വേനൽ ചൂടിൽ ഇലകളെല്ലാം കൊഴിഞ്ഞു വെന്തുരുകി കണിക്കൊന്നയും വാകമരവും മുഖത്തോട് മുഖം നോക്കി പരസ്പരം വിധിയെപ്പഴിച്ചു, പോയകാലത്തെ സ്വപനം കണ്ടുകഴിഞ്ഞു.!
കലപില ശബ്ദവുമായി ചില്ലകൾ തോറും ചടിയും ,പറന്നും കൂട്ടുകൂടിയും കിന്നാരം പറഞ്ഞും ആർത്തുല്ലസിച്ചു പക്ഷികൾ.
പൂക്കൾ തോറും തേൻനുകർന്നും പൊട്ടിച്ചിരിച്ചും വണ്ടുകളും ശലഭങ്ങളും മൂളി നടന്ന നാളുകൾ.!
ഇളം തെന്നലിൽ തലയാട്ടിയും പാട്ടു പാടിയും പൊട്ടിച്ചിരിക്കുന്ന തളിരിലകൾ.
കാറ്റിൻ്റെ മർമ്മരത്തിൽ ആടിയുലയുന്ന ശിഖരങ്ങൾ.
ഇന്നെല്ലാം ഒരോർമ മാത്രം.
പെട്ടന്നാണ് വേനലിലെ വസന്തം വിരുന്നു വന്നത്.
വസന്തത്തിലെ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നയിൽ പൂക്കൾ വിരിഞ്ഞു.
കൊന്നമര ചില്ലയാകെ പൂക്കൾ വാരി വിതറിയാണ് ഇത്തവണ വസന്തം വിരുന്നു വന്നത്.
കൊന്നമരം ഗ്രാമ കന്യകയെപ്പോലെ അണിഞ്ഞൊരുങ്ങി നാണം കുണുങ്ങി നിന്നു.
പക്ഷികളും വണ്ടും ശലഭങ്ങളും വീണ്ടും വന്നു ചേർന്നപ്പോൾl കണിക്കൊന്ന സന്തോഷത്തിൽ മതിമറന്നു നൃത്തമാടി.
കൊന്നമരത്തിൻ്റെ ചില്ലകളിൽ തത്തിക്കളിക്കുന്ന കിളികളേയും, മധു തേടി മൂളിപ്പറക്കുന്ന കരി വണ്ടുകളേയും കണ്ടപ്പോൾ പാവം വാകമരത്തിനു വല്ലാത്തൊരു ദുഖം തോന്നി.
എൻ്റെ ചില്ലകളിൽ മാത്രം പൂക്കൾ വിരിയാത്ത തെന്തേ ?.
വകമരം സങ്കടം സഹിക്കാനാകാതെ കരഞ്ഞു കൊണ്ടിരുന്നു.
വേനലിൽ ഇലകൾ കൊഴിഞ്ഞു സൂര്യൻ്റെ ചൂടിൽ വെന്തുരുകി നിന്ന വകമരത്തെ ഉപേക്ഷിച്ചുപോകാതെ, ചില്ലയിൽ കൂടുകൂട്ടി കാത്തിരുന്ന പാവം കുഞ്ഞിക്കിളിക്ക് വാകമരത്തിൻ്റെ ഹൃദയ വേദന കണ്ട്, നൊമ്പരപ്പെട്ടു.!
ദുഖം കടിച്ചമർത്തി വാകമരം പ്രകൃതീദേവിയോട് മനംനൊന്ത് പ്രാർത്ഥിച്ചു. എൻ്റെ ചില്ലകളിൽ കൂടി വസന്തം വിരുന്നു വന്നിരുന്നങ്കിൽ എന്ന്.
അരും ആവിളി കേട്ടില്ല
തൻ്റെ ജീവൻ കൊടുത്താണങ്കിലും വാകമരത്തെ രക്ഷിക്കുവാൻ ആ പാവം കുഞ്ഞിക്കിളി തീരുമാനിച്ചു.
പാവം കുഞ്ഞിക്കിളി ദൈവത്തോട് പ്രാർത്ഥിച്ചു
അല്ലയോ ദൈവമേ i വാകമരത്തിൻ്റെ ദുഖം മാറ്റി ചില്ലകളിൽ പൂക്കൾ വിരിയിച്ചാലും
ദൈവം ആ കുഞ്ഞിക്കിളിയുടെ പ്രാർത്ഥന കേട്ടില്ല.
വീണ്ടും അവൻ ഹൃദയം നുറുങ്ങുന്ന വേദനയിൽ ദൈവത്തോട് പ്രാർത്ഥിച്ചു.
അല്ലയോ ദൈവമേ.\"എൻ്റെ ഹൃദയ രക്തം\" കൊണ്ടെങ്കിലും ഈ പാവം മരത്തിൻ്റെ ചില്ലകൾ ചുവപ്പിച്ചാലും.
അവസാനം ദൈവം അവൻ്റെ പ്രാർത്ഥന കേട്ടൂ….
ആ കുഞ്ഞിക്കിളിയുടെ രക്തം പൊടിഞ്ഞു അവൻ്റെ \"ഹൃദയ രക്തം കൊണ്ട്\" ആ മരത്തിൻ്റെ ചില്ലയാകെ മൊട്ടിട്ടു, പൂക്കൾ വിരിഞ്ഞു ചുവന്നു തുടുത്തു.!
പെട്ടെന്ന് പക്ഷികളും വണ്ടുകളും ശലഭങ്ങളും പറന്നടുത്തൂ .
സന്തോഷത്തിൽ നൃത്തമാടി വാകമരം.
തല ഉയർത്തി കണിക്കൊന്നയെനോക്കി സന്തോഷം പങ്കുവെച്ചു.
പക്ഷേ ആ കുഞ്ഞിക്കിളിയെ പിന്നെ എങ്ങും കണ്ടില്ല.
പൂത്തുലഞ്ഞ വാകമരം പൂക്കൾ കൊഴിച്ചു തലകുനിച്ചു നിന്നൂ.
ചുവന്ന പൂക്കൾവീണ് മണ്ണും ചുവന്നു.
*****
മോഹനൻ പീ കെ