ഇന്ന് അലമാര വൃത്തിയാകുന്നതിനിടയിലാണ് ഒരു തിളക്കം കണ്ടത്.. ഒന്നുകൂടി നോക്കിയപ്പോഴാണ് അതൊരു സ്വർണകൊലുസ്സാണെന്ന് മനസ്സിലായത്.. അത് വാങ്ങിയ ദിവസം ഓർക്കവേ ഹൃദയം ഒന്ന് നിന്നു, കണ്ണുകൾ പെയ്തു..
*********
\" വൈഗു.. ഞാനൊന്ന് പുറത്തുപോയി വരാട്ടോ.. \"
അനുരാഗ് തന്റെ നല്ല പാതിയായ വൈഗയെ വിളിച്ചുകൊണ്ടു പറഞ്ഞു...
നെറ്റിത്തടത്തിൽ ഒരു ചുടുചുംബനം നൽകിക്കൊണ്ട് അവൻ ഇറങ്ങി..
അനു പോകുന്നത് നോക്കിനിന്നു.. പിന്നെ മെല്ലെ അകത്തേക്ക് പോയി..
നാളെ തന്റെ പിറന്നാൾ ആണ്.. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ..
സമയം കടന്നുപോയി.. മടങ്ങിവരേണ്ട സമയമായിട്ടും അനുരാഗ് എത്തിയിട്ടില്ല..
അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വിനീതേട്ടൻ അകത്തേക്ക് വന്നത്.. അനുവേട്ടന്റെ കൂട്ടുകാരനാണ് ആള്..
\" എന്താ മോനെ...? എന്തുപറ്റി..? നീ എന്തിനാ ഇങ്ങനെ ഓടിപ്പാഞ്ഞു വന്നത്..\"
വിനീതേട്ടന്റെ കിതപ്പ് കണ്ട് അമ്മ ചോദിച്ചു..
\" അമ്മേ.. ഞാൻ ഇത് എങ്ങനെയാ നിങ്ങളോട് പറയാ.. \"
ആ മുഖത്ത് ഒരു വല്ലാത്ത ഭാവം മിന്നിമറഞ്ഞു..
\" പറ ഏട്ടാ.. എന്താണേലും പറ.. \"
ആ മുഖഭാവം കണ്ടതും എന്റെ മനസ്സിൽ ഒരു പേടി വന്നു..
\" അത്.. നമ്മുടെ അനു..\"
\" അനുവേട്ടന് എന്താ പറ്റിയെ..?! പറ..?\"
ഞാൻ അലറുന്നത് പോലെ ചോദിച്ചു..
\" അവൻ.. അവൻ പോയി.. \"
അത് കേട്ടതും എന്റെ ഹൃദയം നിന്നത് പോലെ തോന്നി.. ഞാൻ ബോധം മറഞ്ഞു നിലത്തു വീണു.. അപ്പോഴും അവരുടെ സംസാരം അവ്യക്തമായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു..
*********
കണ്ണുതുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു..
അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. അവസാനം ഒന്ന് കാണാൻ പോലും പറ്റിയില്ല..
അമ്മ എന്റെ അടുത്തേക്ക് വന്നു ചെറിയൊരു പൊതി എന്റെ നേരെ നീട്ടി..
അത് വാങ്ങി നോക്കിയതും ഞാൻ പരിസരം മറന്നു പൊട്ടിക്കരഞ്ഞു.. അതൊരു സ്വർണ്ണക്കൊലുസായിരുന്നു.. ഏറെ നാളത്തെ എന്റെ ആഗ്രഹം.. പക്ഷെ ഇന്നത് എന്റെ പാദങ്ങളിൽ അണിഞ്ഞു തരാൻ എന്റെ പാതി ഇല്ല..
കുറച്ചു കഴിഞ്ഞു ഒരു ഡോക്ടർ വന്നു അതികം സ്‌ട്രെസ് എടുക്കരുതെന്നും കൂടുതൽ കരുതൽ വേണെമെന്നും പറഞ്ഞപ്പോ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..
നിർവികാരതയായിരുന്നു അവിടെ.. അമ്മ എന്റെ അടുത്തേക്ക് വന്നു എന്റെ വലതുകൈ എടുത്ത് എന്റെ വയറിനു മുകളിൽ വച്ചു...
\" അവൻ പോയപ്പോൾ ഒരു ജീവനും തന്നിട്ടാ പോയത്.. \"
ഞാൻ നിറകണ്ണുകളോടെ അമ്മയെ നോക്കി.. സന്തോഷം തരേണ്ട സമയം പോലും.. തീരാ ദുഃഖത്തിൽ മുങ്ങി..
*******
\" അമ്മേ... \"
അമ്മേ എന്നുള്ള കുഞ്ഞു വിളിയും വെള്ളിക്കൊലുസിന്റെ ശബ്ദവുമാണ് എന്നെ ഉണർത്തിയത്...
എന്റെ.. അല്ല ഞങ്ങളുടെ മകൾ വൈദേഹി ആയിരുന്നു അത്.. സീത ദേവിയുടെ പേരും സൗന്ദര്യവും ഉള്ളവൾ..
ആകാശത്തുണ്ടായിരുന്ന ഒരു നക്ഷത്രം വെട്ടിത്തിളങ്ങി.. ഒപ്പം അലമാരയിലെ കൊലുസ്സും..
അവസാനിച്ചു....
( വൈദേഹി എന്നത് സീതാ ദേവിയുടെ പേരാണെന്ന് എവിടെയോ വായിച്ച പരിചയം.. അതോണ്ട് എഴുതിയതാണ്.. അല്ല എന്നുണ്ടെങ്കിൽ പറയണെ..)
സ്നേഹത്തോടെ...
ജിന്ന്