Aksharathalukal

അവൾ

🥀
മഴക്കാലാച്ച്ട്ട് എന്താ ഉച്ച സമയത്തെ ഉഷ്ണത്തിന് ഒരു കൊറവുല്ല്യ..
മാളുവിന്റെ അച്ഛൻ പടിക്കൽ നമ്പ്യാർ. ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന വയലേലകൾക്കും അതിൽ നടുകുനിഞ്ഞ് പണിയെടുക്കുന്ന തൊഴിലാളികൾക്കും മേൽ നോട്ടം വിതച്ച് വെയിലിനു ചൂടേറുമ്പോ വീട്ടിലെക്കൊരു നടത്തം. കുമ്പ നിറയെ സുഭിക്ഷ ഭോജനം. എന്നിട്ടൊരു കിടത്തം. അന്നേരത്തെ സ്ഥിരം പല്ലവി ഉഷ്ണത്തെ കുറിച്ച് അതിനിതുവരെ ഒരു മാറ്റവും ഇല്ല. അച്ഛന്റെ ഉഷ്ണ വിചാരം കേട്ട് മടുത്തിട്ടാവണം.. അതെന്താ അച്ഛാ... അമ്മക്ക് ചൂടില്ലേ? എന്ന് മാളു ചോദിച്ചത്.

അതെന്താ മോളെ അങ്ങനൊരു ചോദ്യം...?
അല്ല.. അച്ഛാ.. അമ്മ യെന്നും അടുക്കളയിൽ തന്നെ.. അവിടത്തെ ഉഷ്ണം അറിയാൻ അവിടെയൊന്ന് കേറി നോക്കണം. പോരാത്തതിന് പുക കണ്ണിൽ കയറിയാ ഒടുക്കത്തെ നീറ്റലാ.. എന്നിട്ടും അമ്മ ഇത് വരെ ഒരു പരാതിയും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല..

നിന്റെ അമ്മക്ക് സുഖല്ലേ.. പൊറത്തിറങ്ങണ്ട, പണിക്ക് പോവണ്ട, വെയിൽ കൊള്ളണ്ട.. ഇവിടെയിരുന്ന് സുഖമായിട്ടുണ്ണാം... ഉറങ്ങാം..

അമ്മയും പണിയെടുക്ക്ണ്ടല്ലോ.. അപ്പുറത്തെ ജാനകിയേച്ചി വീട്ടുപണിക്ക് പോവാറുണ്ട് അടിക്കാനും.. തൊടക്കാനും.. ചോറും കറിയും വെക്കാനുമൊക്കെ.. അതെന്നല്ല്യേ അമ്മയും ചെയ്യണേ...?

സംസാരം ചെറുതായൊന്ന് മാറ്റാൻ പടിക്കൽ നമ്പ്യാർ കൈ മുകളിലേക്ക് ചൂണ്ടി. തട്ടിന്റെ തെക്കേ മൂലയിൽ വലിയ ഒരു ചിലന്തി വല. അതിൽ കുടുങ്ങികിടക്കുന്ന ഏതോ ഒരു പ്രാണി.
 മാളു അച്ഛനെ വിളിച്ചു. അച്ഛാ.. ഉറക്കം തൂങ്ങിയ കൺപോളകൾ ചെറുതായൊന്നുയർത്തി നമ്പ്യാർ ചോദിച്ചു. എന്തേ.. മാളു..? 

അതെന്താ പ്രാണി പറക്കാത്തെ..?

അതൊരു ചിലന്തി വലയാ.. ബുദ്ധിമാനായ ചിലന്തി ഇരയെ പിടിക്കാൻ മെനെഞ്ഞെടുത്ത കെണി.
ആ പ്രാണിക്ക് ഇനി അനങ്ങാൻ പറ്റില്ല. ജീവിതം മുഴുവൻ ആ കെണിയിൽ കിടക്കണം.

ആ പ്രാണീടെ പേരെന്താ അച്ഛാ..?

നമ്പ്യാർ അടച്ച കണ്ണുകൾ തുറക്കാൻ മെനക്കെടാതെ അങ്ങനെ കിടന്ന് പറഞ്ഞു.. \"അറിയില്ല മാളു\"........

  ഇന്ന് കൊച്ചിൻ ആർട്ട്‌ ഗാലറിയിൽ വെച്ച് ചെറിയ ഒരു ചിത്ര പ്രദർശനം. അതിലേക്ക് വന്ന മുഴുവൻ ചിത്രാസ്വാധകരും ഒരു ചിത്രത്തിന് മുൻപിൽ എത്തുമ്പോൾ മാത്രം എന്തെന്നില്ലാതെ നിശ്ചലമാകുന്നു. അതിനു പിന്നിലെ സൂത്രമറിയാൻ ഞാനുമൊന്ന് ചെന്നു നോക്കി
 വലക്കെണിയിൽ പെട്ടുകിടക്കുന്ന സ്ത്രീ.. ആ വല പണിഞ്ഞിട്ടുള്ളത് ചിലന്തിയല്ല.. മനുഷ്യനാണ്.. അടുക്കള പുറത്തെ എച്ചിൽ കൊണ്ട്..വെറും പെണ്ണെന്ന കാഴ്ചപ്പാട് കൊണ്ട്.. അടുക്കളയിലെ പുക കൊണ്ട്, കരി കൊണ്ട്.... ആർത്തവമെന്ന തീരാ ആശുദ്ധികൊണ്ട്.. പുരുഷൻ തീർത്ത വല.., ആ രസമുള്ള ചിത്രത്തിന്റെ അങ്ങേ അറ്റത്തായി ചിത്രകാരിയുടെ നാമം കൊത്തി വെച്ചിരിക്കുന്നു.

\" മാളവിക രജനി. പടിക്കൽ... \"