Aksharathalukal

പോയതെന്തേ നീ സതി....

അരുതേ സതി നീ പോകരുതെന്ന് ഞാൻ ചൊല്ലിയതെന്തേ കേട്ടതില്ല
അകലെയായ്  നിൻ നിഴൽ മാഞ്ഞു തുടങ്ങവേ മിഴികളണിഞ്ഞു നീർക്കണങ്ങൾ.. കണ്ണീർക്കണങ്ങൾ
വിരഹമെൻ വിധിയായി നൽകിയെന്തെ സതീ
വ്യഥയെൻ നെഞ്ചിൽ പകർന്നതെന്തേ
ദാക്ഷയണിയായ് പിറവികൊണ്ടെകിലുമെൻ
ഉടലിന്റെ പതിയായ് മാറിയതല്ലേ നീ
അച്ഛന്റെ സ്നേഹസമുദ്രത്തിൽ വാണ നിൻ
പ്രണയമതെനിക്കായ് നൽകിയില്ല..
ആദ്യത്തെ ദർശനാ വേളയിൽ  നിന്റെ
കണ്ണുകളിൽ കണ്ടു ഞാൻ നക്ഷത്ര ദീപധാര
നിൻ രൂപമെൻ ഹൃദയകോവിലിൽ കൊത്തിവച്ചു
ചിരിതൂകി മാഞ്ഞതും മറന്നതെന്തേ
അഴിച്ചിട്ട വാർമുടി ചുരുളുകളിൽ  എന്റെ പ്രേമത്തിൻ പൂക്കൾ ചൂടി വന്നതല്ലേ
കാർമേഘമത്രയും നിൻ നിഴൽതൊട്ടതും ഇരുൾ നീങ്ങി ഒളിവീശി നിന്നതല്ലേ
ഹിമമണിഞൊരുങ്ങുമീ കൈലാസഭൂവിലായ് ഒരു പുണ്യത്തീർഥമായ് ഒഴുകിയില്ലേ
എല്ലാം മറന്നു നീ പോയതെന്തേ സതി
എന്നെ ഒരു മാത്രം കേൾക്കാതെ പോയതെന്തേ

ദക്ഷപ്രജാപതിതൻ അഹതതൻ അഗ്നിയാളും യാഗം.. ദക്ഷയാഗം
അതു ദർശിക്കുവാൻ അച്ഛനെ തൊട്ടുവണങ്ങുവാൻ ക്ഷണമില്ലാതെ
നീ പോയി..
പോകരുതെന്ന് ഞാൻ കോപിയായ്ചൊല്ലിയും
കേൾക്കാതെ പോകയായ് പ്രിയദേവി
ശരമായ്‌ തുളയുന്ന വാക്കുകളാണെന്നെ ബന്ധിച്ചതെന്തിനുനീ.. സതീ
ദണ്ഠിച്ചതെന്തിനു നീ
വിധിതൻ നാടകമറികിലും നിന്നെ
തടയുവാനാകാതെ ഞാനും സ്വയംശിലയായ് മാറിയെന്തേ


ദക്ഷന്റെ ആക്ഷേപ വാക്കുകളാൽ നിൻ മനം രണ ബിന്ദു പൊഴിക്കുകയായിരുന്നു
അപമാനിതയായ് മൗനിയായ്  നിന്നുനീ
മിഴിനീർവാർക്കുകയായിരുന്നു
ഹൃദയഭേദിക്കുമാ വാക്കുകൾ കൊണ്ട്
നിൻ ക്ഷമയെയളക്കുകയായിരുന്നു, ദക്ഷൻ സ്വയം വിധിതേടുകയായിരുന്നു

ക്രോധത്തിൻ അലയായ് മാറി
നിൻ മാനസം,
 അഗ്നിയാളുന്ന കനലായി കണ്ണുകൾ
ശാപവചനങ്ങളുതിർത്തു നിന്നധരങ്ങൾ 
ഭയമുഖരതമായി യാഗശാല
മനം മരവിച്ചു നിന്നു ദേവ- ഋഷികൾ
ജ്വലിച്ചു പടരുമാ യാഗാഗ്നിയിൽ സ്വയം
ദേഹം ത്യജിച്ചു നീ പോയതെന്തേ 
എന്നെ നിൻ വിരഹത്തിൻ
ചിതയിലായ് എരിച്ചതെന്തേ..
പ്രതികാര സംഹാര തണ്ഡവമാടി
ദക്ഷ ശിരസറുത്തിങ്ങു ഞാനലറി
ക്രോധം ശമിക്കുമാ വേളയിലെൻ മനം ആസ്വസ്ഥമായിമാറി, മിഴി
വറ്റാത്തയുറവയയോഴുകി..