Aksharathalukal

കപോതവ്രതൻ





ഒരു *കപോതവ്രതനാ
യിത്രയും നാളുകൾ,
യവനികയ്ക്കുള്ളിൽ 
മറഞ്ഞിരിപ്പു!

കൂരമ്പിൻ മുനയുള്ള
വാക്കിൻ ശരങ്ങളാൽ,
ചോര കിനിയും
വ്രണങ്ങളുള്ളിൽ!

കാപട്യമുദ്രകൾ
നെറുകയിൽ ചാർത്തവേ,
ആന്ദോളനങ്ങളായ്
നിനവുകളും!

ഉർവ്വി തൻ മാറു പിളർ-
ന്നതിലലിയുവാൻ,
മന്ദം ശ്വസിക്കുമെ-
ന്നുൾപ്പൂവിന്നാശകൾ!

ആയിരം ചോദ്യശര-
ങ്ങളിൽ പിടയവേ,
കരളുരുകീടും കഥകൾ
മെനഞ്ഞു ഞാൻ!

കൗതുകം ചുരണ്ടുമെന്ന-
സ്തിത്വവേരുകൾ,
സമ്മിശ്ര ഭാവങ്ങളായി
പൊതിയവേ!

അപരാധിയായി-
ട്ടില്ലീ ജന്മമൊരിക്കലും,
അറിയാത്ത കുറ്റങ്ങളാ-
രോപിച്ചകറ്റുന്നു!

അവിശ്വാസ മനസ്സിൻ
കുതന്ത്രത്തിൽ വീഴവേ,
അഴിയാക്കുരുക്കിട്ടു
ബന്ധിച്ചിടുന്നവർ!

ഇനിയെത്ര രാവുകള-
ടിമയായ് വാഴണം,
മോചനക്കയറുമായ്
മരണമിങ്ങണയുമോ?

*അന്യൻ ചെയ്യുന്ന ദ്രോഹങ്ങളെ സഹിക്കുന്നയാൾ.

                 ✍️ഷൈലാ ബാബു©