Aksharathalukal

നിഴൽ ചിത്രങ്ങൾ

വർഗീസ് മാഷിന്റെ ജീവനില്ലാത്ത ശരീരവും വഹിച്ചുകൊണ്ടാവാഹനം വിദ്യാലയത്തിന്റെ കമാനം കടന്നു. വലിയൊരു ജനാവാലി അവിടെ നിരന്നിരുന്നു. ഓർമ്മകൾ അയവിറക്കുവാനും, തങ്ങളുടെ പ്രിയ മാഷിനെ അവസാനമായി കാണുവാനും.. എല്ലാവരുടേം വാക്കുകളിൽ വർഗീസ് മാഷ് നിറഞ്ഞു നിന്നു. ദേഹം വിട്ട് ദേഹി പോകുമ്പോൾ നീ ചെയ്ത പ്രവർത്തികൾ ഈ ഭൂമിയിൽ മായാതെ നിൽക്കും. ഒരിക്കലും മരിക്കാത്ത ഓർമയായി നീ ഈ ഭൂമിയിൽ ജീവിക്കും.. ഓരോരുത്തരുടേം വാക്കുകളിൽ ജീവനോടെ എന്നും മാഷ് ജീവിക്കും...

സ്കൂളിൽ നിന്നും പള്ളിയിലേക്കുള്ള യാത്രയിൽ ആരുടെയൊക്കെയോ നിലവിളി ഉയരുന്നു... എവിടെ നിന്നൊക്കെയോ പൂ മഴ പെയ്യുന്നു. മരണന്തര ചടങ്ങുകൾക്ക് ശേഷം. അവസാനമായി ചുംബനം നൽകേണ്ടവർക്ക് നൽകാം എന്നച്ചൻ പറഞ്ഞപ്പോൾ ഓരോരുത്തരും മാഷിന് മുഖത്തായി തൂവെള്ള നിറത്തിലുള്ള തുണി വിരിച്ച് അന്ത്യചുംബനം നൽകി. അവസാനമായി കാത്തുനിന്നവൾ പതിയെ അപ്പച്ചനരികിലേക്ക് നടന്നു മുഖത്ത് വിരിച്ചിരുന്ന തൂവാലകൾ എടുത്തുമാറ്റി അവസാനമായി ചുംബനം നൽകി. വീണ്ടും വീണ്ടും ചുംബിച്ചു. ഇനിയൊരു ചുംബനമില്ല, ഇനിയൊരു തലോടലില്ല, ഇനി കൈപിടിച്ച് നടത്താൻ ആ കൈകളില്ല.. കുഴിയിലേക്ക് എടുക്കുമ്പോൾ പോലും എന്നെ തനിച്ചാക്കി പോകല്ലേ അപ്പച്ചാ എന്ന് വിളിച്ചുകൂവാൻ അവൾക്ക് തോന്നി. ഞാൻ തനിച്ചായി പോകും എന്നലമുറയിടാൻ. എന്നെയും കൂടെ കൊണ്ടു പോകുമോ എന്ന് ചോദിക്കാൻ.. അവസാനമായി ഒരുപിടി മണ്ണിടുന്നതിനു മുമ്പായി നിലത്തേക്ക് വീണിരുന്നു ആ കുഞ്ഞിപ്പെണ്ണ്...