...
(നേരത്തെ ഒരു പാർട്ടിൽ പറഞ്ഞത് പോലെ ഇത്ര വിശദം ആക്കുന്നത് ഇതൊക്കെ ഇനി വരും ഭാഗങ്ങളിൽ ആവശ്യം വരും എന്നുള്ളത് കൊണ്ടാണ്. ബാക്കി അടുത്ത പാർട്ടിൽ )