Aksharathalukal

ഓർമ്മയിലെ കുട്ടികാലം

നഷ്ട്ടമായ കുട്ടികാലം ഓർമയിൽ നിറയുമ്പോൾ 
നിറഞ്ഞിടുന്നു എൻ കണ്ണുകൾ
പിടഞ്ഞിടുന്നു എൻ കരൾ...

\'അമ്മ പാടിയ താരാട്ടിലുറങ്ങിയതും
മുത്തശ്ശി പറഞ്ഞൊരാ കഥകൾ കേട്ടിരുന്നതും
അണ്ണാറക്കണ്ണനോട് കിന്നാരം പറഞ്ഞതും 
മണ്ണപ്പം ചുട്ടതും 
പ്ലാവിലകിരീടം അണിഞ്ഞു രാജാവായതും
ഓലയിൽ കണ്ണാടി തീർത്തതും
കവുങ്ങിൻ പാളയിൽ പറമ്പ് ചുറ്റിയതും
അമ്മയുടെ വഴക്കു കേട്ടും, മഴയിൽ നനഞ്ഞതും
സന്ധ്യ മയങ്ങുവോളം പറമ്പിൽ കളിച്ചതും
അച്ഛൻ കൊണ്ടുവരും മിഠായിപൊതിക്കായി കാത്തതും
പൊതി പങ്കിട്ട് ചേട്ടനൊത്ത് വഴക്ക്കൂടിയതും
ശകാരിച്ച അമ്മയോട് പിണങ്ങിയതും 
അത്താഴം കഴിക്കാതെ ഉറങ്ങിയതും
അമ്മയുടെ ഉമ്മയിൽ പിണക്കം തീർന്നതും
ചാഞ്ഞു നിന്ന് മാവിൻ കൊമ്പിൽ കയറിയതും
പുളിയുറുമ്പിന്റെ കടികൊണ്ട് വീണതും
എന്റെ നെറ്റിയിലെ ചോരകണ്ട് -
അമ്മയുടെ കണ്ണുകൾ നിറഞ്ഞതും
പത്രത്താളിൽ തീർത്ത പട്ടം ആകാശം മുട്ടെ പറത്തിയതും

നഷ്ട്ടമായ കുട്ടികാലം ഓർമയിൽ നിറയുമ്പോൾ 
നിറഞ്ഞിടുന്നു എൻ കണ്ണുകൾ
പിടഞ്ഞിടുന്നു എൻ കരൾ...
തിരിച്ചു പോയിടാൻ കൊതിക്കുന്നു ഒരു നിമിഷമെങ്കിലും...