രണഭൂവിൽ നിന്നും... (36) അവസാന ഭാഗം
\"അങ്കിൾ.. ടീച്ചർ..അടുത്തയാഴ്ചയാണ് ജോയിൻ ചെയ്യുന്നത്... നിങ്ങളുടെ രണ്ടാളുടെയും അനുഗ്രഹം വേണം...\"
ജിത്തുവിനൊപ്പം കോഴിക്കോടെത്തി രാമകൃഷ്ണനെയും ജയയെയും വീട്ടിൽ കാണാൻ ചെന്ന ഭാനു അവരുടെ കാൽ തൊട്ട് വണങ്ങിക്കൊണ്ട് പറഞ്ഞു...
ഞങ്ങളുടെ അനുഗ്രഹം \"എപ്പോഴുമുണ്ടാകും ഞങ്ങളുടെയീ മോൾക്ക്.. അല്ലേ രാമേട്ടാ \"
അവളെ പുണർന്നു മാറിക്കൊണ്ട് ജയ പറഞ്ഞു...
\"അതേ..\"
രാമകൃഷ്ണനും ചിരിയോടെ അവളെ കവിളിൽ മെല്ലെ തട്ടി..
\"എവിടെയാ മോളെ പോസ്റ്റിങ്ങ്?\"
അദ്ദേഹം ചോദിച്ചു...
\"ഫസ്റ്റ് പ്രിഫെറൻസ് കൊടുത്ത കൊല്ലം തന്നെ കിട്ടിയങ്കിൾ.. അത് കൊണ്ട് തത്കാലം ഒരു മാറ്റം വേണ്ടി വന്നില്ല...\"
\"അതേതായാലും നന്നായി... അല്ലേ ജിത്തു...\"
അദ്ദേഹം ചോദിക്കുമ്പോൾ ജിത്തുവൊന്ന് പുഞ്ചിരിച്ചു....
\"എന്തായാലും ഇന്ന് ഭക്ഷണമൊക്കെ കഴിച്ച് പതുക്കെ പോയാ മതി... വാ മോളെ.. നമുക്ക് അടുക്കളയിലേക്ക് പോകാം...\"
ഭാനുവിനെ കൂട്ടി ജയ അടുക്കളയിലേക്ക് നടന്നു... ജിത്തുവും രാമകൃഷ്ണനും കൂടി ഓരോ കാര്യങ്ങൾ സംസാരിച്ച് അങ്ങനെയിരുന്നു...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഉച്ചഭക്ഷണം കഴിച്ചവർ അവിടെ നിന്നുമിറങ്ങി നേരെ പോയത് ദേവമംഗലത്തേക്കാണ്... കാറിൽ നിന്നുമിറങ്ങി
ആ തറവാടിന് മുൻപിൽ പകച്ചു നിൽക്കുകയാണ് ഭാനു...
ഒരുകാലത്ത് സർവ്വവിധ പ്രൗഢിയോടെയും തലയുയർത്തി നിന്ന ആ തറവാടിപ്പോൾ ഒരു പ്രേതാലയം പോലെ തോന്നിക്കുന്നു...
അവളുടെ നിൽപ്പ് കണ്ട് അവളെ ചേർത്ത് പിടിക്കുന്ന ജിത്തുവിന് മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ മാനസികാവസ്ഥ... കഷ്ടപ്പാടിലാണെങ്കിലും കൗമാരവും യൗവ്വനത്തിന്റെ പകുതിയും അവൾ ചിലവഴിച്ച വീടാണത്...
\"ചില നഷ്ടങ്ങൾ നികത്താനാവില്ല പ്രിയാ.. അങ്ങനെ കണ്ടാൽ മതി ഇതിനെയും.. ബാങ്ക് ഓക്ഷൻ വച്ചപ്പോ ഞാനൊന്ന് ട്രൈ ചെയ്തതാ. പക്ഷേ എന്റെ ബജറ്റിന് ഒത്തില്ല... ഒരു ബിസിനസ് ഗ്രൂപ്പാണിത് വാങ്ങിയിരിക്കുന്നത്.. ടൗണിനടുത്തായത് കൊണ്ട് അവരിത് പൊളിച്ചു നികത്തി വല്ല ഷോപ്പിംഗ് കോംപ്ലക്സോ ഫ്ലാറ്റോ പണിയും...\"
\"ജിത്തുവേട്ടാ അപ്പൊ വല്ല്യച്ഛന്റെ അസ്ഥിത്തറ? \"
\"അതും പോകും \"
ജിത്തു പറഞ്ഞു... ഭാനുവിന്റെ മുഖം മങ്ങിയത് അവൻ കണ്ടു..
\"ഡീ.. സങ്കടപ്പെടാതെ... ആ അസ്ഥിത്തറയ്ക്ക് ഇപ്പോ ഒരു പ്രാധാന്യവുമില്ല.. നിത്യേന നീ കൊളുത്തിയിരുന്ന വിളക്ക് മുടങ്ങിയപ്പോ തന്നെ അതിലെ ചൈതന്യവും നഷ്ടമായിക്കാണും... പിന്നെ ആ ആത്മാവ് നിന്റൊപ്പമുണ്ടായിരുന്നു ഇത് വരെ... നിന്റെ ഉയർച്ചകൾക്കൊപ്പം ആ ആത്മാവും സന്തോഷിച്ചിരിക്കും... നീ നിന്റെ ലക്ഷ്യം നേടിയ ദിവസം മോക്ഷം കിട്ടിയിട്ടുമുണ്ടാകും നിന്റെ വല്ല്യച്ഛന്...
അങ്ങനെ വിശ്വസിക്കാം നമുക്ക് ... \"
\"മ്മ് \"
മെല്ലെ തലയാട്ടിക്കൊണ്ട് ഭാനു മുന്നിലേക്ക് നോക്കി... കാട് പിടിച്ച് കിടക്കുന്ന തൊഴുത്തിൽ നിന്നും തന്റെ കിങ്ങിണിപ്പശുവിന്റെ ചിണുക്കം കേൾക്കുന്നത് പോലെയവൾക്ക് തോന്നി... തെക്കേ തൊടിയിലെ ചവറു കൂമ്പാരത്തിനിടയിലൊളിച്ച രമേശന്റെ അസ്ഥിത്തറ ഒന്ന് നടന്നെത്താൻ പോലും സാധിക്കാത്ത വിധം കാട് മൂടി കഴിഞ്ഞിരുന്നു... ഒരു നെടുവീർപ്പോടെ ഭാനു തിരിഞ്ഞു നടന്നു... ഒരിക്കലും മടങ്ങിയെത്താത്ത ആ വീടിനെ ഭൂതകാലത്തിലെ ഒരേട് പോൽ എഴുതിയടച്ചു കൊണ്ട്..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
\"ഏടത്തി... കുറച്ച് കഞ്ഞിയെങ്കിലും കുടിക്ക്... ഇങ്ങനെ മരുന്ന് മാത്രം കഴിച്ചോണ്ടിരുന്നാ വേറെ വല്ല അസുഖവും വരും..\"
ബി. പി കൂടി തല ചുറ്റി വീണു കിടപ്പിലാണ് അംബിക...രമണി അവരെ കഞ്ഞി കുടിപ്പിക്കാൻ ശ്രമിക്കുകയാണ്...ശരീരത്തിന് എന്തൊക്കെയോ വിഷമതകൾ ഉണ്ടെന്ന് സന്ദീപിനോടവർ പറയാൻ തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നു.. അവനതൊന്നും ശ്രദ്ധയില്ല.. ഒടുവിൽ ബോധം കെട്ട് വീണപ്പോഴാണ് സന്ദീപ് അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത്... കുറേ ചീത്ത വിളിച്ചിട്ടാണ് അവനമ്മയ്ക്ക് മരുന്ന് വാങ്ങിക്കൊടുത്തതും...
കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് കഞ്ഞി മാറ്റി വച്ച് രമണി പോയി കതക് തുറന്നു... മുന്നിലൊരു സ്ത്രീയും പുരുഷനും നിൽക്കുന്നു... പുരുഷനെ എവിടെയോ കണ്ട് മറന്നത് പോലെ അവർക്ക് തോന്നി.. സ്ത്രീയെ അവർ കുറച്ച് നേരം നോക്കി നിന്നു... ശാന്തമാണ് അവളുടെ മുഖഭാവം... മെല്ലെ മെല്ലെ ആ മുഖം അവരുടെ ഓർമ്മയിലേക്ക് തെളിഞ്ഞു വന്നു...
\"ഭാ..ഭാൻ.. ഭാനു!!!\"
അവരുടെ ശബ്ദം വിറച്ച് പോയി...
\"ആഹാ... അമ്മായിക്ക് വിചാരിച്ചതിലും വേഗം മനസ്സിലായല്ലോ പ്രിയാ...\"
ജിത്തു പരിഹാസ സ്വരത്തിൽ പറഞ്ഞു...
\"മ്മ് \"
അവളൊന്ന് മൂളുക മാത്രം ചെയ്തു...
\"വല്ല്യമ്മയെവിടെ? \"
തികഞ്ഞ ഗൗരവത്തിൽ ഭാനു ചോദിച്ചു..
\"അ.. അകത്ത്.. കിടക്കുന്നു \"
രമണി അകത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി...അവരെ വക വയ്ക്കാതെ ഭാനുവും ജിത്തുവും അകത്തേക്ക് കയറി ആ മുറിയിലേക്ക് പോയി... ആ ചെറിയ വീട്ടിൽ ആകെയുള്ളൊരു മുറിയിലേക്കാണവർ കയറിയത്...
പൊട്ടിപ്പൊളിഞ്ഞ ചുവരുകളും പഴകി ദ്രവിച്ചൊരു ജനലും മാത്രമുള്ള മുറി...
ദുർഗന്ധം വമിക്കുന്ന മുറി...ഭാനുവാ മുറിയാകെയൊന്ന് കണ്ണോടിച്ചു... താനും അമ്മയും കിടന്നിരുന്ന ദേവമംഗലത്തെ ആ കുടുസ് മുറിയെക്കാൾ ദയനീയമായിരുന്നു ആ മുറിയുടെ അവസ്ഥ...കട്ടിലിൽ കിടക്കുന്നത് പഴയ അംബികയുടെ വെറുമൊരു നിഴൽ മാത്രമെന്ന് തോന്നി ഭാനുവിന്.. ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ അവരുടെ ശരീരത്തെ ശോഷിപ്പിച്ചിരിക്കുന്നു...ആദ്യം ഭാനുവിന്റെ കണ്ണിൽ അനുതാപം നിറഞ്ഞെങ്കിൽ പിന്നെ നിറഞ്ഞത് പുച്ഛമായിരുന്നു..
ആരോ വന്നു നിൽക്കുന്നതറിഞ്ഞ അംബിക നോക്കുമ്പോൾ ഭാനുവിനെയും ജിത്തുവിനെയും കണ്ടു... തീർത്തും അവശതയിലായിരുന്നത് കൊണ്ടാകാം അവർക്ക് ഭാനുവിനെ തിരിച്ചറിയാനായില്ല...അവർ രമണിയെ നോക്കി.. രമണി മുൻപോട്ട് ചെന്ന് അംബികയുടെ ചെവിയിൽ \" ഭാനു \" എന്ന് പറഞ്ഞു.. ആ അവസ്ഥയിലും അംബികയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...അവശതയോടെയവർ എഴുന്നേറ്റിരുന്നു...
\"എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തേ?നിന്റെ തള്ളേം കൊണ്ട് കൊറേ വായിട്ടലച്ചിട്ട് ഇറങ്ങിപ്പോയതല്ലേ.. എന്തെ വഴീല് കൊണ്ട് കളഞ്ഞോ അവളെ.. കളഞ്ഞു കാണും.. എന്നാലല്ലേ നിന്റെയോരോ തോന്ന്യാസം നടക്കൂ...\"
തന്നെ നോക്കി അർത്ഥം വച്ച് അംബിക പറയുന്നത് കേട്ട് ജിത്തുവിന് അദ്‌ഭുതമാണ് തോന്നിയത്...ഇത്രയും തിരിച്ചടികളുണ്ടായിട്ടും... അത്രയും ദയനീയമായ അവസ്ഥയിലും എങ്ങനെയൊരാൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനാകുന്നുവെന്ന് ആലോചിച്ച്...
ഭാനുവിന്റെ മുഖത്ത് പക്ഷെ തെളിഞ്ഞത് പുച്ഛച്ചിരിയായിരുന്നു...
\"എന്താടീ നിന്റെ പഴയ നാവൊക്കെ ഇറങ്ങിപ്പോയോ?ഇതാരാ നിന്റെ ഭർത്താവോ.. അതോ?\"
അംബികയുടെ നികൃഷ്ടമായ വാക്കുകൾ കേട്ട് കോപമടക്കാനാകാതെ ജിത്തു മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു...
\"ഇതെന്റെ ഭർത്താവ് തന്നെയാ... അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ.. ഇദ്ദേഹം മാത്രേ എന്റെ ദേഹത്ത് തൊട്ടിട്ടുള്ളൂ.. അല്ലാതിരിക്കാൻ എനിക്ക് നിങ്ങളുടെ തലതെറിച്ച മകന്റെ സ്വഭാവമല്ലല്ലോ വല്ല്യമ്മേ.. എന്റെ അമ്മയുടെ സ്വഭാവമല്ലേ...പിന്നെ എന്റമ്മ.. ഞങ്ങളുടെ വീട്ടിലുണ്ട്.. സന്തോഷത്തോടെ.. സമാധാനത്തോടെ... അല്ലാതെ നിങ്ങളുടെ മകനെപ്പോലെ ഒരു അഴുക്ക് ചാലിലുംഞാനെന്റെ അമ്മയെ കൊണ്ട് പോയി തള്ളിയിട്ടില്ല....\"
ഭാനുവിന്റെ മറുപടി കേട്ട് വിസിലടിക്കാൻ തോന്നിപ്പോയി ജിത്തുവിന്... അവന്റെ മുഷ്ടി അയഞ്ഞു.. മുഖം തെളിഞ്ഞു.. ഇനിയുള്ള അങ്കം കാണാനായി അവൻ കൈകൾ പിണച്ചു കെട്ടി ചുവരിലേക്ക് ചാരി നിന്നു....
\"ഭാനു!!!\"
അംബിക അലറി..
\"വെറും ഭാനുവല്ല...മിസിസ് ഭാനുപ്രിയ വിശ്വജിത്ത് IAS.. അടുത്തയാഴ്ച കൊല്ലം ജില്ലയുടെ സബ്കളക്ടറായി ജോയിൻ ചെയ്യാൻ പോകുന്നു.. അനുഗ്രഹം വാങ്ങാൻ വന്നതാ.. ഇനിയിപ്പോ എന്തായാലും അതിന്റെ ആവശ്യമില്ല...\"
തനിക്കടുത്തേക്ക് നീങ്ങി നിന്ന് ഉറച്ച സ്വരത്തിൽ പറയുന്ന ഭാനുവിന്റെ കണ്ണുകളിൽ തീയാണെന്ന് തോന്നി അംബികയ്ക്ക്....
അവർ നടുങ്ങി നിന്നു പോയി.... എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പരവേശപ്പെട്ട് നിന്നു പോയി അവർ...രമണിയും നടുങ്ങി നിന്നുപോയിരുന്നു....
മുറിയിലേക്കാരോ കയറി വരുന്നത് കണ്ട് എല്ലാവരുടെയും കണ്ണുകൾ അവിടേക്കായി.. മദ്യലഹരിയിൽ കയറി വരുന്ന സന്ദീപിനെ കണ്ട് ജിത്തുവിന്റെയും ഭാനുവിന്റെയും കണ്ണുകൾ ഒരുപോലെ കനലായി...
\"ന്നാ... നിങ്ങടെയൊരു മരുന്ന്... കാശെത്ര പോയീന്നാ.. ഇനിയെങ്ങാനും ബോധം പോയാ ഞാനെടുത്തോണ്ടോടില്ല ഹോസ്പിറ്റലിലേക്ക്.. അവിടെ കെടന്ന് ചാവേ ഉള്ളൂ...\"
തികഞ്ഞ അവജ്ഞയോടെ സ്വന്തം അമ്മയോട് സംസാരിക്കുന്ന സന്ദീപിനെക്കണ്ട് ജിത്തുവിനും ഭാനുവിനും അദ്‌ഭുതമൊന്നും തോന്നിയില്ല... പക്ഷേ അവർക്ക് മുൻപിൽ വച്ച് സന്ദീപങ്ങനെ പറഞ്ഞത് അംബികയ്ക്ക് വലിയ അപമാനമായി...
പറഞ്ഞിട്ട് മരുന്നിന്റെ കവർ അംബികയുടെ കട്ടിലിലേക്ക് എറിഞ്ഞു കൊടുത്ത് തിരിയുമ്പോഴാണ് ഭാനുവിനെയും ജിത്തുവിനെയും സന്ദീപ് കാണുന്നത്... ഭാനുവിനെ പതിയെ മനസ്സിലായി തുടങ്ങവേ അവൻ പുച്ഛിച്ചു ചിരിക്കുകയാണ് ചെയ്തതെങ്കിൽ കുറച്ച് മാറി നിൽക്കുന്ന ജിത്തുവിനെ കാൺകെ അവന്റെ മുഖം വിളറി വെളുത്തു പോയി.... അത് ജിത്തുവിന് വ്യക്തമായി മനസ്സിലാകുകയും ചെയ്തു... അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.. അവൻ പതിയെ ഭാനുവിനെ തോളിലൂടെ ചേർത്ത് തന്നിലേക്ക് പിടിച്ചു..സന്ദീപിന്റെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി...
\"സംശയിക്കണ്ട സന്ദീപേ..ഇവൾ എന്റെ ഭാര്യയാണ്... ഭാനുപ്രിയ വിശ്വജിത്ത് IAS.. നിയുക്ത കൊല്ലം സബ്കളക്ടർ...\"
അതു കൂടി കേട്ടതോടെ സന്ദീപ് നടുങ്ങി വിറച്ച് നിന്നു പോയി... അവനാകെ വിയർത്തു കുളിച്ചു.. പരക്കം പായുന്ന അവന്റെ കണ്ണുകൾ ഭാനുവിലെ കനലിനെ ആളിക്കത്തിച്ചു....
അവൾ ജിത്തുവിനെയൊന്ന് നോക്കി..
അവൻ തലയൊന്നനക്കി അവൾക്ക് അനുവാദം നൽകി...
അവൾ മുൻപിലേക്ക് നടന്ന് സന്ദീപിന്റെ മുൻപിൽ ചെന്നു നിന്നു.... അവനൊരു ആശ്രയത്തിനായി ചുറ്റും പരതി.. കണ്ണുകളുയർത്തി അവളെ അഭിമുഖീകരിക്കാൻ പോലുമവന് എന്ത് കൊണ്ടോ സാധിച്ചില്ല...
\"ഒറ്റ ചോദ്യം.. ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാണ് ഞാൻ നിങ്ങളെ തേടിയെത്തിയത്..
വല്യച്ഛനെ അവർ കൊല്ലാൻ പോകുന്ന കാര്യം നിങ്ങൾക്കറിയുമായിരുന്നോ?\"
ഭാനുവിന്റെ ചോദ്യം കേട്ട് കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് അവനറിഞ്ഞു.. പിറകിൽ നിന്നിരുന്ന അംബികയും രമണിയും കാര്യം മനസ്സിലാവാതെ സന്ദീപിനെ നോക്കി...
\"ഇവരെന്തൊക്കെയാ മോനേ ഈ പറയണേ? \"
അംബിക വിറയ്ക്കുന്ന ശബ്ദത്തിൽ മകനോട് ചോദിച്ചു... പക്ഷെ അവന് നാവ് പൊങ്ങിയില്ല...
\"അവൻ മിണ്ടില്ല അംബികത്തമ്പുരാട്ടീ ...കാരണം നിങ്ങളുടെ ഭർത്താവ് ജീവിതത്തിലേറ്റവും അപമാനിതനായി തോറ്റു തല കുനിച്ചത് നിങ്ങളുടെയീ മകൻ കാരണമാ...\"
അംബിക കണ്ണ് മിഴിച്ച് ജിത്തുവിനെ നോക്കി...
\"മനസ്സിലായില്ലല്ലേ.. മനസ്സിലാക്കി തരാം.. ഇനിയെങ്കിലും നിങ്ങളറിയണം.. ഒരു മൂഢസ്വർഗത്തിലാണ് നിങ്ങളിത്ര കാലം ജീവിച്ചതെന്ന്...\"
ഒന്നും ബാക്കിയില്ലാതെ ലോകിയുടെ കൊലക്കേസ് രമേശൻ ഏറ്റെടുത്തത് മുതൽ അദ്ദേഹത്തിന്റെ മരണമൊരു കൊലപാതകമായിരുന്നു എന്നത് വരെ ജിത്തു പറയുമ്പോൾ തലയ്ക്കു കൈ കൊടുത്ത് ഇരുന്ന് പോയി അംബിക... രമണിയും തളർന്ന് നിന്നു പോയി...
\"എന്റെ സഹോദരനെ കൊന്ന... എന്റെ സഹോദരിയെ പിച്ചിച്ചീന്തിയ ആ മൃഗങ്ങൾക്ക് കൂട്ട് നിന്നവനാണ് നിങ്ങളുടെ ഈ മകൻ..അവന്മാരൊന്നും ഇന്നീ ഭൂമിയിലില്ല.. നരകിച്ചു ചത്തു പോയി...പക്ഷേ ഇവന് ഒരു സാക്ഷിയുടെ റോളെ ഉള്ളുവെന്ന് എനിക്ക് മനസ്സിലായത് കൊണ്ടാണ് ഇവനിന്നും ജീവിച്ചിരിക്കുന്നത്... പക്ഷേ സ്വന്തം അമ്മയുടെ കഴുത്തിൽ കത്തി വച്ച് സ്വന്തം അച്ഛനെ ഭീഷണിപ്പെടുത്തി തന്റെ തടി രക്ഷിക്കാൻ നോക്കിയ ഇവന്റെ സ്വാർത്ഥതയ്ക്കുള്ള ശിക്ഷയാണ് ഈ കാലമത്രയും ഇവൻ അനുഭവിച്ച് കൂട്ടിയത്...\"
സന്ദീപ് ഞെട്ടി ജിത്തുവിനെ നോക്കി.. തലയുയർത്താൻ പോലും അംബികയ്ക്കായില്ല... ഭാനു കൈകൾ പിണച്ചു കെട്ടി ഒരു കാഴ്ചക്കാരിയായി നിന്നു....
\"ബാംഗ്ലൂരിലെ ജോലി പോയത് മുതൽ ചെയ്ത ബിസിനസ് എല്ലാം പൊട്ടിയതും നിങ്ങളൊക്കെ ഈ വാടകവീട്ടിലെത്തിയതുമൊക്കെ എന്റെ മാത്രം തീരുമാനമായിരുന്നു... പക്ഷേ എന്നിട്ടും എന്റെ അമ്മയുടെ പ്രായമുള്ള ഈ രണ്ട് പേരെ ഓർത്തിട്ടാണ് കയറിക്കിടക്കാനൊരു കൂരയും ഭക്ഷണം കഴിക്കാൻ നിനക്കൊരു ജോലിയും ഞാൻ തരപ്പെടുത്തി തന്നത്...\"
സന്ദീപിന് തനിക്ക് ചുറ്റുമുള്ള ഭൂമി കറങ്ങുന്നത് പോലെ തോന്നി...
\"അതേടാ... നീയെന്ത് കരുതി..ഒരു കാലത്തും ആരുമൊന്നുമറിയില്ലെന്നോ.. എന്നാ നിനക്ക് തെറ്റി..നിന്റെ അച്ഛൻ നിന്റെ പേര് എന്നോട് വിളിച്ചു പറഞ്ഞിട്ടാ പോയത്... അന്നേ ഇവളെയും നിന്റെ പെങ്ങളെയും നോക്കിക്കോളണമെന്ന് എന്നെയേൽപ്പിച്ചിട്ട്...ആ പാവം മനുഷ്യന്റെ മനസ്സിന്റെ നന്മ കൊണ്ടാ ഞാൻ തേടിയിറങ്ങും മുൻപ് ഒരു നിയോഗം പോലെ ഇവളെന്റെയടുത്തെത്തിയത്.. എന്റെ ജീവന്റെ പാതിയായത്...
പിന്നെ സന്ധ്യ.. നിങ്ങൾക്കറിയാത്തത് കൊണ്ട് പറയാം..ഞാൻ തപ്പി കണ്ടു പിടിക്കുമ്പോഴേക്കും അവൾ യൂകെയിൽ സ്ഥിരതാമസമായി.. ഭർത്താവിനും മകനുമൊപ്പം...\"
മകളുടെ പേര് കേട്ടത് കൊണ്ടാകാം അംബിക മെല്ലെ മുഖമുയർത്തി നോക്കി.. വീണ്ടും താഴ്ത്തി.. നിർവികാരമായി....
\"ഇത് വരെ നിന്റെ മുന്നിൽ വരാതെ ഞാൻ മാറി നിന്നത് ഈ ദിവസത്തിന് വേണ്ടിയാ.. നിങ്ങളൊക്കെക്കൂടി ഒരുപാട് ദ്രോഹിച്ച എന്റെ പെണ്ണിന് വേണ്ടി.. ഇവൾക്കും എനിക്കുമറിയേണ്ടത് ഒരേയൊരു കാര്യം മാത്രം..
രമേശൻ സാറിനെ അവന്മാരൊക്കെ കൂടി കൊല്ലാൻ പോകുന്ന വിവരം നിനക്കറിയാമായിരുന്നോ ഇല്ലയോ.. പറഞ്ഞോ മോനേ സന്ദീപേ... ഞാനൊന്നറിഞ്ഞു പെരുമാറിയാ നീ പിന്നെ രണ്ട് കാലിലെഴുന്നേറ്റ് നടക്കില്ല..\"
ഷർട്ടിന്റെ കൈ തെരുത്തു കയറ്റി ജിത്തു പറയുന്നത് കേട്ട് സന്ദീപ് ഭയം കൊണ്ട് അടിമുടി വിറച്ച് പോയി.. കാരണം അവനറിയാം ജിത്തുവാരെന്ന്....
\"പറയാൻ!!!!!!!\"
ജിത്തുവിന്റെ അലർച്ചയിൽ ആ ദ്രവിച്ച കെട്ടിടമാകെയൊന്ന് കുലുങ്ങും പോലെ തോന്നി സന്ദീപിന്... അവൻ ഞെട്ടിത്തരിച്ചു കണ്ണുകൾ ഇറുക്കിയടച്ചു...
\"അ.. അറിയാ.. മാ.. യിരുന്നു....\"
അവന്റെ ശബ്ദം പോലും ശരിക്ക് പുറത്തേക്ക് വന്നില്ല....
അംബികയുടെ കണ്ണുകൾ ചുട്ടു നീറി.. കണ്ണുനീർ പോലും അവരെ തുണച്ചില്ല...
ചെയ്തു കൂട്ടിയ പാപങ്ങൾ അവർക്ക് മുൻപിലൊരു ചെകുത്താനായി വന്നു നിന്നു... സ്വന്തം അച്ഛനെ കൊല്ലാൻ കൂട്ട് നിന്ന... സ്വന്തം അമ്മയുടെ താലിയറുത്ത.. ഒരുവനെ പെറ്റ പാപം അവരെ നരകത്തിന്റെ പടിവാതിൽക്കലെത്തിച്ചു....
രമണി വായ പൊത്തി കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ട് നിന്നു പോയി...
ഭാനുവിന്റെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു... കണ്ണുകൾ തീ പോലെ ജ്വലിച്ചു... മുഖം കോപം കൊണ്ടു ചുവന്നു... മുഖം കുനിച്ചു നിന്ന സന്ദീപ് പാളി നോക്കുമ്പോൾ കണ്ടതും ഭാനുവിന്റെയീ രൂപമാണ്... അവന് ഭയം തോന്നി....
ഭാനുവിന്റെ കൈ ചെകിടടിച്ചു വീഴുമ്പോൾ സന്ദീപ് നിലത്തേക്ക് വീണു പോയി. കിതച്ചു പോയിരുന്നു ഭാനു.. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു... അവൾ ജിത്തുവിന് നേരെ തിരിഞ്ഞു...
\"ജിത്തുവേട്ടാ... എനിക്ക് വേണ്ടിയല്ലേ ഇവനോട് കരുണ കാട്ടിയത്.. എന്നാ ഇനിയതിന്റെ ആവശ്യമില്ല... ഇവൻ ഭിക്ഷയെടുത്താലും തെരുവിലലഞ്ഞാലും നരകിച്ചു തീർന്നാലും എനിക്കൊന്നുമില്ല.. ഒരു ദാക്ഷിണ്യവും ഇവനോടിനി കാട്ടരുത്...\"
അലറിക്കൊണ്ട് ഭാനു പറയുമ്പോൾ ശരിയെന്ന് തലയാട്ടുന്ന ജിത്തുവിനെ നോക്കിക്കൊണ്ടവൾ രമണിയ്ക്ക് നേരെ തിരിഞ്ഞു....
\"അന്ന് പറഞ്ഞതെ എനിക്കിന്നും നിങ്ങളോട് പറയാനുള്ളൂ.. നിങ്ങളോടെനിക്ക് അന്നുമിന്നും സഹതാപം മാത്രമേയുള്ളൂ... ആ സഹതാപം കൊണ്ട് പറയുകയാണ്.. കിടക്കാനൊരിടവും മൂന്ന് നേരം മുടങ്ങാതെ ആഹാരവും വേണമെന്നുണ്ടെങ്കിൽ എനിക്കൊപ്പം വരാം.. ഞങ്ങളുടെ വീട്ടിലേക്കല്ല.. നിങ്ങളെപ്പോലൊരു വിഷത്തിനെ ഞാനാ സ്വർഗത്തിലേക്ക് കൊണ്ട് പോകില്ല..
ഒരു ഷെൽട്ടർ ഹോമുണ്ട്.... എന്റെ അമ്മ കുറച്ച് കാലം വസിച്ചയിടം... കുറേ പാവം മനുഷ്യർ ജീവിക്കുന്നിടം
അവിടെ കൊണ്ടാക്കാം...കുനിഷ്ട്ടോ കുന്നായ്മയോ പുറത്തെടുക്കാതെ ജീവിക്കാമെന്നുണ്ടെങ്കിൽ മാത്രം... ഒരു പ്രശ്നമുണ്ടായാൽ അവർ പിടിച്ചു പുറത്താക്കും.. പിന്നെ പെരുവഴി തന്നെ ശരണം... വരുന്നുണ്ടെങ്കിൽ എടുക്കാനുള്ളതൊക്കെയെടുത്തിപ്പോ ഇറങ്ങണം....\"
ഭാനുവിന്റെ വാക്കുകൾ രമണിയിൽ നിറച്ചതൊരു ആശ്വാസമായിരുന്നു...
\"ഞാനുമുണ്ട് ഭാനു.. എന്റെ ഏട്ടനെ കൊന്നവരുടെ കൂടെയിനി ഒരു നിമിഷം പോലുമെനിക്ക് കഴിയണ്ട... എവിടെയായാലും ഞാനൊരു പ്രശ്നവുമുണ്ടാക്കില്ല.. സത്യം....\"
അവർ ആണയിട്ടു...
\"ജിത്തുവേട്ടാ.. പോകാം..\"
രമണി വേഗത്തിൽ തന്റെ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി വന്നതും ഭാനു പറഞ്ഞു..
\"മ്മ് \"
ജിത്തു സമ്മതിച്ചു...
\"മോളെ \"
തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ അംബികയുടെ പിൻവിളി...ഭാനുവിന്റെ മുഖത്ത് വീണ്ടും പുച്ഛം നിറഞ്ഞു...അവൾ തിരിഞ്ഞു നിന്നു...
\"മോള്...അത്.. വേണ്ട . ഇത് വരെയില്ലാത്തൊരു ബന്ധവും ഇനിയും നമ്മൾ തമ്മിലുണ്ടാകില്ല....എന്തിനാ വിളിച്ചതെന്ന് പറയ്...\"
ഭാനു അറുത്തു മുറിച്ചു പറഞ്ഞു...
\"ഞാ... ഞാനും വന്നോട്ടെ...\"
തീർത്തും അവശമായ ചോദ്യം....
ഭാനുവിന് ഉറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി...
\"നിങ്ങൾക്കെങ്ങനെയത് ചോദിക്കാൻ തോന്നി.. ഇനിയും നിങ്ങളോടെനിക്ക് കരുണ തോന്നുമെന്ന് നിങ്ങളെങ്ങനെ ചിന്തിച്ചു...\"
ഭാനുവിന്റെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞു...അംബികയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല....
\"എന്തായാലും ഇത്രയുമായ സ്ഥിതിക്ക് എനിക്കൊരാളോട് ചോദിക്കണം...\"
ഭാനു ഫോണെടുത്തെന്തോ ടൈപ്പ് ചെയ്തു... പുറകേ അവളുടെ ഫോൺ ബെല്ലടിച്ചു...കുറച്ച് നേരം അയാളോട് സംസാരിച്ചിട്ട് ഭാനു ഫോൺ കട്ട് ചെയ്തു...
\"സന്ധ്യേച്ചിയെ വിളിച്ചതാണ്...നിങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ചേച്ചിക്കാണല്ലോ എന്നേക്കാൾ കൂടുതൽ...\"
ഭാനു പറയുമ്പോൾ അംബിക പ്രതീക്ഷയോടെ കണ്ണുകൾ വിടർത്തി...
\"രമണിയമ്മായിക്കൊപ്പം നിങ്ങളെയും ആ ഷെൽട്ടർ ഹോമിലാക്കിക്കോളാൻ.. പക്ഷേ നിങ്ങള് രണ്ടാളും ഒരു കാര്യം എഴുതി ഒപ്പിട്ട് തരണം... നിങ്ങൾ അനാഥരാണെന്ന്...നിങ്ങളെ തേടി വരാനും.. നിങ്ങൾക്ക് തേടിച്ചെല്ലാനും ആരുമില്ലെന്ന്...കിടപ്പാടം നഷ്ടമായപ്പോൾ അഭയം തേടി ചെന്നതാണ് അവിടെയെന്ന്.... സമ്മതമെങ്കിൽ ഇപ്പോൾ ഈ നിമിഷം നിങ്ങളെ അവിടെയാക്കി ഞങ്ങൾ പോകും.. പിന്നെയൊരിക്കലും ഒരു കൂടിക്കാഴ്ച്ചയുണ്ടാകില്ല...\"
അത് കേൾക്കേണ്ട താമസം രമണി വേഗമൊരു പേപ്പർ സംഘടിപ്പിച്ച് ഭാനു പറഞ്ഞത് പോലെയെഴുതി ഒപ്പിട്ടു... ഒപ്പിനായി അംബികയ്ക്ക് നേരെ നീട്ടുമ്പോൾ അവർക്കും മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല... കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിൽ പിടഞ്ഞു കൊണ്ടിരിക്കുന്ന അവർക്ക് ഒരു തുള്ളി ജലം പോലും അമൃതമായിരുന്നു....
എടുക്കാനുള്ളതൊക്കെയെടുത്ത് ഭാനുവിന് പിറകെ അംബികയും രമണിയും നടന്നിറങ്ങി... സന്ദീപിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ... വെറും നിലത്തു ചുവരിൽ ചാരിയിരുന്നു കൊണ്ടവൻ തന്റെ അമ്മയുടെ ഒരു നോക്കിനായി കൊതിച്ചു... ആദ്യമായി...
പക്ഷേ അതുണ്ടായില്ല.... അവന്റെ മനസ്സും ശരീരവും മരവിച്ചു പോയി...
\"ആ ഫ്ലാറ്റിലെ ജോലി മറന്നേക്ക് സന്ദീപേ... ഈ വീടും.. നിനക്കൊരു ജോലിയോ വീടോ കിട്ടാതിരിക്കാൻ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്യും... ദിവസങ്ങൾ മാത്രമെങ്കിലും എന്നെ മകനായി കണ്ടൊരു മനുഷ്യന് വേണ്ടി.. എന്റെ പ്രിയക്ക് വേണ്ടി.... \"
പറഞ്ഞിട്ട് ജിത്തു കാറിൽ കയറി ഓടിച്ച് പോകുമ്പോൾ സന്ദീപിന് തന്റെ ഭാവിയുടെ ശൂന്യത വെളിവായി കഴിഞ്ഞിരുന്നു.... കർമ്മദോഷം അവന്റെ വിധിയെഴുതി കഴിഞ്ഞിരുന്നു....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അംബികയേയും രമണിയെയും ഷെൽട്ടർ ഹോമിലാക്കി ഭാനുവും ജിത്തുവും അവിടെ നിന്നും മടങ്ങി... നേരത്തേ കൂട്ടി മാധവനോട് കാര്യങ്ങൾ പറഞ്ഞിരുന്നത് കൊണ്ട് അദ്ദേഹം ഫോർമാലിറ്റീസ് എല്ലാം തന്നെ ചെയ്തു വച്ചിരുന്നു..അവരെഴുതി ഒപ്പിട്ട കത്ത് ഭാനു മാധവനെ ഏൽപ്പിച്ചു...ഉപേക്ഷിച്ചു പോകുകയാണെങ്കിലും അവരറിയാതെ സംഭാവനയായി നല്ലൊരു തുക മാധവനെ ഏൽപ്പിച്ചിട്ടാണ് ജിത്തു പോയത്... അപ്പോഴാണ് ഭവാനിക്ക് വേണ്ടിയുമങ്ങനെ ജിത്തു ചെയ്തിരുന്ന വിവരം ഭാനു അറിയുന്നതും... അതിശയത്തോടെ ജിത്തുവിനെ നോക്കുമ്പോൾ അവനൊന്നും അറിയാത്ത ഭാവത്തിൽ നിൽപ്പുണ്ട്...
അവനോടുള്ള പ്രണയം ആ നിമിഷത്തിൽ നെഞ്ച് വിങ്ങുന്നതവൾ സുഖമുള്ളൊരു നോവോടെ അറിഞ്ഞു...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ആ യാത്ര നേരെ കണ്ണൂരിലേക്കായിരുന്നു... ജിത്തുവും അവന്റെ പ്രിയയും ആദ്യമായി പരസ്പരം കണ്ട ആ കൊച്ചു വീട്ടിലേക്ക്...ആ വീട് അടഞ്ഞു തന്നെ കിടക്കുന്നുണ്ട്...
അവിടെയെത്തി ഗേറ്റിന് മുന്നിൽ ചെന്നു നിന്ന ഭാനുവിന്റെ കണ്ണിലാദ്യം പെട്ടത് ഒരു ചെമ്പകമരമാണ്..മഞ്ഞ നിറത്തിൽ പൂത്തുലഞ്ഞൊരു ചെമ്പകമരം.. അത് നിന്നിരുന്ന ആ സ്ഥലം അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു... അന്നൊരിക്കൽ ജീവനും കയ്യിൽപ്പിടിച്ച് രാത്രിക്ക് രാത്രി അനുവിനെയും മുത്തശ്ശിയെയും കൊണ്ട് പലായനം ചെയ്യേണ്ടി വന്ന നാൾ രാവിലെ നട്ട ചെമ്പകച്ചെടിയാണിപ്പോൾ പ്രൗഢഗംഭീരമായി പുഷ്പിച്ച് നിൽക്കുന്നത്....ഭാനുവിന്റെ മനസ്സിൽ സന്തോഷത്തിന്റെ തിരകൾ അടിച്ചുയർന്നു...
ജിത്തുവിന്റെ കരസ്പർശത്തിൽ അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആ നെഞ്ചിലേക്ക് ചേർന്നു നിന്നു... ഇരുവരുടെയും മനസ്സിലൂടെ ആദ്യ കാഴ്ച മുതലുള്ളതോരോന്നും കടന്നു പൊയ്ക്കൊണ്ടിരുന്നു.... വാക്കുകളന്യമായെങ്കിലും പരസ്പരം പങ്ക് വയ്ക്കപ്പെട്ട നോക്കുകളിൽ അവരാ നിമിഷങ്ങളിൽ വീണ്ടും ജീവിച്ചു..തന്റെ നെറ്റിയിൽ പതിഞ്ഞ ജിത്തുവിന്റെ ചുണ്ടുകളുടെ തണുപ്പിൽ ശരീരവും മനസ്സും ആത്മാവുമൊരു പോലെ കുളിരണിയുന്നതവൾ നിർവൃതിയോടെയറിഞ്ഞു...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കാറിൽ കയറി പുറപ്പെടാനൊരുങ്ങുമ്പോഴാണ് ജിത്തുവിന്റെ മൊബൈലിൽ ചിരാഗിന്റെ വീഡിയോ കോൾ...അറ്റൻഡ് ചെയ്തതും മുന്നിലെ സ്‌ക്രീനിൽ ചിരാഗിനെയും അനുവിനെയും ഒന്നിച്ചു കണ്ട് ജിത്തുവിന്റെയും ഭാനുവിന്റെയും കണ്ണുകൾ വിടർന്നു....
\"സമ്മതിച്ചെടാ...ഞങ്ങൾക്കിടയിലെ സൗഹൃദം ശക്തമാക്കാൻ എന്റെ കൈ കൊണ്ടൊരു താലി നിന്റെ അനുമോൾക്ക് സമ്മതമാണെന്ന്...ഭാനൂ നിന്റെ ഏടത്തിയമ്മയാകാൻ നിന്റെ അനുവേച്ചിക്ക് സമ്മതമാണെന്ന്...\"
നിറഞ്ഞ സന്തോഷത്തോടെ ചിരാഗ് പറയുമ്പോൾ ആ വാക്കുകളിലെ സന്തോഷവും അനുവിന്റെ മുഖത്തെ പുഞ്ചിരിയും ജിത്തുവിനെയും ഭാനുവിനെയും സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു.. തങ്ങൾ തിരികെയെത്തിയിട്ട് ഈ സന്തോഷം ആഘോഷിക്കണമെന്ന് പരസ്പരം തീരുമാനിച്ചുറപ്പിച്ച് ജിത്തുവും ചിരാഗും ഫോൺ കട്ട് ചെയ്തു...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
\"പ്രിയാ.. നമുക്കൊരു യാത്ര പോയാലോ...?\"
ജിത്തു ചോദിക്കുന്നത് കേട്ട് ഭാനു അവനെ നോക്കി...
\"എവിടേയ്ക്കാ ജിത്തുവേട്ടാ? \"
അവൾ ആകാംക്ഷയോടെ ചോദിച്ചു...
\"അങ്ങനെ ഇന്ന സ്ഥലമെന്നൊന്നുമില്ല ഡീ പെണ്ണേ... ഞാനും നീയും.. നമ്മുടെ പ്രണയവുമായി ഒരു യാത്ര..ഒരാഴ്ചയ്ക്കകം തിരിച്ചെത്തുന്നൊരു യാത്ര... പലയിടങ്ങളിലൂടെ....\"
ഭാനു ജിത്തുവിന്റെ കൈകോർത്തു പിടിച്ചതിലൊന്നു മുത്തി...
\"പോകാല്ലോ...\"
അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു... അവന്റെ കണ്ണുകളുമാ പ്രണയമാവാഹിച്ചു...
അവർ പുറപ്പെടുകയാണ്...
പ്രണയം മാത്രം നിറഞ്ഞൊരു യാത്രയ്ക്കായി....
ജീവിതവീഥിയിലെ ആദ്യ യാത്രയ്ക്കായി...
പ്രണയപുഷ്പങ്ങളാൽ അലങ്കൃതമായ
വീഥിയിലൂടെയുള്ള വിസ്മയയാത്രയ്ക്കായി.....
💖💖💖💖💖💖ശുഭം 💖💖💖💖💖💖💖