കഥ
കുറേ നേരമായി ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയിട്ട് .
അനാമിക മൊബൈൽ എടുത്തു നോക്കി.
തീരെ പരിചയമില്ലാത്ത നമ്പർ. കോൾ അറ്റൻ്റു ചെയ്യണോ വേണ്ടയോ എന്ന് അല്പനേരം ആലോചിച്ചു നിന്നു അവൾ.
പിന്നെ കോൾ എടുക്കാൻ തന്നെ തീരുമാനിച്ചു.
ആഹലോ …. ആരാ ? അനാമിക തിരക്കി.
ഞാനാ … എൻ്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ? മറുതലക്കൽ നിന്നും ചോദിച്ചു.
ഈ ശബ്ദം കേട്ടു നല്ല പരിചയം, ആരാണെന്ന് ഓർമ്മ വരുന്നില്ല.
എന്നെ ഇത്രവേഗം മറന്നോ?
ഞാൻ വിവേക് ആണ്.
അയാൾ പറഞ്ഞു.
പെട്ടെന്നാണ് വിവേകിനെ ഓർമ്മ വന്നത്.
പിന്നെ എന്തുപറയണം എന്നറിയാതെ അനാമിക മൗനം പാലിച്ചു നിന്നു.
ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം വിവേക് സംസാരിക്കാൻ തുടങ്ങി.
മകരത്തിലെ മരംകോച്ചുന്ന തണുപ്പിലും അവൻ വല്ലാതെ വിയർക്കുന്നു.
വർഷങ്ങൾക്കു ശേഷം നിൻ്റെ ശബ്ദം കേട്ടപ്പോൾ നിന്നേക്കുറിച്ചുള്ള ഓർമ്മകൾ എൻ്റെ ഹൃദയത്തിൽ കുളിരുകോരിയിടുന്നു കുട്ടി…
നിന്നെക്കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ല.
ഭൂതകാലം തേരട്ടയെപ്പോലെ ഹൃദയത്തിലൂടെ ഇഴഞ്ഞിറങ്ങുന്നു.
അന്ന് നിന്നോടു യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നില്ല ഇങ്ങനെ ഒരു വിധി എനിക്കുണ്ടാവുമെന്ന് .
എൻ്റെ പെണ്ണേ … ഞാൻ നിന്നെ ചതിച്ചുവെന്ന് നീ കരുതുന്നുണ്ടോ ?
ഒരിക്കലും എനിക്കതിനാവില്ല കുട്ടി…
നിന്നെ ഞാൻ അത്രമാത്രം സ്നേഹിച്ചു.
തിരകൾ തീരത്തെ പ്രണയിച്ച പോലെ രാത്രികൾ പകലിൽ അലിഞ്ഞു ചേർന്ന പോലെ നീ എൻ്റെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നു പോയി പെണ്ണേ.
ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു കുട്ടി.
ഇന്നത്തെ ദിവസം നീ ഓർക്കുന്നുണ്ടോ?
എനിക്ക് ഉറപ്പുണ്ട് , നിനക്ക് ആ ദിവസം ഓർക്കാതിരിക്കാൻ കഴിയില്ലെന്ന് !
നമ്മൾ പരസ്പരം പിരിഞ്ഞിട്ട് ഇന്ന് നാലുവർഷം പൂർത്തിയാകുന്നു.
അന്ന് ഞാൻ നിന്നോട് യാത്ര ചോദിക്കാൻ വന്നദിവസം, നീ എന്നിലേക്ക് അലിഞ്ഞു ചേർന്ന നിമിഷം നിൻ്റെ നെറുകയിലെ കാച്ചിയ എണ്ണയുടെ പരിമളം എൻ്റെ സിരകളെ മത്തുപിടിപ്പിച്ചു.
ഇന്നും നിൻ്റെ കാച്ചിയ എണ്ണയുടെ ത്രസിപ്പിക്കുന്ന ഗന്ധം എൻ്റെ മൂക്കിന്റെ തുമ്പത്ത് നൃത്തം വെക്കുന്നു.
അന്നും ഒരു ഫെബ്രുവരി 29 ആയിരുന്നു. ഇന്നും അതേ ഫെബ്രുവരി 29 ആണ്.
ഓർമ്മകൾക്ക് മരണമില്ല.
അവസാനം നിന്നോടു യാത്ര പറഞ്ഞു പിരിഞ്ഞത് ,തിരിച്ചു വരാൻ വേണ്ടി തന്നെയായിരുന്നു. പക്ഷേ വിധി നമ്മൾക്ക് എതിരായിരുന്നു.
നിനക്കറിയുമോ അന്നു ഞാൻ കയറിയ ബസ് എതിരേ വന്ന ചരക്കുലോറി യുമായി കൂട്ടിഇടിച്ചു വലിയൊരു അപകടം ഉണ്ടായി.
നീ യും ഒരു പക്ഷെ ആ വാർത്ത പത്രത്തിൽ വായിച്ചു കാണും.
ആ അപകടത്തിൽ പത്തിലധികം പേർ മരണപ്പെട്ടു. നിരവധിപേർക്ക് സാരമായി പരുക്കു പറ്റി. അതിൽ ഞാനും പെട്ടിരുന്നൂ.
അന്നത്തെ അപകടത്തിൽ ഞാനും മരിച്ചെന്നു കരുതി എന്നെ മോർച്ചറിയിലേക്ക് മാറ്റാൻ സ്ട്രക്ചറിലേക്ക് മാറ്റിയപ്പോഴാണ് അല്പം പ്രാണൻ എന്നിൽ ബാക്കിയുണ്ടന്ന് ആരോ തിരിച്ചറിഞ്ഞത്.
ആ തിരിച്ചറിവിൽ നിന്നാണ് എനിക്കൊരു രണ്ടാം ജന്മം കിട്ടിയത്.
ബോധരഹിതനായി മൂന്നു നാളുകൾ കിടന്നു. ബോധം വന്നപ്പോഴാണ് അറിഞ്ഞത് എന്റെ കാലുകൾ മുട്ടിന് താഴെയുള്ള ഭാഗം എനിക്ക് നഷ്ടമായ വിവരം. ആ വേദന ഇനിയൊരിക്കലും എന്നെ വിട്ടുപോകില്ല.
ഇനി ഞാൻ ജീവിക്കുന്നതിൽ എന്തർത്ഥം ?
പരസഹായം കൂടാതെ ഇനിയുള്ള കാലം ഒരു പുഴുവിനെ പ്പോലെ ഇഴയേണ്ടിവരില്ലേ? ഇതിൽ ഭേതം അന്നത്തെ അപകടത്തിൽ മരിക്കുന്നതായിരുന്നു .
ആശുപത്രി വിട്ടപ്പോൾ ആദ്യം നിന്നെ വിവരം അറിയിക്കണം എന്നു എനിക്ക് തോന്നി.
പിന്നെ ആലോചിച്ചപ്പോൾ തോന്നി എൻ്റെ ഈ അവസ്ഥ നീ കാണണ്ട എന്ന്.
നീ വേദനിക്കരുതെന്നു കരുതി എല്ലാം നിന്നിൽ നിന്നും മറച്ചു പിടിക്കാൻ നോക്കി ഞാൻ.
അല്ലാതെ ഞാൻ നിന്നെ ഒരിക്കലും മറന്നിട്ടില്ല.
എന്നെ കാത്തിരുന്ന് മടുക്കുമ്പോൾ നീ എന്നെ വെറുക്കും . ഞാൻ ഒരു ചതിയനാണന്ന് നീ തിരിച്ചറിയും. അങ്ങനെ നീ വേറെ വിവാഹം കഴിക്കട്ടെ എന്ന് ഞാൻ കരുതി.
നിൻ്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നീ വിവാഹം കഴിച്ചു സുഖമായി കഴിയാൻ ഞാൻ പ്രാർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് നിൻ്റെ ഒരു കൂട്ടുകാരിയിൽ നിന്നും നിൻ്റെ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. അവരിൽ നിന്നും നിൻ്റെ മൊബൈൽ നമ്പർ കിട്ടി. അങ്ങനെയാണ് ഇപ്പോൾ നിന്നെ വിളിക്കാൻ കഴിഞ്ഞത്.
നിൻ്റെ കഥകേട്ട് സത്യത്തിൽ ഞാൻ തകർന്നു പോയി പെണ്ണേ!
നിൻ്റെ വിവാഹം നടന്നതും രണ്ടു വർഷത്തിനു ശേഷം നിങ്ങൾ പിരിഞ്ഞതും . നിൻ്റെ കുട്ടിയുമായി ഇപ്പോൾ തനിച്ച് ഏതോ വാടകവീട്ടിലാണ് താമസിക്കുന്ന വിവരവും അറിഞ്ഞപ്പോൾ സത്യത്തിൽ നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാനാണ് ആദ്യം തോന്നിയത്.
പിന്നെയാണ് എൻ്റെ ഇന്നത്തെ അവസ്ഥ ഞാൻ ഓർത്തത്.
എൻ്റെ കാലുകൾ നഷ്ടപ്പെട്ടതിനേക്കാൾ വേദന നിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്താണ്.
അന്ന് നമ്മുടെ വിവാഹക്കാര്യം വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കുവാനും എത്രയും വേഗം നമ്മുടെ വിവാഹം നടത്തുന്നതിനും ആയിരുന്നു ഞാൻ നിന്നോട് യാത്ര പറഞ്ഞു പിരിഞ്ഞത്.
ദൈവം ക്രൂരനാണ് കുട്ടി.
അദ്ദേഹം കരുതിക്കാണും നമ്മൾ തമ്മിൽ ഒന്നിക്കരുതെന്ന്.
നമ്മുടെ സ്നേഹത്തിൽ അസൂയ തോന്നിയിട്ടാകും ദൈവം നമ്മളെ അകറ്റിയത്.
ഈ വയനാടിന്റെ ഗ്രാമീണ ഭംഗിയിലേക്ക് നിന്നെ ഒരിക്കൽ കൂട്ടിക്കൊണ്ടു വരണം എന്നുണ്ടായിരുന്നു.
ഇനിയത് എത്രശ്രമിച്ചാലും നടക്കില്ലെന്ന് അറിയാം.
അല്ലങ്കിൽ തന്നെ നമ്മുടെ എതാഗ്രഹമാണ് സാധിക്കാൻ കഴിഞ്ഞത്.
രണ്ടു കാലും നഷ്ടപ്പെട്ട എനിക്ക് എല്ലാത്തിനും സഹായമായി അമ്മയും അച്ഛനും എപ്പോഴും അടുത്തു തന്നെയുണ്ട്.
ഇവിടെ അടുത്തുള്ള ഒരു ക്ലബ്ബിന്റെ സഹായത്തിൽ ഒരു വീൽ ചെയർ കിട്ടി.
അതിൽ വീടിനകത്ത് തനിച്ചു സഞ്ചാരിക്കാൻ കഴിയുന്നുണ്ട്.
എൻ്റെ കുട്ടി , എൻ്റെ വിഷമങ്ങൾ പറഞ്ഞു നിന്നെ ബോറടിപ്പിച്ചോ ?
ചെണ്ട ചെന്ന് മദ്ദളത്തോട് പരാധി പറഞ്ഞപോലെ ആയി! എൻ്റെ പരാതി പറച്ചിൽ.
ഇത്രയും വിവരങ്ങൾ നിന്നെ അറിയിച്ചത് എന്നോട് സഹതാപം തോന്നാനല്ല.
നിന്നോടു ഞാൻ തെറ്റു ചെയ്തിട്ടില്ല എന്ന് നീ മനസ്സിലാക്കാൻ വേണ്ടിയാണ്.
എന്നോടു സഹതപിക്കാൻ പാടില്ല, എൻ്റെ വിധി ഇതാണ്.
നമ്മൾ രണ്ടുപേരും രണ്ടു വിധത്തിൽ ദുഃഖിതരാണ് .
എൻ്റെ ഓർമ്മയിൽ എന്നും നീ ഉണ്ടായിരിക്കും.
ഇത്രയും നിന്നോടു മനസ്സ് തുറന്നു പറഞ്ഞപ്പോൾ തന്നെ വലിയൊരു ഭാരം ഒഴിഞ്ഞു പോയി.
എന്നെ സഹിക്കാൻ പറ്റുമെങ്കിൽ നിൻ്റെ കുഞ്ഞിൻ്റെ അച്ഛനായി നല്ലൊരു ഭർത്താവായി കഴിയാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്മൾ സ്വപ്നം കണ്ട് ജീവിതം നമ്മൾക്ക് തിരിച്ചു പിടിക്കാം.
ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. ഞാൻ നിർബ്ബന്ധിക്കുന്നില്ല.
അപ്പോഴും പുറത്ത്
മഞ്ഞുപെയ്യുന്നുണ്ടായിരുന്നു .
*****
മോഹനൻ പീ കെ.