Aksharathalukal

മോക്ഷം


ഒരു കൂട്ടം ചന്ദനത്തിരികളിൽ നിന്നുയരുന്ന പുകച്ചുരുളുകൾ വായുവിൽ ചിത്രം വരച്ച് അകന്ന് മാറിക്കൊണ്ടിരുന്നു....


അല്പാല്പമായി എണ്ണയിലേക്ക് ഇറങ്ങുന്നതിനാൽ മുനിഞ്ഞു കത്തുന്ന തുണിത്തിരികളുടെ ഗന്ധം....


ഇതിനെല്ലാം മീതെ കനത്ത നിശബ്ദത...

ചെറിയൊരു തേങ്ങലെങ്കിലും....വേണ്ട , എന്തെങ്കിലും ഒരു അടക്കിപറച്ചിൽ...
കാതോർത്തു നോക്കി....ഇല്ല...


\"മരണം\" എന്ന ഈ ഒന്നിനെപറ്റി താൻ ധരിച്ചു വെച്ചിരുന്ന വിഡ്ഢിത്തങ്ങൾ ഓർത്ത് അവനു പൊട്ടിച്ചിരിക്കാൻ തോന്നി...
അല്ല, ഒരു കണക്കിന് അതു നന്നായി...
പിൻവിളികളില്ലാതെ, നീറുന്ന മനസോടെയല്ലാതെ, കുറ്റബോധമോ,തിരിഞ്ഞു നോട്ടമോ അല്പം പോലും വേണ്ടാതെ, പോകാമല്ലോ...!!!



ആരും തടുക്കുകയില്ല...തിരിച്ചു വിളിക്കയില്ല...
അതെ..നിമിഷം തോറും അത് ഉറപ്പായികൊണ്ടിരിക്കുന്നു..


കാല്പാദത്തിനടുത്ത് വന്ന് എത്തിനോക്കി ഒരു നിമിഷം നിന്ന് തിരിച്ച് പോകുന്ന മുഖങ്ങളിൽ ചിലതിലെങ്കിലും ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നി...


അല്ല...ഒരു കണക്കിന് അതും നന്നായി...
ഒരു വിങ്ങിക്കരച്ചിലിനേക്കാൾ,തേങ്ങിയുള്ള ഒരു പിൻവിളിയേക്കാൾ, ഭംഗിയുള്ള ഒരു യാത്രയയപ്പ് ആണ് ഇത്..
ആശങ്കകൾ ഏതുമില്ലാതെ മുന്നോട്ടു പോകാമല്ലോ...!!!

അവസാനമായി ആർക്കൊക്കെയോ തൻ്റെ മേലേക്ക് വാരി എറിയാൻ പൂക്കൾ ഇറുത്ത് വട്ടിയിൽ കുട്ടി വെച്ചിരിക്കുന്നു..ഭംഗിയുള്ള പൂക്കൾ...തൻ്റെ ഉടലിൽ ചില ഇടത് ഇരിക്കുന്ന റീത്തുകൾ..ഏതൊക്കെയോ സംഘടനകൾ.. പഠിച്ച സ്കൂൾ..അങ്ങനെ ആരൊക്കെയോ ആണ് മാനം കാത്തത്...അല്ല ,ഇനി എന്ത് മാനം നോക്കാൻ അല്ലെ...
വിരലിലെ കെട്ടിന് മുറുക്കം പോര...അമ്മാവൻ്റെ പണിയാണ്..മറ്റെല്ലാം പോലെ തന്നെ ഒരു വഴിപാട് കഴിക്കുന്ന പോലെ ആണ് ഈ കെട്ടും മുറുക്കിയത്..
തണുപ്പ്ഉള്ള നിലത്ത് കിടക്കാൻ അമ്മ സമ്മതിക്കാറില്ല..വാതം വരും എന്നാണ് പറച്ചിൽ..ഇപ്പൊൾ തണുത്ത നിലത്ത് സുഖമായി കിടക്കാം..ആരും ചോദിക്കയില്ല...
എല്ലാവരും അവിടെ ഇവിടെ ആയി കൂട്ടം കൂടിയിരിക്കുന്നു...എല്ലാവരും എന്നെ മറന്നു എന്ന് തോന്നി...


അല്ല, എന്താണ് പുറത്തേക്ക് എടുത്തു കിടത്താത്തത്..???


വയസിനു മുതിർന്ന ചില കാരണവന്മാർ ഉണർന്നു തുടങ്ങി. ശബ്‌ദകോലാഹലങ്ങൾ കേൾക്കാം...
അതെ....
സമയം അടുത്തിരിക്കുന്നു..ഇനി ആരെങ്കിലുമൊക്കെ വന്ന് എടുത്തുയർത്തി പുറത്തേക്ക് കിടത്തും...അതിനു ശേഷം കുറച്ച് മന്ത്രങ്ങൾ..പ്രദർശനം...ആളുകളുടെ മനസോടെയും അല്ലാതെയും ഉള്ള തൊഴൽ..കുമ്പിടൽ...
ഒടുവിൽ എല്ലാം തീരും..ദേഹി ദേഹത്തെ വിട്ട് പോകും...


എന്നാലും...
അവളൊന്നു വന്നില്ലല്ലോ...അവസാനമായി യാത്ര പറഞ്ഞത് അവളോടാണ്..
\" ഞാൻ പോവുകയാണ്..ഇനി ഒരിക്കലും തിരിച്ച് വരില്ല\" എന്ന് പറഞ്ഞപ്പോൾ യാതൊരു അനക്കവും കണ്ടില്ല... അടുക്കുവാൻ ആവാത്തവിധം അവൾ അകന്ന് കഴിഞ്ഞെന്ന് അറിയാം..എന്നാലും...
കുറ്റപ്പെടുത്തി നോക്കി..മാപ്പ് പറഞ്ഞു,അപേക്ഷിച്ച് നോക്കി, അവസാനം ഭീഷണിപ്പെടുത്തി നോക്കി...ഇനി നോക്കാൻ ഒന്നുമില്ലെന്ന വിധത്തിലെത്തിയിരുന്നു കാര്യങ്ങൾ എല്ലാം.. അവൾ പറഞ്ഞ പോലെ എല്ലാ \"അടവു\"കളും പയറ്റി കഴിഞ്ഞിരുന്നു..

എന്നാലും, ഇനിയൊരിക്കലും കാണില്ലെന്ന് ഓർത്തെങ്കിലും അവൾക്കൊന്ന് വരാമായിരുന്നു...
ഒരിക്കൽ ജീവനാഡിയായിരുന്നവളാണ്..
അവളില്ലാതെ പറ്റില്ലെന്നു ആയിരം വട്ടം സ്വയം പറഞ്ഞിരിക്കുന്നു..ഒച്ച വെച്ചതും എല്ലാവരെയും വെറുപ്പിച്ചതും ഒക്കെ അവൾക്ക് വേണ്ടി ആയിരുന്നു..എന്നിട്ടും ഒന്ന് തിരിഞ്ഞ് നോക്കാൻ തോന്നിയില്ലല്ലോ...


അല്ല, ഒരു കണക്കിന് അത് നന്നായി...
ഒരിക്കൽ കൂടി അങ്ങിനെ ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ ജീവൻ തെല്ലും ബാക്കി ഇല്ല...

കണക്കുകൾ എല്ലാം നോക്കുമ്പോൾ എല്ലാം നന്നായി എന്ന് തോന്നുന്നു...

എന്നാലും.....
എവിടെയോ എന്തോ പിഴവ് പോലെ...
പിൻവിളികളോ തടുക്കലുകളോ ഇല്ലെന്നുറപ്പിച്ചിട്ടും, ആയിരം ന്യായങ്ങൾ നിരത്തി സമാദാനിക്കാൻ ശ്രമിച്ചിട്ടും,എന്തോ എവിടെയോ കൊത്തിവലിക്കുന്ന പോലെ..
ആരാണെന്നോ..എന്താണെന്നോ...എന്തിനാണെന്നോ അറിയാതെ....

ഒന്ന് തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു കണ്ണുനീർത്തുള്ളി പോലും പിറകിൽ ഇല്ല..
എന്നിട്ടും...
ചെയ്തത് തെറ്റായിപ്പോയി എന്നൊരു തോന്നൽ പോലെ... എവിടെയോ ഇടറുന്നുണ്ടോ...


വേണ്ട...ഇനിയൊരു പുനർച്ചിന്ത വേണ്ട.....

ചുറ്റും പൊതിഞ്ഞുവരുന്ന തീയിനുള്ളിലേക്ക് കണ്ണുകൾ അടച്ച് പൂണ്ട്കിടന്നു..


മോക്ഷം കിട്ടട്ടെ...
തനിക്കും,തന്നെ സ്നേഹിച്ചവർക്കും,താൻ സ്‌നേഹിച്ചവർക്കും....!!!!
ഇനിയൊരു അലച്ചിൽ വയ്യ തന്നെ...
ഇപ്പൊൾ വേണ്ടത് മോക്ഷം ആണ്...!!!!