Aksharathalukal

എന്റെ ജെൻഡർ

ദേ..... ഡാ.....
നോക്കടാ....... അവനെ നോക്കിയേ......
അയ്യേ.... നാണമില്ലെഡാ.....
 ആണുങ്ങളെ പോലെ നടക്കഡാ....

       അന്നൊരു സ്വാതന്ത്ര്യദിനമായിരുന്നു. കളിയാക്കലുകളും പൊട്ടിച്ചിരികളും ഒരു അമ്പു പോലെ എന്റെ നേരെ വന്ന ദിവസം. ഞാൻ സ്വയം എന്റെ ചുറ്റുമുള്ള മതിലുകളെ ഭേധിച്ചു എന്റെ സ്വാതന്ത്ര്യത്തിലേക്ക് കാൽ വച്ച ദിവസം. പുരുഷന്റെ ശരീരത്തിൽ അകപ്പെട്ടുപോയൊരു സ്ത്രീയുടെ വീർപ്പുമുട്ടൽ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതിനു പുറത്തു കടക്കാൻ എന്നെ ഭയപ്പെടുത്തിയ പലതും എന്റെ ചുറ്റും ഇന്നില്ല എന്നതാണ് എന്റെ മറ്റൊരു സന്തോഷം.
ചെറുപ്പത്തിൽ ചേച്ചിയുടെ പാട്ടുപാവാട ഇട്ടുനടന്നപ്പോൾ എല്ലാവർക്കും അതു തമാശയായിരുന്നു. മുടി നീട്ടി വളർത്തിയപ്പോൾ കെട്ടിയിട്ടു തലമൊട്ടയടിച്ചതും ഒക്കെ എന്റെ ബാല്യത്തിലെ വേദനകളിൽ ഒന്നുമാത്രം.
വാലിട്ടു കണ്ണെഴുതി നടക്കാൻ കൊതിക്കുന്ന എന്നെ പൊടി മീശ വരയ്ക്കാൻ പഠിപ്പിച്ച ചേച്ചിയും പുസ്തകം നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ പുറത്തു തട്ടി നെഞ്ചുവിരിച്ചു നടക്കടാ എന്നു പറയുന്ന ഏട്ടനും ആയിരുന്നു എന്നിലെ എന്നെ മൂടികെട്ടിയത്. 
 നാടിന്റെ സ്വാതന്ത്ര്യത്തിൽ ത്രിവർണ്ണ പതാക ഉയർന്നു പൊങ്ങുമ്പോൾ മനസ്സിൽ ഞാനും ഒരു കൊടി ഉയർത്തുകയായിരുന്നു. എന്നിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പ്.
            അന്ന് മുതൽ ഞാൻ എനിക്ക് ചുറ്റുമുള്ളവരുടെ മാറ്റങ്ങൾ അടുത്ത് കാണുകയായിരുന്നു. മനു എന്നു ഉറച്ചുവിളിക്കാൻ പതറുന്ന കൂട്ടുകാരും "ഡാ " "ഡി "  എന്നു വിളിക്കാൻ ചിന്തകുലരാകുന്ന എന്റെ അധ്യാപകരും എന്നിൽ കൂടുതൽ മാറ്റങ്ങൾ സൃഷ്ടിച്ചു. കോളേജ് എന്നിലെ മാറ്റം അംഗീകരിച്ചു എങ്കിലും അതിനു പിന്നിലും കളിയാക്കലുകളുടെ ഒരു കൂട്ടം എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടാരുന്നു.
വീട്ടിലേക്കുള്ള മടക്കയാത്രയാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. എന്നു വഴിയോരത്തെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഇരിക്കുന്ന കള്ളുകുടിയന്മാരുടെ മൂളലുകളിൽ എന്നിലെ പെണ്ണിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.  നീ ആണാണോ?
പെണ്ണാണോ?     എന്ന ചോദ്യത്തിന് എനിക്കൊരു മറുപടി ഇല്ലായിരുന്നു.
 തകർത്തു പെയ്യുന്ന മഴയിൽ കാർമേഘങ്ങൾ മൂടികെട്ടിയ ഒരു വൈകുന്നേരം അവർ എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി കാട്ടികൂട്ടിയ ക്രൂരതകൾ എനിക്ക് മറക്കാനാവുന്നതിലും അധികമായിരുന്നു. മാനം നഷ്ടപെട്ടപെണ്ണിന്റെ മാനസികാവസ്ഥയിൽ നെഞ്ചത്തലച്ചു ചെന്ന എനിക്ക് ആശ്വാസവാക്കുകൾക്ക് പകരം അച്ഛന്റെ മറുപടി
"ആണുങ്ങളെ പോലെ നടക്കടാ..
 നീ ആണും പെണ്ണും കെട്ടു നടന്നിട്ടല്ലേ " എന്നായിരുന്നു. അന്നും ഇന്നും എന്നെ മനസിലാക്കാൻ അമ്മമാത്രമാണ് ഉണ്ടായിരുന്നത്. അമ്മയുടെ നെറ്റിയിലെ പോട്ടെടുത്തു എന്റെ നെറ്റിയിൽ തൊട്ടുതരുമ്പോൾ ആ മനസ്സ് എന്നോട് കൂടെയാണെന്ന് മനസിലാക്കിത്തരും വിധം ആയിരുന്നു.
കോളേജ് പഠനം കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പത്ത് എന്റെ കൂട്ടുകാരി ജീനാ ആയിരുന്നു. മനു എന്ന് വിളിക്കുന്നതിന്‌ പകരം മനീഷാ എന്ന് എന്നെ ആദ്യമായി വിളിച്ചത് അവളാണ്. ഞങ്ങൾ ഒന്നിച്ചു കൈകോർത്തു നടന്നു പരസ്പരം എല്ലാം പറഞ്ഞു. അവളും അമ്മയുമാണ്‌ എന്നിൽ ആത്മവിശ്വാസത്തിന്റെ തുടിപ്പുകൾ വളർത്തിയത്. ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോൾ ഒരു പെണ്ണായി തിരിച്ചുവരാം എന്ന പ്രേതീക്ഷയായിരുന്നു. അവിടെ ചെന്നിറങ്ങിയ എനിക്ക് എന്നെ പോലെ ഞാൻ മാത്രമല്ല എന്ന തിരിച്ചറിവ് നൽകി. അവിടയുള്ള എന്റെ ജീവിതം ചെറിയ സന്തോഷത്തിന്റെയും വലിയ വേദനകളുടെയും നാളുകളായിരുന്നു. അവരുടെ ഒപ്പം ചെയ്യാത്ത ജോലികൾ ഇല്ല. കേൾക്കാത്ത ചീത്തകൾ ഇല്ല
മൂന്ന്  വർഷത്തിന് ശേഷം  സർജറി കഴിഞ്ഞു കിടക്കുന്ന എന്നെ പരിചരിക്കാൻ പോലും ആരുമില്ലാതിരുന്നപ്പോൾ ജീനയെ ആണ് എനിക്ക് ഓർമ വന്നത് .അന്ന് ബാംഗ്ലൂരിൽ എന്നെ കാണാൻ എത്തിയ ജീനയെ അവളുടെ സഹോദരൻ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ എന്റെ ഒരു പ്രതീക്ഷകൂടെ തകരുകയായിരുന്നു. അപ്പോഴൊക്കെ അമ്മയുടെ സാമിപ്യം ഞാൻ ആഗ്രഹിച്ചു. ആശുപത്രിയിൽ ഭക്ഷണം പോലും വാങ്ങിത്തരാൻ ആരും ഇല്ലാത്ത എനിക്ക്എ ന്നും ഭക്ഷണം തരുന്ന ജാനമ്മയായിരുന്നു ആശ്രയം. ഭാഷകൾ ഞങ്ങൾക്ക് പലതും പറയുന്നതിന് തടസമായിരുന്നെങ്കിലും ഭാഷകൾക്ക് അതീതമായി ഒരു ബന്ധം ഞങ്ങളിൽ ഉണ്ടായിരുന്നു. അവിടം വിടുമ്പോൾ എനിക്ക് വേദന തോന്നിയത് ജാനമ്മയെ ഓർത്തു മാത്രമാമായിരുന്നു.
നാട്ടിലെത്തിയാ എനിക്ക്  വലിയ മാറ്റം ഒന്നും ആളുകളിൽ കാണാൻ കഴിഞ്ഞില്ല. അവരുടെ നോട്ടത്തിലും സംസാരത്തിലും അതെ പ്രതീതി തന്നെ. പക്ഷേ ഇന്നെന്നോട് ജെൻഡർ ചോദിക്കുന്നവർക്ക് കൊടുക്കാൻ എനിക്ക് ഉറച്ച മറുപടിയുണ്ട്.

    "ഞാൻ സ്ത്രീയും അല്ല പുരുഷനും അല്ല ട്രാൻസ് ജെൻഡർ ആണ് "