Aksharathalukal

ഒരു ഇൻബോക്സ് പ്രണയം ♥️

ഒരു ദിവസം യാദൃശ്ചികമായി ഇൻബോക്സിൽ വന്ന മെസ്സേജ്..

Hi.സുഖമാണോ.?
പാവം എത്ര തിരക്കുണ്ടായിട്ടും ഇങ്ങനെ വന്നു  സുഖവിവരം അന്വഷിക്കുന്നവരെ
നമ്മൾ കാണാതെ പോവരുതല്ലോ  എന്ന തോന്നലൊന്നും വേണ്ട ട്ടോ...

ഞാൻ റിപ്ലേ ഒന്നും കൊടുത്തില്ല..
എൻ്റെ  ഒരു രചന പോലും വായിച്ചിട്ടില്ല.. എന്നിട്ടാപ്പോ ഇൻബോക്സിൽ വന്നേക്കുന്നു..

ഹും ...ഞാൻ പുശ്ചിച്ച് തള്ളി..

അങ്ങനെ ഇടക്കൊക്കെ ഫ്രിയായിട്ട്  ഹായ് വരും..ഇതൊക്കെ എത്ര കണ്ടത എന്ന മട്ടിൽ ഞമ്മളും..

ആള്  ഞമ്മള് കരുതിയ പോലയല്ല ട്ടോ..
എന്നും രചന വായിക്കാൻ തുടങ്ങി..റിവ്യൂ
ഇടാൻ തുടങ്ങി..

ഓരോ റിവ്യൂ വായിക്കുമ്പോളും ഞാൻ ഞാനല്ലാതെയാവും..അത്രയ്ക്ക് മനസ്സിന് കുളിർ കോറിയിടുന്ന വാക്കുകൾ പകർന്നു തന്നു...

പിന്നെ ഇൻബോക്സിൽ  പോയി ഞാനൊന്നു മുട്ടി നോക്കി...

എത്ര പെട്ടന്നാണ് എനിക്ക് മുൻപിൽ
ആ വാതില് മലർക്കെ തുറന്നിട്ടത്...

\"ഹായ്\"  ഒരു  തുടക്കം മാത്രംമായിരുന്നു..

പിന്നെ എന്നും നല്ലൊരു ദിനം ആശംസിച്ചു കൊണ്ട് തുടങ്ങും..

ഞങ്ങൾ പരസ്പരം സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി..

ഒരാളെ മറ്റൊരാള് ക്ഷമയോടെ കേൾക്കാൻ തുടങ്ങി..

\"ഞാനൊരു കോഴി ആണെന്ന് കരുതിയല്ലെ എനിക്ക് റിപ്ലേ ഒന്നും തരാതിരുന്നത്... \"

നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
പൊതുവേ അങ്ങനെയൊരു ചൊല്ലുണ്ട്..

അവൻ പറഞ്ഞത് സത്യമാണല്ലോ എന്നോർത്ത് ഞാൻ ചിരിച്ച് പോയി..

ചിരിക്കണ്ട..അവനിൽ നിന്നും മറുപടി കിട്ടിയപ്പോ ..ഓ ...ചിരിക്കുന്നില്ലെ 
ഞാൻ കൈകൂപ്പി  കാണിച്ചു...

\"ഇനി  ഇങ്ങനെ മെസ്സേജിടാൻ പറ്റുമോ 
എന്നനിക്കുറപ്പില്ല ട്ടോ...
ഇന്ന് ഉപ്പാൻ്റെ വക പുതിയ പണി കിട്ടി..

\"ഒരു വിസ റെഡിയായിട്ടുണ്ടെന്ന്..
താമസം ഉപ്പാൻ്റെ  റൂമിലാണങ്കിൽ പിന്നെ
ശരിക്കും പെട്ടു പോകും മോളെ...\"

\"ഡീ ..\"

\"എന്താടാ..\"
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും
നീ എന്താ ഒന്നും മിണ്ടാത്തത്..?

അതോ..
നീ പോയാൽ ആരോട് ചാറ്റും എന്നാലോചിച്ചതാണ് ഞാൻ..\"

\"അപ്പോ എന്നെ കണ്ടില്ലെങ്കിൽ വിഷമമൊന്നുല്യെ..\"

ഉണ്ടന്ന് പറഞ്ഞാൽ നീ പോവില്ലെ..?

നിനക്ക് ഞാനാരാണ്..?

എനിക്ക് നിയാരാണ്..?

ഞമ്മൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്..
എന്നായാലും രണ്ടും രണ്ട് ദിക്കിലേക്ക് പോവേണ്ടവർ അല്ലെ.

പക്ഷേ...

ഒരു ദിവസമെങ്കിലും നിന്നോടൊന്ന് സംസാരിച്ചില്ലങ്കിൽ ഹൃദയം പൊട്ടി മരിച്ച് പോകും ഡാ ...

\"ഓ ..മതി സെൻ്റി ..പോയി ഉറങ്ങ് പെണ്ണേ.\"

\"Ok...good night\"

രണ്ട് പേരും ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു...

നിനക്ക് ഞാൻ ആരാണ്?
എനിക്ക് നീ ആരാണ്?
നമ്മൾ രണ്ടും നല്ല സുഹൃത്തുക്കൾ മാത്രമാണ്..ഇത് രണ്ടുപേരിലും തികട്ടി
കൊണ്ടേയിരുന്നു..

എന്നും നല്ല ,നല്ല സ്വപ്നങ്ങൾ നെയ്തു കൂട്ടി ഉറക്കത്തെ വരവേറ്റവർ..

ഇന്ന് ഉറക്കമില്ലാതെ രണ്ട് സ്ഥലത്തായി പരസ്പരം മനസ്സുകൾ തമ്മിൽ  കോർത്തിണക്കി ഉറങ്ങാതെ തിരിഞ്ഞും,മറിഞ്ഞും കിടന്നു..

ഇടക്ക് ഫോൺ എടുത്ത് നോക്കും..
ചില മെസ്സേജുകൾ വായിച്ച് ഉള്ളിൽ ഒരായിരം  പൂക്കൾ വിരിയും..

അവസാന മെസ്സേജിലേക്ക്  കണ്ണ് പായും തോറും നെഞ്ചകം വല്ലാതെ വേദനിക്കുന്നു..നാളെ രാത്രി 7  മണിക്ക് 
ഇത്തിഹാദ്  ഫ്ലൈറ്റിൽ ഞാൻ പറന്നുയരും
അത് പറഞ്ഞു കൊണ്ട് കണ്ണുനീർ ചാലിട്ടൊഴുകുന്ന ഒരു ലോറി നിറയെ ഇമോജിയും..

പോകുന്നതിനു മുന്നേ നിന്നെ ഒന്ന് കാണണമെന്നുണ്ടെനിക്ക്..
പക്ഷേ എങ്ങനെ കാണും..?

നീ സ്ഥലം പറ ഞാൻ അങ്ങോട്ടേക്ക് വരാന്നെ..ആദ്യം വാട്സാപ്പിൽ നിൻ്റെ ഒരു ഫോട്ടോ വിട്.അല്ലെങ്കിൽ  ഡിപി എങ്കിലും
വെക്ക് അല്ലാതെ എനിക്ക് നിന്നെ തിരിച്ചറിയില്ലല്ലോ...

എൻ്റെ മനസ്സിൽ ഒരു രൂപമുണ്ട് നിനക്ക്.
എന്നാലും വെറുതെ ഒരു ഫോട്ടോ വിട്..

രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം തപ്പിയത് മ്മളെ കരളിനെയാണ്..തപ്പി പിടിച്ച് എടുത്തു ( ഫോൺ )..ചങ്കിൻ്റെ മെസ്സേജ് വായിച്ച് കരയാൻ  പോലും മറന്നു പോയി
തരിച്ചിരുന്നു പോയി ഞാൻ ...

അവൻ്റെ ഡിപിയിൽ കണ്ട ഫോട്ടോ അല്ലാതെ  ഒരിക്കൽ പോലും ഞാനവനെ നേരിട്ട് കണ്ടിട്ടില്ല..

അകലങ്ങളിൽ ആണെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് അടുത്തവർ..

അതെ പോവണം. അവസാനമായി  ഒന്ന് കാണണം. അവൻ തിരിച്ച് വരുമ്പോഴേക്കും   മിക്കവാറും എൻ്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും...

പിന്നെ മെസ്സേജ് പോലും അയക്കാൻ പറ്റിയെന്ന് വരില്ല...
ഞാൻ ഓരോന്നും ചിന്തിച്ചു കൂട്ടി..

\"എന്തെ മെസ്സേജ് കണ്ടിട്ട് റിപ്ലേ ഒന്നും തരാതിരുന്നത് ..ഞാൻ വരുന്നത് ഇഷ്ടമില്ലെങ്കിൽ വരുന്നില്ല..\"

\"ഞാൻ പറഞ്ഞില്ലേ അവിടുത്തെ സാഹചര്യം പോലെയാവും  വിളിയും 
മെസ്സേജുമൊക്കെ...\"

എന്തോ നിന്നെയൊന്ന് കാണണമെന്ന് വല്ലാതെ, വല്ലാതെ ആഗ്രഹിച്ച് പോയി...

നിൻ്റെ അടുത്തേക്ക് വരില്ല..ദൂരെ..ദൂരെ നിന്ന് ഒരു നോക്ക് കണ്ടിട്ട് തിരിച്ച് പോരാന്നെയ്....

ആർദ്രയിരുന്നു അവൻ്റെ ഓരോ വാക്കുകളും..

ഞാൻ വരാം..എന്ന മറുപടിയിൽ അവൻ സന്തോഷത്തിൻ്റെ ഇമോജികൾ അവൾക്ക് നേരെ വാരി വിതറി...

ചെയ്യുന്നത് തെറ്റാണറിയാം റബ്ബേ..
എന്നിട്ടും ,എന്നിട്ടും എൻ്റെ മനസ്സ് ആ
തെറ്റിലേക്കന്നെ വീണ്ടും ,വീണ്ടും പോകുന്നല്ലോ നാഥാ...

അവസാനമായി ദൂരെ നിന്ന് കണ്ടിട്ട് തിരിച്ച് പോരണം..

സമയം ഒരുപാടായി ഈ പെണ്ണിനെ കാണാനില്ലല്ലോ .വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ ..അവൻ വാച്ചിലേക്ക് നോക്കികൊണ്ടാണത് പറഞ്ഞത് .

അവൻ ചുറ്റും നോക്കി ദൂരെ നിന്നന്നെ കാണാമായിരുന്നു അവനത്തന്നെ
നോക്കിക്കൊണ്ട് നടന്നു വരുന്നവളെ അവനും കണ്ണിമച്ചിമ്മാതെ നോക്കി നിന്നു..
രണ്ട് പേരുടെയും കാലുകൾ  അറിയാതെ 
മുന്നോട്ട് കുതിച്ചു...

പെട്ടന്നാണ് അവൻ്റെ തലയ്ക്ക് എന്തോ വന്ന് പതിച്ചത്...

എത്ര നേരമായി പറീണ് മൻസ ഈ ഗ്യാസുംകുറ്റി ഒന്ന് വെച്ച് തരാന്..


ഓ പണ്ടാരം നശിപ്പിച്ചു .ഓളെയൊരു 
ഗ്യാസും കുറ്റി .നല്ലൊരു കഥ വായിച്ചു വന്നതായിരുന്നു..അപ്പോഴേക്കും ഫോൺ തട്ടിപ്പറിച്ച്  കയ്യിലാക്കി ഹംക്ക്...

ഓളെ കയ്യിൽ ചട്ടകം ആയിപ്പോയി. ഇല്ലെങ്കിൽ ഞാൻ .. ബാക്കി പറയാതെ വിഴുങ്ങുന്നത നല്ലത് തോന്നി ..

എന്നാലും അതിൻ്റെ ലാസ്റ്റ് എന്താകും..
അതറിയായിട്ട് വല്ലാത്ത ത്വര.അവനെപ്പോലെ 
നിങ്ങളും..!