Aksharathalukal

*ഞണ്ടുകളുടെ കാലം ( പാർട്ട് 2 )*

അമ്മുക്കുട്ടി കാളിങ് ..........
\" ഹലോ മോളെ അമ്മു ..... \" അവൾ ഉത്സാഹത്തോടെ ഫോൺ എടുത്തു സംസാരിച്ച് തുടങ്ങി .

\" അമ്മേ ! തലവേദന എങ്ങനെ ഉണ്ട് അമ്മേ ? ഭക്ഷണം ഒക്കെ കഴിച്ചോ എൻ്റെ അമ്മക്കുട്ടി ? . \" 

\" തലവേദന കുറവുണ്ട് മോളെ .ഇപ്പോ എണീറ്റത്തെ ഉള്ളു  . മോൾക്കു ഇന്ന് ക്ലാസ് ഇല്ല അല്ലേ ?\" 

\"ഇല്ല അമ്മേ ഇന്ന് ക്ലാസ് ഇല്ല സ്റ്റഡി ലീവ് ആണ് . പരീക്ഷ വരുവല്ലേ ! എങ്കിൽ \'അമ്മ പോയി ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ച് നല്ല കുട്ടിയായി മരുന്ന് ഒക്കെ കഴിക്കു . ഞാൻ പിന്നെ വിളിക്കാം \".

അമ്മുക്കുട്ടി കാൾ വെച്ചതിനു ശേഷം കുറച്ച് നേരം കൂടി താര ജനാലക്കരുകിൽ പുറത്തു ആർത്തു പെയ്യുന്ന മഴ നോക്കി നിന്നു. ജൂൺ മാസത്തിൽ സ്കൂൾ തുറക്കുമ്പോ ഒരു കുടയും ചൂടി പുത്തൻ യൂണിഫോം ഒക്കെ ഇട്ടു ,  വാർഷികാവധിക്ക് ശേഷം അമ്മയെ പിരിയാൻ ഉള്ള വിഷമത്തിൽ കരഞ്ഞു കൊണ്ട് സ്കൂൾ ബസിലേക്ക് പോകുന്ന കുഞ്ഞ് അമ്മുകുട്ടിയെ അവൾ ഓർത്തു . 
ശേഷം ഓർമകൾക്ക് കടിഞ്ഞാണിട്ട് കുളിക്കാനായി പോയി .
കുളി കഴിഞ്ഞ് വന്നു അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു . തൻ്റെ  വ്യത്യസ്തമായ പ്രതിബിംബത്തെ കണ്ടു നിൽക്കാൻ ആവാത്തതിനാൽ അവൾ വേഗം തന്നെ  മെസ്സിലേക്ക് പോയി .

ഭക്ഷണം കഴിച്ച് തിരികെ റൂമിൽ എത്തി മരുന്ന് കഴിച്ചതിനു ശേഷം അവൾ കുറച്ചു നേരം . വരാന്തയിലെ ഇരിപ്പിടത്തിൽ ഇരുന്നു . മഴ അല്പം തോർന്നിരിക്കുന്നു . അണ്ണാറക്കണ്ണൻ മാവിൻറ്റെ മുകളിൽ ഇരുന്നു മാമ്പഴം ആർത്തിയോടെ തിന്നുന്നു .
നിറയെ മരങ്ങൾ ഉണ്ട് സഞ്ജീവനിയിൽ ഭംഗിയുള്ള പൂന്തോട്ടവും പച്ചക്കറി കൃഷിയും എല്ലാം ഉണ്ട് . അവിടുത്തെ അന്തേവാസികൾക് സ്വസ്ഥമായി ഇരിക്കാൻ പൂന്തോട്ടത്തിനു നടുവിൽ ഒരു ഊഞ്ഞാലും അവർ നിർമിച്ചിട്ടുണ്ട് . 
താര എല്ലാം നോക്കി കുറെ നേരം അവിടെ അങ്ങനെ ഇരുന്നു .

\" ഹാലോ ! എന്താ പേര് ?\"

ഒരു 35 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവതി ആയിരുന്നു അത് . അവർ താരയുടെ അടുത്ത് വന്നു ഇരുന്നു .

\" ഞാൻ സെറ ഇന്ന്  വന്നതാ ഇവിടെ. കോട്ടയം ആണ് വീട് . തൻ്റെ പേര് എന്താ ?\" സെറ പുഞ്ചിരിച്ച മുഖത്തോടെ താരയോട് ചോദിച്ചു .

\" ഹായ് ! ഞാൻ താര .വീട് ആലപ്പുഴ ആണ് .\" താരയും സെറക്കു തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്  മറുപടി പറഞ്ഞു .

\" ആഹാ ! വീട്ടിൽ ആരൊക്കെ ഉണ്ട് താര ?\" സെറ താരയെ കുറിച്ച് അന്വേഷിച്ചു .

\" എൻ്റെ വീട്ടിൽ ... ..........അമ്മ അച്ഛൻ ഒക്കെ മരിച്ചു ... എനിക്ക് ഇപ്പോ ഒരു മോൾ ആണ് ഉള്ളത് അവൾ യു എസ്സിൽ പഠിക്കാൻ പോയിരിക്കുവാണ്\" താര മറുപടി പറഞ്ഞു .

\"അപ്പോ തൻ്റെ ഹസ്ബൻഡ് ?\" സെറ മടിച്ചു കൊണ്ട് താരയോടായി ചോദിച്ചു .

\" ഞങ്ങൾ ഡിവോഴ്‌സ്ഡ് ആണ് .... \" താര മറുപടി പറഞ്ഞു .
\" ഓ ! ഓക്കേ ! അപ്പോ താര നമ്മുക് ഫ്രണ്ട്‌സ് ആയാലോ എനിക്ക് ആകെ ഒരു അമ്മച്ചി മാത്രമേ ഉള്ളു .കല്യാണം ഒന്നും കഴിച്ചിട്ട് ഇല്ല . പിന്നെ വീട്ടിൽ ഇരിക്കുമ്പോ ആകെ ഒരു മൂകത അതാ ഇങ്ങോട് പോണേ . ഇവിടെ ആകുമ്പോ നമ്മളെ പോലെ വേറേം ആൾകാർ ഉണ്ടാകുമല്ലോ . അപ്പോ ആ ഒരു മൂകതയും വിഷമം ഒക്കെ മാറും എന്ന്  തോന്നി !\"  സെറ താരയോടായി പറഞ്ഞു .

അവർ പെട്ടെന്ന് തന്നെ നല്ല കൂട്ടുകാർ ആയി . മനസിനുള്ള ദുഖങ്ങളെ മറക്കാൻ ഒരുപാട് സഹായിച്ചു ആ കൂട്ട് .....

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി .

ഒരു ദിവസം വൈകുന്നേരം ചായ കുടി കഴിഞ്ഞ് താരയും സെറയും പൂന്തോട്ടത്തിലേക്ക് പോയി . അവിടുള്ള ഊഞ്ഞാലിൽ ഇരുന്നു .

\" അമ്മച്ചി വിളിക്കാറുണ്ടോ സെറ ? \" താര സീറയോടായി ചോദിച്ചു .
\" ആ വിളിക്കും ഡാ!  ഇന്നും വിളിച്ചാരുന്നു . അമ്മച്ചിക്ക് നല്ല പേടിയാ എൻ്റെ അസുഖത്തെ പറ്റി. 2   - സ്റ്റേജ് ആണല്ലോ  .... ആ കരച്ചിലും പറച്ചിലും ഒന്നും കാണാൻ വയ്യാത്തോണ്ട് കൂടിയ ഞാൻ ഇങ്ങോട്ട് വന്നേ . \" സെറ മറുപടി പറഞ്ഞു .

\" നീ എന്തെ കല്യാണം കഴിക്കാഞ്ഞേ ?? \" താര ചോദിച്ചു .

\" ഓ എന്നാത്തിനാ കൊച്ചെ  കല്യാണം ! വേണം എന്ന് തോന്നീട്ടില്ല അതാണ് സത്യം . കല്യാണം കഴിച്ച എത്ര സ്ത്രീകൾ സന്തോഷമായി ജീവിക്കുന്നുണ്ട് ?? ഒരു റിസ്ക് എടുക്കാൻ വയ്യാരുന്നു ... അത് ഒരു കണക്കിന് ഇപ്പോ നന്നായിന്നു തോന്നുന്നു .\" സെറ ഒരു കുസൃതി ചിരിയോടെ പറഞ്ഞു .

പെട്ടന്ന് ചെറിയ മഴ ചാറി തുടങ്ങി, അവർ രണ്ടുപേരും തങ്ങളുടെ മുറികളിലേക്ക് തിരികെ പോയി . 

താര പതിയെ കട്ടിലിൽ വന്നു കിടന്നു .അപ്പോഴും അവളുടെ മനസ്സിൽ സെറ പറഞ്ഞ ഒരു വാചകം പ്രതിധ്വനിച്ചുകൊണ്ട്  ഇരുന്നു !

\"കല്യാണം കഴിച്ച എത്ര സ്ത്രീകൾ സന്തോഷമായി ജീവിക്കുന്നുണ്ട് ??\"

തൻ്റെ വിവാഹ ജീവിതത്തിൻറെ ഓർമകളിലേക്ക് ആണ് ആ ചിന്ത അവളെ കൂട്ടികൊണ്ട് പോയത് .
ആളും ആരവുമായി നടത്തിയ കല്യാണം ... സർവ്വാഭരണ വിഭൂഷിതയായി പട്ടു സാരി എല്ലാം ചുറ്റി  കതിർമണ്ഡപത്തിലേക്ക് പ്രാർത്ഥനയോടെ കാലെടുത്തു വെച്ച് , ഗോകുൽ എന്ന് കൊത്തിയ താലി ആ മനുഷ്യനിൽ നിന്ന് ഏറ്റു വാങ്ങിയ ആ ദിനം .
നില വിളക്കെടുത്ത് നല്ലൊരു ഭാര്യയായി മരുമകളായി ചെറുപ്പുളശ്ശേരി തറവാട്ടിൽ കാലെടുത്ത് വെച്ച ആ ദിവസം ! 
ആഗ്രഹിച്ച വിവാഹം അല്ലെങ്കിലും .. താലി കെട്ടിയ നിമിഷം മുതൽ മനസ്സാൽ  അദ്ദേഹത്തിൻറെ ഭാര്യയായി  ,പ്രാർത്ഥനയും ഏറെ പ്രതീക്ഷയോടെയും തന്നെ ആയിരുന്നു ആ വീട്ടിൽ കാലെടുത്ത് വെച്ച് കേറിയത് .

ആദ്യം ഒക്കെ എല്ലാം നന്നായി പോയെങ്കിലും . കടലിൻറെ യാഥാർഥ്യം അറിയാൻ  അടിത്തട്ടിലേക്ക് എത്തണം എന്ന് പറയും പോലെ . പോകെ പോകെ ആയിരുന്നു ഓരോ മനുഷ്യരെയും തിരിച്ചറിയാൻ സാധിച്ചത് .
 കല്യാണത്തിന് ശേഷം പുതുമോടി അവസാനിച്ചപ്പോൾ തൊട്ടു തുടങ്ങിയിരുന്നു ആ യാതാർഥ്യത്തിൻറെ നാളുകൾ .

ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങൾ ആയിരുന്നു അത് . ഞാൻ എനിക്ക് വേണ്ടി ജീവിച്ചിരുന്നതേ ഇല്ല . ആ വീട്ടിലെ എല്ലാവർക്കുമായി രാപകൽ ഇല്ലാതെ ഞാൻ കഷ്ട്ടപെട്ടു എങ്കിലും എന്നും കുത്തു വാക്കുകൾ മാത്രം ആയിരുന്നു കേൾക്കേണ്ടി വരുന്നത് .

ഗോകുലിൽ നിന്ന് ആദ്യം ഒക്കെ കിട്ടിയിരുന്ന സ്നേഹത്തോടെ ഉള്ള ഒരു നോട്ടം പോലും ഓർമ ആയി മാറുക ആയിരുന്നു .
സ്ത്രീധനം കുറഞ്ഞെന്ന പേരിൽ ഗോകുലിൻ്റെ അച്ഛനും അമ്മയും എന്നെ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ പോലും ഗോകുൽ അവർക്ക് ഒപ്പം നിന്ന് എന്നെ ദ്രോഹിച്ചിട്ടേ ഉള്ളായിരുന്നു ... ആയുസ്സിൻറെ കുറെ ഭാഗം എനിക്കായ് ജീവിക്കാതെ അവർക്കായി മാത്രം ജീവിച്ചു .
ആകെ ഒരു ആശ്വാസം അവിടെ എൻ്റെ അമ്മുക്കുട്ടി ആയിരുന്നു ... അവളുടെ ജനനം ,അവളുടെ കുസൃതികൾ, അവളുടെ ചിരി ,അവളുടെ വളർച്ച എല്ലാം നോക്കി കണ്ടു ആയിരുന്നു ഞാൻ എൻ്റെ ദുഖങ്ങളെ മറന്നിരുന്നത് .  ഒടുവിൽ ഞണ്ടുകൾ എന്നെ ആക്രമിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്ന ഭാരത്തെ ഒഴുവാക്കാൻ അവർ തീരുമാനിച്ചു . 
ഡിവോഴ്സ് വേണം എന്ന ഗോകുലിൻ്റെ ആവിശ്യം കേട്ട് എനിക്ക് ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല . രോഗം നിർണയിച്ചപ്പോ തന്നെ ഞാൻ അത് പ്രതീക്ഷിച്ചിരുന്നു . ഒരു അടുക്കള കാരിയായി അവിടെ കഴിഞ്ഞ എൻ്റെ ആരോഗ്യം കൂടി നശിച്ചാൽ പിന്നെ ഞാൻ അവർക്കൊരു പാഴ്വസ്തു ആണല്ലോ ! 
ഗോകുലിൻ്റെ ജീവിതത്തിൽ പ്രണയം പകരാനായി ഒരുപാട് കൂട്ടുകൾ വേറെ ഉണ്ടെന്ന് എന്നോ ഞാൻ തിരിച്ചറിഞ്ഞിരുന്നു .. ജോലിക്കു പോയി വന്നാൽ പിന്നെ എപ്പോഴും ഫോണിൻറെ ഒപ്പം മാത്രം ചിലവഴിക്കുന്നതിനെ പറ്റി ആദ്യം പരാതി പറഞ്ഞിരുന്നെങ്കിലും ,പിന്നീട് കാരണം ഇതാണെന്നു വേദനയോടെ മനസിലാക്കിയ എനിക്ക് ,പോകാൻ ഒരു സ്ഥലം ഇല്ലാത്തതിനാലും അപ്പോഴേക്ക് താങ്ങായ അച്ഛനേം അമ്മയെയും നഷ്ടപെട്ടതിനാലും .
അമ്മു മോളെ ഓർത്തു എല്ലാം കണ്ടില്ലെന്ന് നടിച്ചു മൗനം പാലിച്ചു ജീവിക്കേണ്ടി വന്നു .
ശരിയാണ് സെറ പറഞ്ഞത് കല്യാണത്തിന് ശേഷം എത്ര സ്ത്രീകൾ സന്തോഷത്തോടെ ജീവിക്കുന്നു ...? സെറ കല്യാണം എന്ന അഗ്നിപരീക്ഷക്കു പോകാഞ്ഞതിനാൽ ആവണം ഞണ്ടുകൾ ആക്രമിച്ചിട്ടും അവളുടെ ചുണ്ടിൽ ഇപ്പോഴും പുഞ്ചിരി ഉണ്ട് , മനസിന് നല്ല കരുത്ത് ഉണ്ട് കണ്ണുകളിൽ നല്ല തിളക്കം ഉണ്ട് .. 
എന്നാൽ താനോ ?? എന്നോ ആ വീട്ടിലെ നരക യാതനകളും തീരാത്ത ജോലികളും കാരണം തന്നെ മെലിഞ്ഞ് ഉണങ്ങി സൗന്ദര്യം എല്ലാം നഷ്ടപ്പെട്ടിരുന്നു . മനസിലെ ദുഃഖം കണ്ണുകളിലെ തിളക്കത്തിനെ പോലും തല്ലികെടുത്തിയിരുന്നു .
അതിൻ്റെ കൂടെ ആണ് ഈ ഞണ്ടുകളുടെ വരവും ..... !

ഡിവോഴ്‌സിന് ശേഷം ആ വീട്ടിൽ നിന്ന് ഇറങ്ങി പിന്നെ ഡോക്ടർ വഴി തന്നെ ആണ് സഞ്ജീവനിയെ പറ്റി അറിഞ്ഞ് വന്നത് . ഞണ്ടുകൾ ആക്രമിച്ചവർക്കായി സൗജന്യമായി നടത്തുന്ന സ്ഥാപനം . ഭക്ഷണവും പരിചരണവും എല്ലാം സൗജന്യം ..... സമാധാനം ഉള്ള അന്തരീക്ഷം ആണ് ഇവിടെ . ഞാൻ എനിക്കായ് ജീവിക്കാൻ മറന്ന ദിവസങ്ങൾ എനിക്ക് തിരികെ തന്നത് ഒരു കണക്കിന് ഈ ഞണ്ടുകൾ ആണെന് പറയാം .
സമാധാനത്തിൻറെ രുചി അനുഭവിച്ചു, ഇനി എങ്കിലും എനിക്ക് വേണ്ടി  ജീവിക്കാൻ ഓർമിപ്പിച്ചു ഈ ഞണ്ടുകൾ ....


തുടരും ....... 
വായിക്കുന്ന എല്ലാവരും ഒന്ന് അഭിപ്രായം കൂടി പറയണേ ഇത് ഒരു ട്രാജഡി കഥ അല്ല ഒരു ഇൻസ്പിറേഷൻ , ലവ് , സസ്പെൻസ് കഥ ആണ് . 
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .

                                                                  - ശ്രീ -