Aksharathalukal

കൊതുകെ നിന്നെ കാണാതിരുന്നാൽ..

      നിങ്ങളെ ഒരു കൊതുക് കുത്തിയാൽ എന്തു ചെയ്യും?
ഒന്നുകിൽ ആ കൊതുകിനെ പരത്തി അടിച്ചു കൊല്ലും.... അല്ലെങ്കിലോ ആ കൊതുകിന്റെ പൂർവികരെയും സന്തതി പരമ്പരകളെയും അടക്കം മനസുരുകിയങ്ങു ശപിക്കും....!
അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഈ വർഗത്തെ തീരെ ഇഷ്ടമല്ല.....
ഒരു മര്യാദയുമില്ലാതെ അവിടെയും ഇവിടെയുമെല്ലാം പിടിച്ചു കടിക്കുക എന്നത്
അന്തസുള്ളവർക്ക് പറഞ്ഞ പണിയാണോ?
ഇനി കടിച്ചു പോയാലോ അവിടെയെല്ലാം വീർത്തും വരും....!
എത്ര പുതപ്പു പുതച്ചു കിടന്നാലും അതിന്റെ ഉള്ളിൽ കഷ്ടപ്പെട്ട് നുഴഞ്ഞു കയറി കുത്തും.
കുത്തുന്ന രീതിയും പുതപ്പിനുള്ളിൽ നുഴഞ്ഞു കയറുമ്പോഴുള്ള മെയ് വഴക്കവും കണ്ടാൽ ഏതോ സാഹസിക യുദ്ധത്തിന് പരിശീലനം സിദ്ധിച്ച സൈനികനാണെന്നു തോന്നിപോകും...
ഒരു കുത്തു കുത്തി, ഇനി മതിയാക്കി വീട്ടിൽ പോകാൻ ഇതെങ്കിലും ഒരു പാവം മനുഷ്യൻ പറഞ്ഞുപോയാൽ അത് പള്ളിയിൽ പോയി പറഞ്ഞാമതി എന്നമട്ടിൽ വട്ടമിട്ടു പറക്കും. പിന്നെ പൂർവ്വശത്രുവിനെ കണ്ടപോലെ കുത്തോടുകുത്താണ്...
എത്ര മൃഗയമായ വിനോദമാണെന്റെ കൊതുകെ....?
ഇനി കാര്യത്തിലേക്കു വരാം.
കൊതുകിനെ പറ്റി പറയാനല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ചു കൊതുകിനെ കൂടാതെ ജീവിക്കാൻ പറ്റാത്ത ഒരു മഹാനുഭാവനെ പറ്റിയാണ് ഈ കഥ....!
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയും ഒരു മഹാനുണ്ടായിരുന്നു.
പേര് പങ്കജാക്ഷൻ.....
ആളുകൾ സ്നേഹത്തോടെ പങ്കൻ എന്ന് വിളിക്കും.
ആരും  അറിയാതെ പോകേണ്ടിയിരുന്ന പങ്കന്റെ കഥ പങ്കൻ തന്നെ കള്ളുഷാപ്പിൽ പോയി വിളമ്പിയത്തോടെ നാട്ടിൽ പങ്കന്റെ പേര് ഇപ്പോൾ 'കൊതുക് പങ്കൻ ' എന്നായി....!
അന്ന് രാത്രി പങ്കൻ ഉറക്കം വരാതെ കണ്ണും മിഴിച്ചങ്ങനെ കിടന്നു...
ഒരു ജഗ്‌ തണുത്ത വെള്ളം ഒറ്റ വലിക്കുm അകത്താക്കിയിട്ടും സംഭ്രമം മൂത്തു കണ്ണ് മിഴിക്കേണ്ട അവസ്ഥയായിരുന്നു മൂപ്പർക്ക്..
മലന്നും കമിഴ്ന്നും കുടക്കുകയും തന്റെ മുട്ടൻ തല വിയർപ്പിനാൽ നനഞ്ഞു കുതിർന്ന ബെഡിലിട്ടടിക്കുകയും ചെയ്തു പങ്കൻ...!
ഇനിയെന്ത് എന്ന് ചിന്തിച്ചു,ചാടിഎഴുന്നേറ്റ പങ്കൻ ഒരു ഹിമാലയം കണക്കു മുന്നിൽ നിറഞ്ഞു നിൽക്കുന്ന  ആ വലിയ പ്രശ്നത്തിന് ഉത്തരം കണ്ടെത്താനാകാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു....
ചെരിപ്പിട്ടാണ് പങ്കൻ നടന്നിരുന്നതെങ്കിൽ കുറഞ്ഞത് ഒരമ്പത്തു ചെരുപ്പെങ്കിലും തേഞ്ഞു ബ്ലൈഡ് പോലെ ആകുകയും പിന്നീട് ഓട്ടയാകുകയും ചെയ്തേനെ...
അതുമല്ലെങ്കിൽ ഈ നടത്തം മഹാൻ നേരെ അങ്ങ് നടന്നിരുന്നെങ്കിലോ?
ഉഗാണ്ടയിലോ അതിനോട് ചേർന്ന് കിടക്കുന്ന മറ്റേതെങ്കിലുംരാജ്യങ്ങളിലൊഎത്തിച്ചേർന്നാലും ഒട്ടും അതിശയപെടാനില്ല...
എന്തിനാണ് Mr. പങ്കൻ ഇത്രകണ്ടു ടെൻഷൻ അടിക്കുന്നത് എന്നല്ലേ?
സാമ്പത്തികമാണോ?
കുടുബപരമായ എന്തെങ്കിലും പ്രശ്നങ്ങൾ..?
അല്ലെ അല്ല....
പിന്നെ?
പങ്കനെ കുറച്ചു നാളായി കൊതുക് കടിക്കുന്നില്ല....
എന്നും മുറതെറ്റാതെ കിട്ടിയിരുന്ന കടി കുറച്ചുനാളായി കിട്ടാതിരുന്നപ്പോൽ പങ്കന് വിഭ്രാന്തി ആയിപോയി എന്നതാണ് സത്യം...
ഇനി കൊതുക് കടിക്കാൻ എന്താണ് മാർഗം എന്ന് ചിന്തിച്ചു പങ്കനിരുന്നു.
ഉത്തരവാദിത്വത്തോടെ നിരന്തരം കുത്തി സുഖിപ്പിച്ചിരുന്ന കൊതുകിനിതു എന്തുപറ്റി എന്നായിരുന്നു പങ്കന്റെ ചിന്ത!
മനുഷ്യ മനസിന്റെ അഗാതതകളിൽ ഊളിയിട്ടിറങ്ങി മുത്തും പവിഴവും പറക്കിയെടുക്കുന്ന എത്ര കൊടികുത്തിയ
മനഃശാസ്ത്രഞ്ജനും കണ്ടെത്താൻ കഴിയാത്ത തലങ്ങളിലാണ് ഇപ്പോൾ പങ്കന്റെ യാത്ര....!
ബ്ലഡിൽ O+വ് വർഗ്ഗത്തോടാണ് കൊതുകിനു പ്രിയമെന്നു കേട്ടു B+വു കാരനായ പങ്കൻ കവലയിൽ നിന്നു പറഞ്ഞുവത്രെ -എനിക്ക്‌ അടുത്ത ജന്മത്തിലെങ്കിലും O+വ് കാരനായി ജനിക്കാൻ പറ്റണെ ഭഗവാനെ ന്ന് -
അന്ന് അതത്ര കാര്യമായി ആരും എടുത്തില്ലെങ്കിലും ഇപ്പോഴാണ് കാര്യത്തിന്റെ
ഗുട്ടൻസ് പിടികിട്ടിയത്...!
ഇനി കഥ തുടരാം....
പങ്കൻ മുറി മുഴുവൻ നടന്നു നോക്കി. ഒരു കൊതുക് പോലുമില്ല.
ഒരു കസേരയിൽ കയറി നിന്നു പഴയ പത്രകെട്ടുകൾ വച്ച ബർത്തിൽ തലയിട്ട് നോക്കി..
അവിടെ വിലസിയിരുന്ന ഒരു കട്ടുറുമ്പിന്റെ കടി കൊണ്ടത് മിച്ചം....!
അപ്പുറത്തെ മുറിയിൽ മകൻ കത്തിച്ചു വച്ചിരുന്ന കൊതുകുതിരിയുടെ ഗന്ധം പങ്കൻ തിരിച്ചറിഞ്ഞു.
അപ്പോൾ അത് തന്നെയാകും കാരണം...
പങ്കൻ കലിപ്പോടെ മകന്റെ മുറിയുടെ വാതിലിൽ ആഞ്ഞടിച്ചു.
ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നു പേടിച്ചു വാതിൽ തുറന്ന മകനോട് ഒരക്ഷരം മിണ്ടാതെ അകത്തേക്ക് ഓടിക്കയറി പങ്കൻ കൊതുകുതിരി പുറത്തേക്കു വലിച്ചെറിഞ്ഞു.
"ഇനി ഈ വീട്ടിൽ കൊതുകുതിരി കണ്ടു പോകരുത് "- പങ്കൻ അലറുകയായിരുന്നു.
മകനൊന്നും മനസിലായില്ല. പൊട്ടൻ ചന്തയിലെത്തിയ പോലെ അവനങ്ങനെ നിന്നു....
പങ്കൻപുറത്തെ ജാതിതോട്ടത്തിലേക്കിറങ്ങി.
അവിടെ കൊതുക് കാണുമെന്നു പങ്കന് ഉറപ്പായിരുന്നു. ഭയപെടുത്തുന്ന അന്ധകാരത്തിൽ അരമണിക്കൂർ കുത്തിയിരുന്നിട്ടും ഒരു കൊതുകും പങ്കനെ കടിച്ചില്ല. ഉറക്കെ പുലമ്പിക്കൊണ്ട് പങ്കൻ ജാതിച്ചുവട്ടിൽ തന്നെ കിടന്നുറങ്ങാൻ ശ്രമിച്ചു.

ശബ്ദം കേട്ടു മുറ്റത്തേക്കിറങ്ങി വന്ന സഹധർമിണിക്കു കാര്യങ്ങളുടെ പൊരുത്തകേടു ഏകദേശം മനസിലായി.
മക്കളെ വിളിച്ചുകൂട്ടി ഭാര്യ അടക്കം പറഞ്ഞു -
"നിങ്ങടെ... ച്ചന്... ഭ്രാന്താണ്...."
"ശരിയാ.... ഞങ്ങൾക്കും തോന്നി "-മക്കളും അനുകൂലിച്ചു
അടുത്ത ദിവസം മന്ത്രവാദിയുടെ അടുത്തുകൊണ്ടുപോയി ഏലസ് ജപിച്ചു കെട്ടികൊടുക്കാമെന്നു അവർ ഏകകണ്ഠമായി തീരുമാനിച്ചു.
അടുത്ത പ്രഭാതത്തിൽ മകൻ കാറുമായി വന്നു. അച്ഛനോട് കയറുവാൻ പറഞ്ഞു.
എനിക്ക്‌ സൗകര്യമില്ലെന്നു പങ്കൻ. അവസാനം ഭാര്യയുടെ മദ്ധ്യസ്ഥതയിൽ ഉപാധികളോടെ പങ്കൻ സമ്മതിച്ചു.
ഞാൻ പറയുന്നിടത്തു വണ്ടി നിറുത്തണം.-പങ്കന്റെ ഡിമാന്റ് അതായിരുന്നു.
ശരി -മക്കൾക്ക്‌ നൂറുവട്ടം സമ്മതം.
അവസാനം പങ്കൻ കാറിൽ കയറി മന്ത്രവാദിയുടെ അടുത്തേക്ക് യാത്ര പുറപ്പെട്ടു. ദുഖിതനും ക്ഷീണിതനുമായിരുന്നു പങ്കൻ. അതിനെക്കുറിച്ചു ഭാര്യയും മക്കളും ഒന്നും ചോദിച്ചില്ല. അതിനു കാരണം പങ്കൻ അവരോട് പറഞ്ഞുമില്ല....!
അങ്ങനെ പഞ്ചായത്തു ഗ്രൗണ്ട് എത്തിയപ്പോൾ പങ്കൻ പറഞ്ഞു -നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ഇപ്പോൾ വരാം.."
മറുപടിക്ക് കാത്തു നിൽക്കാതെ പങ്കൻ കാറിൽ നിന്നിറങ്ങി നടന്നു.
ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നാട്ടിലെ മുഴുവൻ വേസ്റ്റും കുന്നുകൂട്ടി ഇട്ടിരിക്കുന്നു...
പങ്കൻ പ്രതീക്ഷയോടെ അതിനടുത്തെത്തി.
കൊതുകാണു ലക്ഷ്യം....
വരുമോ.....
വരാതിരിക്കില്ല....
ഇനി ഇതു മാത്രമേ ഉള്ളു ശരണം....
പങ്കൻ മനസുരുകി പ്രാർത്ഥിച്ചു....
വിചിത്രമായ പ്രാർത്ഥന ദൈവം കേട്ടിരിക്കാം. കണ്മുൻപിൽ തന്നെ ഒരു കൊതുക്‌.
ഒന്നല്ലല്ലോ.....
രണ്ട്.....
മൂന്നു....
അഞ്ച് .....
ഒരായിരം കൊതുകുകൾ....!
കുത്തോടു കുത്തു....
പങ്കൻ ആനന്ദത്തിൽ ആറാടി....
തിരിച്ചു കാറിൽ കയറി പങ്കൻ ചിരിച്ചുകൊണ്ട് ഭാര്യയോട് പറഞ്ഞു - "നീയ്യിങ്ങു അടുത്തിരിക്കു. നമുക്ക് ഏതെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും അങ്ങ് പോകാം. ഏലസ് കെട്ടണ്ടേ....!"
ഒരു ചിരി ഭാര്യയുടെ മുഖത്തും വിരിയുന്നതു
പങ്കൻ കണ്ടു.......!
കാറങ്ങനെ മന്ത്രവാദിയുടെ വീട് ലക്ഷ്യമാക്കി ഓടിക്കോണ്ടിരുന്നു.