സ്വപ്നം
സ്വപ്നം
കൊക്കരേ കോ.....
തൊണ്ട കീറണ്ട ദാ വരുന്നു
ശാന്ത കോഴികൂട് തുറന്നു വിട്ടു. പൂവനടക്കം 5 6 എണ്ണമുണ്ട്. കൂട്ടിലോട്ട് കയ്യിട്ട് ഒന്നു പരതിനോക്കി. ചെറു ചിരിയോടെ അതിൽനിന്നും 3 മുട്ടയും എടുത്തോണ്ട് ഉള്ളിലേക്ക് നടക്കുമ്പോളേക്കും ചേടിക്ക് ഉമ്മികരിയുമായി പല്ലും തേച്ചോണ്ട് നിൽക്കുന്ന മകൾ റോസി പറഞ്ഞു "അമ്മേ ഒരു മൊട്ട എനിക്ക് വെക്കണേ, ബുൾസൈ അടിക്കാനാ".
"ആടി തരാം ഞാൻ നിനക്കൊക്കെ, ഒരു പണി പറഞ്ഞാൽ എടുക്കൂല. എന്ത് പറഞ്ഞാലും ഉണ്ട് അവളൊരു പഠിത്തം. നീ പഠിച്ചു വല്ല്യ ഡോക്ടർ ആവാൻ പോകുവല്ലേ. ഈ പ്രാവിശ്യം +2 ആണ്. കണ്ടറിയാം.
കരിപുരണ്ട പല്ലുമായി റോസി വക ഒരു കൊഞ്ഞനം കുത്തൽ.
എവിടെ എന്റെ മൂത്ത സന്താനം, നിന്റെ പുന്നാര ആങ്ങള. എണീക്കാറായില്ല ആയിരിക്കും. കുടുംബം പോറ്റേണ്ട ഒരുത്തനാണ്. +2 കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞു. വല്ലപ്പോഴും വല്ല പണിക്കും പോകും. ബാക്കി നേരം ചങ്ങാതിമാരെന്നും പറഞ്ഞു നടക്കും. ഞാൻ ഒരുത്തി എന്തേലും ചെയ്തിട്ടു വേണം ഇതിനൊക്കെ പോറ്റാൻ. എന്റെയൊരു വിധി ദൈവമേ..
" വിധിയെ പറയേണ്ട അമ്മാ, നിങ്ങളെ സഹിക്കാൻ പറ്റാനിട്ടല്ലേ അച്ഛൻ നമ്മളെ ഇട്ടു പോയത്".റോസി ഒന്ന് കുത്തി.
അതെയടി ഞാനിത് കേൾക്കണം. അങ്ങേര് പോയെ പിന്നെ നിങ്ങളല്ലാതെ എനിക്ക് വേറെ ലോകം ഉണ്ടായിട്ടില്ല. നിങ്ങൾക്ക് വേണ്ടിയല്ലാതെ ഞാൻ ജീവിച്ചിട്ടില്ല അറിയോ.
" എന്റെ പൊന്നമ്മച്ചീ അത് നമ്മകറിയാണിട്ടാണോ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ". അപ്പോയേക്കും കരച്ചിലും തുടങ്ങി. അമ്മ വന്നേ നമുക്ക് അമ്മേടെ മുടിയനായ പുത്രനെ പണിക്കയക്കാൻ നോക്കാലോ.
അമ്മേ ദേ ഏട്ടൻ റെഡിയായി വന്നിരിക്കുന്നു.
അല്ലയോ ദാസാ കണ്ടിട്ട് ഈ പോക്ക് പണിക്കാണെന്ന് തോന്നുന്നില്ലാലോ?. കറക്കം തന്നെ ഉദ്ദേശം അല്ലേ.
അതെ മഹതി, അങ്ങേക്ക് എല്ലാം മനസ്സിലാകുന്നുണ്ട് അല്ലേ. ഡീ അമ്മേടെ കൂടെ കൂടി വല്ലാണ്ട് ചൊറിയാൻ നിന്നാലുണ്ടല്ലോ. എന്റെ കയ്യിൽ നിന്നും വാങ്ങാൻ നിൽക്കേണ്ട. ഒന്നുമില്ലേലും നിന്നെ കെട്ടിച്ചു അയക്കേണ്ടത് ഞാനാണ്. മറക്കേണ്ട.
" അതെയട, അത് തന്നെയാ എനിക്കും പറയാനുള്ളത്. കൂടെ കൂടെ പറഞ്ഞു നടക്കും എന്നല്ലാതെ അവളെ കാര്യത്തിൽ വല്ല ചിന്തയും ഉണ്ടോ നിനക്ക്."
അമ്മയുടെ ശകാരം തുടരുന്നതിനിടയിൽ പുറത്ത് ബൈക്കിന്റെ ഹോൺ അടി മുഴങ്ങി.
അമ്മ ഇവിടുന്ന് എന്റെ ചോര കുടിച്ചോണ്ടിരിക്ക് ഞാൻ പോണു. ഷാൻ വന്നിട്ടുണ്ട്.
ഡാ ചായ കുടിച്ചിട്ട് പോടാ
വേണ്ടാ.. ഞാൻ പോയിട്ട് വരാം. ബൈ
ഡാ ഷാനെ ചായ കുടിച്ചോടാ
വേണ്ടാ അമ്മാ വരണു, നേരം ഇല്ല.
എവിടെക്കാണാവോ ഈശ്വരാ ഈ പാച്ചല്
ഡാ ഷാനെ ഒന്ന് വേഗം വിടെടാ,
എന്തിനാണാവോ? അവിടെപ്പോയി വാ പൊളിച്ചു ഇരിക്കാനല്ലേ. ഒരു വർഷമായി അവളെ നോക്കി നടക്കുന്നു. ഇതുവരെ അവൾ ഇതറിയില്ല. നിന്നെ അറിയോ? ഇന്ന് വല്ല ക്ലൂവും കൊടുത്തോളണം. ഇല്ലേ നാളെമുതൽ എന്നെ ഈ പണിക്ക് കിട്ടൂല.
ഇല്ലടാ, ഇന്ന് അവളറിയും ഞാൻ അവളെ നോക്കുന്നത്.
ഇത് തന്നെയാ കഴിഞ്ഞ ഒരുവർഷമായി കേൾക്കുന്നത്.
കവലയിൽ ബസ്സ്സ്റ്റോപ്പിന് കുറച്ചു മാറി അവരുടെ സ്ഥിരം ഇരിപ്പിടമായ ആൽമരതിണ്ണയിൽ അവർ സീറ്റ് ഉറപ്പിച്ചു.
ഡാ രാഹുലെ ദേ അവൾ വരുന്നുണ്ട്. ഇന്നെങ്കിലും ഒരു തീരുമാനം ആക്കണേടാ.
രാഹുൽ തന്റെ നോട്ടം മെല്ലെ അവളിലേക്ക് നീട്ടി. മെറൂൺ ചെക്ക് യൂണിഫോമും ഇട്ട് മുടി പിന്നിൽ ക്ലിപ്പിട്ട്, മുന്നിലേക്ക് സൈഡിൽ നിന്നും അല്പം ഇളക്കിയിട്ട് നുണക്കുഴി കവിളും മാൻപേട കണ്ണുമായി കൂട്ടുകാരുമൊത്തു കളിപ്പറഞ്ഞു ചിരിച്ചു മന്തം മന്തം നടന്നുവരുന്ന സുന്ദരി. തന്റെ സ്വന്തം സജിന.
ഒരു നിമിഷം അവൻ സ്വപ്ന ലോകത്തേക്ക് പോയി.
നീ ഇവിടെ വായിലെ വെള്ളം ഇറക്കിയിരുന്നോ ഞാൻ പോകുന്നു, ഷാൻ നീരസം അറിയിച്ചു.
ഡാ, നിൽക്കെടാ. ഞാൻ എങ്ങനെയെങ്കിലും എന്റെ ഇഷ്ടം അവളെയൊന്ന് അറിയിച്ചോട്ടെ.
ഇവിടെയിരുന്നു വാ പൊളിച്ചാ അവളറിയും.
ഡാ ഒന്ന് അങ്ങോട്ട് ചെല്ല്. അവൾ നിന്നെ ഒന്ന് കണ്ടോട്ടെ. ഒരു കൊല്ലമായില്ലേടാ എന്നെയിട്ട് കഷ്ടപ്പെടുത്തുന്നെ.
ഒകെ ഡാ, ഞാൻ അങ്ങോട്ട് പോകുവാ. അവൾ ഇന്ന് അറിയും, അവൾക്കായി ഒരു രാജകുമാരൻ കാത്തിരിപ്പുണ്ടെന്ന്. അനുഗ്രഹിച്ചാലും.
ഡയലോഗ് അടിക്കാതെ ഒന്ന് പോടാ പുല്ലേ.
അവൻ പോയതിലും സ്പീഡിൽ തിരിച്ചുവന്നു.
എന്താടാ പുല്ലേ, നീ വല്ലതും മറന്ന.
ഇല്ലെടാ, അവളെ കാണുമ്പോളേ കൈ കാൽ വിറക്കുന്നു. മേലാസകലം ഒരു മരവിപ്പ്.
ബെസ്റ്റ്, വാ പോകാം. ഇനി മേലാൽ ഈ പരിപാടിക്ക് എന്നെ വിളിക്കരുത് 🙏
അല്ലടാ, നീ കൂടി വന്നാ ഒരു ധൈര്യം കിട്ടും.
ദേ ,ബസ്സ് വന്നു. ഡാ വണ്ടിയെടുക്ക്.
അല്ലേലും ഇത് ചടങ്ങ് ആണല്ലോ?
ഇനി അവിടെ പോയി അവൾ ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കും വഴി ഒരു റോണ്ട് അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും, ഒരു കാര്യവും ഇല്ലാതെ ചുമ്മ എണ്ണ കളയാനായിട്ട്.
എന്തുമാവട്ടെ, അത് കൂടി കഴിഞ്ഞാൽ ഞാൻ പിന്നെ നിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിയിക്കാൻ നടക്കുവല്ലേ.
അതുകൊണ്ടാണല്ലോ ഞാൻ നിന്റെ ഈ കോപ്രായം സഹിക്കുന്നെ.
ആ ചടങ്ങും തീർത്തു അവർ യാത്രയായി ഷാനിന്റെ സ്വപ്ന വഴിയിലേക്ക്.
അവർ നേരെ പോയത് ഫ്രൂട്സ് -പച്ചക്കറി മാർക്കറ്റിലേക്കാണ്. അവിടെ അവർ ലോഡ് ഇറക്കിയും സാദനങ്ങൾ ചായ്ച്ചും മറ്റുമൊക്കെയായി ഉച്ചവരെ പണിയെടുക്കും. ഒരു ചാക്ക് നിറയെ പച്ചക്കറിയും, പലവഞ്ചരങ്ങളും, കുറച്ചു ഫ്രൂട്സും മീനുമൊക്കെയായി അവർ രണ്ടുപേരും ആ ബൈക്കിൽ യാത്ര തുടങ്ങുമ്പോൾ ആ മാർക്കറ്റിൽ പലരും അന്യോന്യം പറയും "രണ്ടും നല്ലോണം കഷ്ടപ്പെടും. രാഹുലിന് വീട്ടിലെ അവസ്ഥ വച്ച് അത് ആവശ്യം ആണെന്ന് പറയാം. മറ്റവന് ( ഷാനിന് ) ഇതിന്റെ വല്ല കാര്യോം ഉണ്ടാ. ഉപ്പ ഗൾഫിൽ വല്ല്യ ബിസിനസ് കാരൻ, ഉപ്പാക്ക് ഒറ്റ മോൻ. ഇവിടെ ഈ മാർക്കറ്റിൽ തന്നെ ഉണ്ട് കുറെ കടമുറികൾ. അതിന്റെ വാടക വാങ്ങി വെറുതെ ഇരുന്നാലും മതി.
അല്ല ഉസ്മാനിക്കാ,
എന്നും ഉണ്ടല്ല ചാക്ക് നിറയെ സാധനവും തൂക്കി രണ്ടും പോകുന്നെ, എന്താ പരിപാടി.
ആരിക്കറിയ റഹ്മാനെ , ചോയിച്ചാ മറുപടി അവന്റെയൊരു പുഞ്ചിരിയാ
"അവനെ ഉപ്പ അങ്ങോട്ട് വിളിച്ചിട്ട് അവൻ പോകുന്നില്ല എന്ന് കേട്ട്."
"ഉമ്മാനെ തനിച്ചാക്കി അവൻ എങ്ങോട്ടും ഇല്ലാന്നാ പറഞ്ഞെ.
"ഉമ്മാനെയോ അതോ ഓന്റെ ആ ചങ്ങായിനെയോ "
😀😀😀😀😀
രണ്ടുംl!
ഗ്രാമ വീഥിയും, നെല്പാടങ്ങളും, പുഴയോരവും, ചെറിയൊരു കാടും താണ്ടി കുന്നിൻ ചാരെ 20 ഓളം ഓലമേന കുടിലുകളാൽ കഴിയുന്ന ദരിദ്രരായ കുറെ പേർ വസിക്കുന്ന ചെറിയൊരു കോളനിയിലേക്ക് ആ സാധനങ്ങളും പേറി അവർ എത്തപെട്ടു.
ആ ബൈക്കിന്റെ ശബ്ദം കേട്ടപാടെ കുട്ടികൾ ഉത്സവ പ്രതീഥിയിൽ അവരെ വട്ടം ചുറ്റി. വൃദ്ധന്മാർ നിറ കണ്ണുകളാൽ ഭക്തിയോടെ അവരെ വണങ്ങി. മറ്റുള്ളവർ സ്നേഹസപ്ർഷത്തിൻ കുളിർ കാറ്റു തഴുകി.
അവർക്ക് അവൻ ഷാനു ആയിരുന്നു. മൂന്ന് വർഷങ്ങൾ മുന്നേ പ്രകൃതി ആസ്വാദനത്തിൽ മുഴുകി അവൻ ഇവിടെ എത്തപെട്ടു. അന്ന് കേവലം 3 4 വീടുകളും അതിലെ ആളുകളും മാത്രമായിരുന്നു അവിടെ. നിറ പട്ടിണിയിലായിരുന്ന അവർ കിട്ടിയത് കൊണ്ട് വിശപ്പടക്കിയിരുന്നവർ. അവർക്ക് താങ്ങും തണലുമായ ഷാൻ, റോഡുകളിലും മറ്റും അനാഥരായി കഴിയുന്ന വൃദ്ധന്മാരെയും, മറ്റു നാടോടി കുടുംബക്കാരെയും അങ്ങോട്ടേക്ക് മാറ്റി. അവരുടെ കുട്ടികൾക്ക് അവൻ ഒരു അദ്ധ്യാപകൻ ആയി. പെങ്ങമാർക്ക് അവനൊരു ആങ്ങളായായി. എല്ലാവർക്കും എല്ലാമായി, അവരുടെ സ്വന്തം ഷാനുവായി.
ഇവിടേക്ക് ഷാനിന്റെ കൂടെ രാഹുൽ എത്തിപ്പെട്ടിട്ട് വർഷം ഒന്ന് ആകുന്നതേ ഉള്ളൂ.
രാഹുലിന് അവരോടും അവർക്ക് തിരിച്ചും ഷാനുവിനോട് ഉള്ളപോലെ തന്നെ സ്നേഹമായിരുന്നു.
" എന്താ കുട്ടികളെ ഇന്നലെ തന്ന വർക്ക് ഒക്കെ ചെയ്തിനോ? ഇല്ലേ ഒന്നിനും ഒരു മിഠായി പോലും തരില്ല. ക്ലാസ്സിലോട്ട് വാ നോക്കട്ടെ ( അവിടെ ഉള്ള ഒരു മുത്തശ്ശി മരത്തിന്റെ ചോടെ ആണ് ക്ലാസ് )
എന്താ മാണിയമ്മേ നടുവേദനയൊക്കെ കുറവുണ്ടോ?
" മോൻ ഇന്നലെ തന്ന തൈലം രണ്ടു നേരം പുരട്ടി ചൂട് പിടിച്ചു. ഇപ്പൊ കുറച്ചു കുറവുണ്ട്".
ദിവസവും തേക്ക്, ശരിയാവും
മുരുകണ്ണാ , എന്തായി കൃഷിയൊക്കെ?
ആ മോനേ കുറച്ചു വളം വേണം, പിന്നേ നല്ല വേലി കെട്ടണം, പന്നി ഇറങ്ങുന്നുണ്ട്.
ശരിയാക്കാം അണ്ണാ, പഞ്ചായത്തിൽ പറഞ്ഞിരുന്നു. നാളെ സബ്‌സിഡിയിൽ കുറച്ചു വളം കിട്ടും. കടത്താൻ ആളെ ആക്കണം. അത് കഴിഞ്ഞു നിങ്ങൾ കുന്ന് കയറി മുള വെട്ടിക്കോ. മുള്ള് കമ്പി ഞാൻ എത്തിക്കാം.
അങ്ങനെ എന്നത്തേയും പോലെ അവർ അവിടെ കുട്ടികൾക്ക് ക്ലാസും, അവരുടെ ജോലിയിൽ കൂടെ കൂടിയും, ഭക്ഷണവുമൊക്കെയായി വൈകുന്നേരം തിരികെ പോന്നു.
വലീയ മാറ്റങ്ങളൊന്നും കൂടാതെ ദിവസങ്ങൾ കടന്നു പോയി. ഒരിക്കൽ പതിവുപോലെ ഷാൻ രാഹുലിനെ കൂട്ടാൻ വീട്ടിൽ ചെന്നു.
'ഡാ എന്തു പറ്റി, മൂടിപ്പുതച്ചു കിടക്കുന്നെ.
പനിയാടാ, തീരെ വയ്യ.
ഗുളിക കഴിച്ചായിരുന്നോ?
ഉം, കഴിച്ചു.
നീ എണീക്ക്. നമുക്ക് പോയി കാണിച്ചു വരാം.
വേണ്ടടാ. ഗുളിക കഴിക്കുന്നുണ്ടല്ലോ. കുറവില്ലെങ്കിൽ കാണിക്കാം.
അതേ മോനേ അതാ നല്ലത്,
അമ്മയും രാഹുലിന് കൂടെ കൂടി.
ശരി, ഞാൻ നാളെ വരാം. കുറവില്ലേ ഞാൻ തൂക്കിയെടുത്തു കൊണ്ടുപോകും. കേട്ടല്ലോ.
സമ്മതിച്ചു. മോനേ, റോസിക്കാണേൽ കെട്ടുപ്രായം ആവാറായി. ഇവനാണെങ്കിൽ ഇങ്ങനെ ഒരു ഉത്തരവാദിത്തം ഇല്ലാതെ നടക്കുവാ. മോൻ അവനെ പറഞ്ഞു മനസ്സിലാക്കണം. എന്തെങ്കിലും ഒരു ജോലി അവനു ശരിയാക്കാൻ നോക്കണം. അമ്മ തന്റെ ആദി പറഞ്ഞു നിർത്തി.
പേടിക്കേണ്ട അമ്മാ, എന്റെ ഉപ്പ എന്നെ അങ്ങോട്ടേക്ക് വിളിച്ചോണ്ടുണ്ട്. ഞാൻ പോണില്ല. ഇവന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. പാസ്പോർട്ട് കോപ്പി അയക്കാൻ പറഞ്ഞു. ഇവനു സുഖമാവേണ്ട താമസം പാസ്സ്പോർട്ടിനു കൊടുക്കാം. പെട്ടെന്നുതന്നെ ഇവനെ അയക്കുകയും ചെയ്യാം. എന്താ പോരെ.
ഒരു നിമിഷം അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വാർത്തു.
അയ്യട, പൂതി കൊള്ളാം. പോകുന്നുണ്ടെങ്കിൽ ഒരുമിച്ച്. ഇല്ലേ ഞാൻ ഇവിടെ നിന്റെ കൂടെ തന്നെ ഉണ്ടാകും. രാഹുൽ മുഖം ചുവപ്പിച്ചു.
ഡാ, നിനക്ക് അറിയാലോ ഇവിടെ ഉമ്മ ഒറ്റക്കാണ്. പിന്നെ എന്റെ കാര്യങ്ങൾ. എന്റെ ലോകം, സന്തോഷം ഇതൊക്കെ ആണ്. നീ അതും പറഞ്ഞിരിക്കേണ്ടവനല്ല. നിനക്ക് ഒരു പെങ്ങളുണ്ട്. അവളെ നല്ലപോലെ പറഞ്ഞയക്കണം. നിനക്കൊരു കുടുംബം അങ്ങനെ മുന്നോട്ടു കുറെ പോകാനുണ്ട്.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അമ്മയെയും സമാദാനിപ്പിച്ചു ഷാൻ അവിടുന്ന് ഇറങ്ങി.
പിറ്റേന്നും അവൻ രാഹുലിനെ കാണാൻ എത്തി. പനി കുറയുന്നതിനാൽ ഹോസ്പിറ്റലിൽ പോകാൻ നിന്നില്ല. പകരം രാഹുലിന് ഒരു സന്തോഷ വാർത്ത അവൻ കൈമാറി.
അവൻ സജിനയെ കണ്ടിരുന്നു. ആരെയോ തേടുംപോലെ അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സംശയ ഭാവത്തിൽ കുറച്ചു സമയം നോക്കി. എനിക്ക് തോന്നുന്നത് നിന്നെ ആണെന്നാണ്. നമ്മൾ പോലും അറിയാതെ അവൾ നിന്നെ ശ്രദ്ധിച്ചിരുന്നു എന്ന് തോനുന്നു.
ഡാ,എന്നാ നീ രണ്ടു മിനിറ്റ് നിൽക്ക്. ഞാൻ ഇപ്പൊ മാറ്റി വരാം.
അയ്യട ചെക്കന്റെ ഒരു ഉത്സാഹം കണ്ടില്ലേ.
പനി കുറഞ്ഞതല്ലേ ഉള്ളൂ. ഇന്ന് കൂടി റസ്റ്റ് എടുക്ക്. ഇന്നും കൂടി ഞാൻ നോക്കട്ടെ, എന്നിട്ട് നാളെ നിനക്ക് സന്തോഷത്തോടെ ഇറങ്ങാം.
ഉം, ശരി, ഡാ നോക്കിയിട്ട് വിളിക്കണം. ഞാൻ കാത്തിരിക്കും. ക്ഷമ കിട്ടുന്നില്ല.
ഓക്കേ ഡാ, വിളിക്കാം.
ഷാനു ബസ്റ്റോപ്പിൽ എത്തി. സജിനയെ നോക്കി. അവൾ ആരെയോ പരതുന്നു. ഷാനിനെ കണ്ടതും എന്തോ പറയാനുള്ളത് പോലെ നോക്കി നിന്നു. ഷാൻ അങ്ങോട്ട് പോയി. അവൾ ആദ്യമായ് അവരോട് മൊഴിഞ്ഞു
" കൂടെ ഉണ്ടാവാറുള്ള ആൾ എവിടെ "?
ഇന്നലെയും കണ്ടില്ല.
അവനിക്ക് പനിയാണ്. അല്ലാ നമ്മളെ ശ്രദ്ധിക്കാറുണ്ടായിരുന്നോ?
ഒരു വർഷത്തോളമായില്ലേ കാണുന്നു.
എന്നും എന്തെങ്കിലും മിണ്ടും എന്ന് കരുതും. ഉണ്ടാവാറില്ല. നാളെ ആളോട് എന്നോട് ഒന്ന് സംസാരിക്കാൻ പറയണേ.
ഓക്കേ. ഏറ്റു.
ഷാനിന് എന്തോ സന്തോഷം കൊണ്ട് നിൽക്കാൻ പറ്റിയില്ല. രാഹുലിനെ വിളിക്കാൻ ഫോണെടുത്തതും മാർക്കറ്റിൽ നിന്നും വിളി വന്നു.
ഡാ ഷാനെ, പെട്ടെന്നു വാ. ഇവിടെ ലോഡ് ഇറക്കാൻ നിന്നെ കാത്തിരിക്കുവാ.
കേട്ട പാതി അവൻ വണ്ടിയെടുത്തു പെട്ടെന്നു പറഞ്ഞു.
പോകും വഴിയിൽ അവന്റെ ഉള്ളിൽ രാഹുൽ മാത്രമായിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു രാഹുലിനെ വിളിച്ചു.
ഡാ രാഹുലെ പൊളിച്ചു മച്ചാ, പാർട്ടി ഉണ്ട്.
എന്താ, എന്താ കാര്യം?
ഡാ, നാളെ അവൾക്ക് നിന്നോട് സംസാരിക്കണമെന്ന്. നീ പറഞ്ഞില്ലേലും നിന്നിലെ ഇഷ്ടം അവൾ അറിഞ്ഞിരുന്നു.
ഡാ, സത്യമാണോ നീ പറയുന്നേ?.
അതേയടാ, പിന്നേ നീ നാളെ
'ടപ്പ് &%&%%% അയ്യോ... ഉമ്മാ..
ഡാ, ഷാനു, ഷാനു..... ഷാനു...... ഷാനു..........
രാഹുൽ ഷാനുവിന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ആരോ ഫോണെടുത്തു.
ഹലോ ഷാനു,... ഇത് ആരാ?
ഹലോ, ഈ ബൈക്ക് ആക്സിഡന്റായിരിക്കുവാണ്. ആളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഏതാ ഹോസ്പിറ്റൽ. എവിടുന്നാ സംഭവം എന്നൊക്കെ ചോദിച്ചറിഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
അവിടെ എത്തിയതും അറിയുന്നവരും അല്ലാത്തതുമായി ഒരുപാട് പേർ അവിടെ കൂടിയിരിക്കുന്നു. രാഹുലിനെ കണ്ടതും ആരൊക്കെയോ ചേർന്ന് അവനെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ പുഞ്ചിരി തൂകിയ മുകവുമായി അവൻ ഒരു മയക്കത്തിൽ എന്നപോലെ കിടക്കുന്നു.
"ഷാനെ, ഡാ. ഇത് ഞാനാടാ നിന്റെ രാഹുൽ. കാണുതുറക്കെടാ. ഡാ.. ഡാ... ഷാനെ. രാഹുലാടാ. എടാ, കണ്ണ് തുറക്കെടാ.... 😭😭
ഒരു നിമിഷം സമനില തെറ്റിയ ആളെപോലെ അവൻ ആർത്താർത്തു കരഞ്ഞു.
ചിലർ ചേർന്ന് അവനെ ബലമായി അവിടെനിന്നും മാറ്റി.
അപ്പുറം
അവന്റെ ഉപ്പാനെ വിവരമറിയിച്ചിട്ടുണ്ട്. വരുന്നുണ്ട്. വൈകീട്ടോടെ എത്തും. ഉമ്മാനെ അപ്പുറം ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുവാ. എന്നാലും കഷ്ടമായിപോയി. ഒറ്റ മകനാ. നല്ലൊരു ചെക്കൻ. എന്ത് പറയാൻ. വിധി അല്ലാണ്ട് എന്ത്.
നടപടി ക്രമങ്ങളൊക്കെ കഴിഞ്ഞു മയ്യിത്ത് പള്ളിക്കാട്ടിലേക്ക് എടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ജന സാഘരമായിരുന്നു. അവൻ നോക്കിയിരുന്ന അവന്റെ കോളനി മുഴുവനായും കരച്ചിലടക്കാനാവാതെ കൂടെ തന്നെ ഉണ്ടായിരുന്നു. ഉസ്മാനിക്കാനെ പോലുള്ളവർ പരസ്പരം കണ്ണീരോടെ പറഞ്ഞു.
" അവൻ പണിയെടുത്തതും കഷ്ടപ്പെട്ടതും ഇവർക്ക് വേണ്ടിയായിരുന്നു. യാത്രയാക്കുമ്പോൾ ഇവരുടെയൊക്കെ കണ്ണീർ,പ്രാർത്ഥന ഇതൊന്നും മറ്റൊന്നും കൊടുത്ത് നമുക്ക് നേടാൻ പറ്റില്ല. മറുപടിയായുള്ള അവന്റെ ആ പുഞ്ചിരി ഇന്നെനിക്ക് മനസ്സിലാക്കാൻ പറ്റുന്നു. 😢😢
കബറടക്കം കഴിഞ്ഞു ഓരോരുത്തരും പിരിഞ്ഞു. അവസാന ഒരു പിടി മണ്ണും ഇട്ട് രാഹുലും പിരിഞ്ഞു. ആ നാടും, നാട്ടുകാരും സങ്കടത്തിലും മൂകതയിലുമായി. ആ കോളനി സ്മശാന തുല്യമായി.
ഒരു വർഷ ദൈർഘ്യം എന്നപോലെ ഒരു മാസം രാഹുലിന് എങ്ങനെയോ കടന്നുപോയി.
രാഹുലിനെ കാണാൻ ഷാനിന്റെ ഉപ്പ വീട്ടിലെത്തി. ഉപ്പയും രാഹുലിന്റെ വീട്ടുകാരും പരസ്പരം സങ്കടങ്ങൾ പറഞ്ഞു തീർത്തു.
ഒടുവിൽ ഇറങ്ങാൻ നേരം രാഹുലിനെ വിളിച്ചു പറഞ്ഞു.
" മോൻ എന്നോട് നിനക്ക് ഒരു വിസന്റെ കാര്യം പറഞ്ഞിരുന്നു. നീ പെട്ടെന്ന് പാസ്പോർട്ട് എടുത്ത് അയച്ചു താ. ഞാൻ രണ്ടു ദിവസം കഴിഞ്ഞു അവളെയും കൂട്ടി പോകുവാ. ഇനി അവളെ ഇവിടെ ഒറ്റക്ക് നിർത്തിച്ചിട്ട് എന്താക്കാനാ".
" ഇക്കാ, പറയുന്നത് ശരിയാണോ എന്നനിക്കറിയില്ല. ഞാൻ എങ്ങോട്ടും വരുന്നില്ല. ഇതാണ് എന്റെ ലോകം. ഷാനിന്റെ ലോകം. അവൻ ഇവിടെ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചാണ് പോയത്. അത് എനിക്ക് പൂർത്തീകരിക്കണം ".
"ഞാനും കേട്ടിരുന്നു അവന്റെ കോളനിയെ കുറിച്ച്. നാളെ ഞാൻ അവളെയും കൂട്ടി വരാം. നീ നമ്മളെ അവിടെവരെ കൊണ്ടുപോകണം ".
അതും പറഞ്ഞു അയാൾ അവിടുന്ന് പോയി.
പിറ്റേന്ന് അവർ മൂന്നുപേരും ആ കോളനിയിൽ എത്തി. അവരെ വരവേൽക്കാൻ കുട്ടികളുടെ ആരവം ഉണ്ടായിരുന്നില്ല. പ്രായമായവരുടെ ആശിർവാദങ്ങൾ ഉണ്ടായിരുന്നില്ല. ആകെ മൊത്തം മൂകത.
അവർ എല്ലാവരെയും കണ്ടു. സംസാരിച്ചു.
എല്ലാവർക്കും പറയാനുണ്ടായിരുന്നത് അവരുടെ ഷാനിനെ കുറിച്ച് മാത്രമായിരുന്നു. അവന്റെ നന്മകൾ, സ്വപ്‌നങ്ങൾ അങ്ങനെ പലതും.
പോകാൻ നേരം മുരുകണ്ണനും കൂട്ടരും കുറച്ചു കൂട്ടകളിൽ കുറെ പച്ചക്കറിയും മറ്റും കൊണ്ടുവന്നു.
" ഇതെല്ലാം ഷാനിന്റെ വിയർപ്പുകളാണ്. ഇന്നാണ് വിളവെടുപ്പ്. നമ്മളെ അവൻ ഒരു സ്വയം പര്യാപ്തതയിൽ എത്തിച്ചു. നമ്മളെ ജീവിക്കാൻ പഠിപ്പിച്ചു. നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ചു. 😢😢 ഇത് നിങ്ങൾക്ക് ഉള്ളതാണ്. ഇവിടേക്ക് എന്തും കൊണ്ടുവന്നിട്ടേ ഉള്ളൂ. ഇന്ന് ഇവിടുന്ന് കൊണ്ടുപോകാനുള്ള ആർജവം നമ്മൾക്ക് ഉണ്ടാക്കി തന്ന നമ്മുടെ ഷാനിന്റെ ഉപ്പാക്കും ഉമ്മാക്കും തന്നെ തരുവാൻ സാധിച്ചതിൽ സന്തോഷം.
എല്ലാം കഴിഞ്ഞു പോകാൻ നേരം എല്ലാവരുടെയും മുൻപാകെ ഷാനിന്റെ ഉപ്പ രാഹുലിനെ കാട്ടി പറഞ്ഞു.
" ഇനി നിങ്ങൾക്ക് നിങ്ങളുടെ ഷാനായിട്ട് ഇവനുണ്ട്. എന്തിനും ഏതിനും. ".
ഇവിടെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇനിമുതൽ നീ നോക്കണം. വാടക നീ വാങ്ങണം. അത് ഇനി നിങ്ങൾക്കുള്ളതാണ്. ഇവരുടെ എന്ത് ആവശ്യത്തിനും സഹായത്തിന് എന്നെ വിളിക്കാം.
എല്ലാവർക്കും യാത്ര പറഞ്ഞു പോകുമ്പോൾ രാഹുൽ ഷാനിന്റെ ഉപ്പാക്കും ഉമ്മാക്കും ആ മുത്തശ്ശി മരം കാട്ടികൊടുത്തു. ഷാനിന്റെ ക്ലാസ് മുറി. അവിടെ ബോർഡിൽ ഒരു കുട്ടി എഴുതി വച്ചിരിക്കുന്നു.
" ഷാനിക്ക = സ്വപ്നം ".
✍️ഷാഫി