Aksharathalukal

ലിവിങ്ങ് ടുഗെദർ

\"റിയാ, യൂ ഹാവ് ടു മൂവ് വിത്ത് അസ്. അതർവൈസ് യു കെനോട്ട് സർവൈവ് ഇൻ ദിസ് ഫാഷൻ വേൾഡ് .\"

\"യെസ് ഡാനി , ഐ അണ്ടർ സ്റ്റാൻഡ് , ബട്ട് ...\"

ഡാനിയോട് ഇനി എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും തന്റെ രീതികളിലേക്കല്ല, അവരുടെ വഴികളിലേക്കാവും തന്നെയവർ കൊണ്ടെത്തിക്കുക എന്ന് റിയക്ക് മനസ്സിലായി.

പെണ്ണഴകിന്റെ ഉത്തമ മാതൃകയാണെന്ന് കൈയ്യൊപ്പു തന്ന, റോയ് എന്ന ഫോട്ടോഗ്രാഫർക്കൊപ്പം മുംബെ ഫാഷൻസിറ്റിയിലേക്ക് കുടിയേറിയതാണ് റിയ.

റോയിയുമൊത്ത് ഫ്ളാറ്റ് പങ്കിടാനോ അവനുമൊത്ത് യാത്ര ചെയ്യാനോ, റിയക്ക് സങ്കോചമോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ചെറിയ പരസ്യങ്ങളിലൂടെ മുന്നേറിയ റിയ, പതിയെ പതിയെ ഫാമിലി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയിരുന്നു.

മിക്കവാറും ട്രഡീഷണൽ വസ്ത്രങ്ങളിലായിരുന്നു , തുടക്കത്തിലൊക്കെ അവൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. പിന്നെയത് ഫാഷൻ വസ്ത്രങ്ങളുടെ പരസ്യങ്ങളിലേക്ക് മാറി. റിയയുടെ രൂപമാറ്റങ്ങൾ അവൾക്ക് തന്നെ, അവളെ അപരിചിതയാക്കി. 

ഫാഷൻ ലോകത്ത് അവളോട് അസൂയയുള്ള സമപ്രായക്കാരുണ്ടെന്ന് ചിന്തിക്കാത്ത വണ്ണം നിഷ്ക്കളങ്കമായിരുന്നു അവളുടെ മനസ്സ്. അധികം സംസാരിക്കാത്ത അവളെ, മറ്റാർക്കും അത്രയെളുപ്പത്തിൽ മനസ്സിലാകുമായിരുന്നില്ല.

ആദ്യമായി മുംബെയിലെ ഒരു നൈറ്റ് പാർട്ടിയിൽ പങ്കെടുക്കേണ്ടി വന്ന അവൾ, അവിടത്തെ അന്തരീക്ഷം പന്തിയല്ലെന്ന് കണ്ട്, നിമിഷ നേരം കൊണ്ട് അവിടെനിന്ന് എസ്ക്കേപ്പ് ആയി.

പിന്നീട്, മുന്നിലേക്ക് വന്ന ഒരു വമ്പൻ ചാൻസ് മിസ്സാക്കേണ്ട എന്ന് ഡാനി നിർബന്ധിച്ച് പറഞ്ഞ തോന്നലിലാണ്, റിസ്ക്കെടുത്ത് ഈ രണ്ടാമത്തെ നൈറ്റ് പാർട്ടിയിലേക്ക് അവൾ വന്നത്. 

ഒരു സേഫ് സോണിൽ നിന്നുകൊണ്ട് നീങ്ങാം എന്ന ഒരു തീരുമാനത്തിലായിരുന്നു അവൾ.
 
ചുററുമുള്ളവരുടെ ചടുല താളങ്ങളിൽ, തന്റെ സ്വയരക്ഷ ശ്രദ്ധിച്ചു കൊണ്ടായിരുന്നു അവളുടെ ഓരോ നീക്കവും.
നിയന്ത്രണമില്ലാതെ ശരീരമിളക്കിയാടുന്ന ഉന്മാദിനികളുടെ ഇടയിൽ തുടരണോ എന്ന് പലവട്ടം അവൾ ചിന്തിച്ചു.

അവളുടെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. കാതടപ്പിക്കുന്ന സംഗീത മുഴക്കങ്ങൾ അവളെ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നുണ്ട്. 

ദാഹം തീർക്കാൻ എന്തെങ്കിലും കുടിക്കാൻ ഒരു കൗണ്ടറിലേക്ക് നീങ്ങിയ അവൾക്കു നേരെ, ഒരുവൾ പുഞ്ചിരിയോടെ നീട്ടിയ, തുറന്ന വെള്ളക്കുപ്പി വാങ്ങി രണ്ടു മൂന്നു കവിൾ അവൾ കുടിച്ചു. 

ഇടി മുഴക്കം പോലെ ശബ്ദം ഉയർന്നു വരുന്നതായി അവൾക്ക് തോന്നി. ഏതോ ഒരു ഉന്മാദഗീതം കാതിൽ മുഴങ്ങി. ശരീരമാകെ പ്രകമ്പനം കൊള്ളുന്നു. എവിടേക്കോ ഉയർന്നുപൊങ്ങുകയാണോ താൻ? പതിയെപ്പതിയെ കാലുകളും കൈകളും ഇല്ലാത്തവണ്ണം ഒരു ഗോളം പോലെ അവൾ ഉരുണ്ടു പോകുന്ന പോലെ തോന്നി അവൾക്ക്.

ഇതേ സമയത്ത് തന്നെ മറ്റൊരിടത്തുള്ള ഒരു ഓഫീസിൽ....: 
-------------------------------
രവിചന്ദ്രൻ അവന്റെ ബോസിന്റെ മുന്നിൽ ഭവ്യതയോടെ നിൽക്കുന്നു.

\"നിനക്ക് ഇന്നുതന്നെ പോണോ ?\"

\"വേണം സർ. രണ്ടാഴ്ച്ച. അതു കഴിഞ്ഞ് ഞാൻ തിരികെയെത്താം സർ .\"

\"ശരി, രവി. ഞാൻ നിന്റെ ലീവ്, \' ഓക്കെ \' ആക്കുകയാണ്.
നിന്റെ പകരക്കാരൻ മാത്യുവിനെ എനിക്കത്ര ഇഷ്ടമല്ലെന്ന് നിനക്കറിയാലൊ. നിന്നെപ്പോലെ ഒരു എക്സ്പർട്ട് അല്ല അവൻ. പിന്നെ നിന്റെയത്ര നല്ലവനുമല്ല. പറഞ്ഞ ഡെയ്റ്റിന് നീ തിരികെ എത്തണം. കേട്ടോ\"

\"തീർച്ചയായും സർ\" രവി കൂപ്പുകൈയോടെ പറഞ്ഞു.

രാത്രി ഏറെ വൈകിയാണ് അവൻ പുറപ്പെട്ടത്.
നൈറ്റ് ഡ്രൈവ് ഏറെ ആസ്വദിക്കുന്ന രവി, 
അതുകൊണ്ടു തന്നെയാണ് വൈകി പുറപ്പെട്ടത്.
ഇനി അടുത്ത എഴുദിവസങ്ങൾ അവന് മെഡിറ്റേഷനുള്ളതാണ്.
ആരോടും വെളിപ്പെടുത്താത്ത, ഒരു കാരണവശാലും ഒഴിവാക്കാത്ത ദിനചര്യയാണ് രവിക്ക് ധ്യാനം.

കുറെ നാളുകൾ പണിയെടുത്ത് കഴിയുമ്പോൾ, ഇതുപോലെ ഒരാഴ്ച്ച ലീവെടുത്ത് ഒരു മുങ്ങലാണ് അവൻ. മലമുകളിലെ തന്റെ വീട്ടിൽ, ഫോണെല്ലാം സ്വിച്ച് ഓഫ് ചെയ്ത് എഴു ദിവസം നിരന്തരമായി ധ്യാനിക്കാനാണ് രവിക്ക് ഈ ഒഴിവ് ദിനങ്ങൾ. 

രവിക്ക് ഇങ്ങനെയൊരു ശീലമുള്ളത് അവനുമായി അടുത്തിടപഴകുന്ന ആർക്കും ഇതുവരെ അറിയില്ല. അവനത് ആരോടും പറയാറുമില്ല. അവന്റെ അസാധാരണമായ ശാന്ത പ്രകൃതവും മുഖത്തിന്റെ തേജസ്സും പെരുമാറ്റ സൗന്ദര്യവും ചിലരുടെയെല്ലാം ശ്രദ്ധയിൽ പെടാറുണ്ടെന്ന് മാത്രം.

മലമുകളിലേക്കുള്ള വിജനപാതയിൽ, ഇളം തണുപ്പിന്റെ കുളിരാസ്വദിച്ച് രവി ഒരു മിനിമം സ്പീഡിലാണ് കാറോടിച്ചിരുന്നത്.
പന്ത്രണ്ടാമത്തെ വളവിന്റെ സിഗ്നൽ മാർക്ക് കഴിഞ്ഞയുടൻ, റോഡിനിടത് വശത്ത്, തിളക്കമുള്ള എന്തോ അവൻ കണ്ടു.
ഇടതുവശം ചേർത്ത് അവൻ കാർ നിർത്തി.

ആ തിളക്കം, കല്ലുകൾ പതിച്ച ഒരു ഷാളിന്റേതാണെന്ന് അവൻ കണ്ടു.
താഴേക്ക് മരങ്ങൾക്കിടയിലേക്ക് നോക്കിയ അവന് ശരിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.
കാറിനടുത്തേക്ക് തിരികെ പോയി, ടോർച്ച് എടുത്ത് കൊണ്ട് വന്ന് , മരങ്ങൾക്കിടയിലേക്ക് അവൻ ടോർച്ച് തെളിച്ച് നോക്കി. 

തിളക്കമുള്ള ചുവന്ന ഉടുപ്പണിഞ്ഞ ഒരു രൂപത്തിനടുത്തേക്ക്, കാൽ തെറ്റി വീഴാതെ, ശ്രദ്ധയോടെ അവൻ ചെന്നു.

ഒരു പെണ്ണാണ്. ബോധമുണ്ടെന്ന് തോന്നുന്നില്ല. ശ്വസിക്കുന്നുണ്ട്.
കൈയ്യും കാലും പൊട്ടി ചോരയൊലിക്കുന്നുണ്ട്. കവിളിൽ എന്തോ പാടുണ്ട്.

രവി അവളെ പൊക്കിയെടുത്തു. തെന്നി വീഴാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് അവൻ റോഡിലേക്ക് കയറിയത്.
കാറിന്റെ ബാക്ക് സീറ്റിലേക്ക് അവളെ കിടത്തി രവി കാർ മുന്നോട്ടെടുത്തു.

കുറേ ദൂരം മുന്നോട്ട് പോയ രവിക്ക്, പത്ത് മിനുട്ടോളമെടുത്തു താൻ ഈ ചെയ്തത് ശരിയാണോ എന്ന ബോധത്തിലേക്ക് വരാൻ.

അപരിചിതയായ ഒരു പെണ്ണാണ് തന്റെ കാറിൽ . അതും ബോധമില്ലാതെ. അവൾ ആരാണെന്നോ, അവൾക്ക് എന്തുപറ്റിയെന്നോ തനിക്കറിയില്ല.

കുന്നിൻ നെറുകയിലെ തന്റെ വീട്ടിലേക്കെത്താൻ ഇനി കുറച്ചു ദൂരമേയുള്ളൂ.
സമയം ഇപ്പോൾ രാത്രി രണ്ടു മണിയെങ്കിലും ആയിക്കാണും.
ഇവളെ വീട്ടിലേക്ക് കൊണ്ടുപോവുകയല്ലാതെ വേറെന്തു ചെയ്യാൻ! വീട്ടിലെത്തട്ടെ, എന്നിട്ട് തീരുമാനിക്കാം ബാക്കി.

അവൻ, കാർ വീടിന് മുന്നിൽ നിർത്തി. വീടിന്റെ മുൻവാതിൽ തുറന്നു. ഇനിയും ഉണർന്നിട്ടില്ലാത്ത അവളെ ശ്രദ്ധയോടെ എടുത്തുയർത്തി, തന്റെ മുറിക്കകത്തേക്ക് കൊണ്ടുപോയി.

അവന്റെ കട്ടിലിൽത്തന്നെ അവളെ കിടത്തി.
ഒരു തുണി നനച്ച് അവളുടെ മുഖവും , ചോര കിനിഞ്ഞിരുന്ന കയ്യും കാലും അവൻ വൃത്തിയാക്കി.

ശാന്തമായ അവളുടെ മുഖത്തേക്ക് രവി നോക്കി.
ഒരു ഉറക്കത്തിലാണെന്നേ കണ്ടാൽ തോന്നൂ.
രവി തന്റെ മുറിയിലെ വലത് വശത്ത്, നിലത്തു വിരിച്ചിട്ട പുൽപ്പായയിൽ ചമ്രം പടിഞ്ഞിരുന്നു. അവൻ ശാന്തമായി കണ്ണടച്ചു കൊണ്ട് ധ്യാനം തുടങ്ങി.

അത് കഴിഞ്ഞ് വന്ന്
അവളുടെ അരികിൽ ഇരുന്നു. മുദുലമായ അവളുടെ വലതുകരം തന്റെ കൈകളിലൊതുക്കി അവൻ കണ്ണുകളടച്ചു. ഇന്ദ്രിയാതീതമായ ഒരു ഊർജ്ജ പ്രവാഹം അവനിൽ നിന്ന് അവളിലേക്കൊഴുകി. അവളുടെ വിരലുകൾ ഒന്നു രണ്ടു വട്ടം ചലിച്ചു. അവൻ ഒരു കൈ അവളുടെ നെറ്റിയിൽ വച്ചു. അവൾ പതിയെ കണ്ണുതുറന്നു.

അവൻ കുറച്ച് വെള്ളമെടുത്ത് കൊണ്ടുവന്ന് കുടിക്കാൻ കൊടുത്തു. എന്തോ പറഞ്ഞു കൊണ്ട് അവളൊന്നു ഞരങ്ങി. ഒരു കവിൾ കൂടി വെള്ളം കുടിച്ച് അവളൊന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.

\"എഴുന്നേറ്റിരിക്കണോ?\" രവി ചോദിച്ചു.

\"വേണം\" അവൾ പറഞ്ഞു.

\"ഞാൻ ഇപ്പോൾ എവിടെയാ? നിങ്ങൾ ആരാ?\" അവൾ ചോദിച്ചു.

\"ഇതെന്റെ വീടാണ്. ഞാൻ രവിചന്ദ്രൻ. ഇന്നലെ മുംബെ- പൂനെ ഹൈവേയിൽ, റോഡിന് താഴെയുള്ള മരക്കൂട്ടങ്ങൾക്കിടയിൽ നിങ്ങൾ ബോധമില്ലാതെ കിടക്കുകയായിരുന്നു. റോഡരികിൽ കിടന്നിരുന്ന നിങ്ങളുടെ ഷാളിന്റെ തിളക്കം കണ്ട് കാർ നിർത്തിയതാണ് ഞാൻ.

\"താങ്ക് യൂ സൊ മച്ച് രവീ. യൂ സേവ്ഡ് മൈ ലൈഫ്.. \" അവൾ അവനു നേരെ കൈകൂപ്പി.

അവൾ പതിയെ എഴുന്നേറ്റു കൊണ്ട് ചോദിച്ചു : \"ഷാൽ ഐ യൂസ് യുവർ ബാത്ത് റൂം?\"

അതിന് മറുപടിയായി അവൻ ചെന്ന് ബാത്ത് റൂം ഡോർ അവൾക്ക് തുറന്നു കൊടുത്തു.

അവൾ ഫ്രഷായി വന്നപ്പോഴേക്കും രവി രണ്ടു കോഫിയും ഓംലറ്റും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.

\"ശരീരത്തിന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ?\" അവൻ ചോദിച്ചു.

\"ഇല്ല. ചിലയിടങ്ങളിൽ വേദനയുണ്ട്. സാരമില്ല. താങ്ക് യൂ രവി.\" അവൾ ആദ്യമായൊന്ന് ചിരിച്ചു.

\"ചിരിക്കുന്നല്ലൊ!\" രവി മറുചിരി ചിരിച്ചു പറഞ്ഞു.

അവൾക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് രവി ചിന്തിച്ചതേയില്ല. 
റിയ ഒന്നും അവനോട് പറഞ്ഞുമില്ല.

പുറത്ത് കുളിർ കാറ്റ് വീശുന്നുണ്ട്. 
അവൻ അവളെ വരാന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

മുറ്റം നിറയെ കാട്ടുപൂക്കൾ വിരിഞ്ഞു നിൽപുണ്ട്. അവയുടെ പ്രത്യേക സുഗന്ധം മത്തുപിടിപ്പിക്കുതായി തോന്നി റിയക്ക്. എന്തു ശാന്തമാണിവിടം! വേറേതോ ലോകത്താണെന്ന പോലെ!

അരികിലിരുന്ന രവിയുടെ കൈത്തലം തൊട്ട് റിയ ചോദിച്ചു: \"എന്റെ പേര് അറിയണ്ടേ രവിക്ക് ? ഞാനാരെന്നറിയണ്ടേ?\"

\"ഇഷ്ട്ടമുള്ളപ്പോൾ പറഞ്ഞാൽ മതി.\" അവൻ പുഞ്ചിരിയോടെ പറഞ്ഞു.

\"ഞാൻ റിയ. അത്രമാത്രം അറിഞ്ഞാൽ മതിയോ ?\"

\"മതി\" രവി പറഞ്ഞു.

\"രവീ , ഞാൻ മുംബെയിലെ ഒരു ഫാഷൻ മോഡലാണ്. ഒരു പാർട്ടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കെ കുറച്ച് വെള്ളം കുടിച്ച ഓർമ്മ മാത്രമേ എനിക്ക് ഉള്ളു. പിന്നെ ഞാൻ കണ്ണു തുറക്കുന്നത് ഇവിടെയാണ്. എനിക്ക് രവിയോട് എത്രത്തോളം നന്ദി പറയണമെന്നറിയില്ല.\" അവൾ വീണ്ടും അവന്റെ കൈകൾ ചേർത്തുപിടിച്ചു.

\"രവിയുടെ കൈകൾക്ക് ഒരു പ്രത്യേക ചൂടാണല്ലൊ! ഈ കൈകളിൽ നിന്ന് എന്തോ എന്നിലേക്ക് പ്രവഹിക്കുന്നതായി എനിക്ക് തോന്നുന്നു രവീ.\"
അവനോട് ചേർന്നു നിൽക്കുമ്പോഴുണ്ടാവുന്ന ഒരു ഭാരമില്ലായ്മ അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.

\"രവി, എനിക്ക് രവിയുടെ കൂടെ കുറച്ചു ദിവസം ഇവിടെ താമസിക്കാമോ?\" അവൾ ചോദിച്ചു.

\"എനിക്ക് സന്തോഷമേയുള്ളു റിയാ. പക്ഷെ, നാളെ രാവിലെ ഞാനെന്റെ ധ്യാനം ആരംഭിക്കും. ഞാൻ മൗനത്തിലുമായിരിക്കും. റിയ അപ്പോൾ എന്തു ചെയ്യും? ബോറടിക്കില്ലേ?\" രവി ചിരിച്ചു കൊണ്ട് ചോദിച്ചു.

\"ഞാൻ രവിക്ക് ചായയും ഭക്ഷണവും ഉണ്ടാക്കിത്തരും. എങ്കിലോ?\" അവൾ കുസൃതിയോടെ പറഞ്ഞു.

\"എങ്കിൽ ഓക്കെ\" അവൻ കണ്ണിറുക്കി ചിരിച്ചു.

അന്ന് പൗർണ്ണമിരാത്രിയുടെ തലേന്നായിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ് , പിറ്റേന്നുള്ള ധ്യാനത്തിനായി ചെയ്യേണ്ട കാര്യങ്ങളുടെ മുന്നൊരുക്കങ്ങളിലായിരുന്നു രവി.

അവൻ ധ്യാനത്തിനിരിക്കുന്ന കുഷ്യന് ഇടത് വശത്തായി റിയ ഇരുന്നു. 
രവി കണ്ണടച്ചിരിക്കുന്ന പോലെ, വെറുതെ അവനെ അനുകരിച്ച് റിയയും അവിടെ കണ്ണുകളടച്ച് ഇരുന്നു നോക്കി.
 
അന്നേരം അവൻ അവളുടെ ചുമലിൽ കൈവച്ചുകൊണ്ട് ചോദിച്ചു:
\"ഉള്ളിലുള്ള പ്രകാശത്തെ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ?\"
അവൾ അതു മനസ്സിലാകാതെ അവനെ നോക്കി.

\"അറിയണോ?\" അവൻ ചോദിച്ചു.

അവൾ നിഷ്ക്കളങ്കമായി തലയാട്ടി.

\"കണ്ണുകളടക്ക് \" അവൻ പറഞ്ഞു.
അവൾ കണ്ണുകളടച്ചു.

അവൻ അവന്റെ കൈപ്പത്തികൾ അവളുടെ നെറുകയിൽ വച്ചു. അന്നേരം അവൾ തന്റെ കൈകൾ കൂപ്പി.
 
സുഖകരമായ ഒരു ഊർജപ്രവാഹത്തിന്റെ പ്രഭാവത്തിൽ അവൾ അവളുടെ ശരീരഭാരം മറന്ന് ഇരുന്നു. ഇന്ദ്രിയാതീതമായ ഒരു തലത്തിലേക്ക് താനുയരുന്നതു പോലെ അവൾക്കു തോന്നി.

അവളുടെ നയനങ്ങൾ നനഞ്ഞിരുന്നു. അവളുടെ ഹൃദയകമലം വിടർന്ന ആ നിമിഷത്തിൽ,
അവളുടെ മുഖത്ത് ഒരു ചിരിവിടർന്നു. തേജസ്സുറ്റ ഒരു ചിരി. 

അവൾ അങ്ങിനെ എത്രനേരം ഇരുന്നെന്ന് അവൾക്കു തന്നെ അറിയില്ല.

രവിയുടെ കൈകൾ അവളുടെ ചുമലിൽ തൊട്ടു.
\"ഉള്ളിലുള്ള പ്രകാശത്തെ കണ്ടോ?\" ഒരു പുഞ്ചിരിയോടെ രവി ചോദിച്ചു.

\"യൂ ആർ റിയലി അമേസിങ്ങ് !\" അവളവനെ ചേർത്ത് പിടിച്ചു.

\"ഡു യു വാണ്ട് ടു ഹഗ് മി?\" രവി നിഷ്ക്കളങ്കമായി അവളോട് ചോദിച്ചു.

\"യെസ്, രവി ...\"
അവൻ അവൾക്കു നേരെ ഇരു കൈകളും നീട്ടി.

അസാധാരണമായ ഒരു പ്രകാശവലയത്തിൽ ലയിച്ചു ചേർന്നപോലെ, അവൾ രവിയെ ആലിംഗനം ചെയ്തു നിന്നു.

അടുത്ത ഏഴുദിവസങ്ങളും , ദിനചര്യകളുടെ സമയം ഒഴിച്ചാൽ, മറ്റു സമയങ്ങളിൽ മുഴുവൻ രവി ധ്യാനനിരതനായിരുന്നു.
അതിനാൽ തന്നെ മൗനത്തിലുമായിരുന്നു.

റിയ, രവിക്കുവേണ്ട ഭക്ഷണ പാനീയങ്ങളൊരുക്കി അവന് കൂട്ടിരുന്നു.

ഏഴാം ദിനം ധ്യാനം അവസാനിപ്പിച്ച് രവി , പുറത്തെ മുറിയിലേക്ക് വന്നു.
റിയ ഒരു വലിയ പുഞ്ചിരിയോടെ രവിയെ പുണർന്നു. 

അന്നേരം
അവൾ, അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു: \"ഷാൽ വി ലിവ് ടുഗെതർ ?\"
*******