Aksharathalukal

part 4 ഹൃദയത്തിലേക്കിറങ്ങിയ പെൺപേരുകൾ

പിറ്റേന്ന് അവര്‍ നന്ദന്‍റെ താമസം മുകളിലേക്ക് മാറ്റി.
നാട്ടില്‍ വന്നിട്ടും ഇതു വരെ നന്ദനൊരു മാറ്റവുമില്ല. നിശ്ശബ്ദവും നിശ്ചലവുമായ അവന്‍റെ സാമീപ്യം അനുരാധയുടെ ഉള്ളുലച്ചു തുടങ്ങി.
സുചിത്രയേക്കാളേറെ സമയം അവള്‍ നന്ദനരികില്‍ ഇരുന്നു. അവളുടെ വായനകള്‍ അവനടുത്തിരുന്നായി. അവനിഷ്ടപ്പെട്ട ജ്യൂസ് അവള്‍തന്നെ തയ്യാറാക്കി കൊണ്ടുവന്ന്‍ കുടിപ്പിച്ചു.
പത്തു ദിവസം പോയതറിഞ്ഞില്ല.

‘മോനിവിടെ അനുരാധയുടെ കൂടെ അമ്മയില്ലാതെ കുറച്ചു നാള്‍ നില്‍ക്കണ’മെന്ന് സുചിത്ര ഇതിനിടെ അവനോട് പറഞ്ഞു നോക്കി. അവന് ഒരു ഭാവമാറ്റവുമുണ്ടായില്ല.
അചഞ്ചലമായ ഒരു തീരുമാനത്തില്‍ സ്നേഹം കൊണ്ട് ചേര്‍ന്നുറച്ച്, രണ്ട് സ്ത്രീ ഹൃദയങ്ങള്‍ മുന്നോട്ട് നീങ്ങി.

പതിനാലാം ദിവസം, നന്ദനെ അനുരാധയെ ഏല്‍പ്പിച്ച് സുചിത്ര ചെന്നെയിലേക്ക് തിരിച്ച് പോയി. 
നന്ദന്‍റെ നെറ്റിയില്‍ ചുംബിച്ച് യാത്ര ചോദിക്കുമ്പോള്‍ മനസ്സില്‍ മാത്രം സുചിത്രയുടെ കണ്ണീരൊഴുകി.
മുറ്റത്ത് നിന്നും കാര്‍ നീങ്ങുന്നതിന് മുന്‍പ് സുചിത്രയും അനുരാധയും നെഞ്ചകങ്ങളാല്‍ അദൃശ്യമായുറപ്പിച്ചു കെട്ടിയ കടുംകെട്ടുകള്‍ ഒന്നു കൂടി മുറുക്കി, പരസ്പരം ധൈര്യം പകര്‍ന്നു.

അന്നു രാത്രി അനുരാധക്കുറങ്ങാനായില്ല. നന്ദന്‍റെ മുറിയിലേക്ക് ഇടയ്ക്കിടെ വന്നുനോക്കി, പുലരുംവരെ അവളുറങ്ങാതെയിരുന്നു.
മുകള്‍നിലയിലെ രണ്ടു ബെഡ്റൂമുകള്‍ക്കിടയിലെ വിശാലമായ നടുത്തളം അവളുടെ മാത്രം ലോകമായിരുന്നു ഇതുവരെ. ഇനിയത് നന്ദന്‍റെയും കൂടി ഇടമാണ്.

ഒരു വശത്ത് ചുവരിനരികില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ച ചില്ലലമാരകളാണ്. ഏകാഗ്രതയോടെയിരുന്നു വായിക്കാന്‍ പറ്റിയൊരിടം, അതിനടുത്തുള്ള അഴികളില്ലാത്ത ജനലരികിലുണ്ട്.
മറ്റൊരു ചുവരിനരികില്‍, ജനലിനോട്‌ ചേര്‍ന്ന്‍ കിടക്കുന്ന തുറന്ന ഷെല്‍ഫില്‍ ഒരു വലിയ റേഡിയോ ഉണ്ട്.
നടുത്തളത്തിന് നടുവിലായി ഒരു പഴയ ആട്ടുകട്ടില്‍, ഒന്നു മയങ്ങാന്‍ പ്രേരിപ്പിക്കും വിധം മെല്ലെ ചാഞ്ചാടിക്കൊണ്ട് പ്രൌഢിയോടെ കിടപ്പുണ്ട്.

നിലാവുള്ള രാത്രികളിലും തണുപ്പുള്ള പ്രഭാതങ്ങളിലും ഇഷ്ടസംഗീതം കേട്ടുകൊണ്ട് അവള്‍ കണ്ണടച്ചു കിടക്കുന്ന ഇടമാണത്.

അതിനോട് ചേര്‍ന്നാണ് അനുരാധയുടെ എഴുത്ത് മേശ. എഴുതിക്കഴിഞ്ഞതും പാതി തീര്‍ന്നതുമായ നോട്ടു പുസ്തകങ്ങള്‍ അതിനു മുകളില്‍ അടുക്കി വച്ചിട്ടുണ്ട്. പിന്നെ ഒരു പെന്‍ ഹോള്‍ഡറില്‍ കുറെ പേനകളും.

നടുത്തളത്തിനങ്ങേയറ്റത്ത് രണ്ട് ബെഡ് റൂമുകള്‍ക്കും പൊതുവായുള്ള കുളിമുറിയോട് ചേര്‍ന്നാണ് ഡ്രസ്സിംഗ് ഏരിയ.
ഈ മുകള്‍നിലയാണ് അനുരാധ അവളുടെ മനസ്സിനെ സന്തോഷത്തോടെ മേയാന്‍ വിടുന്ന ലോകം.

ഏകയായി ജീവിക്കുന്നത് ഇത്രയും ആഹ്ലാദകരമാക്കുന്നത്, തുറന്ന വിശാലമായ, നിറയെ ജാലകങ്ങളുള്ള അവളുടെ മനസ്സാണ്. 

മുന്‍വിധികളൊന്നുമില്ലാതെ, കുസൃതി കാണിച്ചൊഴുകുന്ന കല്ലോലിനിയായും, ഒരു തപസ്വിനിയുടേതെന്ന പോലെ നിശ്ചലമായ തടാകമായും, അവളതിനെ അനായാസമായി കൈ വെള്ളയിലൊതുക്കും. ആനന്ദമേഘമായി വാനത്തിലൊഴുകി നടക്കാന്‍ പിന്നെ, അവള്‍ക്കൊരു നിമിഷം മാത്രം മതി.

അവള്‍ നന്ദന്‍റെ മുറിയിലേക്ക് ചെന്നു. ശാന്തമായി ഉറങ്ങുന്ന അവനരികില്‍ അവളിരുന്നു. അലസമായിക്കിടന്ന അവന്‍റെ അല്‍പം നീണ്ട മുടിയിഴകള്‍ അവള്‍ വാത്സല്യപൂര്‍വ്വം കോതിയൊതുക്കി.

നിത്യവും അതിരാവിലെ കുളിക്കുന്ന, അനുരാധയുടെ ദേഹത്ത് നിന്നും ചന്ദന സോപ്പിന്‍റെ സുഗന്ധം ആ മുറിയിലാകെ പരന്നു.
നെറ്റിയില്‍ അവളുടെ മൃദുലമായ കൈത്തലത്തിന്‍റെ ഇളം തണുപ്പറിഞ്ഞ് നന്ദന്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നു.

അരികില്‍ തന്നെക്കണ്ട് വിടര്‍ന്ന അവന്‍റെ മിഴികളില്‍ നോക്കി അനുരാധ സ്നേഹത്തോടെ പുഞ്ചിരിച്ചു.
എന്നിട്ട് അവനെ കൈ പിടിച്ചെഴുന്നേല്‍പ്പിച്ച് ബാല്‍ക്കണിയില്‍ കൊണ്ടുപോയി, ആവി പറക്കുന്ന രണ്ടു ചായക്കപ്പുകളിലൊന്ന് അവന് നേരെ നീട്ടി.

അവര്‍ രണ്ടു പേരും അവിടെയിരുന്ന്, പ്രഭാത കിരണങ്ങളാല്‍ പച്ചനിറപ്പാടത്ത് സ്വര്‍ണ്ണനിറം പടരുന്നതും കണ്ട്, അല്‍പാല്‍പമായി ചുടുചായയുടെ രുചിയറിഞ്ഞു. ഒപ്പം നിശ്ശബ്ദമായി മനസ്സു കൊണ്ട് സംസാരിച്ചു തുടങ്ങുകയും ചെയ്തു.

നന്ദന്‍ ബാത്ത്റൂമിലേക്ക് പോയ നേരം അനുരാധ അടുക്കളയിലേക്ക് പോയി തിരക്കിട്ട് പ്രഭാത ഭക്ഷണമൊരുക്കി. ചൂടുള്ള ചട്ണിയുടെയും, ദോശക്കല്ലില്‍ നെയ്‌ പുരട്ടി ചുട്ടെടുത്ത ദോശയുടെയും കൊതിപ്പിക്കുന്ന മണം അവിടെങ്ങും പരന്നു. 
ഒരു ട്രേയില്‍ അതെല്ലാമെടുത്ത് അവള്‍ മുകളിലേക്ക് ചെന്നു.

കുളിമുറിയില്‍ നിന്നും പുറത്തേക്ക് വന്ന നന്ദന്‍റെ നനഞ്ഞൊട്ടിയ മുടിയിഴകള്‍ കണ്ട്, അവള്‍ ഒരു ടര്‍ക്കി ടവല്‍ എടുത്തു കൊണ്ട് വന്ന്‍ അവനെ ആട്ടുകട്ടിലില്‍ ഇരുത്തി, “തലമുടി ഇത്രയും നനഞ്ഞിരുന്നാല്‍ പനി പിടിക്കില്ലേ നന്ദാ...” എന്നു പറഞ്ഞ് സ്നേഹത്തോടെ അവനെ ചേര്‍ത്തു പിടിച്ച് അവള്‍ തല തോര്‍ത്തിക്കൊടുത്തു.

അരികിലുള്ള ടീപോയില്‍ വച്ചിരുന്ന പ്ലേറ്റില്‍ നിന്നും ദോശയുടെ ഒരു തുണ്ട്, ചൂടുള്ള ചട്ണിയില്‍ മുക്കി അവള്‍ അവന്‍റെ വായില്‍ വച്ചു. 

അവളുടെ കണ്ണുകളിലേക്ക് ആഴത്തിലൊന്നു നോക്കി അവനത് രുചിച്ചു നോക്കി. ഒരു പാട് നാളുകള്‍ക്ക് ശേഷം ജ്യൂസിന്‍റെയും ചായയുടെയും രുചിയല്ലാത്ത ഒന്ന്‍ അവന്‍ അറിയുകയായിരുന്നു അപ്പോള്‍.

അവനെ ഊട്ടുന്നതിനൊപ്പം അനുരാധയും കഴിച്ചു കൊണ്ടിരുന്നു. അവളില്‍ നിന്നും സന്തോഷത്തിന്‍റെ ദീര്‍ഘനിശ്വാസങ്ങള്‍ പലവട്ടം വന്നു പോയി.

“നമുക്കൊന്ന് പുറത്തു പോയി വന്നാലോ നന്ദാ..?” ചായകുടി കഴിഞ്ഞ് ഉത്സാഹത്തോടെ അനുരാധ ചോദിച്ചു.

നന്ദന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ സമ്മതത്തിന്‍റെ ഒരു തലയാട്ടല്‍ അവനിലവള്‍ കണ്ടു.

നാട്ടിന്‍ പുറത്തെ ചെമ്മണ്‍പാതയിലൂടെ, പ്രഭാതത്തിന്‍റെ പുതുമണമറിഞ്ഞു കൊണ്ട് അനുരാധയും നന്ദനും അലസമായി നടന്നു.

“നന്ദന്‍ അതിരാവിലെ കടല് കണ്ടിട്ടുണ്ടോ? വൈകുന്നേരങ്ങളിലെ കടലിനേക്കാള്‍ പ്രഭാതങ്ങളിലെ കടലാണെനിക്കിഷ്ടം. നമുക്കൊന്ന്‍ പോയി വരാം...?” അവള്‍ നന്ദനോട് ചോദിച്ചു.

കാറ്റാടി മരങ്ങള്‍ മറ പിടിച്ചു നിര്‍ത്തിയ കടല്‍ത്തീരത്തെ ഇളം കാറ്റിനൊപ്പം, സില്‍ക്ക് പുടവ മടങ്ങുംപോലെ ഒന്നു മടങ്ങി മറിഞ്ഞ്, പതിയെ തിരികെപ്പോകുന്ന തിരകളില്‍ നോക്കി നന്ദന്‍ നിന്നു.

കുറേ നേരമങ്ങിനെ നിന്ന അവന്‍റെ പിന്നില്‍ ചെന്ന്‍, അനുരാധ അവനോട് ചേര്‍ന്ന്‍ നിന്നു.
ഒന്നു തിരിഞ്ഞു നോക്കിയ അവന്‍റെ കണ്ണുകളിലെ തിരയിളക്കം അവളറിയാന്‍ ശ്രമിച്ചു നോക്കി.

വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍, നന്ദന്‍ മുകളിലത്തെ മുറിയിലേക്ക് കയറി കതകടച്ചു.

രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കി വച്ച് അനുരാധ നന്ദന്‍റെ മുറിയിലേക്ക് ചെന്നു.
മൂടിപ്പുതച്ചു കിടക്കുകയായിരുന്ന അവന്‍റെ പുതപ്പെടുത്ത് മാറ്റി, അവനെ തൊട്ടുവിളിച്ച അവളുടെ കൈകള്‍, അസാധാരണമായി അവന്‍റെ ദേഹം ചുട്ടു പൊള്ളുന്നതറിഞ്ഞു.
അവളുടെ ഉള്ളൊന്നു പിടഞ്ഞു. ഇടയ്ക്കിടെ, നനച്ച തുണി അവന്‍റെ നെറ്റിയില്‍ വയ്ക്കുകയും ചുക്കുകാപ്പി കുടിപ്പിക്കുകയും ചെയ്തു അവള്‍.

രാത്രി ഏറെ വൈകുംവരെ നന്ദന്‍റെ കട്ടിലില്‍ ഒരു വശം ചാരിയിരുന്ന്‍ പിന്നെയെപ്പോഴോ അവളുറങ്ങിപ്പോയി.

പിന്നെയവള്‍ പാതി മയക്കതിലുണര്‍ന്നത് നന്ദന്‍റെ മുറിഞ്ഞു മുറിഞ്ഞു വന്ന വാക്കുകള്‍ കേട്ടാണ്. ഉറക്കത്തിലവന്‍ പറയുന്നതൊന്നും അവള്‍ക്ക് വ്യക്തമായില്ല. 

അവളെ ചുറ്റിപ്പിടിച്ച നന്ദന്‍റെ കൈകളെ അവള്‍ക്ക് മാറ്റാന്‍ തോന്നിയില്ല. അവനെ സ്നേഹത്തോടെ ചേര്‍ത്തണച്ച് അവളും എപ്പോഴോ ഉറങ്ങിപ്പോയി.

പ്രഭാതത്തിനു തൊട്ടു മുന്‍പ് അവള്‍ കണ്ണു തുറന്നുവെങ്കിലും, തന്നെ ചുറ്റിപ്പിടിച്ചിരുന്ന നന്ദന്‍റെ കൈകളെ വിടര്‍ത്തി മാറ്റാനോ, അവിടെ നിന്നെഴുന്നെല്‍ക്കാനോ അനുരാധ തുനിഞ്ഞില്ല. ഉറങ്ങുംപോലെ കണ്ണടച്ച്, അവള്‍ നന്ദനുണരുന്നതും കാത്ത് കിടന്നു.

കുറച്ചു കഴിഞ്ഞ്, ഒരു ഞെട്ടലോടെ അവന്‍ ഉണരുന്നതും, ബാത്ത് റൂമില്‍ പോയി കതകടയ്ക്കുന്നതും അവളറിഞ്ഞു.
അപ്പോഴവള്‍ എഴുന്നേറ്റ് താഴേക്ക് ചെന്ന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കുമുള്ള ചായയുമായി തിരിച്ചു വന്നു.

ബാല്‍ക്കണിയില്‍ നന്ദന് അരികില്‍ ചെന്ന്‍ അവന്‍റെ നെറ്റിയിലവള്‍ തൊട്ടു നോക്കി. രാത്രിയിലെ ചുട്ടു പൊള്ളുന്ന പനി ഇപ്പോഴില്ല.

“ചായ കുടിക്ക് നന്ദാ....” അനുരാധ അവന് നേരെ ചായക്കപ്പ് നീട്ടി.

“എനിക്ക് ഒരു കാപ്പിയുണ്ടാക്കി തരാമോ?” അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവനത് ചോദിക്കുമ്പോള്‍, മറ്റെങ്ങോ നിന്നാരോ അവളോടെന്തോ ചോദിക്കും പോലെ അനുരാധക്ക് തോന്നി. എട്ടു മാസത്തെ മൗനത്തോട് പൊട്ടിച്ച് പുറത്തു വന്ന അവന്‍റെ വാക്കുകള്‍ കേട്ട് അവളുടെ മിഴികള്‍ സന്തോഷത്താല്‍ സജലങ്ങളായി.

ഉള്ളില്‍ പതഞ്ഞുയര്‍ന്ന ആഹ്ലാദച്ചിരിയുമായി, അവന്‍റെ നെറ്റിയിലേക്ക് വീണ നീണ്ട മുടിയിഴകളെ പിന്നിലേക്ക് തലോടിയോതുക്കി അവള്‍ പറഞ്ഞു: “ഇപ്പൊ കൊണ്ടരാം നന്ദാ...രണ്ടു മിനുട്ട്.”

അനുരാധ കൊണ്ടുവന്ന കാപ്പി കുടിച്ച് നന്ദന്‍ മുറിയിലേക്ക് പോയി. അനുരാധ ഒന്നു കൂടി അവന്‍റെ നെറ്റിയില്‍ തുണി നനച്ചിട്ട് അടുത്തുതന്നെ ഇരുന്നു.
അവന്‍ വീണ്ടും ഉറക്കമായി.

ഉച്ചനേരത്ത് അവള്‍ വീണ്ടും ചെല്ലുമ്പോള്‍ അവന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ചൂട് വെള്ളത്തില്‍ നനച്ചെടുത്ത ഒരു ബാത്ത് ടവലുമായി അവള്‍ അവനരികില്‍ നിന്നു.

“ഇന്ന് കുളിക്കണ്ട നന്ദാ. ഞാന്‍ ദേഹം തുടച്ചു തരാം.” അനുരാധ അവന്‍റെ ഷര്‍ട്ട്‌ അഴിക്കാനൊരുങ്ങി.

അവന്‍ സങ്കോചത്തോടെ ഗൗരവത്തില്‍ അതു തടഞ്ഞു. 

“നന്ദന്‍ നാണിക്കണ്ട. വയസ്സിന് മൂത്തതാണെങ്കിലും ഞാന്‍ നന്ദന്‍റെ മുറപ്പെണ്ണാ”, അനുരാധ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.

അതു കേട്ട് അവന്‍റെ മനസ്സിലെന്തു നടന്നുവെന്ന് അവള്‍ക്കറിയില്ല. ചൂടുവെള്ളത്തില്‍ നനച്ചെടുത്ത തുണി കൊണ്ട് അവള്‍ അവനെ തുടയ്ക്കാന്‍ തുടങ്ങി.

സന്ധ്യക്ക് അവളുടെ ഇഷ്ടപ്പെട്ട ഗീതങ്ങളില്‍ ചിലത്, പതിഞ്ഞ ശബ്ദത്തില്‍ റേഡിയോയില്‍ നിന്നും ഒഴുകി വന്നു.

അകത്തെ മുറിയില്‍ നിന്നും വന്ന നന്ദന്‍, അനുരാധ കിടന്നിരുന്ന ആട്ടുകട്ടിലില്‍ അവള്‍ക്കരികിലിരുന്നു.

മൃദുല തന്ത്രികള്‍ തഴുകിവന്ന സ്നേഹരാഗങ്ങള്‍ എപ്പോഴൊക്കെയോ അവനില്‍ ചെറു ചലനങ്ങളുണ്ടാക്കി.
അനുരാധയോട് ചെറുതായൊന്നു ചിരിക്കാനും, ചിലതൊക്കെ പറയാനും തുടങ്ങി അവന്‍.

അന്നു രാത്രി നന്ദന്‍റെ കട്ടിലിനരികില്‍ ചാരിയിരുന്ന്‍, മുന്‍പൊരിക്കല്‍ വായിച്ചു നിര്‍ത്തിയൊരു പുസ്തകം അവള്‍ വായിക്കാന്‍ തുടങ്ങി.

റേഡിയോയില്‍ നിന്നൊഴുകി വന്ന രാത്രി-രാഗങ്ങളിലുള്ള സന്തൂര്‍ സംഗീതം കേട്ടുകൊണ്ട് നന്ദന്‍ മിഴികളടച്ചു കിടന്നു.

രാവേറെ വൈകി ഏതോ സമയത്ത് അനുരാധയും അവനരികില്‍ കിടന്നുറങ്ങിപ്പോയി. 

കുസൃതികളാല്‍ കൊതിപ്പിച്ചും, മൊഴികളാല്‍ മോഹിപ്പിച്ചും, മിഴികളില്‍ നേര്‍ക്കുനേര്‍ നോക്കിയും, വീണ്ടും മിഴികൾ കൂമ്പിയടച്ചും, കൈകളാലൊന്നു ചുറ്റിപ്പുണര്‍ന്നും, നന്ദനില്‍ അനുരാധ, സ്നേഹവും പ്രണയവുമായി.

നന്ദന്‍റെ മനസ്സിലെ ഇരുട്ടറകളില്‍ നിന്നും അവനെ മോചിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം, ഇതിനിടയില്‍ സുചിത്രയും അനുരാധയും കത്തുകളിലൂടെ പരസ്പ്പരം പങ്കുവച്ചു.

അപൂര്‍വമായ ഒരു പ്രണയഗാഥയുടെ ചുരുളഴിഞ്ഞു കാണാന്‍, തന്‍റെ മുന്നിലേക്ക് വന്ന അപരിചിതരായ ശ്രീനാഥിനോടും സുനിതാമേനോനെന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനോടും ഇതൊക്കെ താനെന്തിനു പറയണം?

ഇന്നും പ്രാണനെപ്പോലെ സ്നേഹിച്ചും, പ്രായം മറന്ന്‍ ഓമനിച്ചും, പ്രണയിച്ചും, തന്നെ ഭാര്യയെന്നതിലപ്പുറം കരുതലോടെയും സന്തോഷത്തോടെയും കൊണ്ടു നടക്കുന്ന നന്ദനെ ഓര്‍ത്തപ്പോള്‍, ഇതൊന്നും ആര്‍ക്കു മുന്നിലും തുറന്നു വയ്ക്കേണ്ടതല്ലെന്ന്‍ അനുരാധയ്ക്ക് തോന്നി.

തന്‍റെ കൈകളിലെ കണ്ണാടി വളകള്‍ക്കു മാത്രമറിയുന്ന പ്രണയ രഹസ്യമായി അത് ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കട്ടെ എന്നവള്‍ ഉള്ളിലമര്‍ത്തിപ്പിടിച്ച മധുരച്ചിരിയോടെ തീരുമാനിച്ചു.
*******
ശുഭം.