Aksharathalukal

എന്റെ പുതിയ പേര്!

നിരർത്ഥകമായ ദുഃഖത്തിൽ മനസ്സ് വിറങ്ങലിച്ചു നിൽക്കുന്നു. മഴ തോരാത്ത പകലുകൾ കരിമ്പടം പുതച്ചു. കണ്ണീരു നനഞ്ഞ കവിളുകൾ പോലെ നടവഴികൾ നനഞ്ഞു കിടക്കുന്നു. നനവുണങ്ങാത്ത മരച്ചില്ലകൾ, മതിലുകൾ, മേൽക്കൂരകൾ. അന്തരീക്ഷത്തിലെ ഈർപ്പം നിറഞ്ഞ തണുപ്പ് തൊലിക്കുള്ളിലേക്ക് തുളച്ചു കയറുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചരസ്സ് വലിക്കാറുണ്ട് .സ്വർഗത്തിലേക്കുള്ള അമൂർത്തമായ പടിക്കെട്ടുകളാണ് ചരസ്സ്. അതിന്റെ ഓരോ പുകയും സ്വർഗത്തിലേക്ക് അടുപ്പിക്കുന്നു. അതു പോലൊരു ചരസ്സ് പുകഞ്ഞ ഇരുട്ടിലാവും സാക്ഷാൽ പരമശിവൻ നൃത്തമാടിയത് ആനന്ത നൃത്തം, താണ്ഡവ നൃത്തം. പാർവതിയും ശിവനും പ്രേമത്തിന്റെ പൂർണതയിൽ ഒന്നുചേർന്ന് അർദ്ധനാരീശ്വരനായതും വിഹായസ്സിൽ പുകഞ്ഞ ഏതോ ഒരു ലഹരിപുകയുടെ മേഘപാളികളിലാണ്. 
ഒരിക്കൽ മഹിഷാസുര വധം കഴിഞ്ഞ് അരുണാചൽ നദിക്കരയിൽ തപസ്സിരിക്കുന്ന സീതാ ദേവി. ദേവിയുടെ ധൈര്യത്തിലും സൗന്ദര്യത്തിലും ഒരുപോലെ വൈബ് അടിച്ച ശിവൻ നേരെ ദേവീടെ അടുത്തേക്ക് ഒരു നടപ്പ് നടന്നു. പുഴ അരികിൽ മരച്ചോട്ടിൽ തപസ്സിരിക്കുന്ന ദേവിനെ നൈസായിട്ട് തൂക്കി മടീലിരുത്തി. ശിവ മച്ചാന്റെ ഇടം തുടയിലിരിക്കണ മ്മടെ പാർവതി ദേവി പ്രേമപ്പെടലിന്റെ... 
പേമപ്പെടലൊ..? 
ആ മച്ചാനെ ചില്ലിങ്, 
ആ.. 
അതിന്റെ രസം പിടിച്ച് പിടിച്ച് ശിവനിലങ് ചേർന്ന് ഒന്നായി അതാണ് നുമ്മടെ അർദ്ധ നാരീശ്വരൻ. 

പണ്ടൊരു കൊച്ചിക്കാരൻ പഹയനോട് അർദ്ധനാരീശ്വര ഉൽപ്പത്തി ചോദിച്ചതാണ്. കൊച്ചീൽ പഠിക്കണ ഉമ്മർ വഴി പരിചയപ്പെട്ടതാണ് ഹരിയെ. ഞാൻ കണ്ടന്നു മുതൽ ഇന്നുവരെ മാറാത്തത് ഹരിയുടെ ഈ പറച്ചിലാണ്. 

എന്തെല്ലാമോ ആലോചിച്ചു നടന്ന് അങ്ങാടിയിൽ എത്തി. മഴയുടെ തണുപ്പിൽ കാമ മേളയുടെ ചൂട് കായാൻ ദേഹം തേടുന്ന കണ്ണുകളുമായി പലതരം വണ്ടികൾ അങ്ങാടിയിൽ വട്ടം ചുറ്റുന്നു. എല്ലാ കണ്ണുകളും കൊത്തി വലിക്കുന്നത് ബസ് സ്റ്റോപ്പിന്റെ തണലിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്ന ജാനകി കാളുവിനെയാണ്. പെണ്ണുടലിൽ ആൺ കരുത്ത് സൂക്ഷിക്കുന്നവൾ.വല്ലപ്പോഴും മാത്രമേ അവൾ ആൺ കുപ്പായം ഇടാറുള്ളു. ഒരിക്കൽ സെക്കന്റ്‌ ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇരുട്ട് കറുത്ത ഇടവഴിയിൽ പണം കൊടുക്കാതെ കടന്നുകളയാൻ നോക്കിയവന്റെ കോളറിന് കുത്തിപിടിച്ചപ്പോൾ ജാനകി കാളു ആണായിരുന്നു. അല്ലെങ്കിൽ അവൾ മറ്റതാണ്. ഞാൻ ഇതുവരെ കണ്ടു മറന്ന മുഴുവൻ മുഖങ്ങൾക്കും അവൾ മറ്റതാണ്. എല്ലാവർക്കും അവൾ മറ്റതാണ്. \"മ്മുമ്മ ന്താ ഈ മറ്റത് \"മറ്റതന്നെ ഈ ആണുംപെണ്ണും കെട്ട ജാത്യാള്..!മ്മ്... ബാല്യകാലത്തിന്റെ സുഖമുള്ള വൈകുന്നേരങ്ങളിൽ പല വട്ടം ഞാൻ അങ്ങനെ മൂളിയിരുന്നു.. മ്മ്മ്... 
 ഉമ്മുമ്മയെ ആലോചിച്ചപ്പോൾ ചിരിപൊട്ടി .. ബാല്യകാലത്തിന്റെ പല സ്വർണ പകലുകളും ഉമ്മുമ്മയോടൊപ്പമായിരുന്നു. കഥകളും കളികളുമായി ആ പുരയിടമാകെ ഓടി കളിച്ചിരുന്ന ബാല്യം. മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ ആർത്തുല്ലസിച്ചിരുന്നു. അതിന് ഉമ്മയുടെ കയ്യിൽ നിന്നും കൈ പുറത്തു ചൂടോടെ കിട്ടുന്ന തിണർപ്പുകൾ. ഉറങ്ങി കിടക്കുമ്പോൾ ഉമ്മുമ്മ അടികിട്ടിയ പാടുകളിൽ ഊതി തരുമായിരുന്നു. സ്വപ്നത്തിന്റെ വെളിച്ചത്തിൽ ഞാൻ അതറിഞ്ഞിരുന്നു. കാലങ്ങൾ കലങ്ങി മറിയുന്നു, ഒഴുകുന്നു, ആർത്തിരമ്പുന്നു. ഈ നനഞ്ഞ പകലിൽ കഴിഞ്ഞ കാലം നുണയുന്ന ട്രൗസറുകാരൻ കുട്ടാപ്പിയായി അങ്ങാടിയിൽ ഇരിക്കാൻ വല്ലാത്തൊരു രസം തോന്നുന്നു. കൊത്തി വലിക്കലുകൾ ക്കൊടുവിൽ കൂട്ടത്തിലെ ഏറ്റവും മുന്തിയ വണ്ടിയിലേക്ക് ജാനകി കയറിയിരുന്നു. മാംസം മുഴുവനായി കിട്ടിയ സന്തോഷത്തിൽ കാർ നിരത്തിലൂടെ പറന്നു. നഗരത്തിലെ മുന്തിയ ഹോട്ടലിനു മുൻപിൽ കാർ പറന്നിറങ്ങി. മുന്പിലെ ഡോർ തുറന്ന് ഒരു മധ്യവയസ്കൻ പുറത്തിറങ്ങി. തേച്ച് വടിവൊപ്പിച്ച ഖദർ ദോത്തിയും ഷർട്ടും. മൂക്കിന് മുകളിൽ സ്വർണ ഫ്രെയിം കണ്ണട. ഇര തേടുന്ന കണ്ണുകൾ ചുറ്റും സൂക്ഷ്മമായി പരതുന്നു. അയാൾ ഒരു ചെന്നായയാണ്. ചെവിയും വാലും അതിസമർത്ഥമായി ഒളിപ്പിച്ചു വെച്ച ചെന്നായ. ഖദർ ധരിച്ച ചെന്നായയെ ആലോചിച്ചത് കൊണ്ടാവും ജാനകി ചിരിച്ചു. ലിഫ്റ്റ് മൂന്നാം നിലയിൽ ചെന്ന് നിന്നു. വാതിൽ തുറന്ന് ആദ്യം കാണുന്ന മുറിക്കടുത്തേക്ക് ജാനകി നടന്നു. മുറി ചൂണ്ടി കാണിച്ചതിന് ശേഷം അയാൾ തിരികെ പോയി. ഇനി ജാനാകിയുടെ ഊഴമാണ്. ആ മുറിയിൽ ഇരിക്കുന്ന വി വി ഐ പി ഗസ്റ്റിനെ സന്തോഷിപ്പിക്കുന്നതിന് തക്കവണ്ണം പാരിദോഷികം ലഭിക്കും. കിട്ടുന്നതിൽ ഒരു തുക രാമന് നൽകണം കഞ്ഞി മുക്കിയ കുപ്പായം ധരിച്ച് കക്ഷത്തൊരു ബാഗുമായി നഗരത്തിൽ റാഞ്ചി നടക്കുന്ന ഒരുപാട് പിമ്പുകളിൽ ഒരുവനാണ് രാമൻ.പക്ഷെ മറ്റുള്ളവരിൽ നിന്നും അവൻ വ്യത്യസ്തനാണ് നഗരത്തിലെ പണചാക്കുകളുടെ കിടക്കവിരികളിൽ സുന്ദരികളെയും സുന്ദരന്മാരെയും എത്തിക്കുന്നത് അവനായിരുന്നു. അത് കൊണ്ടാവണം മറ്റുള്ളവർക്കിടയിൽ രാമൻ മറ്റൊരു പേരിൽ കൂടെ അറിയപ്പെട്ടു. \'കിങ് പിമ്പ്\' ജനന സർട്ടിഫിക്കേറ്റിലെ രാമനെ ക്കാൾ അയാൾക്ക് യോജിക്കുന്നത് ആ പേരായിരുന്നു. \"കിങ് പിമ്പ്\" ഒരു വെള്ളിയാഴ്ച രാത്രിയിൽ പതിവുപോലെ പീടിക കോലായിലെ കട്ടപിടിച്ച ഇരുട്ടിൽ സാരി മാടിപിടിച്ച് അവൾ കസ്റ്റമറിന് മുൻപിൽ കണ്ണടച്ച് നിന്നു. ചാരി നിന്നിരുന്ന ഷട്ടർ ക്ക്കർർർ.. ക്ർർർർ.. ഒച്ചയുണ്ടാകുന്നു. ചിവിടുകൾ നിർത്താതെ ഈളിയിടുന്നു. പട്ടി മൂത്രത്തിന്റെ രൂക്ഷ ഗന്ധം. അവസാന ജീവ ബിന്ദുവും ഉറ്റി വീണു. പണം ബ്ലൗസ്സിനിടയിൽ തിരുകി പീടിക കോലായിലെ ഇരുട്ടിൽ നിന്നും പുറത്തെ വഴി വിളക്കിനടിയിലേക് ഇറങ്ങിനിന്നു. ദൂരെ നിന്നും ഒരു കാർ പാഞ്ഞു വന്ന് തൊട്ടടുത്ത് നിർത്തി. അതിൽ നിന്നും പുറത്തിറങ്ങിയത് മാറ്റേതായിരുന്നു. ജാനകി കാളുവിന്റെ അതെ കച്ചവടം നടത്തുന്ന മറ്റൊരുത്തി. ബീന ഉസ്മാൻ.. അവളെ ജാനാകിക്ക് നന്നായി അറിയാം. തിരിച്ചും. അവർ രണ്ടുപേരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. അവരുടേത് പോലെ എല്ലാവരും താമസിക്കുന്ന ആ വീട്ടിൽ തന്നെ. . നഗരത്തിന്റെ ഉള്ളറകളിൽ ഇരുട്ട് കനത്തുകിടന്നു. വെളിച്ചം തുള്ളി വീണ
തെരുവിലൂടെ അവർ നടന്നു

. അല്ലെടിയെ ഇന്ന് നല്ല കോളാണല്ലോ. എവിടന്ന് കിട്ടി.

ഓ അത് മ്മളെ രാമൻ കൊട്ന്നതാണ്.ഭയങ്കര ഭോഷ് പാർട്ടിയാ.

ഏത് മ്മടെ കിങ് രാമാനോ..? ജാനാകിക്ക് വിശ്വസിക്കാനായില്ല. ഇങ്ങനൊരു ഭാഗ്യം അവർക്കാർക്കും ഇതുവരെ ണ്ടായിട്ടില്ല.

ആന്ന്.. ഓൻ തന്നെ.. കസ്റ്റമർ മ്മടെ കോഴിക്കോട്ടെ ഏതോ ബല്ല്യ ഹോട്ടൽ മൊതലാളിയാണ് .

കോഴിക്കോടോ.. കോഴിക്കോട് എവ്ടെ.

റയിൽവേ ന്റെ അട്താത്രെ.ആ... ന്റെ ബാക്കി ഓപറേഷന് സഹായിക്കാ ന്ന് പറഞ്ക്ക് . നല്ലോരു മൻഷ്യൻ..

ചൂടാറിയ ചോരയുടെ വാട മൂക്കിലേക്ക് അടിച്ചു കയറി കൂടെ ചാണകത്തിന്റെ മണവും. തടിച്ചുരുണ്ടൊരു മണിയൻ ഈച്ച രാവിലെ ഇറച്ചി വെട്ടുന്ന മര കഷ്ണത്തെ വട്ടം ചുറ്റുന്നു. പുറത്തെ വലിയ കൊട്ടയിൽ രാത്രി വണ്ടിക്കുള്ള വേസ്റ്റ് അതിനു ചുറ്റും നാട്ടിലെ ചാവാലി പട്ടികൾ വട്ടം നടക്കുന്നു. ഇറച്ചി കടയുടെ തൊട്ടുപിന്നിലാണ് വീട്. അന്നത്തെ ആ സംസാരത്തിന് ശേഷം ജാനകി പലവട്ടം രാമനെ ചെന്ന് കണ്ടു. ഒരു അവസരത്തിനായി. തന്റെ ഊഴത്തിനായി. മുന്പിലെ മുറിക്കുള്ളിലേക്ക് ജാനകി കടന്നു ചെന്നു. 

ആം.. ആ വാതിൽ പൂട്ട്യേക്ക്.

മുരണ്ട ശബ്ദവുമായി അയാൾ മുറിയിലെ കിടക്കയിൽ കിടന്നു. വെളുത്തുരുണ്ട മനുഷ്യൻ കഴുത്തിലും കയ്യിലും പത്തരമാറ്റ് ആഭരണങ്ങൾ. ശീതീകരിച്ച മുറിയിൽ ബീഡി പുകഞ്ഞു.തടിച്ച ചുണ്ടുകളിൽ ബീഡി എരിഞ്ഞു. സ്വർണ വിരലുകൾക്കിടയിൽ ഞെരിഞ്ഞു കത്തുന്ന ബീഡി അരോചകം ഉണ്ടാക്കി. മുറിയിൽ കഞ്ചാവ് മണം നിറഞ്ഞു നിൽക്കുന്നു. 

ഇയ്യ് വലിക്കോ..? 

തടിച്ച കയ്യുകളിൽ പുകയുന്ന കഞ്ചാവ് ബീഡി തനിക്ക് നേരെ നീളുന്നു. തെല്ലൊരു ആശങ്കയോടെ അവളത് ചുണ്ടോടു ചേർത്തു. നാലോ അഞ്ചോ ആറോ പുക കൃത്യമായി അറിയില്ല. കാമത്തിന്റെ ഒഴുക്ക്. കുത്തിമറിഞ്ഞൊഴുകുന്ന കാമപ്പുഴ. നീരാടുന്ന രണ്ടുപേർ. ആഹ്ലാദത്തിന്റെ മുരളലുകൾ, അലർച്ചയായി, കരച്ചിലായി. അർഥനഗ്നമായ തുടകളിൽ നിന്നും ചോര ഒഴുകുന്നു. ജാനകി യുടെ കയ്യിലെ പിച്ചാത്തി തലയിൽ ചോര തിളങ്ങി. മുരണ്ട ശബ്ദമുള്ള അധികായൻ കരയുന്നു. വേദനകൊണ്ട് പുളയുന്നു. അവളുടെ കണ്ണുകളിൽ പക നിഴലിച്ചു. അവൾ ദേവിയായി ഭൂമിയായി അവൾ ദേവനായി സംഹാരമായി. ജാനകി കാളുവായി. കാളു ജാനകിയായി. ഇയ്യ് ആരെടി തേവിടി... പിച്ചാത്തി ഉയർന്നു താഴ്ന്നു തുടകൾ ചോര ഛർദിച്ചു. ച്ചി... 

ഞാൻ ജാനി . ന്റെ കാളൂന്റെ ജാനി . 
ഹോട്ടൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ ചീറ്റി ഒലിക്കുന്ന ചോര. രക്തത്തിൽ മുങ്ങിയ കിടക്ക വിരി. അതിൽ അർദ്ധ നഗ്നനായ മനുഷ്യൻ ചുവന്നുരുണ്ട് കിടക്കുന്നു. കാലം ഒഴുകുന്നു,നിശ്ചലമാകുന്നു, ഉൾവലിയുന്നു.

വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് മഴ ഖനത്തിൽ പെയ്യുന്നു,ആന തുള്ളികൾ. 

ജാനി അനക് ആണാവാൻ തോന്നണത് പോലെ ഇന്ക് പെണ്ണാവാനും തോന്നുണ്ട്. 

ഇയ്യ് ആണാവണ്‌. പേര് കാളു 

ഞാൻ പെണ്ണാവണ്.പേര് ജാനകി 

അപ്പഴും നമ്മൾ പ്രേമിക്കും.

മ്മടെ പ്രേമം ഈ തെരുവിൽ പാട്ടാവും 

അത് ശെരിയാവോ കാളോ..

ശെരിയാവും 

ഇയ്യ് പെണ്ണ്..ന്റെ മാത്രം ജാനകി പെണ്ണ് 

ഞാനോ..? 

ഇയ്യ് കാളു.. ന്റെ മാത്രം കാളു..

\"പ്രേമം അർഥവത്താണ്. അതുപോലെ അർത്ഥ ശൂന്യവും.\" 

മനസ്സിന്റെ വിഹായസ്സിൽ നിന്നും ന്റെ കാളു പറഞ്ഞ അവസാന ത്തെ വാക്ക്. ഓന്റെ അവസാന കവിത. ജാനകി കണ്ണ് തുടച്ചു. 

പക്ഷേങ്കിൽ.. അയാൾക്കൊന്നും മനസ്സിലായില്ല. 

ജാനകി തുടർന്നു. ഞാനും ന്റെ കാളും നാട് വിട്ട് പോകുമായിരുന്നു. പരസ്പരം മനസ്സും ശരീരവും ലിംഗവും കൈമാറി ജീവിച്ചേനെ. പക്ഷെ നീ അവനെ കൊന്നു. മേനിക്ക് മാത്രം വെല ഇട്ന്ന നീ അവനെ.. ന്റെ കാളൂനെ. 
അയാളുടെ മനസ്സിൽ പഴയൊരു പാതകത്തിന്റെ രംഗം തെളിഞ്ഞു.
അന്നത്തെ രാത്രിയിൽ അങ്ങനെ സംഭവിച്ചു. അവൾ സുന്ദരിയായിരുന്നു. അവളുടെ കണ്ണുകൾ എന്റുള്ളിലെ ലഹരി ആളികത്തിച്ചു. അന്നാ രാത്രിയിൽ. അറിയാതെ. അവളെ.  

അവളല്ല.. അവൻ. ദൈവത്തിന് പറ്റിയ പിശക്. പെണ്ണിന്റെ മേനീൽ ഓനെ തളച്ചു. പുരുഷ ന്റെ മേനീൽ ന്നിം . ന്റെ ല്ലാം ആയിര്ന്ന കാളൂനെ നീ..

തേങ്ങലോടെ തന്നെ അയാൾ ജാനുവിനെ തിരുത്തി 

അവൻ അല്ല.അവൾ. സുന്ദരമായ കണ്ണുകളുള്ള പെൺകുട്ടി. അവള്ടെ പേര്.. ഭൂതകാലത്തിന്റെ പൊത്തിൽ നിന്നും മുഴങ്ങുന്നു. അയാൾ ചെവിട് കൂർപ്പിച്ചു. ജാ.. ജാ.. ജാനകി..

അല്ല കാളൂ.. അലറി വിളിച്ച് ഉയർന്നു പൊങ്ങി ജാനകി അയാളുടെ നെഞ്ചിൽ ഇരുന്നു. 
ഇരയുടെ കണ്ണുകളിൽ ഭയം മിന്നി. മുഖം വക്രിച്ചു. കണ്ണുകൾ അടഞ്ഞു. തുടയിലെ ദമനി പൊട്ടിയിരുന്നു. 

ജാനകി ഞാനാ.. ഓൻ കാളു. ന്റെ കാളു 
തമ്പുരാന്റെ ചില നേരത്തെ കളിതമാശ. മൂടി മാറ്റിയ ചില്ലുപ്പ്യാള് .
പിച്ചാത്തി വീണ്ടും ഉയർന്നു താഴ്ന്നു. രക്തത്തിൽ മുങ്ങിയ കബന്ധത്തിന്റെ നെഞ്ചിൽ നിന്നും വീണ്ടും രക്തം ചീറ്റി ചൂടാറിയ രക്തം.കട്ടിലിനു നേരെ മുകളിൽ തൂങ്ങുന്ന ഫോട്ടോ ഫ്രെയിമിൽ സ്നേഹവും സംഹാരവും ഒന്നുചേർന്ന് നിൽക്കുന്ന \'അർദ്ധനാരീശ്വര\' ചിത്രത്തിലൂടെ മുറിയിലെ അരണ്ട വെളിച്ചം താഴേക്ക് ഒലിച്ചിറങ്ങി. 

\"പ്രേമം അർത്ഥവത്താണ്.. അതുപോലെ അർത്ഥശൂന്യവും\"